പൂമുഖം CINEMAഓർമ്മ ഏപ്രിൽ മുറിവുകൾ

ഏപ്രിൽ മുറിവുകൾ

‘ഏപ്രിലാണേറ്റവും ക്രൂരമായ മാസം
അത് മരിച്ച മണ്ണിൽ നിന്നും ലിലാക്ക് പുഷ്പങ്ങൾ ഉല്പാദിപ്പിക്കുന്നു
സ്മൃതിയെ കൊതിയുമായി ചേർക്കുന്നു.
വസന്തമാരിയെ കിരുകിരുപ്പിക്കുന്നു’
ടി എസ് എലിയറ്റ് – (തരിശുനിലം)

നരഭോജികൾക്ക് കൊടുക്കാൻ ജീവിതം എന്നെ കെണി വെച്ചു പിടിച്ച ഒരു ദിവസമുണ്ട്. അതാണ് ഏപ്രിൽ18.
കൊലക്കത്തിയുടെ കണക്കു പറയാൻ മാത്രം പത്രത്താളുകളിൽ കേറി വരുന്ന പഴയ ടെക്സാസിൻ്റെ ഒപ്പം നിൽക്കുന്ന ഒരുപഗ്രഹ ജില്ലയുണ്ട് നമുക്കിവിടെ വടക്കൻ കേരളത്തിൽ. രക്ത സാക്ഷരതയെക്കുറിച്ച് അറിയാതെ പോലും മിണ്ടിപ്പോകരുത്. പേറോളിൽ ചേർക്കാൻ മാത്രം പ്രൊഫഷണൽ ആയ കൊലയുടെ വാസനാബലത്തിൽ ഇവിടത്തെ ചെങ്കീരികൾ അഗ്രഗണ്യരായിക്കഴിഞ്ഞു!അവരുടെ താലിബാൻ പാരമ്പര്യം ഒരു മർഡർ ലൈനാണ്! പിനോഷേയ്ക്കും ചൗഷസ് ക്യുവിനും പോൾ പോട്ടിനും എന്തിനേറെ സ്റ്റാലിനു പോലും ഇവിടെ വേനൽക്കാല വസതികളും ആരാധകരുമുണ്ട്. ഇടയ്ക്ക് ചിലരുടെയൊക്കെ ചീട്ടുകീറുമ്പോൾ മാത്രം വീണു കിട്ടുന്ന ഒരു നല്ല സദ്യയുണ്ണാം.!

