“സമാധാനം ശക്തി ഉപയോഗിച്ച് നിലനിർത്താൻ കഴിയില്ല. അത് പരസ്പര ധാരണയിലൂടെ മാത്രമേ കൈവരിക്കാൻ സാധിക്കൂ.”
:- ആൽബർട്ട് ഐൻസ്റ്റീൻ
യുദ്ധങ്ങൾ ജനങ്ങളുടെ ആവശ്യമല്ല, ഭരണാധികാരികളുടെ അധികാരത്തിന് വേണ്ടിയുള്ളതാണ്.എല്ലാ കാലത്തും യുദ്ധങ്ങൾ അതിനുവേണ്ടി ഉണ്ടാക്കപ്പെടുന്നു.പശ്ചിമേഷ്യയിൽ കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെ അതിന്റെ ഭാഗമാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇറാന് മേലെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം. ലോകത്തിന്റെ എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ടാണ് ഇക്കാലമത്രയും ഉണ്ടായ യുദ്ധങ്ങളിൽ നിന്നും വ്യത്യസ്തമായ ഈ യുദ്ധം ആറാമത്തെ ആഴ്ചയിലേയ്ക്ക് കടക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്ക- കേന്ദ്രീകൃതമായ ഒരു ലോകക്രമമാണ് ഇതുവരെ ഉണ്ടായിരുന്നത്. അത് നിലനിർത്തുന്നതിന്റെ ഭാഗമാണല്ലോ ഈ യുദ്ധവും.എന്നാൽ ഇറാന്റെ ചെറുത്തുനിൽപ്പും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും അതിനെയെല്ലാം മാറ്റിമറിക്കുകയും അമേരിക്കയുടെ സൈനിക ശക്തിയിലും ആയുധങ്ങളിലും ലോകത്തിനുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു
അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. ലോകബാങ്കിന്റെയും യു.എൻ.ഡി.പിയുടെയും ഏറ്റവും പുതിയ റിപ്പോർട്ടുകൾ , ഈ യുദ്ധം ഗൾഫ് മേഖലയ്ക്ക് 194 ബില്യൺ ഡോളർ വരെ നഷ്ടമുണ്ടാക്കിയേക്കാം എന്നും 2025-ൽ 4.4% ആയിരുന്ന ജിസിസി രാജ്യങ്ങളുടെ ശരാശരി സാമ്പത്തിക വളർച്ച 2026-ൽ വെറും 1.3% ആയി ചുരുങ്ങുമെന്നുമാണ് പറയുന്നത്. നിലവിൽ തന്നെ ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏതാണ്ട് 4 മുതൽ 8 ശതമാനം വരെ ഈ യുദ്ധം കവർന്നെടുത്തുകഴിഞ്ഞു. അതോടൊപ്പം ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകവിപണിയിലേക്ക് എത്തേണ്ട ക്രൂഡോയിലിന്റെ വലിയൊരു ഭാഗം വിപണിയിൽ എത്താതായി . ഇത് ഗൾഫ് മേഖലയുടെ പ്രധാനവരുമാനത്തിൽ വലിയ നഷ്ടമുണ്ടാക്കികൊണ്ടിരിക്കുകയാണ്. പ്രതിദിനം 21 മില്യൺ ബാരലിൽ നിന്നും കയറ്റുമതി 14 മില്യണിലേക്ക് കുറഞ്ഞു. ഏതു സമയവും കപ്പലിന് നേരെ അക്രമം ഉണ്ടായേക്കാം എന്നായതോടെ കപ്പലുകളുടെ ഇൻഷുറൻസ് തുക മാരി ടൈം കമ്പനികൾ കുത്തനെ കൂട്ടി. അതോടെ വ്യാപാരച്ചെലവ് ഇരട്ടിയായി. എണ്ണവിപണിയുടെ പ്രതിസന്ധികൾ അനുദിനം വര്ധിച്ചുകൊണ്ടിരിക്കുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവാതെ ലോകം മിഴിച്ചു നില്കുകയാണ്.
