1. കൃത്രിമബുദ്ധിയുടെ വികാസത്തോടെ വ്യവസായമേഖലയിൽ പ്രത്യേകിച്ചും ഐ ടി മേഖലയിൽ വലിയ തോതിൽ തൊഴിൽനഷ്ടം ഉണ്ടാകുമെന്നു കേട്ടു തുടങ്ങിയിട്ട് കുറച്ചു നാളായി. എന്താണ് ഇപ്പോഴത്തെ അവസ്ഥ?
ഈ അടുത്തകാലം വരെ ബുദ്ധി, യന്ത്രങ്ങൾക്ക് അപ്രാപ്യമായിരുന്ന ഒന്നായിരുന്നു. ബുദ്ധിയുള്ള യന്ത്രങ്ങളെ ഉണ്ടാക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ വളരെ കാലം മുൻപു തുടങ്ങിയതാണ് കൃത്രിമ ബുദ്ധി (Artificial Intelligence – AI) എന്നത് മനുഷ്യന്റെ ബുദ്ധിപരവും തീരുമാനപരവുമായ പ്രവർത്തനങ്ങളെ അനുകരിക്കാനോ അതിനുള്ള കഴിവുകളെ ശക്തിപ്പെടുത്താനോ കഴിയുന്ന ഒരു സാങ്കേതിക വിദ്യയാണ്. ഇത് വെറും ചില കമ്പ്യൂട്ടർ അൽഗോരിതങ്ങൾ മാത്രമല്ല; ഭാഷയും പശ്ചാത്തലവും അനുഭവവും പ്രക്രിയാപരമായ ചിന്തയും ഉൾക്കൊള്ളുന്ന ഒന്നാണ്. അതിനാൽ ഇതിന്റെ സ്വാധീനം മുൻപു നമ്മൾ കണ്ട പല വിവിധതരം യന്ത്രവൽക്കരണങ്ങളുടേതു -കാൽക്കുലേറ്റർ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവ -പോലെയല്ല; അതിനേക്കാളുപരി, മനുഷ്യൻ ധാരാളം വർഷങ്ങളായി ഭാഷയിലൂടെയും ചിന്തയിലൂടെയും ചെയ്യുന്ന പ്രവർത്തനങ്ങളെ മുഴുവനായോ ഭാഗികമായോ ചെയ്യാൻ യന്ത്രങ്ങൾക്ക് കഴിവ് നൽകുന്ന ഒന്നാണ്. ഇത് ഒരേ സമയം അനന്തമായ സാദ്ധ്യതയും പല ആശങ്കകൾക്ക് കാരണവും ആവുന്നതാണ് നമ്മൾ കാണുന്നത്.
കൃത്രിമബുദ്ധിയുടെ വളർച്ചയോടൊപ്പം തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് ഐ.ടി. മേഖലയിൽ ആവർത്തനപരവും റൂട്ടീൻ സ്വഭാവമുള്ളതും ആയ ജോലികൾ ഓട്ടോമേറ്റുചെയ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, അടിസ്ഥാന ഡാറ്റ പ്രോസസ്സിംഗ്, ലളിതമായ കോഡിംഗ്, ടെസ്റ്റിംഗ് തുടങ്ങിയ ചില മേഖലകളിൽ മനുഷ്യശ്രമം കുറയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രവണത. അതിനാൽ, ആ തരത്തിലുള്ള ജോലികളിൽ വലിയ തോതിലുള്ള കുറവ് സംഭവിക്കുമെന്നത് യാഥാർത്ഥ്യമാണ്.
AIയുടെ സ്വാധീനം ഐ.ടി. മേഖലയിൽ മാത്രം പരിമിതപ്പെട്ടതല്ല എന്നതാണ് പ്രധാനമായി മനസ്സിലാക്കേണ്ടത്. ഇപ്പോൾ ഐ.ടി.യിൽ അതിന്റെ സ്വാധീനം കൂടുതൽ ദൃശ്യമായതിനാലാണ് നമ്മൾ അത് കൂടുതലായി ശ്രദ്ധിക്കുന്നത്. എന്നാൽ, ഡ്രൈവർലെസ് വാഹനങ്ങൾ മുതൽ ഗവേഷണം, കലാരംഗം, പരസ്യം -മാർക്കറ്റിംഗ്, ഡിസൈൻ, കൃഷി, പ്രതിരോധം, ബഹിരാകാശസംവിധാനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ മേഖലയിലും AI വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. അതായത്, ഇത് ഒരു മേഖലയുടെ മാറ്റമല്ല, സമഗ്രമായ ഒരു വ്യവസായ-സാമൂഹിക പരിവർത്തനമാണ്.