അതുവരെ കുടക്-വയനാടൻ അതിർത്തികളിലെ അഫ്ഗാൻ മലയിടുക്കിലും കാരക്കോരം ചുരത്തിലും പശുക്കളേയും പട്ടികളേയും ഓടിച്ചിട്ട് വെട്ടി കൈത്തരിപ്പ് തീർക്കാം!
പാതിരയ്ക്ക് വയർലസ്സിൽ ജില്ലാ ചീഫിൻ്റെ വിളി വരുന്നു. ടെക്സാസിലേയ്ക്ക് പുറപ്പെടുക!ഇപ്പോൾ! ഈ നിമിഷം!
ആരുടേയോ ചീട്ട് കീറിയിട്ടുണ്ട്.
ഞാൻ ഭയപ്പെട്ടിരുന്ന കൊലക്കളത്തിലേക്കു തന്നെ എനിക്ക് നറുക്കു വീഴുന്നല്ലോ!
പുറപ്പെട്ടശേഷം മാത്രം തിരികെ വിളിക്കുക, അതാണ് കീഴ് വഴക്കം.
ഓടി ജീപ്പിൽ കേറുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കാൻ പോലും മറന്നു. മക്കളെ നോക്കാൻ മറന്നു. കയ്യിലുള്ളത് ഒരു റൂഗർ റിവോൾവറും കുറച്ചു തിരകളും. ഭാര്യയേയും മക്കളേയും സോപ്പും ചീപ്പും ടങ്ങ് ക്ലീനറും മൊട്ടുസൂചിയും ഒക്കെ മറക്കാം. പക്ഷെ 9 MM ബ്രൗണിങ്ങും 380 റുഗ്ഗറും മറക്കരുത്!
പതിനഞ്ചാം മിനുട്ടിൽ തിരികെ വിളിച്ചു.
വോയേജർ പുറപ്പെട്ടു. ഡെസ്റ്റിനേഷൻ ടെക്ലാസ് സിറ്റി!
വെരി ഗുഡ്!
ടൈഗർ കൺട്രോളിലുണ്ട്.മീറ്റ് ഹിം ദേർ.
റോജർ…
ഓടുമ്പോൾ ബോധമില്ല.ജീവൻ കയ്യിലാണ്.
ചായത്തോട്ടങ്ങളിലെ പിരിയൻ വളവുകൾ താണ്ടി കേരളത്തിന്റ കൊലക്കളത്തിലേയ്ക്ക്..
വിഭ്രമിപ്പിക്കുന്ന തണുപ്പ്. അഗാധമായ താഴ്‌ വരകൾ . പേരിയ ചുരത്തിലെ വിലങ്ങനെ അടിക്കുന്ന പാതിരാക്കാറ്റ്.
തിരക്കുകൂട്ടണ്ട, ഇതിലൊന്നും ഒരു കാര്യവുമില്ല! നിനക്കിനിയും മടുത്തില്ലെ?
എത്ര കാലമായി ഒരേ പാതകം തന്നെ കാണാൻ തുടങ്ങീട്ട്!
ചുരമിറങ്ങിയപ്പോൾ ബോധം തെളിഞ്ഞു.
ഭാര്യയോട് യാത്ര ചോദിച്ചില്ല അല്ലേ?
അവൾക്കറിയാം വിളി വന്നാലുള്ള എന്റെ അങ്കക്കലി!കുതിരയ്ക്ക് ജീനി കെട്ടിയ പോലെയാണ്.
A petty Police bastard!
പാതി വഴിയിൽ റൈറ്റർ രവി വയർലസ്സിൽ വിളിക്കുന്നു:
സാർ പുറപ്പെട്ടോ?എപ്പോൾ പുറപ്പെട്ടെന്ന് തലശ്ശേരി കൺട്രോൾ ചോദിച്ചിരുന്നു.
എനിക്ക് ചിരി വന്നു.
ഓഹോ, ചോദിച്ചോ?ഞാൻ ഉറക്കെയുറക്കെ ചിരിച്ചു .
ജീപ്പിന്റെ ഹുഡ് സ്റ്റിക്കിൽ തലയിടിച്ച് ചിരിച്ചു.
എന്റെ ബ്രഹ്മമുഹൂർത്തത്തിലെ കൊലച്ചിരി കേട്ട് അവൻ ചോദിക്കുന്നു. സർ, ആർ യു ഓക്കെ?
ബന്ത് പ്രഖ്യാപിച്ചതിനാൽ റോഡുകൾ വിജനം. ഡ്രൈവറേ, ഇത്ര സ്പീഡേയുള്ളോ നമ്മുടെ ശകടത്തിന്?, എനിക്ക് ക്ഷമകെട്ടു .
പമ്പ് കാലിബ്രേറ്റ് ചെയ്തിട്ടില്ല, ഇത്രയേ കിട്ടൂ സാറേ..

