ഇതൊരു നോക്ക് ഔട്ട് മാച്ചാണ്
മൂന്ന് ഘട്ടങ്ങൾ താണ്ടാനുണ്ട്
ആഹ്ലാദങ്ങൾക്ക് കുമിളകളുടെ
ആയുസ്സ് പോലുമില്ല
അതിജീവനത്തിന്റെ ഒന്നര മണിക്കൂർ
പിന്നീടൊരു അര മണിക്കൂർ
അതിലും വിധിയെഴുതിയില്ലെങ്കിൽ
ഗോൾ കീപ്പർമാർക്ക് മാർക്കിടാം
നിങ്ങൾ പോലുമറിയാതെ
നിയന്ത്രിക്കാനൊരു റഫറിയുണ്ട്
നോക്ക് ഔട്ട് മാച്ചിൽ വിജയികൾ
മാത്രമേയുള്ളു
പരാജയത്തിന്റെ കണക്കുകൾ
ആരും പരിഗണിക്കില്ല
വിയർപ്പിന്റെ ഉപ്പുള്ള
ജേർസിയ്ക്ക് മാത്രമറിയാം
അതിജീവനത്തിന്റെ അധ്വാനം
ആർപ്പ് വിളികൾ വിജയികൾക്കൊപ്പം
ആരവങ്ങളുടെ തുഴയൽ മുന്നേറിയവർക്കൊപ്പം
ജീവിതത്തിന്റെ നോക്ക് ഔട്ട് മാച്ചിൽ
പല ഘട്ടങ്ങളിലും തിരിച്ചു കയറാൻ പറ്റാതെ
നമ്മൾ ഔട്ട് ആകുന്നു , തീർപ്പിന്റെ
ലോങ്ങ് വിസിൽ മുഴങ്ങുന്നു.
കവർ: ജ്യോതിസ് പരവൂർ
Comments
