പ്രസീത.കെ യുടെ “ജഗരന്തയിലെ ഊഞ്ഞാൽ” – ഒരാസ്വാദനം
കവിതകൾ സംവദിക്കുന്നത് പല തലങ്ങളിലാണ്. വരണ്ടും വീണ്ടെടുത്തും പെയ്തും ഒഴുകിയും ഇരമ്പിയാർത്തും കടലായും കൊടുമുടിയേറിയും ഭാവങ്ങൾ നിറയും. പ്രസീതയുടെ ‘ജഗരന്തയിലെ ഊഞ്ഞാൽ’ എന്ന കവിതാശേഖരം ഈ പലവക പ്രപഞ്ചമാണ് തുറക്കുന്നത്. എന്തിനാണ് എഴുതുന്നത് എന്ന് പ്രസീത ആമുഖത്തിൽ പറയുന്നത് ഇങ്ങനെ, “ഭൂമിയെ തൊട്ടുതൊടാതെയുള്ള ഒരു അപരജീവിതം സാധ്യമാകുന്നു” “കവുങ്ങിൻ പാളയിലെ ലോകസഞ്ചാരം” എന്നും എഴുത്തിനെ വിശേഷിപ്പിക്കുന്നു. പക്ഷെ, പുസ്തകം തീരുമ്പോൾ ആ പാളത്തണുപ്പിലേറിയ യാത്രയ്ക്ക് മാറ്റേറെ.
വിശകലനത്തിൻ്റെ കണ്ണിലൂടെ നോക്കിയാൽ സ്വന്തം ഹൃദയത്തിൻ്റെ അപരിചിതത്വങ്ങളാണ് എഴുത്തുകാരി തേടുന്നത്. പ്രണയം, പ്രകൃതി, തത്വചിന്ത, തനിച്ചിരിപ്പ് എന്നിവയുടെ സങ്കലനമാണ് ഓരോ കവിതയും. മഴ, പർവ്വതം, വനം, വഴികൾ, ശലഭങ്ങൾ എന്നിവ കവിതകളിൽ ആവർത്തിക്കുന്ന ഇമേജറികളാണ്. “വെന്തുപൊട്ടിയ വറ്റുപോൽ വാക്കുകൾ ” ചടുലതാളത്തിൽ ഉതിരുന്നു.
“അപ്പുറം നീ മൗനമരുഭൂമിയാകിലും
ഉപ്പുവാക്കിൻ കടൽത്തിരയാണ് ഞാൻ
നിൻ്റെ മൗന
ശൃംഗത്തിലേക്കെത്തുവാൻ
വെമ്പിടുന്നെൻ്റെ വചനമേഘാചലം
എത്രയുഷ്ണ ബാഷ്പങ്ങളാണെന്നകം
വന്നുതൊട്ട് തണുത്തു പെയ്യട്ടെ ഞാൻ”
ഉടലിലഞ്ഞികൾ എന്ന കവിതയിലെ ഈ വരികൾ തീക്ഷ്ണമായി ദംശിക്കുന്നവ. ഏകാന്തതയുടെ വിളറിയ നേരങ്ങളെ പ്രതിഫലിപ്പിക്കുകയാണ് ഇവിടെ. (അപ്പുറം മരുഭൂമി മാത്രമായ എത്രയോ ജീവിതാവസ്ഥകൾ, സൗഹൃദാവേഗങ്ങൾ) സ്വയംവിലാപത്തിൻ്റെ മാനിഫെസ്റ്റോയായും ഇതിനെ വായിക്കാം. നിൻ്റെ പട്ടത്തിൻ്റെ ആകാശം എന്ന കവിതയും ഇതേ വൈകാരിക പ്രപഞ്ചത്തിൻ്റെ മേളനമാണ്.
“ചളിയിലാഴാതെ കാക്കുന്ന
ചതുപ്പിലെ പലകകളാണ് ചിലർ.
തുമ്പിച്ചിറക് കുടഞ്ഞിട്ട മഴപ്പൊടി മതി
വേരിലെ അവസാന തുടിപ്പിൽ
ജീവിതം വീണ്ടും തലനീട്ടാൻ”

അത്തരം പലകകളോ, മഴപ്പൊടിയോ ഇല്ലാത്ത ശ്വാസനേരങ്ങളെയും തേടുകയാണ് വരികൾ. നീ വരും എന്ന ശീർഷകത്തിനു താഴെയും പ്രകടമാവുന്നത് സമാന ഹൃദയവ്യഥകൾ തന്നെ.
“ഞാൻ വരും
വേനൽക്കാറ്റിൽ നിനക്ക് പൊള്ളുന്നേരം
ജാലകം തുറന്നിടൂ
ചിരിക്കാം, തണുക്കും നീ….”
