പൂമുഖം ഒരു കോലായ ചർച്ച സി ജെ പി രാഷ്ട്രീയം

സി ജെ പി രാഷ്ട്രീയം

അങ്ങനെ ഒരു മാസത്തിനു മുമ്പ് വരെ അപ്രതിരോധ്യം എന്ന് കരുതിയ ഒരു അധികാര ദുർഗ്ഗം ഒന്ന് കുലുങ്ങിയിരിക്കുന്നു. മുതിർന്ന തലമുറയുടെ രാഷ്ട്രീയം കരുതലോടെയും ഭീതിയോടെയും സംശയിച്ചും പിൻവാങ്ങിയും നിന്നിടത്ത് പ്രത്യയശാസ്ത്രത്തിന്റെയോ , സാമ്പ്രദായിക രീതിശാസ്ത്രത്തിന്റെയോ ഭാരം ചുമക്കാത്ത വിദ്യാർത്ഥി യുവജന സമരം ചരിത്രം കുറിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മലയാളനാട് കോലായ സമരം ചർച്ച ചെയ്തു.ചർച്ചയിലേക്ക് വായനക്കാർക്ക് സ്വാഗതം.

ജെയിംസ് വർഗീസിന്റെ ഒരു അവലോകണക്കുറിപ്പിൽ നിന്നാണ് ഇന്നത്തെ ചർച്ച തുടങ്ങുന്നത്.

ജെയിംസ് വർഗീസ്:
എന്റെ ചില നിഗമനങ്ങൾ, സാദ്ധ്യതകൾ പങ്കുവെയ്ക്കാം. NEET ചോദ്യപേപ്പർ ചോർച്ചയും അതിനെത്തുടർന്നുള്ള വിദ്യാർത്ഥി പ്രതിഷേധങ്ങളും യാദൃച്ഛികമായി സംഭവിച്ചതല്ല, മറിച്ച് രാഷ്ട്രീയമായി കൃത്യമായി ആസൂത്രണം ചെയ്ത ഒന്നാണ്.

ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവജനങ്ങളുടെയും (Gen Z) വിദ്യാർത്ഥികളുടെയും ഇടയിൽ, രാഹുൽ ഗാന്ധിക്ക് വർദ്ധിച്ചുവരുന്ന ജനപ്രീതിയും സ്വാധീനവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി – എ.എ.പി കൂട്ടുകെട്ട് ഇതിന് പിന്നിൽ പ്രവർത്തിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഭാരതീയ കോക്ക്രോച്ച് ജനത പാര്‍ട്ടിയുടെ ഉദയവും സോനം വാങ്ചുക്കിന്റെ നിരാഹാരസമരവും ആസൂത്രണം ചെയ്യപ്പെട്ടത്.

കേന്ദ്ര എൻ.ഡി.എ സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ പരാജയങ്ങൾക്കും അഴിമതികൾക്കുമെതിരെ ശക്തമായ പ്രതിപക്ഷശബ്ദമായി മാറാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിട്ടുണ്ട്. NEET പരീക്ഷാ അട്ടിമറികൾ ഉയർത്തിക്കാട്ടിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ കടുത്ത വിമർശനമുന്നയിച്ചും പ്രതികരിച്ച ആദ്യ നേതാക്കളിലൊരാളാണ് അദ്ദേഹം. രാജ്യത്തിന്റെ കോച്ചിങ് തലസ്ഥാനമായ കോട്ടയിൽ അദ്ദേഹം സംഘടിപ്പിച്ച മെഗാ റാലി, വൻതോതിൽ ജെൻ Z യുവാക്കളെ ആകർഷിച്ചിരുന്നു.

കേവലം പ്രസംഗങ്ങൾക്ക് പകരം യുവാക്കളുമായി നേരിട്ട് സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ ശ്രദ്ധയോടെ കേൾക്കാനുമാണ് അദ്ദേഹം സമയം കണ്ടെത്തിയത്. എവിടെ പോയാലും രാജ്യത്തെ കുട്ടികളെ നേരിൽ കാണുവാനും അവരുമായി സംവാദത്തിൽ ഏർപ്പെടുവാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. സദസ്സിനെ “എന്റെ പ്രിയപ്പെട്ട ജെൻ Z സുഹൃത്തുക്കളെ” എന്ന് സംബോധന ചെയ്തുകൊണ്ട്, ഓരോ ചെറുപ്പക്കാരന്റെയും ഭാവി സുരക്ഷിതമാക്കുക എന്നത് സർക്കാരിന്റെ കടമയാണെന്നും, അത് ആരും നൽകുന്ന ഔദാര്യമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കാറുണ്ട്.

കഴിഞ്ഞ ഒരു ദശകത്തിനിടെ വിവിധ പരീക്ഷകളിലായി 150-ലധികം തവണ ചോദ്യപേപ്പർ ചോർന്നതിനെ രാഹുൽ തന്റെ പ്രസംഗങ്ങളിൽ അടിവരയിട്ടു പറയുന്നു. അത് കുട്ടികളിലുണ്ടാക്കുന്ന മാനസിക പിരിമുറുക്കങ്ങളെക്കുറിച്ചും, ഓരോ പരീക്ഷയ്ക്കായും കുട്ടികളും മാതാപിതാക്കളും മുടക്കുന്ന പണത്തിന്റെ വ്യാപ്തിയെക്കുറിച്ചും സമയ നഷ്ടത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കുതിച്ചുയരുന്ന കോച്ചിങ് ഫീസുകളെയും വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തെയും കുറിച്ച് അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിക്കുന്നു.

