പൂമുഖം CINEMAഓർമ്മ മലയാള സിനിമയിൽ കെ ജി ജോർജിന്റെ ചരിത്ര സ്ഥാനം

മലയാള സിനിമയിൽ കെ ജി ജോർജിന്റെ ചരിത്ര സ്ഥാനം

കെ ജി ജോർജ്ജ്

കെ ജി ജോർജിന്റെ മരണത്തിനെ തുടർന്ന് അദ്ദേഹത്തിന്റെ വ്യക്തി ജീവിതം മുതൽ സിനിമ വരെ മലയാളി ആഘോഷിക്കുകയാണല്ലോ? ഈ അവസരത്തിൽ, അദ്ദേഹത്തെ പറ്റി എന്ത് എഴുതിയാലും ചർച്ചയാകുവാനും സാധ്യത ഉണ്ട്. പക്ഷേ ഒരാൾ മരണശേഷം എങ്ങനെ ചരിത്രത്തിൽ ഓർമിക്കപ്പെടും, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയിൽ, എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. കാരണം ആത്യന്തികമായി, മനുഷ്യർ എല്ലാവരും “സമയമാം രഥത്തിൽ” യാത്ര ചെയ്യുന്നവർ ആകുന്നു. തങ്ങൾക്കു ലഭിച്ച സമയത്തു അവർ ചെയ്ത, അവശേഷിപ്പിച്ച സൃഷ്ടികളാണ് അവരെ കാലത്തിന്റെ ചുമരിൽ അടയാളപ്പെടുത്തുക. ഇവിടെയാണ് റോബി കുരിയൻ എന്ന പ്രവാസി മലയാളിയുടെ ഒരു അനുശോചന കുറിപ്പ് പ്രസക്തമാകുന്നത്. വയനാട്ടുകാരനും, ഒരു സിനിമാ കുതുകിയും ആയ അദ്ദേഹം മലയാള സിനിമയെ പറ്റി വിശ്ലേഷണപരമായ പല ചർച്ചകളും തന്റെ സോഷ്യൽ മീഡിയ കുറിപ്പുകളിലൂടെ തുടങ്ങിവെയ്ക്കുന്നു. അമേരിക്കയിൽ നോർത്ത് കരോലിനയിലെ ഒരു സർവകലാശാലയിൽ അധ്യാപകനാണ് എന്നത് അദ്ദേഹത്തിന്റെ കെ ജി ജോർജിനെ കുറിച്ചുള്ള വാക്കുകൾക്കു വളരെ പ്രസക്തി നൽകുന്നു.

റോബി കുരിയൻ ഇങ്ങനെ എഴുതുന്നു:

“ശരിക്കും മലയാളസിനിമയ്ക്ക് കെജി ജോർജ് ആരായിരുന്നു? അടൂരിനെ പോലെ ഒരു യൂണീക് ശൈലി ഇല്ല, ഫാസിലിനെപ്പോലെ ബിസിനസ് അക്യുമെൻ ഇല്ല, അരവിന്ദനെപ്പോലെ മീഡിയ ക്ലൌട്ട് ഇല്ല, ജോഷിയുടെ അഡാപ്റ്റബിലിറ്റി ഇല്ല, പ്രിയദർശനും സത്യൻ അന്തിക്കാടും ഒക്കെ ചെയ്തതുപോലെ സ്ഥിരം കൊളാബറേറ്റ് ചെയ്യാൻ ഒരു ടീമിനെ കണ്ടെത്തിയില്ല, ഭരതനേയും പത്മരാജനേയും പോലെ കാല്പനികനായിരുന്നില്ല. പക്ഷേ ജോർജിന് സ്വന്തമായൊരു സാമൂഹ്യവീക്ഷണമുണ്ടായിരുന്നു, സിനിമാറ്റിക് വിഷൻ ഉണ്ടായിരുന്നു, കാല്പനികരല്ലാത്ത ഒരു ന്യൂനപക്ഷത്തിന് borderline provocative സ്വഭാവമുള്ള അദ്ദേഹത്തിന്റെ സിനിമകൾ ആവശ്യമായിരുന്നു.