അമേരിക്കയുടെ യുദ്ധവെറിയും ഇസ്രയേലിന്റെ പ്രതികാരദാഹവും ചേർന്ന് ലോകത്തോട് നുണപറഞ്ഞുകൊണ്ട് നടത്തിയ ഈ യുദ്ധം ഇന്ന് അവരുടെ കൈപ്പിടിയിൽ നിന്നും വഴുതിപ്പോയിരിക്കുന്നു.
ഗൾഫ് രാജ്യങ്ങളിൽ എണ്ണവിപണി മാത്രമല്ല തകർച്ച നേരിട്ടുകൊണ്ടിരിക്കുന്നത്. ദുബായ് പോലുള്ള നഗരങ്ങളുടെ ഏറ്റവും വലിയ ആസ്തി അവിടത്തെ നഗരങ്ങളുടെ സുരക്ഷിതത്വം ആയിരുന്നു. വർഷങ്ങളായി കോടികൾ ചിലവിട്ട് വ്യാപാര / വിനോദ കേന്ദ്രങ്ങൾ നിർമ്മിച്ചും ഫെസ്റ്റിവലുകൾ നടത്തിയും ഉണ്ടാക്കിയെടുത്ത വിശാസത്തിന് ഭീഷണി നേരിട്ടത് ടൂറിസം മേഖലകളെയും മറ്റു വ്യാപാര മേഖലകളെയും ബാധിച്ചു. ലോകത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന എല്ലാ സൗകര്യങ്ങളും ഉള്ള മികച്ച ഇടത്താവളം ആണ് ദുബായ്. ലോകത്തിലെ മുൻനിരയിലേക്ക് കുതിക്കുന്ന ബിസിനസ് ഹബ്.യുദ്ധഭീതി കാരണം വിദേശ വിനോദസഞ്ചാരികൾ പിൻവാങ്ങിയതോടെ പ്രതിദിനം ഏകദേശം 600 മില്യൺ ഡോളറിന്റെ നഷ്ടമാണ് ടൂറിസം മേഖലയിൽ മാത്രം കണക്കാക്കുന്നത്.
സൗദി അറേബ്യയും യുഎഇയും ധാരാളം സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. Vision 2030 അത്തരം പദ്ധതിയാണ് . ദീർഘകാല ലക്‌ഷ്യം വെച്ചുള്ള വലിയ പദ്ധതികൾക്ക് ഏറ്റ തിരിച്ചടി ടൂറിസം മേഖലയുടെ തകർച്ചക്ക് കാരണമാകും, വർത്തമാനകാലത്തും ഭാവിയിലും.ഈ യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ മിഡിൽ ഈസ്റ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 11% മുതൽ 27% വരെ കുറവുണ്ടായി എന്നും യുദ്ധം നീണ്ടുനിൽക്കുന്നതിനാൽ ഈ കണക്ക് കൂടാനേ സാധ്യതയുള്ളൂ എന്നുമാണ് നിഗമനം. അത് ഏകദേശം 34 ബില്യൺ മുതൽ 56 ബില്യൺ ഡോളർ വരെ വരുമാനനഷ്ടമുണ്ടാക്കും എന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്.
