1
ഷോക്കേസിലെ ഒരു കല്ല്
എപ്പോഴുമെന്നെ
തുറിച്ചു നോക്കുന്നു….
എന്തൊക്കെയോ
വിളിച്ചുപറയാനെന്നപോലെ….
ബർലിൻമതിൽ* പൊളിച്ചപ്പോൾ
തെറിച്ചുവീണ കല്ല്
ഒരു കൂട്ടുകാരൻ
നിധി പോലെ സമ്മാനിച്ചത്!
2
ജനാധിപത്യത്തിനും
ഏകാധിപത്യത്തിനും നടുവിൽ, സ്വാതന്ത്ര്യത്തിനും
വിലങ്ങുകൾക്കുമിടയിൽ
കണ്ണടയ്ക്കേണ്ടി വന്ന
കാവൽമതിൽ!
അപ്പുറമിപ്പുറം
സന്തോഷച്ചിരിയും
സങ്കടക്കണ്ണീരും.
മൗനത്തിന്റെ കടുംപാറക്കെട്ടിൽ
മരണത്തിന്റെ ദുർമ്മണം !
വലതുവശത്താശ്വാസ
ക്കുളിരെങ്കിൽ
ഇടതോ, ദുരിതത്തീക്കാറ്റ്!
പടിഞ്ഞാറു കത്തിനിന്ന
കവിതയുടെ സൂര്യൻ,
കിഴക്കെത്തുമ്പോൾ
കൂരിരുൾപ്പൊത്തിൽ
പാത്തു പതുങ്ങും !
പൊളിഞ്ഞുവീണ മതിലിനു- ണ്ടായിരം
കഥകൾ പറയാൻ
അതിലേറെ പറയാതിരിക്കാനും !
3
നൂറ്റാണ്ടുകൾ
ഒന്നായിരുന്ന മഹാരാഷ്ട്രം,
ഓർക്കാപ്പുറത്തു രണ്ടായി.
യുദ്ധത്തിന്റെ ക്രൂരത
വെട്ടിമുറിച്ച ഗ്രാമങ്ങൾ.
വീടുകൾ.. വഴികൾ..
ജീവിതങ്ങൾ..സ്വപ്നങ്ങൾ..!
കന്മതിലുകളെക്കാൾ
എത്രയോ കഠിനം
മനുഷ്യമനസ്സിലെ വന്മതിലുകൾ…!
4
മതിലുകളില്ലാത്തൊരു കാലം
പലപ്പോഴും
സ്വപ്നം കാണും.. !
അതിരുകളില്ലാത്ത ജീവികൾ,
ആകാശം നിറയെ ശലഭങ്ങൾ,
പരിധികളില്ലാത്ത പക്ഷികൾ..
അവിടെങ്ങും
മനുഷ്യർ മാത്രമില്ല,
ഈ സ്വപ്നത്തിലെ
ഞാൻ പോലും !
*രണ്ടാം ലോകമഹായുദ്ധശേഷം ജർമ്മനിയെ വെട്ടിമുറിച്ചപ്പോൾ ബെർലിൻ നഗരത്തെ വെട്ടിമുറിച്ച വൻമതിൽ.. 1989 ൽ ജർമ്മനി ഒന്നായത് ഈ മതിൽ പൊളിച്ചുകൊണ്ടാണ്.
കവര്‍: ജ്യോതിസ് പരവൂര്‍
