ലോകപ്രസിദ്ധ എഴുത്തുകാരി അരുന്ധതി റോയിയുടെ “Mother Mary Comes to Me” ഞാൻ നാട്ടിൽ പോയി വരുമ്പോൾ എയർപോർട്ടിൽ നിന്നാണ് വാങ്ങിയത്. മകൾക്കും ഇഷ്ടപ്പെടുമെന്ന് കരുതി കൊണ്ടുവന്നപ്പോൾ അവൾ ഇതിനകം ഒരു കോപ്പി വാങ്ങിയിരുന്നു. അരുന്ധതിയുടെ “The God of small things” മലയാളം വിവർത്തനത്തിലൂടെയാണ് ഞാൻ വായിച്ചത്. “The ministry of utmost happiness” വായിക്കാൻ ഏറെ സമയമെടുത്തു. “Walking with the comrades “പല ദിവസങ്ങൾ കൊണ്ട് വായിച്ചു തീർത്ത ഒന്നാണ് – ഇവയെല്ലാം വ്യത്യസ്തമായ വായനാനുഭവങ്ങളായിരുന്നു. പക്ഷെ Mother Mary comes to me ഒരൊറ്റ ഇരിപ്പിൽ വായിച്ചു തീർത്തു.
എന്‍റെ ഭൂതകാലവുമായി അരുന്ധതിയുടെ കൗമാരകാലത്തെ ചില സംഭവങ്ങൾക്ക് വളരെ സാമ്യമുള്ളതായി തോന്നി. വ്യവസ്ഥിതിക്കെതിരെ നിലകൊണ്ടിരുന്ന ഒരു ഭൂതകാലം എനിക്കുമുണ്ടായിരുന്നു. അതിന്‍റെ കനലുകൾ ഇപ്പോഴും ഉള്ളിൽ ബാക്കിയാവുന്നു. ഇതൊരു നോവലല്ലെങ്കിലും ഒരു നോവൽ എന്നത് പോലെ ഉദ്വേഗത്തോടെയാണ് ഞാൻ വായിച്ചത്.
ഈ പുസ്തകം ആഴമേറിയതും ആത്മകഥാപരവുമായ ഒരു ഓർമ്മക്കുറിപ്പാണ്. ബുക്കർ പ്രൈസ് ജേതാവായ അരുന്ധതിയുടെ ആദ്യ memoir. 2022 സെപ്റ്റംബറിൽ അമ്മ മേരി റോയിയുടെ മരണത്തെ തുടർന്നുള്ള ദുഃഖവും വേദനയും നിറഞ്ഞ ഈ പുസ്തകത്തിൽ അമ്മയെ “എന്‍റെ അഭയവും എന്‍റെ കൊടുങ്കാറ്റും” (My shelter and my storm) എന്നാണ് എഴുത്തുകാരി വിശേഷിപ്പിക്കുന്നത്. ധീരയായ ഏകാംഗി, വിദ്യാഭ്യാസ രംഗത്ത് പ്രശസ്തയായ, സ്ത്രീവാദത്തിന്റെ പാതയിലെ അഗ്രഗാമിയും , പ്രൗഢയും ശ്രദ്ധാകാംക്ഷിയും, എല്ലാം ഒറ്റയ്ക്ക് നിയന്ത്രിക്കണമെന്ന് ആഗ്രഹിക്കുന്ന തന്റേടിയും ആയ മേരി റോയ് എന്ന കോട്ടയംകാരി സിറിയൻ ക്രിസ്ത്യൻ അമ്മയുടെ ബലവും ബലഹീനതകളും ഈ ഓർമ്മകളിൽ തെളിയുന്നു.സിറിയൻ ക്രിസ്ത്യൻ സ്ത്രീകൾക്ക് കുടുംബസ്വത്തിൽ അനന്തരാവകാശം നേടിയെടുത്ത്, രാജ്യത്തെ സാമൂഹ്യക്രമത്തിന്‍റെ പരിണാമചരിത്രത്തിലും നിയമപോരാട്ടചരിത്രത്തിലും കയ്യൊപ്പ് ചാർത്തിയ ധീരവനിതയായിരുന്നു മേരി റോയ്.

