പൂമുഖം പുസ്തകപരിചയം ജനിമരണങ്ങൾക്കിടയിലെ ആനന്ദലീലകൾ

ജനിമരണങ്ങൾക്കിടയിലെ ആനന്ദലീലകൾ

ആദിമചോദനകളുടെ കാട് മനുഷ്യ പരിണാമങ്ങളുടെ ചരിത്രവുമായി ഇഴചേർന്നുകിടക്കുന്ന സംഗതിയാണ്. വ്യത്യസ്ത വ്യവസ്ഥകൾ രൂപപ്പെടുന്നതിന് മുമ്പ് മനുഷ്യൻ സ്വതന്ത്രരായിരുന്ന കാലദേശങ്ങൾ ഓർക്കുക. കാടുകളായിരുന്നു മനുഷ്യരുടെ അഭയസങ്കേതങ്ങൾ. വികാരവിവേചനങ്ങളുടെ പാഠശാലയും അവ തന്നെയായിരുന്നു. മനുഷ്യൻ്റെ ഭാവനയും പ്രകൃതിയുടെ കരുത്തും ഇണചേർന്ന് ദൈവമെന്ന അതീന്ദ്രിയ സങ്കൽപം പിറന്നതു പോലും കാട്ടിലായിരുന്നിരിക്കണം.

ആത്മാന്വേഷണങ്ങളുടെ കാട് കവി ഡി. വിനയചന്ദ്രൻ വിശദമായ കാവ്യഭാഷയിൽ വരച്ചിട്ടുണ്ട്:

“കാടിനു ഞാനെന്തു പേരിടും?
കാടിനു ഞാനെൻ്റെ പേരിടും. പേരുകൾ സൂര്യനും ചന്ദ്രനും ഭൂമിയും പേരുകളല്ലയോ സർവ്വചരാചരം. പേരുകൾക്കുള്ളിൽ പെരുമാളിരിക്കുന്നു പേരും പെരുമാളുമൊന്നുതന്നല്ലയോ! ഒന്നുതന്നല്ലയോ നിങ്ങളും ഞാനു – മിക്കാടും കിനാക്കളും അണ്ഡകടാഹവും”

മനീഷികൾ ഇതിഹാസങ്ങളിലൂടെ നിർവചിക്കാൻ ശ്രമിച്ച ത്രിമാനസ്വഭാവമുള്ള രൂപകങ്ങളാണ് കാടും പർവ്വതവും സമുദ്രവും. ഇവയിൽ ഏതെങ്കിലും ഒന്നോ , മൂന്നും തന്നെയോ ലോകത്തിലെ മിക്ക മഹത്തായ സാഹിത്യകൃതികളുടെയും അസ്ഥിവാരമായിട്ടുണ്ട്. രാമായണവും മഹാഭാരതവും ഇലിയഡും ഒഡീസിയുമാകട്ടെ അവയുടെ മഹാപർവ്വങ്ങളാണ്.

മലയാളിയുടെ വനസങ്കല്പം തിടം വെച്ചിട്ട് നാലു പതിറ്റാണ്ടിൽ അധികമായിട്ടില്ലെന്ന് വേണം കരുതാൻ. പരിസ്ഥിതിയെ സംബന്ധിച്ച ബോധവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും മലയാള സാഹിത്യത്തിൽ സ്ഫുടമായി പ്രകാശനം ചെയ്യപ്പെട്ടിട്ട് അധികകാലമായിട്ടില്ല. പൊതുബോധത്തിൽ പ്രകൃതിയും പരിസ്ഥിതിയും കടന്നുവന്നിട്ടും ഏറെക്കാലമായിട്ടില്ല.

സാമാന്യമായ പൊതുബോധത്തിനപ്പുറം വനം എന്ന പ്രത്യക്ഷ യാഥാർത്ഥ്യത്തെ വളരെ വ്യത്യസ്തമായ വീക്ഷണത്തിലൂടെ മനുഷ്യജീവിതത്തിന്റെ കണ്ണാടിക്കാഴ്ചകളാക്കി മാറ്റാനുള്ള ശ്രമമാണ് രാഹുൽ ശങ്കുണ്ണിയുടെ ‘ആനന്ദവനം’ എന്ന ആദ്യനോവൽ നടത്തുന്നത്.