പ്രമാദമായ ആ പോലീസ് സ്റ്റേഷനിൽ കണ്ണിമേറ മാർക്കറ്റിലെ തിരക്കായിരുന്നു.ഇടിവണ്ടികളിൽ വന്നിറങ്ങിയ പോലീസുകാരും ഓഫീസർമാരും തലങ്ങും വിലങ്ങും ചവിട്ടിപ്പൊടിച്ച് നടക്കുന്നു .വിളിച്ചു കൂവുന്നു. വരി വരിയായി നിൽക്കുന്നു. വരി പൊട്ടിച്ചോടുന്നു.
ഫോണുകൾ വിശക്കുന്ന കുഞ്ഞുങ്ങളെപ്പോലെ നിർത്താതെ കീറുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ നരകത്തിലെ കണക്കു പുസ്തകവുമായി ഡ്യൂട്ടികൾ തിരിക്കുന്നു.
മൊബൈൽ പട്രോൾ, ഫുട് പട്രോൾ,
പിക്കറ്റ് പോസ്റ്റ്, striking force,
emergency force ….., സെക്ടർ തിരിച്ച്, ജില്ല തിരിച്ച്, വിളിച്ചു കൂവി ഓടിച്ചു പാലം കടത്തുകയാണ്. ചിലർ തിരികെ വന്ന് സംശയം ചോദിക്കുന്നു. സംശയക്കാരൻ നിസ്സങ്കോചം ഭർത്സിക്കപ്പെടുന്നു.
ശേഷിച്ചവർ കോണിച്ചുവട്ടിലേയ്ക്കും വണ്ടി ഷെഡ്ഡിലേയ്ക്കും വലിയുന്നു.
കളമൊഴിയുന്നതിനനുസരിച്ച് അയൽജില്ലകളിൽ നിന്ന് ഉറുമ്പിൻകൂട്ടങ്ങൾ ശർക്കര തേടി വന്നു കൊണ്ടിരുന്നു.
അവരും ഈ കൂട്ടപ്പാട്ടിൽ പങ്ക് ചേരുന്നു.റിക്രൂട്ടുകൾ ഇടിവണ്ടികളിൽ അടങ്ങിയിരിക്കാതെ പുറത്തിറങ്ങി മൂത്രമൊഴിക്കാനും തൊണ്ട നനയ്ക്കാനും ഓടി നടക്കുന്നതു കണ്ട് കമാണ്ടിംഗ് ഓഫീസർ “എല്ലത്തിനേം” ഫാളിൻ ചെയ്യിച്ച് ലെഫ്ട്- റൈറ്റ് ലെഫ്ട് – റൈറ്റ് അടിപ്പിച്ച് പണി കൊടുത്തു കൊണ്ടിരുന്നു.അവരുടെ ലാടമടിച്ച അമ്യൂണിഷൻ ബൂട്ടുകളുടെ ചെകിട് പൊട്ടിക്കുന്ന ഒച്ച ഈ നരകച്ചന്തയുടെ പാട്ടുപെട്ടിയായി.
കോഴി കൂവിയതോടെ പോലീസുകാരുടെ ഭാഗപത്രം എഴുതിത്തീർത്തു. ഇനി ഓഫീസർമാരുടെ ഡ്യൂട്ടികൾ.
എനിക്കും കിട്ടി ഒരെണ്ണം-പിക്കറ്റ് പോസ്റ്റ്.
പത്ത് പോലീസുകാർ.
കൊല നടന്ന പീടിക തന്നെ തൽക്കാലം പിക്കറ്റ് പോസ്റ്റ്. ജന്മവാസനയുടെ ബലത്തിൽ എന്റെയാൾക്കാർ ഭിത്തിയിൽ ആണിയടിച്ച് അഴകെട്ടി യൂണിഫോമും ജംഗമങ്ങളും തൂക്കി. തോക്കും ലാത്തിയും ഹെൽമറ്റും സമാവറിന്മേൽ ചാരി വെച്ച് ഒരു ചായയ്ക്കുള്ള വഴി അന്വേഷിക്കുമ്പോഴേയ്ക്കും കിഴക്ക് വെള്ളകീറാൻ തുടങ്ങി.
രണ്ടാഴ്ച ശരീരത്തെ കൊതുകിന് തിന്നാൻ കൊടുത്തു. ചായക്കടക്കാരൻ പാതിരയ്ക്ക് കട പൂട്ടിയാൽ ഒഴിവാകുന്ന ബഞ്ച്, ആപ്പീസറായതു കൊണ്ട് എനിക്കു തന്നെ കിട്ടിയത് സുകൃതം! യൂണിഫോം ബക്കറ്റിലിട്ട് കഴുകി വേലിയിൽ കൊണ്ടുപോയി ഉണക്കാനിട്ടു.
വീടുകൾ റെയ്ഡു ചെയ്യലായിരുന്നു മുഖ്യ തൊഴിൽ. ഓടിച്ചിട്ട് പിടിക്കാനും വീട് കേറി ത്തപ്പാനും റിക്രൂട്ടുകൾ. ആദ്യത്തെ പണി നാൽക്കാലികളെ അഴിച്ചുവിടലാണ്. അല്ലെങ്കിൽ തല്ലിയോടിക്കലാണ്. അതു കഴിഞ്ഞാൽ പുറത്തെ ബൾബുകളും ജനാലച്ചില്ലുകളും തല്ലിപ്പൊട്ടിക്കൽ.ഗുണദോഷിച്ചു ഗുണദോഷിച്ച് ഞാൻ ചെമ്മാച്ചൻ പരീക്ഷ പാസ്സായി.
പോലീസ് റെയ്ഡ് പേടിച്ച് കട്ടിലിന്നടിയിൽ ഒളിച്ച വൃദ്ധർക്കും എന്റെ ഒരു കൈയ് സഹായം വേണമായിരുന്നു. ബോധം കെട്ടുവീഴുന്നവരെ ആസ്പത്രിയിൽ കൊണ്ടുപോകാനുള്ള യോഗവുമുണ്ടായി.ഗുണദോഷിക്കൽ അധികമായപ്പോൾ പോലീസുകാർ പറഞ്ഞു – സാറൊരു പള്ളീലച്ചൻ ആകേണ്ട ആളായിരുന്നു!
അങ്ങനെ സാമൂഹ്യ ദ്രോഹികളായി രണ്ടാഴ്ച. പിന്നെ നായാട്ടിൻ്റെ ശക്തി കുറഞ്ഞു. ഒഴിവ് സമയങ്ങൾ കിട്ടിത്തുടങ്ങി.പാർക്കിലെ ഗുണ്ടർട്ട് സായ്പിൻ്റെ കൂടെയായിരുന്നു ഒഴിവുവേളകൾ!