ഇന്ത്യയിലെ കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങളെയും തൊഴിലില്ലായ്മയെയും കുറിച്ചും, മക്കളുടെ സ്വപ്നങ്ങൾക്കായി മാതാപിതാക്കൾ ഭൂമി വിറ്റും കടം വാങ്ങിയുമാണ് പണം കണ്ടെത്തുന്നതെന്നും എന്നിട്ടും അവർ വഞ്ചിക്കപ്പെടുകയാണെന്നും അദ്ദേഹം തുറന്നുകാട്ടുന്നു. അങ്ങനെ വിദ്യാഭ്യാസ മേഖല നേരിടുന്ന യഥാർത്ഥ പ്രതിസന്ധികളെ കൃത്യമായി തൊട്ടുകാണിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം തുടക്കമിട്ട “ഛത്രോൻ കി ഗൂഞ്ജ്” (വിദ്യാർത്ഥികളുടെ പ്രതിധ്വനി) എന്ന ക്യാമ്പെയിൻ നിരാശയിലാണ്ട യുവാക്കൾക്ക് വലിയൊരു പ്രതീക്ഷയായി മാറി.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പരീക്ഷാ സമ്മർദ്ദവും അട്ടിമറികളും കാരണം 93-ലധികം വിദ്യാർത്ഥികൾ ജീവനൊടുക്കി. സിസ്റ്റത്തിന്റെ പരാജയം മൂലം തകരുന്ന ഈ ജീവിതങ്ങളെയാണ് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ പ്രധാന ചർച്ചാവിഷയമാക്കുന്നത്. ഇത് കണ്ട് അന്ന ഹസാരെയുടെ സമരവും ആം ആദ്മി പാർട്ടിയുടെയും ഉദയവും മാതൃകയാക്കി, യുവാക്കളുടെ പ്രതിഷേധം തങ്ങൾക്ക് ഭീഷണിയാകാതിരിക്കാൻ, ബിജെപി യും കേന്ദ്രസർക്കാരും AAP ന്റെ സഹകരണത്തോടെ രാഷ്ട്രീയേതരമായ ഒരു പുതുമുഖത്തെ മുന്നിൽ നിർത്തി. യുവജനരോഷം തിരിച്ചു വിടുകയും അതിന്റെ രാഷ്ട്രീയ ലാഭം കോൺഗ്രസിന് കിട്ടാതെ നോക്കുകയും ആയിരുന്നു ലക്ഷ്യം. അദ്ദേഹം പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ നിരാഹാര സമരം ആരംഭിക്കുകയും CJP-യുടെ മുഖമായി ഉദിച്ചുയരുകയും ചെയ്തു.

തുടക്കം മുതലേ ഈ പ്രക്ഷോഭം ഒരു ഒത്തുകളിയാണെന്ന് മനസ്സിലാക്കിയ രാഹുൽ ഗാന്ധിയും കോൺഗ്രസും ഇതിൽ നിന്ന് കരുതലോടെ മാറിനിൽക്കുകയാണുണ്ടായത്. എന്നാൽ, യുവാക്കൾക്കിടയിൽ താൻ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ തരംഗവും സ്വന്തം നിലനിൽപ്പ് തന്നെയും അപകടത്തിലാകുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ രാഹുൽ ഗാന്ധി അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ ഭരണകൂടത്തെ പ്രതിരോധത്തിൽ ആക്കുകയും വിഷയത്തിൽ വേഗത്തിൽ ഇടപെടാൻ സർക്കാരിനെ നിർബന്ധിതരാക്കുകയും ചെയ്തു.

ഒരു കാര്യം വ്യക്തമാണ്: ഇന്ത്യയുടെ യുവാക്കൾക്കായുള്ള പോരാട്ടം 2029-നെയും അതിനപ്പുറമുള്ള രാഷ്ട്രീയത്തെയും നിർണയിക്കും.

പി എൽ ലതിക:
James ന്റെ നിരീക്ഷണങ്ങൾ അമിതമായ ആവേശവും തിടുക്കവും ഉള്ളതായി. രാഹുലിന്റെ സമരത്തിലെ പങ്ക് ശരിക്കുള്ളതിലും പെരുപ്പിച്ചു. സോനം വാങ്ചുക്, കെജ്‌രിവാൾ ഒക്കെ ബിജെപി യുടെ പദ്ധതിയുടെ ഭാഗമായിരുന്നു എന്ന് പ്രഖ്യാപിക്കുവാനുള്ള വസ്തുതാപരമായ തെളിവുകൾ കാണുന്നില്ല. സിജെപി- വാങ് ചുക് എന്നിവരുടെ പങ്കിനെ മുഖ്യമായി കാണാത്തതും യഥാർഥ്യത്തിനു നിരക്കുന്നതായില്ല . യുവജനങ്ങൾ ഇറങ്ങിയത്, രാഹുൽ ഗാന്ധി സമരത്തിന്റെ മുൻ നിരയിലേയ്ക്ക് വന്നതിനു ശേഷമാണ് എന്ന് പറയുന്നത് അതി വ്യാഖ്യാനമാവും. മോദി സർക്കാരിനോട് ഉണ്ടായിരുന്ന ഭയം,ഇനി രക്ഷയില്ലെന്ന തോന്നൽ – ആ കുമിള പൊളിച്ചത് ആ യുവസഞ്ചയമാണ്. അവരെ നയിക്കുന്നത് സിജെപി യും ആണ്.