“എന്തെങ്കിലും സംഭവിക്കാത്തതായി ഒരു യാത്രയുമില്ല. എത്ര ചെറുതായാൽ പോലും ഒരു യാത്രയും യാത്രികന്റെ അവബോധത്തിൽ നിക്ഷേപം നടത്താതെ അവസാനിക്കുന്നില്ല. അതേസമയം അപൂർവമായി ചില യാത്രകൾ സംഭവിക്കുന്നുണ്ട്. യാത്ര പോയവരുടെയും വേണ്ടപ്പെട്ടവരുടെയും ജീവിതത്തിൻ്റെ സഞ്ചാരപഥത്തെ എന്നെന്നേക്കുമായി മാറ്റിക്കളയുന്നവ.” എന്ന ആദ്യ ഖണ്ഡിക തന്നെ വായനയുടെ ആകർഷണവലയത്തിലേക്ക് നമ്മെ പിടിച്ചടുപ്പിക്കുന്നു.

ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥാഗതി നിർണയിച്ച്, ആ അസ്ഥികൂടത്തിന് പുറത്ത് ഭാഷയുടെ മാംസാവരണം നിർമ്മിച്ച് കൃത്രിമമായി അവതരിപ്പിക്കപ്പെട്ട ഒരു കൃതിയല്ല ഈ നോവൽ. ജീവിതം, മരണം എന്നീ നിതാന്തസത്യങ്ങൾക്ക് പുതുമയുള്ള ആവിഷ്കാരം നൽകുന്ന, അവയ്ക്ക് ലളിതവും ഗൗരവതരവും മൗലികതയുള്ളതുമായ വ്യാഖ്യാനം നൽകുന്ന കൃതിയാണ് ആനന്ദവനം.

1983 ൽ നീലഗിരി കാടുകളിലേക്ക് നടത്തിയ ഒരു സ്റ്റഡി ടൂറിന്റെ ഓർമ്മകളിൽ നിന്ന് ആരംഭിച്ച് , വനത്തിലേക്കും വന്യമായ മനോചോദനകളുടെ ലോകത്തേക്കുമുള്ള അനന്തമായ യാത്രയെ കുറിച്ചാണ് ഈ നോവൽ നമ്മളോട് പറയുന്നത്. അസാമാന്യമായും അസാധാരണമായും ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന വ്യക്തികളുടെ മനസ്സുകളുടെ പരിച്ഛേദം ഇത് ദൃശ്യമാക്കുന്നു.

ഉള്ളിൽ നിറയെ കാടുമായി ജീവിക്കുന്ന നാലു പേരാണ് നോവലിൻ്റെ കഥാഗതിയിൽ നിറയുന്നത്. ഗിരി, ഹേമ, സ്റ്റെല്ല, രാജൻ എന്നിവരുടെ സംഘം ആ വനയാത്രയിൽ തങ്ങളുടെ ജീവിതത്തെ അനിയന്ത്രിതമായി കയറൂരി വിടുന്നതും, കാടുകയറിയ അവരുടെ അനുഭവലോകവും ചിന്താപദ്ധതികളും അതുവരെക്കാണാത്ത അർത്ഥതലങ്ങളിലേക്ക് അവരുടെയും ചുറ്റുപാടുമുള്ള മനുഷ്യരുടെയും ലോകത്തെ മാറ്റിത്തീർക്കുന്നതുമാണ് നോവലിൻ്റെ സംഗ്രഹാർത്ഥം. പക്ഷെ, ആ ചിന്താപദ്ധതികൾ അത്ര ലളിതമായിരുന്നില്ല. അവ അവരെ ത്തന്നെ അടിമുടി മാറ്റുകയും ജീവിതത്തെ പല സന്ദർഭങ്ങളിലും മരണത്തിൻ്റെ വക്കോളം എത്തിക്കുകയും ചെയ്യുന്നുണ്ട്. മുൻവിധികളില്ലാത്ത പ്രവർത്തന മാർഗ്ഗത്തിലൂടെ അവർ നാലുപേരും അവരുടെയും ചുറ്റുമുള്ളവരുടെയും ജീവിത ദർശനങ്ങളെ മാറ്റിയെഴുതുന്നു.

മനസ്സിൻ്റെ ലോകം അവരെ നിരന്തരം പുതുക്കിപ്പണിയുമ്പോഴും പുറംലോകത്തിന്റെ സമ്മർദ്ദം ഇടയ്ക്കൊക്കെ അവരെ സന്ദേഹികളാക്കുന്നുണ്ട്. സമ്പത്ത് മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകം ആവരുത് എന്നു ചിന്തിക്കുമ്പോഴും അതിൻ്റെ ചരടുകൾ രാജൻ എന്ന കഥാപാത്രത്തെ അനുഭവങ്ങളിലൂടെ തിരിച്ചു നടത്തുന്നുണ്ട്. കാടിനെ അനുഭവിക്കുകയും കാടത്തത്തിന്റെ നിഷ്കളങ്കതയെ സ്വയംവരിക്കുകയും ചെയ്യുന്ന അയാൾ ഒരു ഘട്ടത്തിൽ നാട്ടിലെ മദ്യശാല നടത്തിപ്പുകാരനായി മാറുന്നു. എന്നാൽ ആ സമ്പന്നത അയാളെ സംതൃപ്തനാക്കുകയോ സന്തോഷിപ്പിക്കുകയും ചെയ്യുന്നില്ല. പൂർത്തിയാക്കപ്പെടാത്ത ഏതൊക്കെയോ അബോധ ചോദന കളുടെ സ്വാധീനം അയാളെ പിന്നെയും പിന്നെയും കാടിനോട് ചേർത്തുകെട്ടുന്നു.