വര : പ്രസാദ് കാനത്തുങ്കൽ


പാതിരിയോട് ഇല്ലിക്കുന്നിലെ ജീവിതത്തെക്കുറിച്ചും ജർമ്മനിയിലെ പഴഞ്ചൊല്ല് ഗവേഷണത്തെക്കുറിച്ചുമൊക്കെ സംശയങ്ങൾ ചോദിച്ചു കൊണ്ടിരുന്നപ്പോൾ ഞാനറിഞ്ഞില്ല എനിക്കുള്ള കുരുക്ക് കൃത്യമായി ടൈപ്പ് ചെയ്ത് ജില്ലാചീഫ് ഒപ്പിട്ട് പ്രത്യേക കവറിൽ ഇട്ട് ഒട്ടിച്ച് എന്റെ റൈറ്റർ വശം പണി സ്ഥലത്തു തന്നെ എത്തിച്ചു തരുമെന്ന്!ഇൻവേർഡ് സെക്ഷനിലെ പറങ്കിപ്പശയുടെ മണം പോലും പോയിരുന്നില്ല. എന്റെ ജീവൻ എടുക്കാൻ വന്ന ആ കടലാസ്സിലേയ്ക്ക് എല്ലാവരും ഉറ്റുനോക്കി. ആരും ഒരക്ഷരം ഉരിയാടിയില്ല.
“ഈ ഓർഡർ സാറിന്റെ വീട്ടിൽ കൊണ്ടുപോയി കാണിച്ച ശേഷം ഇവിടെ കൊണ്ടുവന്ന് സർവ് ചെയ്യണമെന്നാണ് ചെറിയ യജമാനൻ്റെ ഉത്തരവ്” – രവി പറഞ്ഞു.
എന്നിട്ട് താനെന്റെ വീട്ടിൽ പോയോ?
പോയി സർ , മാഡത്തിനോട് പറഞ്ഞു.
രവി അകലേയ്ക്ക് നോക്കി നിന്നു.
ആ ചുളുങ്ങിയ കടലാസ് ഞാൻ ഒപ്പിട്ടു വാങ്ങി. പതിവു വാചകങ്ങൾ.
Dereliction of duty…..
Grave misconduct…..
പിന്നെ വരുന്നു പ്രധാന ആരോപണം!
“…….your action in having made derogatory comments in the office circular files such as”വൈറസ്സുകൾക്കും പാരസൈറ്റുകൾക്കും ചരിത്ര പ്രവാഹവുമായി വല്ല ബന്ധവുമുണ്ടോ “etc etc…
You have been suspended with immediate effect pending enquiry……
Dated 18th April…….”
ഇനി എനിക്ക് പെട്ടി മടക്കാം.

യൂണിഫോം അഴിച്ചുവെയ്ക്കാം.
സ്വന്തം ഗ്രാമത്തിലേയ്ക്കും ഞാൻ ആരായിരുന്നു എന്നതിലേയ്ക്കും തിരികെ പോകാം. മക്കളോടൊത്ത് പക്ഷിക്കൂടുകൾ അന്വേഷിച്ച് നടക്കാം -പുഴയിറമ്പിലെ ഓടവെട്ടി ആകാശവിളക്കുകൾ ഉണ്ടാക്കാം.
എൻക്വയറിക്കമ്മിറ്റിയുടെ നോട്ടീസുകൾ ചുവരിൽ ഒട്ടിച്ചു പോയത് എന്തിനാണെന്ന് മക്കൾക്ക് വിശദീകരിച്ചു കൊടുക്കാം…
തോറ്റ് തുന്നം പാടിയ പടനായകനെപ്പോലെ, ഒരക്ഷരം മിണ്ടാതെ ചൂളിപ്പിടിച്ചു ഞാൻ വണ്ടിയിൽ കേറിയിരുന്നു.
രവീ നമുക്ക് പോകാം.