മേതിലാജ് എം എ:
പി എൽ ലതിക പറഞ്ഞതിനോട് യോജിക്കുന്നു.

സന്തോഷ്‌ ഋഷികേശ്:
രാഹുലിന് GEN C യുടെ ഇടയിൽ വർധിച്ചു വരുന്ന ജനപ്രീതി എന്നൊക്കെ എന്ത് സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്? രാഹുലും പ്രതിപക്ഷവും ചരിത്രത്തിലെ ഏറ്റവും വലിയ പരാജയ ഘട്ടത്തിലൂടെയാണ് പോകുന്നത് കഴിഞ്ഞ തെരഞ്ഞ്ഞെടുപ്പിൽ ബി ജെപി ക്ക് വലിയ ഭീഷണി ആകാവുന്ന അത്ര സീറ്റ് ഇന്ത്യാസഖ്യത്തിനു ജനം കൊടുത്തു. ഒരു ഇഞ്ച് മുന്നോട്ട് പോയില്ല എന്ന് മാത്രമല്ല, കൂടെയുള്ളവരുടെ പൂട പോലും ഇല്ലാത്ത വിധം മഹാ ഭൂരിപക്ഷവും എൻ ഡി എ യിലേക്ക് പോയി. എന്ത് ലീഡർഷിപ്പാണ് രാഹുലിന് ഉള്ളത്‌?

മേതിലാജ് എം എ:
ഇതിനോട് യോജിക്കുന്നില്ല. സ്ഥിരം എൽ ഡി എഫ് ന്റെ കോൺഗ്രസ്സ് വിരുദ്ധത. കോൺഗ്രസ്സ് വീക്ക് ആണെന്നത് പരിശോധിക്കേണ്ടത് ഇടതു എത്രമാത്രം വീക്കായി എന്ന് പരിശോധിച്ച് കൊണ്ടാണ്. ഇടതു പക്ഷം (മറ്റു പ്രതിപക്ഷങ്ങളും) ദേശീയ തലത്തിൽ ജോക്കായി മാറി. അല്പമെങ്കിലും പിടിച്ചു നിൽക്കുന്നത് കോൺഗ്രസ്സും രാഹുലും.

സന്തോഷ്‌ ഋഷികേശ്:
അത് മേതിലാജ് എല്ലാം ഇടതിന്റെ തൊഴുത്തിലേക്ക് വലിച്ചെറിയുന്ന തരം അന്ധത കൊണ്ടുനടക്കുന്നതു കൊണ്ടാണ്. ഇന്ത്യയിൽ ഇടതിന് ഇനി ഒന്നും ചെയ്യാനില്ല എന്ന രാഷ്ട്രീയ യാഥാർത്ഥ്യം ഇടതു ഹാൻഡിലുകൾക്ക് മാത്രമല്ല ഇടതുവിരുദ്ധത കൊണ്ട് മാത്രം ജീവിക്കുന്നവർക്കും മനസിലായിട്ടില്ല

ശിവാനന്ദൻ എ സുജാത:
ജെയിംസിന്റെത് ഒരു ഗൂഢാലോചനാ സിദ്ധാന്തം പോലെ ആയിപ്പോയി.

സന്തോഷ്‌ ഋഷികേശ്:
ഒന്നാമത് പഴയ കക്ഷി രാഷ്ട്രീയ template വെച്ച് ജെൻ സി സമരത്തെ അളക്കരുത്.നിങ്ങൾക്ക് അവരുടെ (പ്ലാനുകൾ, രീതികൾ ) ഒരു ചുക്കും പിടികിട്ടില്ല.ജെൻ സി ക്ക് അത്തരം രാഷ്ട്രീയ വിദ്യാഭ്യാസം തന്നെയില്ല. അവർ true situation മാത്രം അഡ്രസ്സ് ചെയ്യുന്നവരാണ്. ഒരു ലെഗസിയെയും ബഹുമാനിക്കാത്തവരാണ്. സംഘപരിവാർ പകയ്ക്കുന്നത് അവിടെയാണ്. ബിബിസിക്ക് വേണ്ടി സൗത്തിക് വിശ്വാസ് എഴുതിയ ആർട്ടിക്കിളുണ്ട്.ജെൻ സി പ്രക്ഷോഭം കർഷകസമരത്തിൽ നിന്നുപോലും എങ്ങനെ വ്യത്യസ്തമാവുന്നു എന്നു മനസിലാവും.

പി എൽ ലതിക:
ഇടതു സംഘടനയായ ഐസ തുടക്കം മുതൽ ഈ സമരത്തിൽ ഉണ്ട്. അത് മുഖ്യ ഇടതു കക്ഷികളുടെ പങ്കാളിത്തമായി കണക്കാക്കാൻ പറ്റില്ല എങ്കിലും.