ഇതോടൊപ്പം, പുതിയതും കൂടുതൽ സങ്കീർണ്ണവുമായ നിരവധി തൊഴിൽ അവസരങ്ങൾ രൂപപ്പെടുന്നുണ്ട് എന്നതാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. AI മോഡൽ വികസനം, ഡാറ്റ അനാലിറ്റിക്സ്, സൈബർ സുരക്ഷ, AI ഗവണൻസ്, എഥിക്കൽ AI, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ആവശ്യകത വേഗത്തിൽ വർധിക്കുകയാണ്. മുമ്പ് ഇല്ലാതിരുന്ന പുതിയ ജോബ് റോളുകൾ ഇപ്പോൾ ഉയർന്നുവരുന്നു. അതായത്, ജോലികൾ ഇല്ലാതാകുന്നതിനെക്കാൾ ജോലികളുടെ സ്വഭാവം മാറുകയാണ്.
ചരിത്രപരമായി നോക്കിയാലും, പുതിയ സാങ്കേതിക വിദ്യകൾ വന്നപ്പോഴൊക്കെ ചില ജോലികൾ ഇല്ലാതായെങ്കിലും, അതിനേക്കാൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കൃത്രിമ ബുദ്ധിയും അതിൽ നിന്ന് വ്യത്യാസ്തമല്ല.ഇത് ഭീഷണിയേക്കാൾ വലിയ അവസരമായി മാറാൻ സാധ്യതയുള്ള ഒരു പരിണാമമാണ്.
ഇപ്പോഴത്തെ അവസ്ഥയെ ഒരു മാറ്റത്തിന്റെ ഘട്ടമായി കാണുന്നതാണ് ശരി. തൊഴിലാളികൾക്ക് പുതിയ സ്കിൽസ് അഭ്യസിക്കാനും, സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസസംവിധാനങ്ങൾക്കും റീസ്കില്ലിംഗ്, അപ്സ്കില്ലിംഗ് എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും ഈ മാറ്റം പ്രേരിപ്പിക്കുന്നു.
2. ഏത് തരത്തിലുള്ള തൊഴിലുകളെയാണ് കൂടുതൽ ബാധിക്കുക? ഏതാണ് താരതമ്യേന സംരക്ഷിക്കപ്പെടുക?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ, കൃത്രിമ ബുദ്ധിയെ കമ്പ്യൂട്ടറുകളുടെ കണ്ടെത്തലിനോട് ഉപമിച്ച് നോക്കാം. കമ്പ്യൂട്ടറുകൾ വന്നപ്പോൾ മനുഷ്യർ ജോലി ചെയ്യുന്ന രീതി തന്നെ മാറിയതുപോലെ, AI നമ്മൾ ചെയ്യുന്ന കാര്യങ്ങളുടെ ഭൂരിഭാഗത്തെയും—അതായത് നമ്മൾ ജീവിക്കുന്ന രീതിയെയും—മാറ്റാൻ പോകുകയാണ്. AI ഇവയെ കൂടുതൽ വേഗത്തിലും കൃത്യതയോടെയും വലിയ തോതിലും ചെയ്യാൻ കഴിവുള്ളതുകൊണ്ട്, ഇത്തരം ജോലികളുടെ ആവശ്യം കുറയാൻ സാധ്യതയുണ്ട്.അതേസമയം, സൃഷ്ടിപരമായ ചിന്ത, മനുഷ്യബന്ധങ്ങൾ, നിർണായക തീരുമാനങ്ങൾ, സങ്കീർണ്ണ പ്രശ്നപരിഹാരം എന്നിവ ആവശ്യമായ ജോലികൾ താരതമ്യേന കൂടുതൽ സംരക്ഷിക്കപ്പെടും. ഉദാഹരണത്തിന്, നേതൃത്വപങ്കുകൾ, ഗവേഷണം, തന്ത്രപരമായ ആസൂത്രണം, മാനസികാരോഗ്യസേവനങ്ങൾ, ഉയർന്ന തലത്തിലുള്ള ഡിസൈൻ, അധ്യാപനം തുടങ്ങിയ മേഖലകളിൽ മനുഷ്യന്റെ പങ്ക് നിർണായകമായിരിക്കും. AI ഇവിടെ പകരക്കാരനായി മാറുന്നതിനെക്കാൾ സഹായിയായി പ്രവർത്തിക്കാനാണ് സാധ്യത. AIയുടെ സ്വാധീനം ‘ജോലികൾ ഇല്ലാതാക്കൽ’ എന്നതിലുപരി ‘ജോലികൾ എങ്ങനെ ചെയ്യുന്നു’ എന്നതിലാണ് വിനിയോഗിക്കപ്പെടുക . ഉദാഹരണത്തിന്, ഒരു സോഫ്റ്റ്വെയർ ഡെവലപ്പർ മുമ്പ് ഒരു ഫീച്ചർ കോഡ് ചെയ്യാൻ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ എടുത്തിരുന്ന സ്ഥാനത്ത് , AI സഹായത്തോടെ അതേ ജോലി മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കാം. അതിനാൽ, ഡെവലപ്പറുടെ ജോലി ഇല്ലാതാകുന്നില്ല, മറിച്ച് അവന്റെ ശ്രദ്ധ കൂടുതൽ സങ്കീർണ്ണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കും പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിലേക്കും മാറുന്നു.ഇതിനാൽ, ഭാവിയിൽ വിജയകരമാകുന്നത് ഒരു പ്രത്യേക ജോലിയിൽ പിടിച്ചുനിൽക്കുന്നതിലല്ല, മറിച്ച് പുതിയ സാങ്കേതികവിദ്യകളോട് ഇണങ്ങാനും, പുതിയ കഴിവുകൾ നേടാനും കഴിയുന്നതിലാണ്. AI ഒരു ഭീഷണിയെന്നതിനേക്കാൾ, മനുഷ്യന്റെ കഴിവുകൾ വിപുലീകരിക്കുന്ന ഒരു ശക്തമായ ഉപകരണമായി കാണുന്നതാണ് കൂടുതൽ യാഥാർത്ഥ്യബോധമുള്ള സമീപനം.