തെരുവുകളും പിക്കറ്റ് പോസ്റ്റുകളും പിന്നിട്ട് മടക്കയാത്ര. മുഷിഞ്ഞ യൂണിഫോമിൽ ഉണ്ണാതെയും ഉറങ്ങാതെയും ഞാൻ നടന്ന ആ പൗരാണിക നഗരം പിന്നിലേയ്ക്ക് പിന്നിലേയ്ക്ക് ഓടി. ഇവിടുത്തെ തെരുവുകളും ഇടവഴികളും പകൽനേരത്ത് കണ്ടാലറിയില്ലെങ്കിലും രാത്രിയായാൽ ഒരു മാർജ്ജാരന്റെ സൂക്ഷ്മതയോടെ ഓരോ സ്ഥലവും എനിക്ക് തിരിച്ചറിയാൻ കഴിയും! അത്രത്തോളം ഈ പ്രദേശം എൻ്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.
വണ്ടി പതുക്കെയാണ് ഓടിക്കൊണ്ടിരുന്നത്.ആരും സംസാരിച്ചില്ല.ഒരു തകർച്ചയെ അഭിമുഖീകരിക്കുന്ന എന്റെ ഭാവിയെക്കുറിച്ചോ ബ്യൂറോക്രസിയുടെ ചത്ത കണ്ണകളെക്കുറിച്ചോ കൂടെ പണിയെടുക്കുന്നവന്റെ ഇറച്ചി തിന്നുന്ന മേലുദ്യോഗസ്ഥന്മാരെക്കുറിച്ചോ എന്തിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്?
ക്ഷീണം കൊണ്ട് ഞാൻ ഇടയ്ക്കിടെ ഉറങ്ങി.
ഒടുവിൽ ഞങ്ങളുടെ സ്വപ്നങ്ങളിൽ സൂക്ഷിച്ചു പോന്ന തെങ്ങുകൾ നിറഞ്ഞ ആസ്പത്രി വളപ്പിന്റെ മതിൽക്കെട്ടുകൾ കണ്ടു. എന്റെ കൈകാലുകൾ തളർന്നു
ഞാൻ ജീവിതത്തിൽ ഒരിക്കലുമില്ലാത്ത വിധം ദുർബ്ബലനായി.
നോക്ക്, നോക്ക്, അവൻ ചവിട്ടുന്നതു കണ്ടോ? അവളുടെ വീർത്തവയറിൽ അവന്റെ മുട്ടുകളുടെ മുഴ മാറി മാറിത്തെളിയുന്നു.
തൊട്ടു നോക്ക്, ഇതാ ഇവിടെ, ഇതാ ഇവിടെ.
അവൾ എന്റെ കൈയ്പിടിച്ച് വയറിലെ മുഴകളിൽ തൊടീക്കുന്നു.
അവന് വാലുണ്ടോന്ന് നോക്കണേ.
ഇക്കാലങ്ങളിൽ ജെനറ്റിക്സ് തെറ്റിപ്പിറക്കുന്ന ശിശുക്കൾക്ക് വാൽ മുളയ്ക്കുന്ന കാലമാണ് –
ആസ്പത്രിയിലേക്ക് പോകും വഴി ഞങ്ങൾ പരസ്പരം ഭയപ്പെടുത്തി .
വണ്ടി നിർത്തി ഞാൻ പുറത്തിറങ്ങി.
ഈ ആശുപത്രിയുമായി എനിക്കൊരു ബന്ധമുണ്ട് രവീ. രവിക്കറിയാമോ?
ഇല്ല സർ.
ഞങ്ങളുടെ ആദ്യത്തെ കുഞ്ഞ് ഉറങ്ങുന്നത് ഇവിടെയാണ്. ഒരു blue baby ആയിരുന്നു അവൻ! അപ്പോഴത്തെ മാനസികാവസ്ഥയിൽ അവളെ കാണാൻ അനുവദിച്ചില്ല. കറുത്തു നീലിച്ച ശരീരവും കഴുത്തിൽ വരിഞ്ഞു മുറുകിയ പൊക്കിൾ ക്കൊടിയുമായി ലേബർ റൂമിന്റെ വരാന്തയിലേക്ക് കൊണ്ടുവന്ന് എന്നെ കാണിച്ചു തന്നു. തല നിറയെ കറുത്ത് കട്ട കെട്ടിയ മുടിയുണ്ടായിരുന്നു.
പപ്പയുടേയും മമ്മിയുടേയും കൂടെ ജീവിക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ എന്നവൻ പറയുന്നതുപോലെ തോന്നി.
സർ, പ്ലീസ്. രവി എന്റെ കയ്യിൽ പിടിക്കുന്നു.
നമുക്കു പോകാം സർ. ഇപ്പോൾ സാറതൊന്നും ഓർക്കരുത്.അതും ഈ ദിവസം.
ഇല്ല. എനിക്ക് ഓർമ്മകളില്ല!ഞാനൊന്നും ഓർക്കുന്നില്ല.
വണ്ടി ശബ്ദമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.
വിജനമായ പഴയ പാതകളിലൂടെ വന്ധ്യ മനസ്സുകളിലൂടെ.