‘പള്ളിക്കൂടം’ സ്കൂൾ സ്ഥാപിച്ചതിലും ഉണ്ട് പ്രതിഭയുടെ തിളക്കം. എന്നാൽ കുടുംബത്തിനകത്ത് അവരുടെ രീതികൾ വ്യത്യസ്തമായിരുന്നു. ക്രോധപൂർവ്വമായ പെരുമാറ്റങ്ങൾ, അരുന്ധതിയോടും മകൻ ലളിത്തിനോടുമുള്ള ശാരീരിക-മാനസിക പീഡനങ്ങൾ, അസ്ഥിരമായ സ്നേഹം എന്നിവ ആ കാലത്തെ ദുസ്സഹമാക്കിയിരുന്നു. അതാവാം അരുന്ധതിയെ രൂപപ്പെടുത്തിയത്.
അപ്പനില്ലാത്ത, വീടില്ലാത്ത, കുടുംബവീട്ടിൽ നിന്ന് പോലും ഇറക്കിവിടപ്പെട്ട ഒരമ്മയുടെ മകൾ—ഒന്നുമില്ലായ്മയിൽ നിന്ന് ധൈര്യവും ഇച്ഛാശക്തിയും കൊണ്ട് ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത അമ്മയുടെ മകൾ. വീടും അമ്മയും ദുസ്വപ്നസമാനങ്ങളായ ഓർമ്മകളാവുക. കേരളത്തിലെ സ്നേഹദരിദ്രമായ ബാല്യകാലം, 18-ാം വയസ്സിൽ ഡൽഹിയിലേക്കുള്ള രക്ഷപ്പെടൽ, ആർക്കിടെക്ചർ പഠനം, സാഹിത്യലോകത്തെ പ്രശസ്തി എന്നിവയെല്ലാം പുസ്തകം വിവരിക്കുന്നു. അയ് മനത്തെയും ഊട്ടിയിലെയും ഓർമ്മകൾ ഏകാന്തതയും ക്രൂരതയും നിറഞ്ഞതാണ്. പിതാവ് മിക്കി റോയ് മദ്യപാനിയായ ഒരു “നത്തിങ് മാൻ” ആയിരുന്നു. ഡൽഹി ഹോട്ടലിലെ സങ്കടകരമായ പുനഃസമാഗമം കുടുംബബന്ധങ്ങളിലെ വിള്ളലുകൾ വ്യക്തമാക്കുന്നു. അമ്മയുടെ സഹോദരൻ ജി. ഐസക്കിന്‍റെ (ജോർജ് ഐസക്) കുടുംബത്തിലെ മാർക്സിസ്റ്റ് സ്വാധീനത്തെക്കുറിച്ചും പുസ്തകം സംസാരിക്കുന്നുണ്ട്.
ഡൽഹിയിലെ ജീവിതം അരുന്ധതിക്ക് ദുഷ്കരമായിരുന്നു. ജെ.സിയുമായുള്ള ഫേക്ക് മാര്യേജ്, പ്രദീപ് കൃഷ്ണനുമായുള്ള ബന്ധം, ദാരിദ്ര്യം, അതിജീവനം എന്നിവയിലൂടെ കടന്നുപോയി അവർ സാഹിത്യകാരിയായി വളരുന്നു. ‘The God of small things ലൂടെ ലോകപ്രശസ്തയാകുന്നതും ബുക്കർ സമ്മാനം ലഭിക്കുന്നതും ആക്ടിവിസത്തിന്‍റെ പേരിൽ ജയിലിൽ പോകുന്നതുമായ സംഭവബഹുലമായ ജീവിതം ഈ പുസ്തകത്തിൽ ദർശിക്കാം. അരുന്ധതിയെ ഇന്ന് കാണുന്ന തരത്തിൽ വിളക്കിയെടുത്തത്, വീട്ടിൽനിന്നിറങ്ങിയതിനു ശേഷമുള്ള പരിമിതമായ വരുമാനവും മാതാപിതാക്കളിൽ നിന്നും ലഭിക്കാത്ത സ്നേഹവും, അയ്മനം ഗ്രാമത്തിലെ കുട്ടികളിൽ നിന്നും പ്രകൃതിയിൽ നിന്നും ഉണ്ടാക്കിയെടുത്ത സ്നേഹവും ആണ്. ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളുടെ ആകെത്തുകയാണ് ഇന്ന് കാണുന്ന വിശ്വ സാഹിത്യകാരി.
