എൺപത് കാലത്ത് ഐ.വി ശശി – ഭരതൻ – പത്മരാജൻ – കെ.ജി ജോർജ്ജ് ടീമിന്റെ സിനിമകൾക്കൊപ്പം തന്നെ ശ്രദ്ധേയമായിരുന്നു എം.മോഹന്റെതായി വന്ന സിനിമകൾ.
ദൂരദർശൻ കാലത്ത് ടിവിയിൽ കണ്ട ‘ശാലിനി എന്റെ കൂട്ടുകാരി’ യാണ് എം. മോഹന്റേതായി ആദ്യമായി കാണുന്ന സിനിമ. ജലജയുടെ ഓർമ്മകളിലൂടെ തുടങ്ങുന്ന സിനിമ പിന്നീട് നമ്മെ ശാലിനിയുടെ ലോകത്തേക്ക് എത്തിക്കുന്നു. വേണു നാഗവള്ളി, ശോഭ, രവി മേനോൻ, ഉമ്മർ, സുകുമാരൻ തുടങ്ങിയവരുടെ കഥാപാത്രങ്ങൾ ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നവയാണ്.
പത്മരാജന്റെ തിരക്കഥയിൽ മോഹന്റേതായി വന്ന സിനിമകളിൽ പിന്നീട് ഏറ്റവും ഇഷ്ടപ്പെട്ടത് ‘ഇടവേള’യാണ്. അമ്മനത്ത് ബാബുചന്ദ്രനെ ഇടവേള ബാബുവാക്കി മാറ്റിയ സിനിമ. കൗമാരത്തിന്റെആത്മാർത്ഥതയും വഞ്ചനയും ഗംഭീരമായി പറഞ്ഞവതരിപ്പിക്കുന്നതോടൊപ്പം ഏറെക്കാലം മനസ്സിൽ തങ്ങിയ സഹോദരീ സഹോദര ബന്ധവും നൊമ്പരമുണർത്തിയ ക്ലൈമാക്സ് രംഗങ്ങളും കൊണ്ടു സിനിമ വേറിട്ടു നിന്നു.
ജോൺപോളിന്റെ തിരക്കഥയിൽ എം മോഹൻ ചെയ്ത ‘കഥയറിയാതെ’ യും ഫ്ലാഷ് ബാക്കിലൂടെയാണ് തുടങ്ങുന്നത്. ഒരു ടിപ്പിക്കൽ അവിഹിത കഥയിലേക്ക് പോകുമായിരുന്ന സിനിമയെ കൈയ്യൊതുക്കത്തോടെ കൈകാര്യം ചെയ്ത സംവിധാന ശൈലിയായിരുന്നു എം. മോഹന്റേത്. ജോൺ പോളിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ എം.മോഹനൊപ്പം ചെയ്ത ‘വിട പറയും മുൻപേ’, ‘രചന’ പോലുള്ള സിനിമകൾക്ക് കൂടുതൽ തിളക്കമുണ്ട്. വിടപറയും മുൻപേ അസാധാരണമായ പ്രദർശനവിജയം നേടി. “രചന” സങ്കീർണമായ വൈകാരിക മുഹൂർത്തങ്ങൾ കൊണ്ടു വേറിട്ട് നിന്നു.ജീവിതത്തിൽ നുണ മാത്രം പറഞ്ഞു ശീലിച്ച, ഇനിയൊരിക്കലും നേരാവില്ല എന്ന് ഉറപ്പുള്ള അപ്പു നായരെ പോലൊരു കഥാപാത്രത്തെ നെടുമുടി വേണുവിനെ പോലൊരാൾക്ക് കൊടുത്തിട്ട് ഒരു മുഴുനീള സിനിമയിലൂടെ രസിപ്പിച്ച അക്കാലത്തെ ഒരു വ്യത്യസ്ത കോമഡി സിനിമയായിരുന്നു ‘ഒരു കഥ ഒരു നുണക്കഥ’.
ബാലചന്ദ്രമേനോനെയും സുമലതയെയും നായികാ നായകന്മാരാക്കി ചെയ്ത ‘ഇസബെല്ല’ എത്ര പേർക്ക് ഇഷ്ടപ്പെട്ട സിനിമയാണ് എന്നറിയില്ല. പക്ഷെ മധ്യവയസ്ക പ്രണയ കഥ പറഞ്ഞ മലയാള സിനിമകളുടെ കൂട്ടത്തിൽ പെട്ടെന്ന് ഓർമ്മയിലെത്തുന്ന ഒരു സിനിമയായി ഇന്നും ഇസബെല്ലയുണ്ട്.
മോഹൻലാൽ -ശോഭന -ശാന്തികൃഷ്ണ ടീമിന്റെ ‘പക്ഷേ’ യിൽ പ്രണയവും വിരഹവും നഷ്ടപ്രണയവും കൂടി കലർന്ന് കിടക്കുന്നുണ്ട്. മലയാളത്തിൽ അത്ര കണ്ട് ശീലിച്ചിട്ടില്ലാത്ത റൊമാന്റിക് ഡ്രാമ ഴോണർ തൊണ്ണൂറുകളുടെ പകുതിയിൽ എം.മോഹൻ മനോഹരമായി കൈകാര്യം ചെയ്തതു കാണാം.
തെറ്റിദ്ധാരണകൾ കൊണ്ട് കൈ വിട്ടു പോകുന്ന കഥാപാത്ര ജീവിതങ്ങൾ അദ്ദേഹത്തിന്റെ പല സിനിമകളിലും കാണാം. കരിയറിന്റെ അവസാന കാലത്ത് വന്ന ‘അങ്ങനെ ഒരു അവധിക്കാലത്ത്’ സിനിമയിലും അത് കണ്ടെടുക്കാവുന്നതാണ്.
മോഹൻലാൽ- നാസർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘മുഖം’ അദ്ദേഹത്തിന്റെ സംവിധായക ജീവിതത്തിലെ വേറിട്ട സിനിമയായി നിലനിൽക്കുന്നു. 90 കളിൽ അങ്ങിനെയൊരു ഗംഭീര സീരിയൽ കില്ലർ സിനിമ മലയാളത്തിൽ വന്നിട്ടുണ്ടോ എന്ന് സംശയമാണ്. ( ജോഷിയുടെ ‘ഈ തണുത്ത വെളുപ്പാൻ കാലത്ത്’ കണക്കിലെടുത്താൽ പോലും . )
നെടുമുടി വേണു, ഭരത് ഗോപി, സുകുമാരൻ, ഇന്നസെന്റ്, ശ്രീവിദ്യ, സുകുമാരി പോലുള്ളവർക്ക് എം.മോഹൻ സിനിമകളിലൂടെ കൂടുതൽ സ്വീകാര്യത നേടാനായി.
എം. മോഹന്റെ ‘സാക്ഷ്യം’ സിനിമയിലൂടെ മുരളിയുടെയും ഗൗതമിയുടെയും മകളുടെ വേഷത്തിലായിരുന്നു മഞ്ജു വാര്യരുടെയും സിനിമാ അരങ്ങേറ്റം.
മലയാള സിനിമയിൽ പുത്തൻ മാറ്റങ്ങൾ സമ്മാനിച്ച സംവിധായകന് വിട!
ആദരാഞ്ജലി.
കവർ : വിൽസൺ ശാരദ ആനന്ദ്
Images : Google Images