ആ നഷ്ടം ഒരു നവംബറിലായിരുന്നു.
ഇന്ന് ഈ ഏപ്രിലിൽ എന്റെ ജീവിതവും നഷ്ടമാകുന്നു. എനിക്കറിയാം എല്ലാം തകർന്നു കൊണ്ടിരിക്കുകയാണ്.
ജീവിതം എനിക്ക് കൈവിട്ടു പോകുന്നു വളരെ വൈകിയ ഏതോ യാമത്തിൽ ജീപ്പ് എന്നെ വീട്ടു പടിക്കലെത്തിച്ചു.
അവൾ ഉറങ്ങിയിരുന്നില്ല. ഓടി പുറത്തുവന്നു. പാരവശ്യം കൊണ്ട് എനിക്ക് പെട്ടെന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
കയ്യിൽ പിടിച്ച് അവൾ എന്നെ താഴെയിറക്കുമ്പോഴേയ്ക്കും എന്റെ ഇടനെഞ്ചു് പൊട്ടി.
കരയരുത് ജോ കരയരുത്.
calm down,
calm down….
അവൾ പറഞ്ഞു.
ആദ്യത്തെ കണ്മണിയെ ഒന്നു കാണാൻ പോലും സാധിക്കാത്ത ആ ഭാഗ്യഹീന ഒരിക്കൽപ്പോലും എന്റെ മുമ്പിൽ വിതുമ്പിയിട്ടില്ല.
ഞങ്ങൾ രണ്ടു പേരും ഒരുമിച്ചിരുന്ന് കണ്ട സ്വപ്നമായിരുന്നു അവൻ!
ഞങ്ങൾ ഒരുമിച്ചിരുന്ന് ജീവിച്ചു തീർത്ത ജീവിതമായിരുന്നു ഈ പോലിസ് ജീവിതം.
ഒരർത്ഥത്തിൽ ഞങ്ങൾക്ക് രണ്ടും നഷ്ടപ്പെട്ടിരിക്കുന്നു.
ഇനിമേൽ ഞാൻ അപകടകാരിയല്ല, കൊണ്ടു പൊയ്ക്കോളു ഈ ആയുധങ്ങളൊക്കെ! എല്ലാം എണ്ണി നോക്കി ആയുധപ്പുരയിൽ കണക്കേല്പിച്ചേക്ക്.
ഒരുണ്ട പോലും ചെലവായിട്ടില്ലെന്ന് പറഞ്ഞേക്ക്. ആരേയും കൊല്ലാൻ കഴിഞ്ഞിട്ടില്ലെന്നും പറയണം.
റിവോൾവറും റൗണ്ടും എല്ലാം എടുത്തോളു.
എന്റെ ജീവിതം എനിക്ക് തിരിച്ചു തരാൻ പറയുക.അതു മാത്രമേ ഞാൻ ആവശ്യപ്പെടുന്നുള്ളു.
അതു മാത്രം!
എല്ലാ മാരകായുധങ്ങളും രവിയെ ഏല്പിച്ച് ഒരു സ്വതന്ത്രമനുഷ്യനായി ഞാൻ വീടിന്റെ പടികൾ കയറി.

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like