അകത്തും പുറത്തും രണ്ടുതരം ജീവിതം നയിക്കുന്നവരാണല്ലോ മനുഷ്യർ. ഉള്ളിലെ സങ്കല്പങ്ങൾക്കും ചിന്തകൾക്കും അനുസൃതമായി സഞ്ചരിക്കുവാനാവാത്തതു മൂലമുണ്ടാകുന്ന പ്രതിസന്ധികളുടെ ഘോഷയാത്ര ഓരോ മനുഷ്യ ജീവിതത്തിലും കാണാം. ബാഹ്യജീവിതത്തിൻ്റെ ആകർഷണങ്ങളും രുചി വൈവിധ്യങ്ങളും അവരെ ഏറെ സ്വാധീനിക്കുന്നുണ്ട്. മൃഗതുല്യമായ നൈമിഷികവികാരങ്ങളും മനുഷ്യ സ്വഭാവത്തിലുള്ള തിന്മകളും ഒക്കെ അവരെ ഏറിയും കുറഞ്ഞും സ്വാധീനിക്കുന്നുണ്ട്.
അത്തരം വൈരുദ്ധ്യങ്ങളുടെ കൂർത്ത മുനകളിൽ നിന്ന് രക്ഷപ്പെടുത്തുവാനുള്ള സമവായ ചിന്ത കൂടി മനുഷ്യർ ചില സന്ദർഭങ്ങളിൽ പുറത്തെടുക്കാറുണ്ട്.

മാനുഷികമായ ആകർഷണങ്ങളും ആസക്തികളും നോവലിലെ പല കഥാപാത്രങ്ങളിൽ പല രീതികളിലാണ് പ്രകടമാവുന്നത്. പഴക്കമേറിയ ഉടമ-അടിമ ബന്ധത്തിൻറെ ഭാവപ്പകർച്ചകളാൽ സമ്പന്നമായിരുന്നു സ്റ്റെല്ലയുടെയും രാജന്റെയും പൂർവ്വകാല ജീവിതം. അവരുടെ തുടർന്നുള്ള വ്യക്തി ബന്ധങ്ങൾക്കിടയിൽ ചില നീർച്ചാലുകൾ ഉത്ഭവിക്കുന്നുണ്ടെങ്കിലും ഇടയിലുള്ള മതിൽ തകർത്തറിയാൻ അവരുടെ തന്നെ മനോനില തടസ്സമാകുന്നുണ്ട്.

വസ്ത്രത്തിന്റെ ബന്ധനം പോലും ഉപേക്ഷിച്ച് വനത്തിന്റെ നിർമ്മലതയിലും ഉടൽരതിയിലും ഇടപഴകുന്ന ഗിരിയും ഹേമയും മനുഷ്യനിലെ പുരാതനത്വത്തെ ദിവ്യതരമാക്കുന്ന കഥാപാത്രങ്ങളാണ്. അനുഭവങ്ങളുടെയും ചിന്തകളുടെയും കുറിപ്പുകളായി ഗിരി അയാളുടെ ലോകത്തെ ആവിഷ്കരിക്കുമ്പോൾ ‘കാടകം’ എന്ന പേരാണ് ശീർഷകമായി നൽകുന്നത്. അകത്തും പുറത്തും കാടിനെ വഹിക്കുന്ന മനുഷ്യരുടെ ജീവിതകഥയായി അത് മാറുന്നു.