3. തൊഴിലിനോടൊപ്പം തന്നെ വളരുന്ന ഉപഭോക്തൃവിപണിയെ ഇത് കാര്യമായി ബാധിക്കില്ലേ?
ഇത് വളരെ പ്രസക്തമായ ചോദ്യമാണ്. തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അതിന്റെ പ്രതിഫലനം ഉപഭോക്തൃ വിപണിയിലും പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണ്. വിപണിയിലെ ഉപഭോഗശേഷി നിർണയിക്കുന്ന മധ്യവർഗ്ഗ തൊഴിൽ മേഖലകൾക്ക് ആഘാതമുണ്ടാകുമ്പോൾ, അതിന്റെ ripple effect സമ്പദ്വ്യവസ്ഥയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടും. അതിനാൽ, ചില കാലയളവിൽ വിപണിയിൽ അനിശ്ചിതത്വവും മാറ്റങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
എന്നാൽ, ഈ സ്വാധീനം സ്ഥിരമായ ഒന്നല്ല എന്നതാണ് പ്രധാനമായുള്ള കാര്യം. നേരത്തേ പറഞ്ഞതുപോലെ കൃത്രിമ ബുദ്ധി ഒരു “disruption”, മാത്രമല്ല ഒരു വലിയ പരിവർത്തനമാണ്. ഈ പറയുന്ന ഉപഭോക്തൃ വിപണിയും എ ഐയുടെ ഉപയോഗത്തിലൂടെ വലിയ രീതിയിൽ മാറാൻ പോകയാണ്. നിലവിലുള്ള ചില ജോലികൾ ഇല്ലാതാകാം, ഈ മാറ്റത്തിന്റെ ഇടവേളയിൽ ജീവിക്കുന്ന തലമുറകൾക്ക് അതിന്റെ ആഘാതം കൂടുതൽ അനുഭവപ്പെടും. ഇത് ഏതൊരു സാങ്കേതിക വിപ്ലവത്തിലും കാണുന്ന ഒരു സാധാരണ ഘട്ടമാണ്. പക്ഷേ ഈ പരിണാമത്തിന്റെ ഭാഗമായി, നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ പുതിയ അവസരങ്ങൾ വിപണിയിലും രൂപപ്പെടും. അതിനാൽ, AI ഉപഭോക്തൃ വിപണിയെ ബാധിക്കില്ലെന്ന് പറയാനാവില്ല—ബാധിക്കും. എന്നാൽ, അത് ഒരു താൽക്കാലികവും പരിണാമാത്മകവുമായ സ്വാധീനമാണ്. ദീർഘകാലത്ത്, പുതിയ തൊഴിൽ അവസരങ്ങളും പുതിയ സാമ്പത്തിക പ്രവർത്തനങ്ങളും വളരുന്നതോടെ, വിപണി വീണ്ടും സ്ഥിരത കൈവരിക്കുകയും കൂടുതൽ വിപുലീകരിക്കുകയും ചെയ്യാനാണ് സാധ്യത.