ജെയിംസ് വർഗീസ്:
എം എ ബേബി തുടക്കം മുതൽ സമരസ്ഥലത്തുണ്ട്. 26 ദിവസം നിരാഹാരം കിടന്ന ആൾ, ഒരു ദിവസം, സമരം നടത്തിയതിന് കുട്ടികൾക്ക് എതിരെ കേസെടുക്കില്ല എന്ന ഉറപ്പിൽ മന്ത്രിയിൽ നിന്നു നാരങ്ങ നീരും കുടിച്ചു നിരാഹാരം നിർത്തിയതിൽ എനിക്ക് ഒരു വിശ്വാസവും ഇല്ല. അതൊരു ഡീൽ ആണെന്ന് എൻ്റെ തോന്നൽ, അദ്ദേഹമോ ഭാര്യയോ ലഡാക്ക് മുഖ്യമന്ത്രി ആയില്ലെങ്കിൽ എൻ്റെ തിയറി തെറ്റാണ് എന്നു ഞാൻ സമ്മതിക്കും

മേതിലാജ് എം എ:
സോനം വാങ്‌ചുക്ക് ചതിച്ചു എന്ന് പറയാം. എന്നാലും രാഹുലിനെതിരായ ഗൂഢാലോചന എന്നത് അല്പം കടന്നുപോയി.ഏതായാലും യുവ തലമുറ തെരുവിൽ ഇറങ്ങി എന്നത് പ്രതീക്ഷ നൽകുന്നതാണ്.അതേ സമയം പ്രതിപക്ഷത്തു എന്തെങ്കിലും പറയാൻ ബാക്കിയായ രാഹുലിനെ തള്ളിപ്പറയുന്നതിനോട് യോജിപ്പില്ല. ആകെയുള്ള ഒരു കച്ചിത്തുരുമ്പ് ആണ് രാഹുൽഗാന്ധിയും പാർട്ടിയും. മറ്റൊന്ന് ഉണ്ടാകുന്നതുവരെ നമുക്ക് മുന്നിൽ നിർത്താനുള്ള ഒരേയൊരു സാധനം. എം എ ബേബിയെ ഒന്നും വടക്കേ ഇന്ത്യക്കാർ തിരിച്ചറിയുക പോലും ഇല്ല. ജെ എൻ യു ക്കാർ പോലും.

ജെയിംസ് വർഗീസ്:
ശശി തരൂർ ഒഴികെ കേരളത്തിലെ ആരെയും നോർത്ത് ഇന്ത്യക്കാർ തിരിച്ചറിയില്ല. എത്ര നോർത്ത് ഇന്ത്യൻ മന്ത്രിമാരെ നമ്മൾ മലയാളിക്ക് തിരിച്ച് അറിയുവാൻ കഴിയും?

മേതിലാജ് എം എ:
സമരം നിർത്തിയതല്ല പ്രശ്നം, നിർത്തിയ രീതിയാണ്. നദ്ദയുടെ കൈയ്യിൽ നിന്ന് ജ്യുസ് വാങ്ങിക്കുടിച്ചല്ലല്ലോ നിർത്തേണ്ടത്.

പി എൽ ലതിക:
സോനം വാങ് ചുക് ചതിച്ചു എന്നത്, മറ്റൊരു അന്ന ഹസാരെയായിരുന്നു എന്നത് എനിക്ക് ബോധ്യപ്പെടുന്നില്ല. ഞാൻ slow ആയത് കൊണ്ടാവും.. സമരത്തിന് പിന്നിൽ പുറത്ത് നിന്നുള്ളവരാണ്, funding ആണ് എന്ന് പറയുന്നതിന് ഒരു നിഷേധമായിരുന്നു വാങ് ചുക്കിന്റെ പങ്കാളിത്തം എന്നും ഞാൻ കരുതി.

മേതിലാജ് എം എ:
ചതിച്ചു എന്നത് അല്പം കടന്ന വാക്കാണ്. സമരം നിർത്തേണ്ടിയിരുന്നത് പ്രതിപക്ഷ നേതാക്കളുടെ ഒപ്പമിരുന്നായിരുന്നു. വാങ്ചുക് സമരത്തിലേക്ക് വരുന്നത് ഈ പറഞ്ഞ പ്രതിപക്ഷത്തെ കണ്ടല്ല. അതുകൊണ്ടു തന്നെ അവരുടെ നാരങ്ങാവെള്ളം കുടിച്ചു അവസാനിപ്പിക്കണമെന്നത് നമ്മുടെ ഒരാഗ്രഹം മാത്രമാണ്

ജ്യോതിസ് പരവൂർ:
എനിക്ക് തോന്നുന്നത് സിജെപിയുടെ കയ്യിൽ. നിന്ന് വളരെ മനോഹരമായി ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ ഹൈജാക്ക് ചെയ്തു എന്നത് പോലെയാണ്. ഈ ഫയർ നല്ലത് പോലെ ഉപയോഗിച്ചാൽ തിരിച്ചു വരാൻ രാഹുൽ ഗാന്ധിക്ക് ഒരു സാധ്യതയുണ്ട്.

