പൂമുഖം INTERVIEWഅഭിമുഖം വരയുടെ സ്വാതന്ത്ര്യം: ചിത്രകാരൻ സജീന്ദ്രൻ കാറടുക്കയുമായി മുരളി മീങ്ങോത്ത് നടത്തിയ അഭിമുഖം

വരയുടെ സ്വാതന്ത്ര്യം: ചിത്രകാരൻ സജീന്ദ്രൻ കാറടുക്കയുമായി മുരളി മീങ്ങോത്ത് നടത്തിയ അഭിമുഖം

ചോദ്യം :ചിത്രങ്ങളുടെ ലോകത്തേക്ക് എങ്ങനെയാണ് എത്തിപ്പെട്ടത്? സ്കൂൾ കാലത്തെ അനുഭവങ്ങൾ പ്രോത്സാഹനം ഒക്കെ എങ്ങനെയായിരുന്നു?

ഉത്തരം : ചിത്രകലാരംഗത്ത് പ്രത്യേകിച്ച് പ്രോത്സാഹനം ഒന്നുമുണ്ടായിരുന്നില്ല. സ്കൂളിൽ വെച്ച് ധാരാളം മത്സരങ്ങളിൽ ഒക്കെ പങ്കുകൊണ്ടിട്ടുണ്ട്.ക്ലാസ്സ്‌ cut ചെയ്തും പോയിട്ടുണ്ട്. പലർക്കും സമ്മാനങ്ങൾ കിട്ടാറുണ്ടായിരുന്നെങ്കിലും എനിക്ക് സമ്മാനങ്ങൾ ഒന്നും അങ്ങനെ കിട്ടിയിട്ടില്ല.

ചോദ്യം : സമകാലിക മലയാളത്തിലേക്ക് എത്തുന്നതെങ്ങനെയാണ്? നമ്പൂതിരി, ചൻസ് ഒക്കെ ആയിരുന്നു മുൻഗാമികൾ അല്ലേ?

ഉത്തരം: സമകാലിക മലയാളത്തിൽ ചെയ്യുന്നതിനു മുൻപ് മലയാള മനോരമയിൽ കുട്ടികളുടെ പങ്തി ആയ കിലുക്കാംപെട്ടിക്ക് വേണ്ടിയാണ് ആദ്യമായി illustration ചെയ്യുന്നത്. അതിനുമുമ്പ് ഒരുപ്രാവശ്യം ഇന്ത്യ ടുഡേക്കു വേണ്ടി ഒന്ന് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, യൂറീക്ക , തളിര്, ഡി സി തുടങ്ങിയവരുടെ കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി വരച്ചു. മുതിർന്നവർക്ക് വേണ്ടി സമകാലിക മലയളം തുടങ്ങി ചില പ്രസിദ്ധീകരണങ്ങളിലും ഒക്കെ ചെയ്തുകൊണ്ടിരിക്കുന്നു. സമകാലിക മലയാളത്തിലേക്ക് വരുന്നത് ശശി മാഷ് മുഖേനയാണ്.കാര്യമായി വർക്ക് ഒന്നുമില്ലാതെ വിഷമിച്ചു ഇരിക്കുമ്പോൾ ഞാൻ മാഷെ കാണുന്നു,കലേഷ് എന്ന ആളുടെ അടുത്തേക്ക് വിടുന്നു. അങ്ങനെ അവിടുത്തെ വർക്ക് ലഭിച്ചു തുടങ്ങുന്നു.”സമകാലിക മലയാള”ത്തിലേയ്ക്കാവുമ്പോൾ ഗൗരവമായി തന്നെ ചെയ്യേണ്ടതുണ്ടല്ലോ. അവിടെ ധാരാളം അറിയപ്പെടുന്ന കലാകാരന്മാർ illustration ചെയ്തിട്ടുള്ളതാണ്. സമകാലിക മലയാളത്തിന് തെക്കൻ കേരളത്തിൽ കൂടുതൽ പ്രചാരമുണ്ടെന്ന് എനിക്ക് തോന്നുന്നു. അത്രയും വടക്കോട്ട് ഉണ്ടോ എന്ന് അറിയില്ല. എല്ലാ വിഭാഗങ്ങളിലുംപെട്ട എഴുത്തുകാർക്കും ഇടം കൊടുക്കുന്ന പ്രസിദ്ധീകരണമാണ് സമകാലിക മലയാളം . അവിടെ കുറെ വർക്ക് ചെയ്തു. ഇന്ത്യ ടുഡേ പ്രസിദ്ധീകരണങ്ങളിൽ വരുന്ന ഇല്ല സ്റ്റേഷൻസ് കുറച്ചുകൂടി ഉയർന്ന നിലവാരം പുലർത്തുന്നതും പുതിയ കാലത്തിനോട് ചേർന്നതും ആയി തോന്നിയിട്ടുണ്ട്. അതിൽ വന്നിരുന്ന വത്സരാജ്, മധുസൂദനൻ തുടങ്ങിയവരുടെ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. അത് ഒരു ദിശാബോധവും പുതിയ ചിത്രരചനാരീതികളുമായുള്ള പരിചയവും നൽകി എന്ന് പറയാം.