പിന്നീട് അരുന്ധതി ജീവിക്കുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയാണ്. മർദ്ദിതരോടും നീതിനിഷേധിക്കപ്പെട്ടവരോടുമുള്ള സ്നേഹം മാത്രമാണ് അവരുടെ കൈമുതൽ. നർമദാ ബച്ചാവോ ആന്ദോളനിലൂടെ ആദിവാസികൾക്കും ജീവജാലങ്ങൾക്കും വേണ്ടി ശബ്ദമുയർത്തി. കാശ്മീരിലെ നീതിനിഷേധത്തിനെതിരെ സത്യാവസ്ഥ മനസിലാക്കി പ്രതികരിച്ചു. ഛത്തീസ്ഗഢിലും മധ്യേന്ത്യയിലും ഖനന മാഫിയകൾക്കെതിരെ, നക്സലുകളോടൊപ്പം നടന്ന് ” Walking with the comrades “എഴുതി. വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ ലേഖനങ്ങൾ. കോടതി അലക്ഷ്യത്തിന് ജയിൽ വരെ. നർമദാ നദിയിൽ വലിയ അണക്കെട്ട് നിർമ്മിക്കുമ്പോൾ അവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾക്കായി, ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ഉണ്ടായ സിഖ് വിരുദ്ധ കലാപത്തിനെതിരെ, നീതി രഹിതമായി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ, ഖനന മാഫിയകൾ ആദിവാസികളെ വനങ്ങളിൽ നിന്ന് ഒഴിപ്പിച്ച് ഭൂമി കൈവശപ്പെടുത്തുന്നതിനെതിരെ കോൺഗ്രസ് സർക്കാരുകളെ അരുന്ധതി റോയി വിമർശിച്ചു.
അതിലും ശക്തമായി, ആർ.എസ്.എസ്, ബിജെപി സംഘപരിവാർ നേതൃത്വത്തിൽ നടക്കുന്ന വർഗീയ ഫാസിസത്തെയും, ബാബറി മസ്ജിദ് തകർത്ത സംഭവത്തെയും, ഗുജറാത്ത് കലാപത്തിൽ മോദിയുടെ ഇടപെടലിനെയും, വ്യാജ ഏറ്റുമുട്ടലുകളിലൂടെ മുസ്ലിം ജനതയെ കൊന്നൊടുക്കുന്നതിനെയും, “അർബൻ നക്സൽ” എന്ന പേരിൽ സായി ബാബയെ ജയിലിൽ അടച്ചതിനെയും, നരേന്ദ്ര മോദിയുടെ ഭരണത്തെ പൊതുവെയും നിശിതമായി വിമർശിക്കുന്നു ഈ പുസ്തകം.
അങ്ങനെ ഒരു ആത്മകഥയ്ക്കപ്പുറം സർക്കാരിനെ വിമർശിക്കുന്ന ശക്തമായ രാഷ്ട്രീയരേഖയായി കൂടി “Mother Mary Comes to Me” മാറുന്നു. അരുന്ധതി തന്റെ രാഷ്ട്രീയ നിലപാട് വളരെ വ്യക്തമായി ഈ താളുകളിൽ രേഖപ്പെടുത്തുന്നു. അവരുടെ രാഷ്ട്രീയം സ്നേഹമാണ് – അത് മർദ്ദിതർക്കും, പീഡിതർക്കും, നീതി നിഷേധിക്കപ്പെട്ടവർക്കും ഒപ്പമാണ്.
തീർത്തും സംഘർഷഭരിതമാണ് അരുന്ധതിയുടെ ജീവിതം. സ്നേഹം പ്രകടിപ്പിക്കാനറിയാത്ത അമ്മ. സ്നേഹം ആഗ്രഹിക്കുന്ന, എന്നാൽ അത് ലഭിക്കാത്ത മകൾ. മകൾക്കു തന്നോടുള്ള സ്നേഹം അറിയാമായിരുന്നിട്ടും, പ്രത്യക്ഷത്തിൽ അത് ഏറ്റുവാങ്ങാൻ വിസമ്മതിക്കുന്ന തന്റേടിയായ അമ്മ. ഈ വൈകാരിക സംഘർഷത്തിൽ പെട്ട് ഉഴറിയ അരുന്ധതിയെ ആണ് ഈ പുസ്തകത്തിൽ നമുക്ക് കാണാൻ കഴിയുന്നത്.