1976 മുതൽ ഏതാണ്ട് 90 കളുടെ തുടക്കം വരെ ആക്ടീവായിനിന്ന് ഫിലിം ഇൻഡസ്‌‌ട്രിയുടെ സ്വഭാവം മാറി തുടങ്ങിയപ്പോൾ പതിയെ പിൻവലിഞ്ഞു. പിന്നീട് മരം പെയ്യുന്നത് പോലെ “ഇലവങ്കോട് ദേശം” എന്നൊരു സിനിമ മാത്രം വന്നു. എന്തുകൊണ്ടാണ് 90 നു ശേഷം കെ. ജി. ജോർജിന് സിനിമകൾ എടുക്കാൻ കഴിയാതെ പോയത്? നടീനടന്മാർ എഴുത്തുകാരുടെ കഥാപാത്രങ്ങൾ മാത്രമായിരുന്ന 80 കളിൽ കെ ജി ജോർജിന്റെ സിനിമ സാധ്യമായിരുന്നു. എന്നാൽ നടീനടന്മാർ എഴുത്തുകാരെക്കാൾ വളർന്നു തുടങ്ങിയപ്പോൾ തൻറെ സിനിമ ഇനി സാധ്യമല്ലെന്ന് കെ ജി ജോർജിന് മനസ്സിലായി. ഫൈറ്റ് ചെയ്യേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. എന്നാൽ ഫീൽഡ് ഔട്ട് ആയ പലരെയും പോലെ കൈയിലെ മരുന്ന് തീർന്നതുകൊണ്ട് പുറത്തായിപ്പോയ ഒരാളല്ല കെ ജി ജോർജ്. അദ്ദേഹത്തെ മലയാള സിനിമയ്ക്ക് ആവശ്യമില്ലായിരുന്നു.”

എന്തുകൊണ്ടാണ് ഞാൻ റോബിയെ ഇവിടെ ഉദ്ധരിക്കുന്നത് എന്ന് പറയാം. ഒരാൾ മരിച്ചാൽ ഉണ്ടാകുന്ന വികാരത്തള്ളിച്ചയിൽ, നമ്മുടെ മീഡിയയും, സിനിമാപ്രവർത്തകരും അദ്ദേഹത്തിന്റെ ചരിത്ര സ്ഥാനത്തെ പറ്റി മറന്നു, തങ്ങളുടെ വ്യക്തിപരമായ, വൈകാരിക അനുഭവങ്ങളെ ആണ് മിക്കവാറും പങ്കു വെച്ചത്. ഈ സാധാരണ പ്രവണതയെ മറികടന്നു ഈ പ്രവാസി മലയാളി സിനിമാസ്വാദകൻ പങ്കു വെയ്ക്കുന്ന, ഒരു കാലത്തിനപ്പുറമുള്ള ഉൾകാഴ്ച മലയാള സിനിമാ എഴുത്തിൽ തന്നെ പുതുമയേറിയതാണ്. മലയാളി വായിക്കേണ്ട ഒന്ന്‌. അത് കൊണ്ട് തന്നെ ഞാൻ അദ്ദേഹത്തെ വീണ്ടും ഉദ്ധരിക്കട്ടെ.