വ്യാമയാനമേഖലയിൽ ഉണ്ടായ തകർച്ചയും ഇതിനോട് ചേർത്തുവായിക്കേണ്ട ഒന്നാണ്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യം ആഗോള വ്യോമയാനമേഖലയെ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ വിമാനക്കമ്പനികളെ വലിയ രീതിയിൽ ഇതിനകം ബാധിച്ചു കഴിഞ്ഞു എന്നത് അതീവ ഗൗരവകരമായ വിഷയമാണ്. ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ ലോകത്തെ പ്രധാന ‘ട്രാൻസിറ്റ് ഹബുകൾ’ കൂടിയാണ്. ലോകത്തെ ആകെ അന്താരാഷ്ട്ര ട്രാൻസിറ്റ് യാത്രക്കാരുടെ 14-15% കൈകാര്യം ചെയ്യുന്നത് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളാണ്. യുദ്ധം കാരണം ഈ യാത്രക്കാരിൽ പലരും മിഡിൽ ഈസ്റ്റിനെ ഒഴിവാക്കി. ഇത് ഈ മേഖലയുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കിയിട്ടുണ്ട്.ഒപ്പം ഓഹരി വിപണിയിലും ഗൾഫ് മേഖലയിലെ വ്യാമയാനക്കമ്പനികൾ വലിയ നഷ്ടമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. യുദ്ധത്തിന്റെ ആദ്യ മൂന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ ലോകത്തെ പ്രധാന 20 വിമാനക്കമ്പനികളുടെ വിപണിമൂല്യത്തിൽ ഏകദേശം 53 ബില്യൺ ഡോളറിന്റെ ഇടിവാണുണ്ടായത്. യുദ്ധം കാരണം വിമാന പാതകൾ മാറ്റേണ്ടിവന്നതും ഇന്ധനവില വർദ്ധിക്കുന്നതും കാരണം ടിക്കറ്റ് നിരക്കുകളിൽ 40% വരെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക അടിത്തറയുടെ ഭാഗമായ ഗൾഫ് വിമാനക്കമ്പനികളാണ് എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ്, ഇത്തിഹാദ് എന്നിവ. ഈ കമ്പനികളെ യുദ്ധം നേരിട്ട് ബാധിക്കുകയെന്നാൽ അത് അതാത് രാജ്യങ്ങളുടെ സാമ്പത്തികാവസ്‌ഥയെ ബാധിക്കുന്നു എന്നാണ്. വിമാനസർവീസുകൾ റദ്ദാക്കേണ്ടി വന്നതും വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ഇതിനകം ഏതാണ്ട് 30,000-ൽ അധികം വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു. ലക്ഷക്കണക്കിന് യാത്രക്കാരെയാണത് ബാധിച്ചത്.ഈ മേഖലയിലെ വിശ്വാസ്യതയ്ക്കും ഇടിവ് വന്നു.വിമാനത്താവളങ്ങളുടെ നേരെ ഉണ്ടായ ഡ്രോൺ ആക്രമണങ്ങൾ തുടരുന്ന ഭീഷണിയാണ്.
ഈ യുദ്ധത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളെക്കാൾ സാമ്പത്തികമായി ഏറ്റവും കൂടുതൽ പരിക്കേറ്റ രാജ്യങ്ങളാണ് ബഹ്‌റൈനും ഖത്തറും. നിലവിലെ പ്രതിസന്ധി മറികടക്കാൻ യു.എ.ഇ ബഹ്‌റൈന് 5.4 ബില്യൺ ഡോളറിന്റെ (20 ബില്യൺ ദിർഹം) കറൻസി സ്വാപ്പ് സഹായം നൽകേണ്ടി വന്നു. ഖത്തറിലെ പ്രധാന വ്യാവസായിക കേന്ദ്രമായ റാസ് ലഫാൻ (Ras Laffan) പോലുള്ള ഇടങ്ങളിലുണ്ടായ ആഘാതം അവരുടെ എൽഎൻജി കയറ്റുമതിയെയും ബാധിച്ചു. അതുപോലെ l കുവൈറ്റിലും വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി.
ഗൾഫ് മേഖലയിലെ ഏത പ്രതിസന്ധിയും വലിയ തോതിൽ ബാധിക്കുന്ന ഇടങ്ങളിൽ ഒന്നാണ് കേരളം. തൊഴിൽ മേഖലയിൽ മലയാളികൾ നേരിടുന്ന പ്രതിസന്ധി ഇതിനകം പ്രകടമായി തുടങ്ങിയിട്ടുണ്ട്. അനുദിനം അനേകം അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ജോലിക്കായി ഗൾഫ് മേഖലയിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. ഇതിൽ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്.