പുസ്തകത്തിലെ ഭാഷ വൈദ്യുതപ്രവാഹമാണ്. വേദന, ഹാസ്യം, വിമർശനം എന്നിവ ഇടകലർന്നത്. “ഞാൻ ഏറ്റവും ശക്തമായ കാറ്റടിക്കുന്നിടത്ത് കൂടാരം കെട്ടി, ഹൃദയം ശരീരത്തിൽ നിന്ന് പുറത്തേക്ക് പറത്താൻ കാത്തിരുന്നു” എന്ന് അവർ പറയുന്നു. ഹിന്ദുദേശീയതയുടെ ഉയർച്ചയ്ക്കിടയിൽ അമ്മ നടത്തിയ നീതിക്കായുള്ള പോരാട്ടം തന്‍റെ പ്രതിരോധത്തിന്‍റെ വേരാണെന്ന് കാണുന്നു. “റൈറ്റർ-ആക്ടിവിസ്റ്റ്” ലേബലിനെ ചോദ്യം ചെയ്ത്, എഴുത്തുകാർ ലോകങ്ങൾ സൃഷ്ടിക്കുമ്പോൾ ആക്ടിവിസ്റ്റുകൾ പോരാടുന്നുവെന്ന് വ്യക്തമാക്കുന്നു.
ഈ പുസ്തകം ധൈര്യസമ്പന്നവും ആകർഷകവും തുറന്നുമനസ്സുള്ളതുമാണ്. വ്യക്തിപരമായ കൊടുങ്കാറ്റുകളിലൂടെ പൊതുപ്രതിരോധശബ്ദമാകുന്നത് എങ്ങനെയെന്ന് കാണിക്കുന്നു. സന്തോഷം, ദേഷ്യം, വിഷമം, കരച്ചിൽ, ദുഃഖം, ഹാസ്യം, ആക്ഷേപം, എല്ലാം വായനക്കാരനെ സ്പർശിക്കുന്നുണ്ട്. അവർക്ക് നഷ്ടപ്പെട്ട സ്നേഹം തിരികെ ലഭിക്കുന്നത് മേരി റോയ് ആരോഗ്യനഷ്ടം അനുഭവിച്ച് ആശുപത്രിയിൽ കിടക്കുമ്പോഴാണ്. അവസാനകാലത്ത് അമ്മയ്ക്കും മകൾക്കും ഒളിപ്പിച്ചിരുന്ന സ്നേഹം പങ്കുവെക്കാൻ കഴിഞ്ഞു.
ഈ പുസ്തകം കേവലം ഒരു ഓർമ്മക്കുറിപ്പല്ല, മറിച്ച് അടിച്ചമർത്തപ്പെട്ടവർക്കായുള്ള ആദരാഞ്ജലിയാണ്. ശക്തയായ അമ്മ മേരി റോയിക്കും നത്തിങ് മാൻ ആയ അച്ഛൻ മിക്കി റോയിക്കും ഉള്ള ആദരാഞ്ജലിയാണ്. ചെറുപ്പത്തിൽ എഴുത്തുകാരിയെ സ്വാധീനിച്ച ജി. ഐസക്കിനും, ഭരണകൂടം തടവിലാക്കിയ സുഹൃത്തായ ജി.എൻ. സായിബാബയ്ക്കും ഉള്ള ആദരാഞ്ജലിയാണ്. നീതി നിഷേധിക്കപ്പെട്ടു തൂക്കുകയറിന് വിധിക്കപ്പെട്ട അഫ്സൽ ഗുരുവിനും, ഗുജറാത്ത് കലാപത്തിലെ ഇരയായ ഇഹ്‌സാൻ ജാഫ്രിക്കും, സിഖ് വിരുദ്ധ കലാപത്തിലും ഗുജറാത്ത് കലാപത്തിലും മരിച്ചുവീണവർക്കും ദന്തേവാഡ വനങ്ങളിൽ കൊല്ലപ്പെട്ട സഖാക്കൾക്കും കശ്മീരിൽ ജീവിതം പൊലിയുന്ന പൗരന്മാർക്കും ഉള്ള ആദരാഞ്ജലിയാണ്. വ്യാജ ഏറ്റുമുട്ടലുകളിലൂടെയും നീതി നിഷേധത്തിലൂടെയും കൊല്ലപ്പെട്ട എല്ലാവർക്കും വേണ്ടിയുള്ള ആദരാഞ്ജലി.
കവര്‍: ജ്യോതിസ് പരവൂര്‍