നമ്മളെല്ലാവരും സാക്ഷിയായ ഒരു പരിവർത്തനമായിരുന്നു ലാൻഡ് ലൈൻ ഫോണുകളിൽ നിന്ന് മൊബൈൽ ഫോണുകളിലേക്കുള്ള മാറ്റം. ഇന്നത്തെ തലമുറയ്ക്ക് ലാൻഡലൈൻ ഫോൺ എന്താണെന്ന് പോലും അറിയുന്നുണ്ടാവില്ല. പക്ഷേ ലാൻഡ് ലൈൻ ഫോണുകൾ മാത്രം ഉണ്ടായിരുന്ന ഒരു കാലത്ത് ആ മേഖല സൃഷ്ടിച്ചിരുന്ന ഒരു പറ്റം തൊഴിലുകൾ ഉണ്ടായിരുന്നു. ലാൻഡ് ലൈൻ ഫോൺ ഇൻസ്ട്രുമെന്റ് ഉണ്ടാക്കിയിരുന്നവർ, ടെലിഫോണ് എക്സ്ചേഞ്ചുകൾ, കേബിളുകൾ, പോസ്റ്റുകൾ, എന്തിന് കേബിളുകൾ രാജ്യമൊട്ടുക്കും ഇടാൻ കുഴിയെടുത്തിരുന്നവർ വരെ ഈ ശ്രും ഖലയുടെ ഭാഗമായിരുന്നു. അതിനോടനുബന്ധമായി ഉണ്ടായിരുന്ന തൊഴിലുകളെല്ലാം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. പക്ഷേ മൊബൈൽ ഫോണുകൾ ഇന്നത്തെ രൂപത്തിൽ എത്തുമ്പോഴേയ്ക്കും എത്രയോ മടങ്ങ് തൊഴിലവരാസരങ്ങളും പുതിയ വിപണികളും ഉണ്ടാക്കി. ഉപഭോഗം വലിയ അളവിൽ വികസിച്ചു. ലാൻഡലൈൻ കാലഘട്ടത്തിൽ നമുക്ക് ഊഹിക്കാൻ കൂടി കഴിയുമായിരുന്നില്ലാത്ത ഉപയോഗങ്ങൾ ഇന്നത്തെ ഫോണുകൾക്കുണ്ട്. അതുപോലെ AI ഇന്ന് നമ്മൾ ഊഹിക്കാത്ത പുതിയ എത്രയോ മടങ്ങ് വിപണികളും അവസരങ്ങളും ഉണ്ടാക്കാനാണ് സാധ്യത.
4. white collar തൊഴിലുകൾ ആണ് blue collar തൊഴിലുകളെക്കാൾ നഷ്ടമാകുക എന്ന് പറഞ്ഞു കേൾക്കുന്നു. അത് എത്രത്തോളം വാസ്തവമാണ് ? blue collar ജോലികളിൽ കായികമായുള്ള അധ്വാനം അഥവാ phisical activities കൂടുതൽ ഉള്ളതാണോ ഇതിന്റെ പ്രധാന കാരണം ?
white collar തൊഴിലുകളാണ് blue collar തൊഴിലുകളേക്കാൾ കൂടുതൽ ബാധിക്കപ്പെടുക എന്ന അഭിപ്രായം ഒരു പരിധിവരെ ശരിയാണ്. പ്രത്യേകിച്ച് short to medium term ൽ. കാരണം, ഇന്ന് AI ഏറ്റവും വേഗത്തിൽ സ്വാധീനം ചെലുത്തുന്നത് ഡിജിറ്റൽ, അറിവ്-ആധാരിത ജോലികളിലാണ്. ഡാറ്റ വിശകലനം, കോഡിംഗ്, ഡോക്യുമെന്റേഷൻ, കസ്റ്റമർ സപ്പോർട്ട് പോലുള്ള white collar ജോലികളുടെ ഭാഗങ്ങൾ എളുപ്പത്തിൽ യന്ത്രബുദ്ധിയുടെ സഹായത്തോടെ നിർവഹിക്കാനാകുന്നു.
അതേസമയം, blue collar ജോലികളിൽ കൂടുതൽ ശാരീരികപ്രവർത്തനങ്ങളും യഥർത്ഥ ലോകവുമായി നേരിട്ടുള്ള ഇടപെടലുമാണ് ഉള്ളത്. അതിനാൽ, ഇവയെ പൂർണ്ണമായും സാങ്കേതികമായി പകരംവെയ്ക്കുന്നത് കൂടുതൽ സങ്കീർണ്ണമാണ്. ഇത് തന്നെയാണ് ഇപ്പോൾ blue collar ജോലികൾ കുറച്ചുകൂടി “സംരക്ഷിത”മാണെന്ന് തോന്നിപ്പിക്കുന്ന പ്രധാന കാരണം.എന്നാൽ, ഇത് സ്ഥിരമായ അവസ്ഥയല്ല. റോബോട്ടിക്സിലും യന്ത്രബുദ്ധിയിലും നടക്കുന്ന വേഗത്തിലുള്ള പുരോഗതി ഈ സമവാക്യം ക്രമേണ മാറ്റുകയാണ്. കൂടുതൽ സ്മാർട്ട് ആയ യന്ത്രങ്ങളും സംവിധാനങ്ങളും മനുഷ്യാധ്വാനത്തിനു പകരം വെയ്ക്കാൻ കഴിയുന്ന രീതിയിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, ഭാവിയിൽ ശാരീരിക അധിഷ്ഠിത ജോലികളും ഈ മാറ്റത്തിന്റെ പരിധിയിൽ കൂടുതലായി വരും.
ഇത് ചില മേഖലകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഉദാഹരണത്തിന്, ഡ്രൈവർമാരുടെ ജോലി (self-driving vehicles), ഭാരമേറിയ വസ്തുക്കൾ കൈകാര്യം ചെയ്യുന്നത്, അപകടസാധ്യതയുള്ള അല്ലെങ്കിൽ വിഷമയപരിസരങ്ങളിൽ ജോലി ചെയ്യുന്നത്, രോഗികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള care services തുടങ്ങിയവയിൽ യന്ത്രങ്ങളുടെ പങ്ക് വർധിക്കും. അപകടകരമായ ജോലികളിൽ മനുഷ്യരുടെ പങ്ക് കുറയുന്നത് ഒരു നല്ല മാറ്റമായി കാണാം.
