അഭിമുഖം : സി. കെ. ജാനു – ഐശ്വര്യ എസ്. മേനോൻ
ചോദ്യം : മുത്തങ്ങ സമരം നടന്ന് 22 വർഷം പിന്നിടുമ്പോൾ അന്നത്തെ പ്രതിരോധത്തെ എങ്ങനെയാണ് ഓർക്കുന്നത്?
മുത്തങ്ങ സമരം ആദിവാസികളുടെയിടയിൽ നൂറു ശതമാനവും വിജയം നേടിയ ഒരു സമരമാണ്. ഭൂമിക്കുവേണ്ടി ശബ്ദമുയർത്തുന്നതിന് അത് എല്ലാവർക്കും ആത്മവിശ്വാസം നൽകിയിട്ടുണ്ട്. മുത്തങ്ങ സമരത്തിന്റെ ഫലമായി ഏകദേശം 35,000 ആദിവാസികുടുംബങ്ങൾക്ക് ഭൂമി ലഭിച്ചു;അത് കൈവശരേഖയാണെന്ന് മാത്രം. ഗവൺമെൻ്റ് അപ്പോഴും അവരെ ഒരു ഒന്നാംതരം പൗരനായി പരിഗണിച്ചില്ല; രണ്ടാം തരക്കാരായിട്ടാണ് കണ്ടത്.
കേരളത്തിലെ സജീവമായ സമരമായിരുന്നു മുത്തങ്ങ സമരം. എന്നാൽ വളരെ നെഗറ്റീവായിട്ടാണ് ഇതിനെ പൊതുസമൂഹത്തിൽ ചിത്രീകരിച്ചിട്ടുള്ളത്.
ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആദിവാസികൾ മാത്രമേയുള്ളൂ എന്ന തിരിച്ചറിവിലേക്ക് നയിച്ചത് ഈ സമരമായിരുന്നു.
മറ്റൊരു തരത്തിൽ, ആദിവാസികൾക്കെതിരെ നടന്ന കൊടിയ മനുഷ്യാവകാശലംഘനമായി മുത്തങ്ങ സമരത്തെ കാണാം. 22 വർഷമായിട്ടും മുന്നൂറോളം ആദിവാസികളുടെ പേരിൽ ഇപ്പോഴും കേസ് നടക്കുന്നു. ഞാൻ ഒന്നാം പ്രതിയായ കേസിൽ കുറ്റപത്രം പോലും ഇതുവരെ വായിച്ചിട്ടില്ല.
മുത്തങ്ങ സമരത്തിന് ശേഷമാണ് കേരളത്തിലെ രാഷ്ട്രിയ പാർട്ടികൾഅവരുടെ കീഴിൽ ആദിവാസി സംഘടനയുണ്ടാക്കുന്നത്. ഇതും മുത്തങ്ങ സമരത്തിന്റെ വിജയമാണ്. ആദിവാസികൾക്ക് ഭൂമി വേണമെന്ന് കൊടികുത്തിസമരങ്ങളിലൂടെ രാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ടു. വിജയമായിരിക്കുമ്പോൾത്തന്നെ മുത്തങ്ങ സമരം മനുഷ്യാവകാശലംഘനത്തെക്കൂടി ഓർമ്മിപ്പിക്കുന്നുണ്ട്.
ചോദ്യം : ഏറെ പ്രചോദനകരമായ അവകാശപ്പോരാട്ടങ്ങൾ നയിച്ചതിൻ്റെ വെളിച്ചത്തിൽ ഇന്നത്തെ പെൺകുട്ടികളോട് എന്താണ് പറയാനുള്ളത്?
ജനാധിപത്യപരമായി നോക്കുമ്പോൾ പെൺകുട്ടികളും ഈ രാജ്യത്ത് പൗരാവകാശമുള്ളവരാണ്. അവരുടെ അവകാശങ്ങൾ തിരിച്ചറിന്നതിനും അതു നേടുന്നതിനും അവരുതന്നെ പ്രയത്നിക്കുകയും വേണം. മറ്റൊരാൾ നേടിത്തരേണ്ടതല്ല നമ്മുടെ അവകാശങ്ങൾ. നമ്മൾതന്നെ നേടിയെടുക്കുമ്പോഴേ അത് നമ്മുടെ ഐഡൻ്റിറ്റിയുടെ ഭാഗമാകുന്നുള്ളൂ. വെല്ലുവിളികളെ നേരിടുന്നതിനു പകരം ഒളിച്ചുജീവിക്കാനാണ് കൂടുതൽ പെൺകുട്ടികളും ശ്രമിക്കുന്നത്. സ്ത്രീകൾക്കു നേരെ എവിടെ അതിക്രമമുണ്ടായാലും ജാതിമതവർഗ്ഗവർണ്ണഭേദമില്ലാതെ അത് ഏതൊരു സ്ത്രീയുടെയും പ്രശ്നമായി അഭിസംബോധന ചെയ്യേണ്ടതാണ്. ഇപ്പോഴൊക്കെ കക്ഷിരാഷ്ട്രീയമായാണ് ഇത്തരം പ്രശ്നങ്ങളെ നേരിടുന്നത്. ഇത് പുരുഷമേധാവിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ലോകത്തെവിടെയും അവകാശപ്പോരാട്ടങ്ങളിലൂടെയാണ് നേട്ടങ്ങളുണ്ടായിട്ടുള്ളത്. അതിനായി സ്ത്രീകൾ ഒന്നിച്ചു നിൽക്കണം. ഒഴിഞ്ഞുമാറിനിൽക്കാതെ പെൺകുട്ടികൾ അവരുടെ ഇടങ്ങളിൽ സജീവമായി ഇടപെടലുകൾ നടത്തണമെന്നാണ് പറയാനുള്ളത്.
ചോദ്യം : ആദിവാസിസമൂഹം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ് ?
ആദിവാസികളെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല. ജനാധിപത്യവും സാക്ഷരതയുമൊക്കെയുള്ളതായി അവകാശപ്പെടുന്ന ഈ സമൂഹത്തിലാണ് ആദിവാസികളോട് ഈ അവഗണന. സ്കൂളുകളിലും കോളേജുകളിലുമൊക്കെ കുട്ടികൾ ഇപ്പോഴും വിവേചനം നേരിടുന്നത് സാമൂഹികജീർണതയെ കാണിക്കുന്നു. ആദിവാസികൾ ഭൂമിക്കുവേണ്ടി സമരം ചെയ്യുമ്പോൾ അതിനെ എതിർത്തവർ തന്നെയാണ്, അതിനെ ഇല്ലാതാക്കാൻ നോക്കിയവർ തന്നെയാണ് അതിന്റെ വിജയത്തിന്റെ ഫലമനുഭവിക്കുന്നത്. ആറളം ഫാം ഒരു ഉദാഹരണമാണ്. പണ്ടത്തെ ഫ്യൂഡൽ മനോഭാവത്തിൽനിന്ന് സമൂഹം ഇപ്പോഴും മാറിയിട്ടില്ല. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ നമ്മൾ അഭിമുഖീകരിക്കേണ്ടതുണ്ട്. മനുഷ്യരെന്ന പരിഗണന എല്ലാവർക്കും തുല്യമായി ലഭിക്കേണ്ടതുണ്ട്.
കവർ : ജ്യോതിസ് പരവൂർ