“സമയത്തിന് ഒഴുക്കു നഷ്ടപ്പെട്ടതുപോലെ നാലുപേർക്കും തോന്നി. ഇലകൾക്കിടയിലൂടെ വെളിച്ചം ഒളിച്ചെത്തുന്നുണ്ട്. പെട്ടെന്ന് ആകെ ഇരുണ്ടു പോകുന്നുണ്ട്. പ്രഭാതം മുതൽ മധ്യാഹ്നം വരെയും അവിടെനിന്ന് സായാഹ്നം വരെയും രേഖീയമായ സഞ്ചാരമല്ല കൊടുങ്കാട്ടിലെ സമയത്തിന്. അസാധാരണമായ ഒരു തരം അപ്രവചനീയത കാട്ടിലെ വെളിച്ചത്തെയും കാലത്തെയും ചൂഴ്ന്നു നിൽക്കുന്നതായി അവർക്ക് തോന്നി.” അകപ്പെട്ടുപോയ കാട്, പുറത്ത് അതിൻറെ തിമിർപ്പിൽ ആകാശംമുട്ടെ ഉയരുമ്പോൾ, അകത്ത് വികാരങ്ങളുടെ കാട് ഏറ്റവും ഹൃദ്യമായി സ്പന്ദിക്കുന്ന ഇത്തരം നിരവധി സന്ദർഭങ്ങൾ ഈ കൃതി അടയാളപ്പെടുത്തുന്നുണ്ട്.

നിരവധി പരീക്ഷണങ്ങൾ കാട് അവർക്ക് നേരെ പരുഷമായി നീട്ടുന്നുണ്ട്. അവയ്ക്കിടയിലൂടെ മധുരതരമായ വസന്തത്തിന്റെ ഗാനം പോലെ ലയവിന്യാസത്തിന്റെ സന്ദർഭങ്ങളും അവർക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്.

നാഗരികജീവിതം മനുഷ്യരിൽ സൃഷ്ടിക്കുന്ന ‘കണ്ടീഷനിങ്’ എന്ന മരവിപ്പ് കുടഞ്ഞെറിയുന്നവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെല്ലാം. കാട്ടിൽ വളർന്ന രാജനും കാടിൻ്റെ മൂപ്പനും മുപ്പത്തിയുമായ അവൻ്റെ മാതാപിതാക്കളും, ഗോത്രജീവിതത്തിൻറെ വ്യത്യസ്ത വർണ്ണങ്ങളെ സംവഹിക്കുന്ന ഇതര മനുഷ്യരുമൊക്കെ ജീവിതത്തിൻ്റെ വൈവിധ്യങ്ങളുടെ സമ്മേളനം അനുഭവിപ്പിക്കുന്നവരായി കഥാഘടനയിൽ വന്നുചേരുന്നുണ്ട്. മനുഷ്യകുലം പടുത്തുയർത്തിയ സംസ്കാരത്തിൻ്റെ ഗോപുരങ്ങളെയെല്ലാം ഒരു ഭാഗത്തും, അവന്റെ പുരാതനമായ വനസംസ്കൃതിയുടെ നിഷ്‌ക്കളങ്കത മറുവശത്തും വച്ച് തൂക്കം നോക്കിയാൽ, ആനന്ദവനത്തിൻ്റെ ശിരസ്സ് ഉയർന്നു തന്നെ നിൽക്കുമെന്ന് ഇതിലെ കഥാപാത്രങ്ങൾ അവരുടെ ജീവിതത്തിലൂടെ നമ്മോടു പറയുന്നു.

ലളിതമായി പറയുന്ന കഥയ്ക്കുള്ളിൽ ചില സന്ദർഭങ്ങളിൽ ഭാരതീയവും പശ്ചാത്യവും ആയ ദാർശനിക ധാരകൾ ചേർന്നിരിക്കുന്നതായി നമുക്ക് തോന്നും. അറിഞ്ഞോ അറിയാതെയോ നോവലിസ്റ്റ് അത്തരം ഒരു ഘടന സംഭാഷണങ്ങളിലൂടെ നിലനിർത്തിയിട്ടുണ്ട്.

കഥകളാൽ സൃഷ്ടിക്കപ്പെട്ട ലോകത്ത് മനുഷ്യന് അത്രമേൽ പരിചിതമല്ലാത്ത വനമേഖലയുടെ മാനവിക കഥയുമായി ആനന്ദവനം വായനക്കാരെ രസിപ്പിക്കും. ഇതിൻ്റെ വായന അതിസുന്ദരമായ ഒരു വനയാത്രയായി അനുഭവപ്പെടുക തന്നെ ചെയ്യും. ജനിമരണങ്ങൾക്കിടയിലെ ആനന്ദലീലയായി ഈ കൃതിയെ വിശേഷിപ്പിക്കുവാൻ സംശയിക്കേണ്ടതില്ല.

ആനന്ദവനം (നോവൽ)
രാഹുൽ ശങ്കുണ്ണി
പുറങ്ങൾ: 207
വില : ₹320
ലോഗോസ് ബുക്സ്, പട്ടാമ്പി

കവര്‍: വിൽസൺ ശാരദ ആനന്ദ്

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.