“എന്നാലും കെ ജി ജോർജിന്റെ പ്രധാന സംഭാവന എന്തായിരുന്നു? മമ്മൂട്ടിയെ കണ്ടെത്തിയത് എം ടി ആയിരുന്നെങ്കിലും മമ്മൂട്ടിയിലെ താരത്തെ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചത് ‘മേള’യും ‘യവനിക’യും ആയിരുന്നു. എന്നാൽ കെ ജി ജോർജിന്റെ പ്രധാന സംഭാവനയായി ഞാൻ കാണുന്നത് genre സിനിമ എന്ന പാശ്ചാത്യ ആശയം മലയാളത്തിലേക്ക് കൊണ്ടുവന്നു എന്നതാണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ ജോർജ്, genre സിനിമകൾ എടുക്കാൻ ആണ് ആഗ്രഹിച്ചത്. തന്റെ വഴി അദ്ദേഹം ആദ്യമേ map ചെയ്തു. സംവിധായകനായി പേരെടുത്തതിനു ശേഷം ഒരു റൊമാൻസ് ഡ്രാമ, ഒരു മിസ്റ്ററി, ഒരു ക്രൈം ഡ്രാമ, ഒരു കോമഡി, വീണ്ടും വ്യത്യസ്ത സ്വഭാവമുള്ള വേറൊരു മിസ്റ്ററി അങ്ങനെ ജോർജ് തൻറെ യാത്ര തുടർന്നു. ജോർജിന്റെ സിനിമകളുടെ വലിയൊരു പ്രത്യേകത ഇതൊന്നും ഒന്നോ രണ്ടോ നായകകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ ആയിരുന്നില്ല, ensemble drama-കൾ ആയിരുന്നു എന്നതാണ്. ജോർജ് മമ്മൂട്ടിയെ കാസ്റ്റ് ചെയ്ത സിനിമകളിലൊന്നിലും മമ്മൂട്ടി പ്രൊട്ടാഗൊണിസ്റ്റ് അല്ലായിരുന്നു എന്നോർമ്മിക്കുക. 90-കളിൽ മലയാളസിനിമ സ്റ്റാർ വെഹിക്കിളുകളായപ്പോൾ തന്റെ സിനിമയിനി സാധ്യമല്ലെന്ന് ജോർജിനു മനസ്സിലായിരിക്കണം. ജോർജ് തീരെ കോംപ്രമൈസ് ചെയ്യാത്ത സംവിധായകനൊന്നുമായിരുന്നില്ല. പക്ഷേ തന്റെ ഇന്റഗ്രിറ്റി കളയുന്ന അത്രയും കോംപ്രമൈസ് ചെയ്യാൻ തയ്യാറല്ലായിരുന്നു. ഒട്ടും അതിശയം തോന്നാത്തത്, തന്റെ പുരുഷ കഥാപാത്രങ്ങളെപ്പോലെ പരാജയം സ്വീകരിച്ച്, ഒട്ടും ഫൈറ്റ് ചെയ്യാതെ മാറിനിൽക്കുകയാണ് അദ്ദേഹം ചെയ്തത് എന്നതാണ്. ഡേവിഡ് ലീനിന്റെ “ബ്രിഡ്ജ് ഓൺ ദ റിവർ ക്വായ്” കണ്ടാണ് ജോർജ് സിനിമയിൽ ആകൄഷ്ടനായത്. അതുപോലൊരു സ്പെക്റ്റക്കിൾ ആക്ഷൻ മൂവി അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. നിലമ്പൂരിലെ പ്രകൄതി പശ്ചാത്തലമാക്കി, ട്രെയിൻ എക്സ്‌‌പ്ലോഷനൊക്കെയുള്ള ഒന്ന്. സാക്ഷാത്കരിക്കാൻ കഴിയാതെ ആ വിഷ്വലുകൾ അദ്ദേഹത്തിന്റെ മനസ്സിലിരുന്നു വിങ്ങിയിട്ടുണ്ടാവണം, കഴിഞ്ഞ 25 വർഷങ്ങൾ. ജോർജ് (വ്യക്തിയല്ല, ഫിലിംമേക്കർ) മരിച്ചുപോയത് നന്നായി, ഏതായാലും നമുക്ക് ജോർജിനെ വേണ്ടായിരുന്നല്ലോ.”