അതേസമയം, ഈ മാറ്റത്തിന്റെ സ്വാധീനം എല്ലാ രാജ്യങ്ങളിലും ഒരുപോലെ ആയിരിക്കില്ല. വളർന്ന് വരുന്ന രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള സമ്പദ്വ്യവസ്ഥകളിൽ, കുറഞ്ഞ വേതനത്തിലുള്ള തൊഴിലാളികൾ ഇപ്പോഴും സാങ്കേതിക സംവിധാനങ്ങളേക്കാൾ ചെലവുകുറഞ്ഞവരാണ്. അതിനാൽ, സാമ്പത്തികമായി മനുഷ്യതൊഴിലുകൾക്ക് demand തുടരാൻ സാധ്യതയുണ്ട്.
പക്ഷേ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. മുൻപുണ്ടായ disruptive ആയ മാറ്റങ്ങളിൽ നിന്ന് AI കൊണ്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് എത്രയോ മടങ്ങ് വ്യാപ്തി കൂടും. 2013 ൽ Oxford സർവകലാശാലയിൽ മി കാർൾബെനഡിക്റ്റും മൈക്കിൾ ഓസ്ബോണും ചേർന്നു നടത്തിയ പഠനം 700 ൽ പരം തൊഴിലുകൾ 2030 കൾ ആവുമ്പോഴേക്കും 99% AI ഏറ്റെടുക്കും എന്നും, എല്ലാ തൊഴിലിന്റെയും ഏകദേശം 50% AI വഴി ചെയ്യപ്പെടും എന്നും പ്രവചിക്കുന്നു.
ആഗോള തലത്തിൽ ചില വലിയ മാറ്റങ്ങൾ ഇതിനോടകം തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു. ആഗോളീകരണത്തിൽ നിന്ന് ഭാഗികമായ പിന്മാറ്റം (de-globalization), ജനസംഖ്യയുടെ കുറവ്, ദേശീയതാവാദത്തിന്റെ ശക്തിപ്പെടൽ, കുടിയേറ്റത്തിനെതിരായ നിലപാടുകൾ എന്നിവ നിരവധി രാജ്യങ്ങളിൽ തൊഴിൽക്ഷാമം സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ തൊഴിൽ അധിഷ്ഠിത മേഖലകളിൽ ആളുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തിൽ, സാങ്കേതിക വിദ്യയുടെ ഉപയോഗം വേഗത്തിൽ വർധിക്കാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ട്, white collar vs blue collar എന്ന താരതമ്യം ഒരു താൽക്കാലിക ഘട്ടത്തെ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. ദീർഘകാലത്ത്, യന്ത്രബുദ്ധിയും സാങ്കേതികപുരോഗതിയും ഒരുമിച്ച് എല്ലാ തരത്തിലുള്ള ജോലികളെയും മാറ്റിമറിക്കും. അതൊരു ദിശാമാറ്റം തന്നെയാണ്. പൂർണ്ണമായി പകരംവെയ്ക്കൽ അല്ല, മറിച്ച് മനുഷ്യന്റെ പ്രവർത്തനങ്ങളെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്ന ഒരു പരിണാമം.
5. എന്താണ് ഹ്യൂമനോയ്ഡുകൾ? അവയുടെ വരവോടെ സാന്ത്വന പരിചരണങ്ങൾ ഉൾപ്പെടെ യന്ത്രവൽകൃതമാവുകയും നിത്യ ജീവിതത്തിൽ മാനുഷികത ചോർന്നു പോവുകയും ചെയ്യില്ലേ?
ഹ്യൂമനോയ്ഡുകൾ എന്നത് മനുഷ്യന്റെ രൂപത്തിലും ചലനങ്ങളിലും പ്രവർത്തിക്കാനായി രൂപകൽപ്പന ചെയ്ത മുന്നേറ്റ റോബോട്ടുകളാണ്. നടക്കുക, വസ്തുക്കൾ പിടിക്കുക, മനുഷ്യരുമായി ആശയവിനിമയം നടത്തുക തുടങ്ങിയ കഴിവുകൾ ഇവയ്ക്ക് ലഭ്യമാകുന്ന തരത്തിലാണ് ഇവ വികസിച്ചുകൊണ്ടിരിക്കുന്നത്. യന്ത്രബുദ്ധിയും ശാരീരികപ്രവർത്തന ശേഷിയും ഒരുമിക്കുന്ന ഒരു പുതിയ ഘട്ടമാണ് ഇത്.