ചോദ്യം : മലയാള കഥ, കവിത എന്നിവയുടെ ആദ്യകാല വായനക്കാരൻ എന്ന നിലയിൽ ഇപ്പോഴത്തെ രചനകളെ എങ്ങനെ കാണുന്നു?

സജീന്ദ്രൻ കാറടുക്ക

ഉത്തരം : കഥകളും കവിതകളും എടുക്കുമ്പോൾ കവിതകൾക്കാണ് കുറച്ചു കൂടി illustration ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത് എന്നാണ് എന്റെ തോന്നൽ. കഥകളുടെ കാര്യത്തിൽ ചില കഥാകാരന്മാർ വിഷ്വൽസിന് കുറച്ചുകൂടി അവസരം നൽകുന്ന രീതിയിലായിരിക്കും രചന നടത്തുന്നത്. അവയുടെ കാര്യത്തിൽ ആർട്ടിസ്റ്റുകൾക്ക് നല്ലത് പോലെ വരയ്ക്കാൻ, കഥാസന്ദർഭങ്ങൾ ദൃശ്യങ്ങളിലേക്ക് കൊണ്ടുവരാൻ പറ്റും. എന്നാൽ ചില കഥകൾ അങ്ങനെയല്ല. ഉദാഹരണമായി രണ്ടു കഥാപാത്രങ്ങൾ മാത്രം തമ്മിൽ സംസാരിക്കുന്ന രീതിയിൽ എഴുതപ്പെട്ട കഥകളുണ്ട്. അവിടെയൊന്നും ചിത്രകാരന് കാര്യമായി ഒന്നും ചെയ്യാനില്ല. പാരിസ്ഥിതികമായി ഉള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന, നല്ലതുപോലെ വിഷ്വൽസ് ചെയ്തിട്ട് കഥ എഴുതുന്നവരുണ്ട്. അങ്ങനെയുള്ള കഥകളിൽ എളുപ്പത്തിൽ വരയ്ക്കുവാനും അവരുടെതായ രീതിയിലേക്ക് കൊണ്ടുവരുവാനും കലാകാരന്മാർക്ക് സാധിക്കും. കവിതകളുടെ കാര്യത്തിൽ വര കുറച്ചുകൂടി എളുപ്പമാവാറുണ്ട്. മനസ്സിലാവാത്ത കവിതകളും ഉണ്ട്‌.കവി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാവാത്ത കവിതകൾ. എങ്കിലും പൊതുവേ മലയാളത്തിൽ ഇപ്പോഴുള്ള കവിതകൾ, പ്രത്യേകിച്ചും പുതിയ എഴുത്തുകാരുടെ രചനകൾ മനോഹരവും ഉയർന്ന നിലവാരം പുലർത്തുന്നുവയും ആണ്.

ചോദ്യം : ഇങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളിലെ വരകൾക്ക് പുറമെയുള്ള ചിത്രങ്ങൾ, പ്രദർശനങ്ങൾ ഏതൊക്കെയാണ്‌?

ഉത്തരം : മറ്റ് പെയിന്റിങ്ങുകളും കുട്ടികൾക്ക് വേണ്ടിയുള്ള വരകളും ചെയ്യാറുണ്ട്. എന്റെ രണ്ട് പുസ്തകങ്ങൾ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും എൻ ബി ടി യും ഇറക്കിയിട്ടുണ്ട്. പരിസ്ഥിതി സംബന്ധമായി കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങൾ. ഒന്ന് ജെസിബിയുടെ കഥ രണ്ട്, അമ്മു എന്ന കടൽ ശാസ്ത്രജ്ഞ .ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും നല്ല illustration നുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. പെയിന്റിംഗ് എക്സിബിഷൻ നടത്തിയിട്ടുണ്ട്.. അക്കാദമിയുടെ സോളോ എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. കുട്ടിപ്പട്ടാളത്തിൻ്റെ കേരള പര്യടനം ‘ എൻ.പി ഹാഫിസ് മുഹ മ്മദ് , കുഞ്ഞുണ്ണിയുടെ യാത്ര പുസ്തകം ‘ എസ്. ആർ ലാൽ ‘ ആഫിക്കൻ നാടോടി കഥകൾ , കൂട്ടുകുടുന്ന കഥകൾ , എം ആർ രേണു കുമാറിന്റെ പുസ്തകങ്ങൾ, സ്വാതന്ത്രസമരത്തിലെ പെൺ പോരാളികൾ ഷൈന കക്കാട് .