സന്തോഷ്‌ ഋഷികേശ്:
രാഹുൽ ഗാന്ധിയടക്കമുള്ള കക്ഷിരാഷ്ട്രീയ മണ്ഡലത്തിന്റെ ഇടപെടൽ, വാങ് ചൂക്കിന്റെ നിരാഹാരം ഇതൊക്കെ മറ്റൊരു തലത്തിൽ നോക്കുമ്പോൾ പ്രധാനമായിരുന്നു. കാരണം അത് സമരത്തെ കുറെ നോർമലൈസ് ചെയ്തു നമുക്ക് പരിചയമുള്ള വഴിയിലാക്കി. ഇല്ലെങ്കിൽ വലിയ ദുരന്തമോ കലാപമോ ഒക്കെയായി എരിഞ്ഞടങ്ങാനും ഇടയാക്കിയേനെ. ജനാധിപത്യം പൊലൊരു സുന്ദരകലയില്ല. അതിന്റെ മുറിവുകളിൽ ഉപ്പുതേച്ചായാലും അത് ഒരു remedy അതിനകത്തുതന്നെ കണ്ടെത്തും. സംഭവിച്ചത് എല്ലാം നല്ലതിന്. ആരെയും പഴി ചാരേണ്ടതില്ല.അറ്റമില്ലാത്ത അഴിമതിയും ദുരധികാരവും മനുഷ്യ വിരുദ്ധതയുമുള്ള ഒരു കോർപറേറ്റ് -വർഗീയ ഭരണവ്യവസ്ഥക്കെതിരെ ഉള്ള ഏത് ചലനത്തെയും കൂട്ടിപ്പിടിക്കണം. ഭിന്നിപ്പിക്കരുത്, തള്ളിക്കളയരുത്. അതാ ണെന്റെ രാഷ്ട്രീയ നിലപാട്.

മേതിലാജ് എം എ:
ഇത്രയേ ഞാനാദ്യം പറഞ്ഞുള്ളൂ. രാഹുലിനെ തള്ളിപ്പറയരുത് എന്ന്. അത് ഞാൻ രാഹുൽ ഫാനോ കോൺഗ്രസോ ആയതുകൊണ്ടല്ല. ഇന്ത്യയുടെ ഭാവി ഇനി ഞങ്ങൾ മുൻ നക്സലുകളുടെ കരങ്ങളിൽ. ഒരേയൊരു പ്രതീക്ഷ സിപിഐ എം എൽ റെഡ് ഫ്ലാഗ്.

സന്തോഷ്‌ ഋഷികേശ്:
കോൺഗ്രസ്സിന്റെ പ്രതിസന്ധി രാഹുലിന് കൂടെയുള്ളവരെയോ കൂടെയുള്ളവർക്ക് രാഹുലിനെയോ വിശ്വാസമില്ല എന്നതാണ്. വിചിത്രമായ പാർട്ടിയാണത്. ഭരണത്തിലിരിക്കുന്ന കേരളത്തിലും കർണാടകയിലും തന്നെ നോക്കൂ,ബി ജെ പി യുമായി നേർക്കുനേർ ഒരുപരിപാടിക്കും അവരെ കിട്ടില്ലപ്രാദേശിക ദോശ ചുടലിനാണ് അവർക്ക് തിരക്ക്.

ജെയിംസ് വർഗീസ്:
ഇന്നത്തെ സ്ഥിതിയിൽ രാഹുലിന് പിന്തുണ കൊടുക്കാം, പക്ഷേ ഇടതു പക്ഷം ചേർന്ന മികച്ച ഒരു സോഷ്യലിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ ഇനിയും സാധ്യത ഉണ്ട്. പക്ഷേ നേതൃത്വം കൊടുക്കുവാൻ ആളില്ല.

മേതിലാജ് എം എ:
അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ഈ പ്രതിഷേധം ഒക്കെ ഗുണം ചെയ്യും എല്ലാരുംകൂടി ഒന്നാഞ്ഞു പിടിച്ചാൽ ചിലപ്പോൾ.നിലവിലുള്ള ഇടതു പാർട്ടികൾ സ്വയം പിരിച്ചു വിട്ടു യൂറോപ്യൻ മോഡലിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഉണ്ടാക്കണം. ലെനിനെയും സ്റ്റാലിനെയും ദൂരെക്കളഞ്ഞു കൊണ്ട്. Transparent ആയ ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി.

സന്തോഷ്‌ ഋഷികേശ്:
ഭരണത്തിലിരുന്ന സിപിഎമ്മും നേർക്കുനേർ യുദ്ധത്തിനുനിന്നില്ല. പിണറായിക്കെതിരെയുള്ള ഏറ്റവും വലിയ വിമർശനം മൃദു ഹിന്ദുത്വ കളിച്ചു എന്നതാണ്.സി പി എമ്മിനകത്ത് ഒരു മൃദുഹിന്ദു പണ്ടേ ഉണ്ട് ബി ജെ പി ആ സ്‌പെയ്‌സ് എടുക്കുമോ എന്ന ആശങ്ക കൂടിയാണ് അവരുടെ ബിജെപി വിരുദ്ധ രാഷ്ട്രീയം പിണറായിയുടേത് മറ്റ് അധികാര ഒത്തുതീർപ്പ് താൽപര്യങ്ങളായിരുന്നു ഇവിടെ പിള്ളേർക്കെതിരെ ഇ ഡി യെ വിടാൻ പറ്റില്ല എന്നത് കൊണ്ടാണല്ലോ മോഡി കുടുങ്ങിയത്.