ഇത്തരം സാങ്കേതിക വിദ്യകൾ വരുമ്പോൾ സ്വാഭാവികമായി ഉയരുന്ന ഒരു ആശങ്കയാണ്—മനുഷ്യബന്ധങ്ങൾ കുറയുമോ, സാന്ത്വനപരിചരണം പോലുള്ള മേഖലകളിൽ മാനുഷികത നഷ്ടമാകുമോ എന്നത്. പ്രത്യേകിച്ച് രോഗികളും മുതിർന്നവരും ഉൾപ്പെടുന്ന care മേഖലയിൽ ഇന്ന് ശക്തമായി ഉയരുന്ന ചോദ്യമാണിത്.
എന്നാൽ, തിരിഞ്ഞു നോക്കുമ്പോൾ, പുതിയ സാങ്കേതിക വിദ്യകളെ ആദ്യം ഭയത്തോടെ സമീപിച്ചെങ്കിലും പിന്നീട് അതുമായി ഇണങ്ങി ജീവിക്കാൻ പഠിച്ചിട്ടുള്ളവരാണ് നമ്മൾ എന്നാണ്കാണുന്നത്. ടെലിഫോൺ വന്നപ്പോൾ മനുഷ്യർ തമ്മിലുള്ള നേരിട്ടുള്ള ബന്ധം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടു, പിന്നീട് മൊബൈൽ ഫോണുകൾ വന്നപ്പോൾ അതേ ആശങ്ക വീണ്ടും ഉയർന്നു. എന്നാൽ, സാങ്കേതിക വിദ്യ മനുഷ്യബന്ധങ്ങളെ ഇല്ലാതാക്കിയില്ലെന്നു മാത്രമല്ല , പലപ്പോഴും അത് കൂടുതൽ വ്യാപിപ്പിക്കുകയാണ് ചെയ്തത്.ഇത് രസകരമായി അവതരിപ്പിച്ച ഒരു ആദ്യകാല സിനിമയാണ് ‘Android Kunjappan’. ആദ്യം ഒരു യന്ത്രത്തെ അംഗീകരിക്കാൻ തയ്യാറാകാത്ത ഒരു വയോധികൻ പിന്നീട് അതുമായി ഒരു ബന്ധം വികസിപ്പിക്കുന്നതാണല്ലോ ആ സിനിമയുടെ പ്രമേയം. അവിടെ യന്ത്രം മനുഷ്യനെ പകരംവെയ്ക്കുന്നില്ല, മറിച്ച് ശൂന്യത നിറയുന്ന ഒരിടത്ത് സഹായിയായി മാറുകയാണ്. അതായത്, സാങ്കേതിക വിദ്യയും മാനുഷികതയും പരസ്പരം വിരുദ്ധമല്ല—അവ ഒന്നിച്ചു നിലനിൽക്കാൻ കഴിയും. ചിലപ്പോൾ പകരക്കാരനും ആവും.
പ്രായോഗികമായി നോക്കുമ്പോൾ, ഹ്യൂമനോയ്ഡുകൾ മനുഷ്യരുടെ പകരക്കാരാകുന്നതിനെക്കാൾ, സഹായികളായിരിക്കും. പ്രത്യേകിച്ച് തൊഴിലാളികളുടെ കുറവ് അനുഭവപ്പെടുന്ന മുതിർന്നവരുടെ പരിചരണം, രോഗികളുടെ നിരീക്ഷണം, ദിനചര്യയ്ക്കുള്ള സഹായങ്ങൾ എന്നീ രംഗങ്ങളിൽ ഇവയ്ക്ക് വലിയ പിന്തുണ നൽകാൻ കഴിയും. അതിനാൽ, മനുഷ്യർക്ക് കൂടുതൽ സമയം മാനസികബന്ധങ്ങൾക്കും വ്യക്തിപരമായ പരിചരണത്തിനുമായി ചെലവഴിക്കാനും സാധിക്കും.
അതുകൊണ്ട്, ഹ്യൂമനോയ്ഡുകൾ മനുഷ്യജീവിതത്തിൽ മാനുഷികത കുറയ്ക്കുമോ എന്നതിലുപരി, അവയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് നിർണായകം. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ, മനുഷ്യന്റെ കരുതലും സ്നേഹവും കുറയുന്നതിന് പകരം, അതിനെ കൂടുതൽ അർത്ഥവത്താക്കാൻ സാങ്കേതിക വിദ്യ സഹായിക്കും .
6. നമ്മുടെ രാജ്യത്ത് ഐ ടി മേഖലയുടെ വികാസത്തോടെ പുഷ്ടി പ്രാപിച്ച ബാംഗ്ലൂർ പോലെയുളള നഗരങ്ങൾ, അവിടത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിനിയോഗിക്കപ്പെട്ടിട്ടുള്ള ബാങ്ക് വായ്പകൾ, അവയെ ചുറ്റിപ്പറ്റി യുള്ള വ്യാപാര കേന്ദ്രങ്ങൾ, വികസിച്ച സഞ്ചാര മേഖല എന്നിവയെ ഈ തൊഴിൽ സങ്കോചം എങ്ങനെ ബാധിക്കും?
