കഴിഞ്ഞ രണ്ടരപതിറ്റാണ്ട് കാലമായി
എൻ്റെ പ്രധാന പണി
അവളെ സാമ്പാറുവെയ്ക്കാൻ പഠിപ്പിക്കലാണ്
വെണ്ടയ്ക്ക മുതൽ മുരിങ്ങയ്ക്കവരെ
ഒരുമാതിരിയെല്ലാ പച്ചക്കറികളും
വെട്ടിനുറുക്കി വേവിക്കും
കുക്കറിൽ കിടന്ന് തുവരപ്പരിപ്പ്
രണ്ട് വട്ടം കൂവും
രണ്ടരപതിറ്റാണ്ടിനിടയിൽ
എത്രതരം സാമ്പാർ പൊടികൾ
ഞങ്ങൾ പരീക്ഷിച്ചു
ആരോ അവൾക്കൊരു
പൊടിക്കൈ പറഞ്ഞു കൊടുത്തു:
ഉണക്കച്ചെമ്മീൻ പൊടിച്ചു ചേർത്താൽ
സാമ്പാറിന് രുചി കൂടുമത്രെ!
ഞങ്ങടെ അടുക്കളയിൽ
സ്വത്വം നഷ്ടപ്പെട്ട സാമ്പാർ തിളച്ചു തിളച്ച്
നിലയില്ലാകയത്തിൽ കൈകളിട്ടടിക്കുന്നു.
ഓരോ വട്ടവും പരാജയപ്പെടുമ്പോൾ
അവള് ആത്മഗതം ചെയ്യുന്നു:
“ മുസ്ലിമീങ്ങൾക്ക് സാമ്പാറ് വഴങ്ങത്തില്ല.”
0
അന്നേരം ഞാൻ
സീനത്തമ്മായിൻ്റടുക്കളേലിരുന്ന്
ഉള്ളി തൊലിക്കുകയോ
ചേമ്പ് ചുരണ്ടുകയോ ആയിരിക്കും
അന്നേരം അമ്മായി
മല്ലീം മുളകും തേങ്ങേം
വറുത്തരയ്ക്കുകയാവും
ഞാൻ ജനിക്കണേനും മുമ്പ്,
ഏർവാടീലുറൂസിനുപോയി
പണ്ടാറടങ്ങിയ വകേലൊരു മാമ,
വടക്കു നിന്ന് കൊണ്ടുവന്നവളാണ്.
സീനത്തമ്മായീനെ
നോക്കിനോക്കിയിരിക്കുമ്പോ
അമ്മായീടെ പ്രായം
50, 49 , 48, 47……
മുപ്പതിലങ്ങ് വന്ന് നിൽക്കും
ഹൊ! എന്തൊരു മണമാണ്,
അമ്മായി വെയ്ക്കണ സാമ്പാറിന്
അമ്മായീടെ സാമ്പാറിന്
പക്ഷേ, കഷ്ണങ്ങൾ കുറവായിരുന്നു.
കായ്ക്കാത്ത തെങ്ങ് വെട്ടിയയന്ന്,
പ്രതീക്ഷയ്ക്കൊത്തുവളരാത്ത പാഴ്മരമെന്നു വിധിച്ച്
വാപ്പ അടിച്ചിറക്കിയ ഞാൻ
ചെന്നു കയറിയത്
സീനത്തമ്മായീടെ പുകപിടച്ച അടുക്കളേല്
വീട്ടു പണിയെല്ലാം കഴിഞ്ഞ്
രാത്രീല് തോട്ടില് കുളിക്കാൻ പോകുമ്പോ
അമ്മായിക്ക് ഞാൻ തുണപോയി ഇരുട്ടിൻ്റെ ദേഹത്തുനിന്ന്
തോട്ടിലേക്കൊലിച്ചിറങ്ങുന്ന
ചന്ദ്രികസോപ്പിൻ്റെ വെളുത്ത പത
അമ്മായി എനിക്ക്
ചൂട് ചോറും , സാമ്പാറും
ഉണക്കയല പൊരിച്ചതും
കപ്പങ്ങ തോരനും വിളമ്പി
കിടക്കാൻ പായ വിരിച്ചു
വിളിക്കൂതിക്കെടുത്തി
മുഖത്ത് ചുടുനിശ്വാസം പകർന്നു
ആ നിശ്വാസത്തിനെന്തൊരു
സാമ്പാറിൻ്റെ മണമായിരുന്നു!
0
ഇന്നും അവള്
പക്ഷേ, ആത്മഗതം ചെയ്യുന്നു:
“മുസ്ലിമീങ്ങൾക്ക് സാമ്പാറ് വഴങ്ങത്തില്ല!”
കവർ : ജ്യോതിസ് പരവൂർ
