ആറി ഉണങ്ങിയ മൗനത്തിൽ,
വെയിൽ കൊള്ളുന്നുണ്ട്
നിറം മങ്ങിയ ബ്ലൗസ്.
എത്ര പുതുമ തുന്നി നൽകിയാലും,
നിറമുള്ളതൊക്കെ
ഒരു ഇരുമ്പ് പെട്ടിയിൽ
ഭദ്രമായി വയ്ക്കും.
എന്തിനാണെന്നോ,
ആർക്കാണെന്നോ,
അറിയാതെ…
ചിലപ്പോൾ,
പരാതിയുടെ വലിയ ബഹളങ്ങളിൽ
കുളിച്ചു കയറും.
കുട നിവർത്താതെ
ജീവിതം നനഞ്ഞുതീർക്കും.
കരയാതെ,
“കണ്ണീരില്ലേ?” എന്ന്
ചിരിച്ചു കാട്ടും.
എപ്പോഴും
വെള്ളമായി നനച്ചും,
കാറ്റായി കത്തിച്ചും,
അന്നമായി തിളച്ചും,
വെന്തുവിളമ്പിയും.
എന്നോ കരുതിയൊരു ചോദ്യം—
“സുഖമാണോ?”
എന്റെ തൊണ്ട തടയുമ്പോൾ,
യാത്ര പറയാതെ പോയി.
ഇതുപോലെ പൊള്ളിയ ജീവിതം,
പുതുമയുള്ളതൊക്കെ
അടുക്കിവെച്ച
പെട്ടി
പുറത്തുവയ്ക്കുന്നു.
ആരെടുക്കാൻ,
പൊള്ളുന്ന പുതുമകൾ?
കവർ: ജ്യോതിസ് പരവൂർ