യുദ്ധാനന്തരം ഗൾഫ് രാജ്യങ്ങൾ നേരിടാൻ പോകുന്ന മറ്റൊരു പ്രതിസന്ധിയാണ് ഇറാന്റെ നഷ്ടപരിഹാരവാദം. ഇക്കാര്യങ്ങൾ ഇതിനകം യു എന്നിൽ ഉന്നയിക്കുകയും അന്താരാഷ്ട്ര തലത്തിൽ അതൊരു ചർച്ചയാകുകയും ചെയ്തു കഴിഞ്ഞു. ഈ യുദ്ധത്തിലേക്ക് ഗൾഫ് രാജ്യങ്ങളെ വലിച്ചിഴച്ചു കൊണ്ടുവന്ന അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ഇറാന്റെ നഷ്ടപരിഹാരത്തുക നൽകേണ്ടത് ഗൾഫ് രാജ്യങ്ങളാണ് എന്ന് പറയുമ്പോൾ വരും കാലങ്ങളിൽ ഇറാന്റെ ആവശ്യം ഗൾഫ് രാജ്യങ്ങൾക്ക് വലിയ ബാധ്യതയായി മാറും. അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാനെ ആക്രമിക്കാൻ മണ്ണും വ്യോമപാതയും വിട്ടുനൽകിയ ഗൾഫ് രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്നും, അതിനാൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇറാന്റെ നിലപാട്. സ്വയംരക്ഷ എന്ന അവകാശം ഉയർത്തിക്കാട്ടിയാണ് ഇറാൻ ആവശ്യം ഉന്നയിക്കുന്നത്.ഈ വാദം വരുംകാലങ്ങളിൽ വലിയ ചർച്ചയാകും.
ലോകക്രമത്തിൽ വലിയ മാറ്റങ്ങൾക്ക് ഈ യുദ്ധം സാഹചര്യമൊരുക്കി. അമേരിക്കൻ സൈനിക സഹായത്തെ വിശ്വസിച്ച് ഇറാനെതിരെ നിലകൊണ്ട ഗൾഫ് രാജ്യങ്ങൾ,പുതിയ സാഹചര്യത്തിൽ അമേരിക്കയെ അന്ധമായി വിശ്വസിക്കുന്നത് തുടരണമോ അതോ മേഖലയിൽ സമാധാനത്തിനായുള്ള പുതിയ നയതന്ത്ര പാതകൾ തേടണമോ എന്നതാണ്, ഇപ്പോൾ ആ രാജ്യങ്ങളിൽ നടക്കുന്ന പ്രധാന ആഭ്യന്തര ചർച്ചകൾ . ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ വലിയ സമ്മർദ്ദത്തിലാണ്. ഒരു വശത്ത് തകരുന്ന സമ്പദ്‌വ്യവസ്ഥയും മറുഭാഗത്ത് ഇറാന്റെ നയതന്ത്ര-സൈനിക ഭീഷണികളും. ഈ പ്രതിസന്ധികൾ തുടരുമ്പോൾ വിദേശ നിക്ഷേപകർ മേഖലയിൽ നിന്നും പണം പിൻവലിക്കുന്നത് തുടരുകയാണ്. അത് ഈ രാജ്യങ്ങളിലെ ഭാവി വികസനപദ്ധതികളെ വലിയ തോതിൽ ബാധിക്കും. സ്വാർത്ഥ താല്പര്യങ്ങളിലൂന്നി ഒരു യുദ്ധത്തിന് വഴിയൊരുക്കിയ അമേരിക്ക- ഇസ്രായേൽ യുദ്ധമുന്നണിയുടെ ഇടനിലക്കാരായ ഗൾഫ് രാജ്യങ്ങൾക്ക് സ്വന്തം സമ്പത്ത് വലിയ വിലയായി നൽകേണ്ടി വരുന്നു. ഇത് നൂറോളം രാജ്യങ്ങളിൽ നിന്നായി ജോലിതേടിയെത്തിയ ഗൾഫ് മേഖലകളിലെ ലക്ഷക്കണക്കിന് പ്രവാസികളെ ബാധിക്കുമ്പോൾ അത് ലോകസാമ്പത്തിക രംഗത്താകെ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. “മരിച്ചവർ മാത്രമേ യുദ്ധത്തിന്റെ അവസാനം കണ്ടിട്ടുള്ളൂ.” എന്ന പ്ളേറ്റോയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ജീവിച്ചിരിക്കുന്നവരെ ദുരിതത്തിലേയ്ക്കും പ്രതിസന്ധിയിലേയ്ക്കും മാത്രമേ ഏതൊരു യുദ്ധവും നയിക്കുകയുള്ളൂ.
കവര്‍: സി പി ജോൺസൺ