ഇ എം എസിനെ പോലുള്ളവർക്ക് ആയുസ്സ് നീണ്ടു എന്നതാണ് ഇന്ത്യൻ കമ്യുണിസ്റ്റുകൾക്ക് ഉണ്ടായ പ്രശ്നം പോസ്റ്റ് മാർക്സിസ്റ്റ് ചിന്തക്ക് ഇടം കിട്ടിയില്ല ക്ലാസിക്കൽ മാർക്സിസം കൊണ്ട് കാലക്ഷേപം ചെയ്തു യൂറോപ്യൻ കമ്യുണിസ്റ്റുകളുടെ വഴിയിലൂടെ പോകാനായില്ല.

മുരളി മീങ്ങോത്ത്:
Gen Z സമരം, യുവജനതയെ രാഷ്ട്രീയ ബോധം ഇല്ലാത്തവർ എന്ന് വിശേഷിപ്പിച്ചവർക്കുള്ള മറുപടിയാണ്. മുഖ്യ പ്രതിപക്ഷപാർട്ടികൾ ഇവർക്ക് ഇപ്പോൾ പിന്തുണ കൊടുത്തുവെങ്കിലും അതിന് മുമ്പ് ആ പ്രതിഷേധം സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. സമരത്തിന് സർക്കാരിന്റെ പിടിപ്പ് കേടിനെയും ഗോഡി മീഡിയയെയും രാജ്യമോട്ടുക്കും expose ചെയ്യാൻ സാധിച്ചിട്ടുണ്ട്.പോലീസ് മർദ്ദനവും നുഴഞ്ഞ് കയറി പോലീസിനെ മർദ്ദിച്ചതും ഭീകരമായിരുന്നു.

ശിവാനന്ദൻ എ സുജാത:
മെയ് മാസത്തിൽ നടന്ന ഒരു കൊടിയ അപരാധത്തിനും (NEET Question Paper leak), അതിന്മേൽ ഉണ്ടായ, ഏറ്റവും കുറഞ്ഞത് പന്ത്രണ്ടോളം കുട്ടികളുടെ ആത്മഹത്യക്കും ശേഷം, അതിനെതിരെ സമരം നടത്തുവാൻ, പാറ്റക്കുട്ടികളുടെ സമരത്തിനും, സോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തിനും പിന്നാലെ പോകേണ്ടിവന്നത് ഇന്ത്യൻ യൂണിയനിലെ പ്രതിപക്ഷ കക്ഷികളുടെ പരാജയം ആണ്! എങ്കിലും “better late than never” എന്ന് ആശ്വസിക്കാം!

ചന്ദ്രൻ പുതിയോട്ടിൽ:
സമരം വിജയിച്ചത്തിന്റെ ദിവസം മകൾ അനാമിക വീട്ടിലെ ചർച്ചയിൽ പറഞ്ഞത്: നിങ്ങൾ വിചാരിക്കും ഞങ്ങൾ ഒക്കെ പൊളിറ്റിക്കലി disconnect ആയ തലമുറയാണെന്ന്. ഞങ്ങൾ പലതും നിരീക്ഷിക്കുന്നുണ്ട്.. കാണുന്നുണ്ട് കേൾക്കുന്നുണ്ട്. പൊതുവെ IT ജോലിക്കാർ രാഷ്ട്രീയത്തിൽ താല്പര്യം കാണിക്കാറില്ല.. അതൊരു ശരിയാണ്. അവർ അവരുടെ ജോലി, ശമ്പളം ബോണസ്, ഷെയർ മാർക്കറ്റ് അങ്ങിനെ പോകുന്നു. പക്ഷേ ഈ സമരം രാഷ്ട്രീയത്തിൽ താല്പര്യം കാണിക്കാത്തവരെ കൂടെ ഒന്ന് കൂടെ യാഥാർത്ഥ്യത്തിലേക്കടുപ്പിച്ചു.

ലൈല കല്ലാരം:
പാറ്റക്കുട്ടികളുടെ സമരം വിജയിച്ചതിന് പിന്നിൽ ഒന്നാമതായി അതിലെ സത്യസന്ധത തന്നെയാണ്. ആവശ്യങ്ങൾ real ആയിരുന്നു മറ്റു രാഷ്ട്രീയ പാർട്ടികളേപ്പോലെ hidden ajenda കളൊന്നുമില്ല എന്ന് ജനത്തിന് ബോധ്യപ്പെട്ടു. ഇനി ഇലക്ഷനിൽ ബാലറ്റ് പേപ്പർ കൊണ്ടുവരാൻ കൂടി ഇതുപോലൊരു സമരം നടത്തി വിജയിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം

സുരേഷ് നെല്ലിക്കോട്:
ഞാനീ സമരത്തിനു പൂര്‍ണ്ണപിന്തുണയാണ്‌ കൊടുക്കുന്നത്. ഇവിടെ, കാനഡയില്‍ നിന്നു നോക്കുന്നതായി മാത്രം കരുതിയാല്‍ മതി. ഇവിടുത്തെ ആള്‍ക്കാര്‍ക്ക് പൊതുവിജ്ജ്ഞാനം തീരെ കുറവായതിനാല്‍ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളില്‍ നടക്കുന്ന അഴിമതിയെക്കുറിച്ചൊന്നും വലിയ ഗ്രാഹ്യമില്ല. ജനാധിപത്യത്തിന്മേലുള്ള ഏറ്റവും വലിയ വിമര്‍ശനവും ഭരണതലത്തില്‍ നടക്കുന്ന അനിയന്ത്രിതമായ അഴിമതിയാണല്ലോ! അത്തരം അഴിമതിയുടെമേല്‍ നടത്താനാവുന്ന അന്വേഷണങ്ങളും നടപടികളുമാണ്‌ ജനാധിപത്യത്തിലുള്ള ഏറ്റവും വലിയ നന്മകളും. വിദ്യാര്‍ത്ഥികളുടെ ഭാവിക്കുതകുന്നതായ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം വളരെ പിന്നിലാണ്‌. ഉള്ളതോ, അപൂര്‍‌വ്വം ചില തല്പരകക്ഷികള്‍ പ്രയോജനപ്പെടുത്തുന്നു എന്നു മാത്രം. മറ്റു രാജ്യങ്ങളില്‍ ഉണ്ടാവുന്നതുപോലെയുള്ള ദീര്‍ഘകാലപദ്ധതികളൊന്നും പ്രയോജനപ്രദമാകുന്നുമില്ല. ഇപ്പോഴുണ്ടായ സമരം അത്തരം ചിന്തകളിലേയ്ക്ക് അധികാരികളുടെ കണ്ണുകള്‍ തുറപ്പിച്ചിട്ടുണ്ടാവും എന്നതില്‍ സംശയമില്ല.

സന്തോഷ്‌ ഋഷികേശ്:
(മോദിയോടും അദ്ദേഹത്തിന്റെ സർക്കാറിനോടും ഉള്ള) ഭയത്തിന്റെ മറ അഴിഞ്ഞുവീണു എന്നതാവും ഈ സമരത്തിന്റെ ഏറ്റവും വലിയ വിജയം. കുഞ്ഞു പിള്ളേര് എത്ര നിർദയമായാണ് ഭരണകൂടത്തെയും മാധ്യമങ്ങളെയും പോലീസിനെയുമൊക്കെ പരിഹസിച്ചു തൊലിയുരിച്ചു വിടുന്നത്..

immediate cause കളോട് മാത്രം പ്രതികരിക്കുന്ന ജനസഞ്ചയ രാഷ്ട്രീയത്തിന്റെ പുതിയ മുഖമാണ് ജനാധിപത്യ സ്റ്റേറ്റുകളിലാകെ വരുന്നത്. പരമ്പരാഗത കക്ഷിരാഷ്ട്രീയത്തിന്റെ loyalty, പ്രത്യയശാസ്ത്ര ബാധ്യത, സംഘടനാസംസ്കാരം ഇവയൊന്നും അല്ല.ഇന്ത്യയിൽ ഇന്ന് നിലനില്ക്കുന്ന രാഷ്ട്രീയ പാർട്ടികളൊക്കെ കാലഹരണപ്പെട്ടതാണ് എന്ന് വിശാസിക്കുന്നയാളാണ് ഞാൻ. പബ്ലിക് അക്കൗണ്ടബിലിറ്റി എന്ന ഒന്നിൽ മാത്രം ഊന്നിയ ഗവേണൻസ് ആർക്ക് സാധ്യമാവുന്നുവോ അവർ നിലനിൽക്കും

മേതിലാജ് എം എ:
സമരം കഴിഞ്ഞപ്പോൾ (വിജയത്തിന്റെ അവകാശികളായി) എല്ലാ എട്ടുകാലി മമ്മൂഞ്ഞുമാരും എത്തിയിട്ടുണ്ട്.

ജ്യോതിസ് പരവൂർ:
ഇതാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ തോൽവികൾ ആകുന്നത്. സമഗ്രമായ സമര പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ കഴിയുന്നില്ല. അവിടെ എല്ലാ പാർട്ടികളും തോൽവി ആണ്. പഴഞ്ചൻ രീതികളും. (പക്ഷെ വിജയം അവകാശപ്പെടും).

സന്തോഷ്‌ ഋഷികേശ് :
സമരത്തിൽ സി ജെ പി കഴിഞ്ഞാൽ ലീഡർഷിപ്പ് ഉണ്ടായിരുന്നത് ഐസയ്‌ക്കാണ്‌. അത് കഴിഞ്ഞു മാത്രമേ എസ് എഫ് ഐ യും എ ഐ എസ് എഫുമുള്ളൂ.കോൺഗ്രസ് സംഘടനകളൊക്കെ അവസാനം ഓടിക്കയറിയതാണ്. രാഹുൽ നടത്തിയ പ്രസ് മീറ്റിൽ സി ജെപി ഐസ കുട്ടികൾ കൂടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞു. എന്നിട്ടും സി ജെ പി. എന്ന് പറയാനുള്ള മര്യാദ ഈ ലീഡേഴ്‌സ് ഒന്നും കാണിച്ചില്ല രാഷ്ട്രീയ അസത്യസന്ധതക്ക് ജെയ് വിളിക്കാനും കുറെ അലവലാതികൾ.

ജെയിംസ് വർഗീസ് :
നേതാക്കൾ ആരും വിജയത്തിൻ്റെ ക്ലെയിം ഏറ്റെടുക്കുന്നതായി കണ്ടില്ല.