കെ ജി ജോർജിന്റെ സിനിമകളെ പറ്റി, അദ്ദേഹത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ സിനിമാനിർമാണത്തെ പറ്റി, അദ്ദേഹത്തിന്റെ സിനിമയായ “ഇരകളും”, അടൂരിന്റെ സിനിമയായ “വിധേയനും” താരതമ്യം ചെയ്തു എഴുതുവാൻ പുറപ്പെട്ട എനിക്ക് റോബിയുടെ സത്യസന്ധവും, വൈകാരികമല്ലാത്തതുമായ അവലോകനം വായിച്ച്, ഇതിനപ്പുറം എന്ത് എഴുതുവാൻ എന്ന് തോന്നിയത് കൊണ്ട്, എന്റെ കുറിപ്പ് ഞാൻ ഇവിടെ നിർത്തുന്നു. കാരണം, പലരും ജോൺ അബ്രഹാമിനെ പറ്റി ഇന്ന് ചർച്ചചെയ്യുമ്പോൾ, അദ്ദേഹത്തെ നല്ല സിനിമയുടെ “സ്നാപക യോഹന്നാൻ ” എന്ന് വിളിക്കുവാൻ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ നല്ല സിനിമ ഇവാൻജെലിസം ചരിത്രത്തിൽ അദ്ദേഹത്തിന്റെ സിനിമയേക്കാൾ മുന്നിട്ടു നിൽക്കുന്നു എന്ന ബോധോദയം ഉണ്ടായതാണ് അതിനു കാരണം. റോബിയുടെ ഈ കുറിപ്പിൽ കെ ജി ജോർജിനെ കുറിച്ച് കടന്നു വരുന്നതും അതേ ബോധോദയമാണ്. അതായതു “നല്ല സിനിമ” പ്രസ്ഥാനത്തിന്റെ ഒരു ശക്തനായ പ്രയോക്താവ് ആയിരുന്നു കെ ജി ജോർജ് എന്നും, പക്ഷേ തന്റെ സിനിമകളെ ദേശീയവും, ലോകോത്തരവുമാക്കുന്നതിന് പല കാരണങ്ങളാൽ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നും ഉള്ള ബോധം. ഒരു കലാസൃഷ്ടി അത് നിർമിക്കപ്പെടുന്ന ഇടങ്ങളിൽ മാത്രമല്ല, മനുഷ്യൻ ഉള്ള എല്ലാ ഇടങ്ങളിലും ആസ്വദിക്കപ്പെടുമ്പോളാണല്ലോ അത് ദേശീയമായും, അന്തർദേശീയമായും ശ്രദ്ധിക്കപെടുക. ഞാൻ നാഷണൽ ഫിലിം ആർക്കിവിൽ, അടൂർ, അരവിന്ദൻ , ജോൺ എബ്രഹാം എന്നിവരെ പറ്റി ഇംഗ്ലീഷ് മീഡിയയിൽ വന്ന ദേശീയ- അന്തർദേശീയ എഴുത്തുകാരുടെ ലേഖനങ്ങൾ കണ്ടെത്തി. അടൂരിന്റെ സിനിമയെപ്പറ്റി നൂറു ലേഖനങ്ങൾ ഉണ്ടെങ്കിൽ അരവിന്ദനെ പറ്റി നാൽപതും, ജോണിന്റെ സിനിമയെ പറ്റി വീണ്ടും ചുരുങ്ങി ഇരുപതും രചനകൾ ആണ് കണ്ടത് അരവിന്ദനും, ജോണും കാലയവനികക്കുള്ളിൽ മറഞ്ഞു എന്നത് മറന്നു കൊണ്ടല്ല ഇത് എഴുതുന്നത്. അവർ ജീവിച്ചിരുന്ന പ്രവർത്തനനിരതമായിരുന്ന ആദ്യ ഇരുപതു വർഷത്തെ മാത്രം നോക്കിയാണ് ഈ പ്രസ്‌താവം. ഇത്തരം അവബോധമാണ് ചരിത്രപരമായ കേരളീയ, ദേശീയ അടയാളപ്പെടുത്തലുകൾ വൈകാരികതയില്ലാതെ കാണുവാൻ നമ്മെ പ്രേരിപ്പിക്കുന്നത്. അത് തന്നെ ആണ് ഈ കുറിപ്പിലൂടെ നാം കാണേണ്ടതും.

(എഴുപതുകൾ മുതൽ ചിത്രലേഖയുടെ ഫിലിം സൊസൈറ്റി അംഗവും “India’s film society movement: Its Journey and Impact” എന്ന ഗ്രന്ഥത്തിന്റെ രചയിതാവും മുതിർന്ന മീഡിയ പ്രവർത്തകനും ആണു് വി കെ ചെറിയാൻ)

കവർ : ജ്യോതിസ് പരവൂർ

IMAGES : GOOGLE IMAGES

Comments
Print Friendly, PDF & Email

You may also like