വാഗ്ദാനങ്ങൾ കൊടുക്കാൻ
ദൈവം
രാഷ്ട്രീയക്കാരനല്ല
കൊടുത്തിട്ടുണ്ടെങ്കിൽ
ദൈവമായിരിക്കില്ലത്.
നീ വെട്ടിപിടിച്ചത്
വാഗ്ദത്ത ഭൂമിയല്ല
ഇത് കുശവന്റെ പറമ്പ്
മനുഷ്യപുത്രന്റെ
ചോരയുടെ വിലയായ
അക്കൽദാമ
നിന്റെ ദേശീയപാതയിൽ
ഒഴുകുന്ന രക്തം
ചീറ്റിത്തെറിച്ചതൊരു
വിലാപ്പുറത്തുനിന്ന്.
നിന്റെ ബാബേൽ ഗോപുരം
ഉയർന്നത് തകർന്ന
സ്വപ്നങ്ങളുടെ
കുഴിമാടങ്ങളിൽ നിന്ന്.
ഒടുക്കം
നിന്റെ മേൽ പെയ്യുന്ന
തീയും ഗന്ധകവും തടയാൻ
മതിയാകുമോ നിൻ
ഇരുമ്പിൻ കവചങ്ങൾ.
കവർ: ജ്യോതിസ് പരവൂർ