സന്തോഷ്‌ ഋഷികേശ് :
രാഷ്ട്രീയ നിരീക്ഷണത്തിൽ ഇത്ര നിഷ്കളങ്കത പാടില്ല. സി ജെ പി എന്നൊരു മൂവ്മെന്റിനെ കുറിച്ഛ് ഈ നേതാക്കളോട് ആരും പറഞ്ഞുകൊടുത്തില്ല എന്ന് വരുമോ? ഞാൻ കാണുന്ന പ്രശ്നമിതാണ്. ഈ സമരത്തിന്റെ ഗുണഫലം ബാലറ്റ് പൊളിറ്റിക്‌സിൽ അനുഭവിക്കേണ്ട പാർട്ടി കോൺഗ്രസാണ്. കോൺഗ്രസിന് പകരം വെക്കാൻ തത്കാലം മറ്റൊന്നില്ല. സി ജെപിയോക്കെ ഒരു പാരഡി മൂവ്മെന്റ് ആണിപ്പോഴും.പക്ഷെ കോൺഗ്രസ് ഇന്നും ആ പഴയ ഏകകക്ഷി കുത്തകഭരണത്തിന്റെ ദിവാസ്വപ്നത്തിലാണ്. മുന്നണി രാഷ്ട്രീയത്തിന്റെ സംസ്കാരമോ മര്യാദയോ നേതൃശേഷിയോ കാണിക്കുന്നില്ല. എല്ലാവരെയും കൂട്ടിപിടിക്കാനും സമഭാവനയോടെ കാണാനും സത്യസന്ധത കാണിക്കാനാവുന്നില്ല. തമിഴ്‌നാട്ടിൽ നമ്മൾ അത് കണ്ടതാണ്. കട്ടക്ക് കൂടെ നിന്ന ഡിഎംകെ യുടെ വോട്ടുകൾ കൊണ്ട് നാല്‌ എം എൽ എ മാരെ തരമാക്കി, രായ്ക്കു രാമാനം അധികാരത്തിനു വേണ്ടി സ്വന്തം മുന്നണി പൊളിച്ചു മറു കണ്ടം ചാടി. എന്ത് അക്കൗണ്ടബിലിറ്റിയാണ് മുന്നോട്ട് വെക്കാൻ കഴിയുക? പുതുതലമുറ എങ്ങനെ അവരെ ഒരു ബദലായി കാണും? സി ജെ പി യെ അഭിനന്ദിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന ഒരു ജെസ്റ്റർ ഇന്ത്യാ മുന്നണിക്കുണ്ടാകുന്ന മൈലേജ് എന്തായിരിക്കും.

ജ്യോതിസ് പരവൂർ:
സിജെപി വിഷയത്തിൽ എനിക്ക് ഒരു ആശങ്കയുണ്ട്. അണ്ണാ ഹസാരയൊക്കെ മുന്നിൽ ഉദാഹരണം പോലെ നിൽക്കുമ്പോൾ ആശങ്കപ്പെ ടാതെ ഇരിക്കാൻ കഴിയുന്നില്ല.പ്രതിപക്ഷം എന്ന കോൺഗ്രസിനെ പൂർണ്ണമായും വഴിയാധാരമാക്കി എന്ന് പറയാം ഈ മൂവ്മെൻ്റ്.നീറ്റ്, അയോധ്യ വിഷയം ഒന്നും തന്നെ നല്ല രീതിയിൽ ഉപയോഗിക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞില്ല.

സുരേഷ് നെല്ലിക്കോട്:
എന്തായാലും ഈ സമരം എല്ലാ രാഷ്ട്രീയകക്ഷികളുടേയും കണ്ണുതുറപ്പിച്ചിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഇപ്പോഴത്തെ ഭരണാധികാരികള്‍ സമരനേതാക്കളുടെ പേരുകള്‍ക്കു ചുറ്റും ചുവന്ന മഷിയാല്‍ വട്ടം വരച്ചിട്ടുണ്ടാവും എന്ന കാര്യത്തിലും എനിക്ക് സംശയമില്ല.

സന്തോഷ്‌ ഋഷികേശ്

ഇത് ഒരു പുതിയ ഘട്ടമാണ്. ഏത് വഴിക്കാവും എന്നുറപ്പില്ല. എന്നാൽ ഒന്നും പഴയതുപോലെ ആവില്ല എന്നുറപ്പ്. കാരണം ജനത എന്തെങ്കിലും cause ന് ഏതിന്റെയെങ്കിലും ബാനറിൽ ഒന്നിച്ച് ഒരു കൊടുങ്കാറ്റായി തീരുമെന്നൊരു ഉറപ്പ് വന്നു. ആ പേടിയും പ്രതീക്ഷയും ബാക്കിയാവും.

മേതിലാജ് എം എ:
എന്തുകൊണ്ട് വിദ്യാർത്ഥി സമരം വിജയിച്ചു ? ഒരുപാടു ചർച്ചകൾ നടക്കേണ്ട വിഷയമാണ്. കാരണം അതിൽനിന്നു നമുക്ക് (മുഖ്യധാരാ പാർട്ടികൾക്ക്, വിവിധ രാഷ്ട്രീയ സംഘടനകൾക്ക്) ഒരുപാട് പഠിക്കാനും തിരുത്താനും കഴിയും.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.