ഡി വിനയചന്ദ്രന്റെ നാടോടിക്കഥകൾ എന്നീ പുസ്തകങ്ങളിലെ illustrations ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Illustration അഥവാ ചിത്രീകരണം ജോലിയും ഒരു വരുമാനം മാർഗ്ഗവും ആയതുകൊണ്ട് പെയിന്റിങ്ങിന് അധികം സമയം കിട്ടാറില്ല എന്നുമുണ്ട്. ഇന്ത്യയിൽ അതിന് വലിയ പ്രാധാന്യം – space -കൊടുക്കുന്ന പ്രസിദ്ധീകരണങ്ങളൊക്കെ കുറവാണ്. ചിലപ്പോൾ നമ്മൾ ചെയ്ത നല്ല വർക്കുകൾ ചെറിയ സ്പേസിലാണ് അവർ പ്രിന്റ് ചെയ്യുക. ഒരു സ്പേസ് ഫില്ലർ എന്നതിനപ്പുറം അതിന്റെ കലാമൂല്യം എത്ര ആളുകൾക്ക് അറിയുമെന്നു അറിയില്ല. നമ്മൾ വളരെ പെട്ടെന്ന് ചെയ്ത ചില വർക്കുകൾ അവർ വലുതായിട്ട് കൊടുക്കും. നല്ല രീതിയിൽ വരണമെന്നില്ല വർക്കുകൾ.

ചോദ്യം : നാഷണൽ ബുക്ക് ട്രസ്റ്റിന്റെ കുട്ടികൾക്കായുള്ള പുസ്തക രചന, വര എന്നിവയുടെ അനുഭവങ്ങൾ എങ്ങനെയാണ്?

ഉത്തരം : കുട്ടികൾക്ക് വേണ്ടി illustration ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി ഒരു കുട്ടിത്തം നമ്മുടെ ചിത്രീകരണത്തിൽ ഉണ്ടാവണം. നമ്മൾ ഉപയോഗിക്കുന്ന നിറങ്ങൾ കുട്ടികൾക്ക് വളരെ പെട്ടെന്ന് കൗതുകം ജനിപ്പിക്കുന്നവയാവണം. Cool ആയ നിറങ്ങൾ ആണ് കുട്ടികൾക്കായി ഉപയോഗിക്കേണ്ടത്. ശരിക്കും നമ്മൾ കുട്ടികളുടെ മനശാസ്ത്രം ഒക്കെ പഠിക്കണം. എങ്ങിനെയുള്ള പുസ്തകങ്ങളാണ് കുട്ടികൾക്ക് ഇഷ്ടപ്പെടുക? നമ്മുടെ സംസ്ഥാനത്തും രാജ്യത്ത് തന്നെ പൊതുവേയും ഇല്ലസ്ട്രേഷനിൽ കുട്ടികൾക്ക് എന്ന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. വിദേശ പുസ്തകങ്ങൾ നോക്കണം. അവർ അവരുടെ കഥാപുസ്തകങ്ങളിൽ 80 ശതമാനം വരെ ചിത്രങ്ങൾ ആക്കി കുട്ടികളെ വേറൊരു ലോകത്തേക്ക് കൊണ്ടുപോകും. കുട്ടികൾ കഥകളും കവിതകളും ഇഷ്ടപ്പെടുന്ന രീതിയിലായിരിക്കണം പുസ്തകങ്ങളിൽ illustration ചെയ്യേണ്ടത്. അതിലൊക്കെ നമുക്ക് ഏറെ പഠിക്കാനുണ്ട്. പല ആർട്ടിസ്റ്റുകളും പല രീതിയിലാണ് design ചെയ്യുക. ചിലർ കൊലാഷ് ആയിട്ടായിരിക്കും ചെയ്യുക. ചിലർ 3ഡി ആയിട്ട് ചെയ്യും. എൻ ബി ടി എന്റെ ഒരു പുസ്തകമേ ചെയ്തിട്ടുള്ളൂ. അത് 16 ഇന്ത്യൻ ഭാഷകളിൽ ചെയ്തു. ഫ്രഞ്ച് ജർമൻ ഭാഷകളിലും അത് തർജമ ചെയ്തിട്ടുണ്ട്. അത് രണ്ടും കുറച്ചു കൂടി നന്നായിട്ടുണ്ട് എന്ന് പറയാം. എൻ ബി ടി ആർട്ടിസ്റ്റുകൾക്ക് നല്ല പരിഗണന കൊടുക്കുന്നുണ്ട്.