ബാംഗ്ലൂർ പോലെയുള്ള നഗരങ്ങളുടെ വികസനം കേന്ദ്രീകരിച്ചു നിൽക്കുന്നത് ഐ.ടി. മേഖലയുടെ പുരോഗതിയിലാണ്. ഇവിടെ റിയൽ എസ്റ്റേറ്റ്, ബാങ്കിങ് , ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ട്രാവൽ സർവീസുകൾ തുടങ്ങിയവ ഐ.ടി. തൊഴിലാളികളുടെ വരുമാനത്തെ ആശ്രയിച്ചാണ് വളർന്നത്. ഐ.ടി. മേഖലയിൽ തൊഴിൽ സങ്കോചം സംഭവിച്ചാൽ ഇവയിലൊക്കെ താൽക്കാലിക ആഘാതം ഉണ്ടാകാൻ സാധ്യതയുണ്ട്.
ആദ്യഘട്ടത്തിൽ, ജോലി നഷ്ടപ്പെടുന്നതിന്റെ ഭയം കൊണ്ട് ഐ.ടി. തൊഴിലാളികൾ ഹോം, വാഹന ലോണുകൾ എടുക്കുന്നതിൽ സൂക്ഷ്മത പാലിക്കുന്നു, ചിലർ ഇതിനകം തന്നെ ഇടപാടുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇത് റിയൽ എസ്റ്റേറ്റ് വിപണിയുടെ സ്ഥിരത കളയുകയും, അത് ബാങ്കുകളുടെ വായ്പാ വിതരണത്തെ ബാധിക്കുകയും ചെയ്യാം. ഇതിനൊപ്പം ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, കാഫെകൾ, ട്രാവൽ ഏജൻസികൾ തുടങ്ങിയവയും ഉപഭോക്തൃസാന്നിധ്യം കുറയുന്നത് വഴി ബാധിക്കപ്പെടും.
എന്നാൽ, ഇത് താൽക്കാലികമായും മാറ്റത്തിന്റെ ഒരു ഘട്ടമായും കണക്കാക്കേണ്ടതാണ്. സാങ്കേതികവിദ്യയിലെ വലിയ മാറ്റങ്ങൾ വരുമ്പോൾ തൊഴിൽ രീതികൾ മാറുകയേ ഉള്ളൂ, അവ ഇല്ലാതാകുന്നില്ല. ഐ.ടി. മേഖലയിൽ പുതിയ റോളുകൾ—AI എഞ്ചിനീയറിങ്, സൈബർ സുരക്ഷ, ഡാറ്റ അനാലിറ്റിക്സ്, AI ഗവണൻസ്, കൺസൾട്ടിംഗ്—etc.—ഉയർന്നുവരുന്നുണ്ട്. അതനുസരിച്ചുള്ള പുതിയ തൊഴിൽ വളരുമ്പോൾ ഈ മേഖലകൾ വീണ്ടും ഊർജം കൈവരിക്കും.
കൂടാതെ, മാറ്റങ്ങൾക്കനുസരിച്ചു ബാംഗ്ലൂർ പോലെയുള്ള നഗരങ്ങൾ പരമ്പരാഗത ഐ.ടി.യുടെ പരിധി കടന്ന്, AI, ഡിജിറ്റൽ സേവനങ്ങൾ, സ്റ്റാര്ട്അപ്പുകൾ, ക്രിയേറ്റിവ് ഇൻഡസ്ട്രീസ് എന്നിവയിലേക്ക് വികസിക്കുന്നു. ഇത് നഗരത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ വൈവിധ്യമാക്കുകയും, ഒരു മേഖലയിലെ മാത്രം ആശ്രയം കുറയ്ക്കുകയും ചെയ്യും. പ്രധാനമായിട്ടുള്ളത് ബാങ്കുകൾ, നഗര പ്ലാനർമാർ എന്നിവർ ഈ മാറ്റത്തോട് അനുയോജ്യമായി പ്രതികരിക്കുകയും, മാറ്റങ്ങളുമായി ഒത്തുപോവുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതാണ്.
7. മനുഷ്യരുടെ വരുമാന നഷ്ടത്തിലേയ്ക്കും അതിനപ്പുറം എല്ലാ അനുബന്ധ മേഖലകളിലെ മാന്ദ്യത്തിലേയ്ക്കും നയിക്കാവുന്ന കണ്ടുപിടുത്തങ്ങൾ അനന്തമായി മുന്നേറുന്നത് അഭികാമ്യമാണോ? അവ പ്രോത്സാഹിപ്പിക്ക പ്പെടേണ്ടതുണ്ടോ? തൊഴിലും വരുമാനവും ദുർല്ലഭമായ ഒരു ലോകം.. അത് മനുഷ്യരാശിയെ എവിടെയാവും എത്തിക്കുക?
വരുമാന നഷ്ടത്തിലേക്കും മാന്ദ്യത്തിലേക്കും നയിക്കാവുന്ന കണ്ടുപിടുത്തങ്ങൾ അഭികാമ്യമല്ല എന്ന് തോന്നാം. എന്നാൽ, തൊഴിലും വരുമാനവും ദുർല്ലഭമായ ഒരു ലോകം എന്നത് AI നമ്മെ നയിക്കുന്ന ദിശയല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. Democratization of AIയിലൂടെ ഓരോ മനുഷ്യനും അവന്റെ ജനിതകപരമായ പരിമിതികളെ AIയുടെ സഹായത്തോടെ മറികടന്ന് ഒരു സൂപ്പർ ഹ്യൂമൻ ആവുന്ന കാലം വിദൂരമല്ല. അതിന്റെ പ്രാഥമിക ലക്ഷണങ്ങൾ ഇപ്പോൾ തന്നെ പ്രകടമാണ്. ഉദാഹരണത്തിന് നമ്മൾ പുതിയ അറിവുനേടാൻ ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്ന രീതി തന്നെ എ ഐയുടെ വരവോടെ മാറി മറഞ്ഞിരിക്കുന്നു. ഒരു വിഷയം ഗൂഗിളിൽ സെർച്ച് ചെയ്തു അത് സംബന്ധമായ രണ്ടോ മൂന്നോ അഞ്ചോ ലിങ്കുകളിൽ നിന്ന് വിവരങ്ങൾ സമാഹരിച്ചു സംഗ്രഹിച്ചിരുന്നിടത്ത് നിന്ന്, ഇന്ന് AI അനവധി സോഴ്സുകളിൽ നിന്ന് നിമിഷ നേരം കൊണ്ട് നമ്മുടെ ഭാഷയിൽ , സം ഗ്രഹിച്ച് തരുന്നു. ഇത് സമാനതകളില്ലാത്ത ഒരു മാറ്റത്തിന്റെ തുടക്കമാണ്. നാച്ചുറൽ ബുദ്ധിയും കൃത്രിമ ബുദ്ധിയും തമ്മിലുള്ള അത്തരം സമന്വയത്തിനെ ഗവേഷകർ singularity എന്ന് പറയുന്നു.
പക്ഷേ ഇത്തരം ഒരു മാറ്റത്തിലൂടെ കടന്നു പോവുന്ന സമൂഹത്തിനെ കൈപിടിച്ച് നടത്തേണ്ട ഉത്തരവാദിത്വം നമ്മളിൽ എല്ലാവരിലും ഉണ്ട്. ഇതിനായി രാജ്യങ്ങൾ ഇതിനകം തന്നെ സ്റ്റ്രാറ്റജികൾ തയ്യാറാക്കിയിട്ടുണ്ട്. ചൈന തങ്ങളുടെ AI+ പദ്ധതിയിലൂടെ AI യെ എല്ലാ മേഖലകളിലും (നിർമ്മാണം, ആരോഗ്യ സംരക്ഷണം, കൃഷി, വിദ്യാഭ്യാസം) സംയോജിപ്പിച്ച് ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും തൊഴിലാളികളെ സഹായിക്കാനും ലക്ഷ്യമിടുന്നു. ഇത് ജോലികൾ പകരംവെക്കാനല്ല, മറിച്ച് ജോലികളെക്തിപ്പെടുത്താനാണ്. അതുപോലെ, ഇന്ത്യ തങ്ങളുടെ AI mission ലൂടെ AI യുടെ ഗുണങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും എത്തിക്കാൻ ലക്ഷ്യമിടുന്നു. ഇതിൽ റീസ്കില്ലിംഗ്, സ്റ്റാര്ട്അപ്പ് പിന്തുണ, ഡിജിറ്റൽ ഉപയോഗക്ഷമത വർദ്ധിപ്പിക്കൽ, സാമൂഹികസുരക്ഷാപദ്ധതികൾ എന്നിവ ഉൾപ്പെടുന്നു. ഇത് AI യുടെ സ്വാധീനം മാനുഷിക നന്മയ്ക്കായി ഉപയോഗിക്കുന്നതിന് ഊന്നൽ നൽകുന്നു.സിംഗപ്പൂരിന്റെ പാർലമെന്റിൽ അടുത്തിടെ നടത്തിയ പ്രസംഗം വ്യക്തമാക്കുന്നത്: “സിംഗപ്പൂരിന്റെ AI സ്വീകരണ രീതി ജോലികൾ പകരംവെക്കാനല്ല, മറിച്ച് AI യുടെ ശക്തിയോടെ ജോലികൾ വർദ്ധിപ്പിക്കാനാണ്”.
ഇത്തരത്തിലുള്ള വലിയ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ചെറുക്കുന്നതിനു പകരം, സമൂഹത്തിനെ അതിന് വേണ്ടി തയ്യാറാക്കാനാണ്, ഗവൺമെന്റുകളും, സന്നദ്ധ സംഘടനകളും, വിദ്യാഭാസ സ്ഥാപനങ്ങളും, പ്രയത്നിക്കേണ്ടത്. സമൂഹത്തിലെ എല്ലാ ആളുകളേയും ആ മാറ്റത്തിനെ ഉൾകൊള്ളാൻ തയ്യാറാക്കുന്നതിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്.
കവർ: ജ്യോതിസ് പരവൂർ