ചോദ്യം : ഇഷ്ടപ്പെട്ട ചിത്രകാരന്മാർ ആരൊക്കെയാണ്? ഏതുതരത്തിലെ ചിത്രങ്ങൾ വരയ്ക്കാനാണ് കൂടുതൽ താല്പര്യം?

ഉത്തരം : എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രകാരൻ ശരിക്ക് നോക്കിയാൽ പാ ബ്ലോ പിക്കാസോ ആണ്. അദ്ദേഹം ചെയ്യുന്ന ഡ്രോയിങ്ങുകളും പെയിന്റിംഗുകളും – ഇത്രയും ഫ്രീഡത്തോടെ ചെയ്യുന്ന ആർട്ടിസ്റ്റുകൾ വേറെ ഉണ്ടോ എന്നറിയില്ല. ഗോർണിക്ക… മറ്റു പല ചിത്രങ്ങളും… വളരെ രസമായിട്ട് ഒരു മാജിക് പോലെയാണ് അദ്ദേഹം ചെയ്യുന്നത്. നമുക്ക് അദ്ദേഹത്തിൽ നിന്നൊക്കെ കുറെ പഠിക്കാനുണ്ട്.. മറ്റ് പലരും, ഇന്ത്യയിലും ആർട്ടിസ്റ്റുകൾ നല്ലവർക്ക് ചെയ്യുന്നവരുണ്ട് അവരിൽ നിന്നൊക്കെ പഠിക്കാനും ഉണ്ട്.. അങ്ങനെ പഠിക്കുമ്പോഴാണ് ഓരോ ആർട്ടിസ്റ്റ്കളുടെ വർക്ക് എന്താണെന്നും life എന്താണെന്നും ഒക്കെ അറിയുക.

ചോദ്യം: ലിറ്ററേച്ചർ ഫെസ്റ്റിവലുകളുടെ കാലത്ത് ചിത്രകാരന്മാരെ പരിഗണിക്കുന്നുണ്ടോ?

ഉത്തരം: ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ നോക്കിയാൽ അവ കേവലം ബിസിനസ് ആയിട്ടാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഒന്നുമല്ല. ഇപ്പോൾ ഡിസി, മാതൃഭൂമി,മനോരമ തുടങ്ങിയ പബ്ലിഷിങ് സ്ഥാപനങ്ങൾ അല്ലേ ഫെസ്റ്റിവൽ നടത്തുന്നത്.. നിയമസഭാ ഫെസ്റ്റിവൽ ഉണ്ടായി. അവരുടെ പുസ്തകങ്ങൾ ചെലവാവാനുള്ള ഫെസ്റ്റിവൽ, ബിസിനസ് തന്ത്രത്തിന്റെ ഒരു ഭാഗം ആയിട്ടു മാത്രമേ കാണാൻ പറ്റുന്നുള്ളൂ. കേരളത്തിൽ പ്രസിദ്ധീകരണങ്ങളിൽ illustration ചെയ്യുന്ന ധാരാളം ആർട്ടിസ്റ്റ്കൾ ഇല്ലേ? അതുകൊണ്ട് ഉപജീവനം കഴിക്കുന്നവർ. അവരെയൊന്നും ഇവർ വിളിക്കാറില്ലല്ലോ. പുസ്തകങ്ങൾ ചിലവാവാൻ സഹായിക്കുന്ന കുറെ എഴുത്തുകാരെയൊക്കെ വിളിച്ചുകൂട്ടി ഒരു തട്ടിക്കൂട്ട് പരിപാടിയായിട്ടേ എനിക്ക് അതിനെ കാണാൻ പറ്റുന്നുള്ളൂ. പിന്നെ അവർ പറയും സംവാദങ്ങളുണ്ട് എന്നൊക്കെ.. കുറേ ആളുകൾ കൂടിയിരുന്ന പലതും പറയും. അവർ പറയുന്നതൊക്കെ സാധാരണ വായനക്കാരിലേക്ക് എത്രയെത്തുന്നുണ്ട് എന്നൊന്നും പറയാൻ പറ്റില്ല. അതൊന്നും കാര്യമാക്കാതെ ബിസിനസ്, വിൽപ്പന മാത്രം ലക്ഷ്യമാക്കിയിട്ടുള്ള ഒരു പരിപാടി എന്നാണ് എന്റെ അഭിപ്രായം.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.