ഏകയാണെങ്കിലും എല്ലാവരെയും തണുപ്പിക്കുന്ന കാറ്റാകാനും കനലാഴങ്ങളിൽ തണുപ്പേകാനും സൗഹൃദഭൂമികയിലെ പുരുഷനേക്കാൾ സ്ത്രീക്ക് കഴിയും. മുൻവിധികളില്ലാതെ നൽകുന്ന കാവ്യഗുണമുള്ള ഉറപ്പ് ആത്മവിശ്വാസമേറ്റുന്നതാണ്. വ്യക്തി, സ്വാതന്ത്ര്യം, സഞ്ചാരം എന്നിവ പ്രസീതയുടെ മിക്ക കവിതകളുടെയും നീലഞരമ്പാണ്. “അപരിചിതർ വന്നു മിണ്ടുമ്പോൾ” എന്ന കവിത മനുഷ്യമനസ്സിൻ്റെ സങ്കീർണതകളെ അനാവരണം ചെയ്യുന്നു. ദ്വീപ്,മരുഭൂമി, പുൽമൈതാനം,താഴ്വര,കൊടുമുടി,കടൽ എന്നീ രൂപകങ്ങളിലൂടെയാണ് യാത്ര.
കാണാത്ത ഹൃദയങ്ങളിലേക്കുള്ള
കപ്പൽയാത്രയുടെ തയ്യാറെടുപ്പ്
യാത്രയെക്കാളും മികച്ച
സഞ്ചാരകവിതയാണ്”.
നോക്കൂ, എത്രമേൽ സഹനവും ഗഹനവുമാണ് ഈ അവസ്ഥ? ഒടുവിൽ കപ്പലിലേറാതെ തയ്യാറെടുപ്പിൽ മാത്രം ഒടുങ്ങുന്ന എത്രയോ യാത്രകൾ. സൗഹൃദം സഫലമാകുമ്പോഴല്ല പരസ്പരം അറിയുന്നതെന്ന് സാരം. ‘ഹൃദയവന്യ ത്തിലെ ചിലർ പെട്ടെന്ന്പൊടിമൺ കൂനയായ് വെളിപ്പെടും’
എന്ന വെളിപ്പെടുത്തലും ഇതിനോട് ചേർത്തു വയ്ക്കണം.
“നരച്ച തോൾസഞ്ചിയിൽ
പരാജയത്തിൻ്റെ പാട്ടുകൾ
വാരി നിറച്ചൊരാളെ”
പ്രതീക്ഷിക്കുന്നതും സ്നേഹിക്കാൻ ആഗ്രഹിക്കുന്നതും വർത്തമാനകാലത്തെ സ്നേഹത്തിന് എതിരാണ്. ആ നിലയ്ക്ക് ‘സ്നേഹമേ…’ എന്ന കവിത മാനവികതയുടെ കൂടി ഉത്സവമാകുന്നു.
ചുരുക്കത്തിൽ, അടുപ്പമെന്നത് നിർണയിക്കാവുന്ന ഒന്നല്ലെന്നും നിയതമായി സംഭവിക്കുന്ന ഒന്നാണെന്നും കവി ഉറപ്പിക്കുകയാണ്. ലോകമേ… നീ എത്രമേൽ വിഷധൂളി വർഷിച്ചാലും ഒറ്റുകൊടുത്താലും ഒറ്റപ്പെടുത്തിയാലും വീഴുകയില്ല ഞാൻ എന്ന സ്ത്രീയുടെ നിശ്ചയദാർഢ്യം കവിതകളിലെല്ലാം നേർകാഴ്ചയാണ്. സ്വതന്ത്രമായ ഗഗനസഞ്ചാരം ആഗ്രഹിക്കുന്നതോടൊപ്പം ഒഴുക്കിലെ ഇലയുമാകുന്നു. അപ്പോഴും എനിക്ക് ഞാനാകണം എന്ന് വിളിച്ചു പറയുന്നുണ്ട് പ്രസീത.
പ്രണയത്തിൻ്റെ തീക്കാറ്റും തിമിർപ്പും തേങ്ങലും തോൽവിയും കവിതകളിൽ നിറയുന്നുണ്ട്. പ്രണയം അയഥാർഥമോ, യാഥാർഥ്യമോ എന്നറിയാത്ത നേരങ്ങൾ.
“ഭൂമിയിലെത്താതെയുള്ള വീഴലുകളാണ്
പ്രണയം”
(ജഗരന്തയിലെ ഊഞ്ഞാൽ)
“പ്രണയമൊരാൾക്ക്
കാത്തിരിപ്പിൻ്റെ വേദന
മറ്റൊരാൾക്ക് കുടഞ്ഞുകളയേണ്ട
ദുർബലത
ഭൂമിയിൽ കാലൂന്നി പ്രണയിച്ചവരുണ്ടോ
നിലംതൊടുമ്പോഴേ
നിർവീര്യമാകുന്ന മിന്നലുകളാണത്”
(നിന്നോട് )

അങ്ങനെ പ്രണയനാനാർഥങ്ങളും നശ്വരതയും ഭ്രമങ്ങളും നീറിപിടഞ്ഞ് എഴുതുന്നുണ്ട് പ്രസീത. പ്രണയത്തിന് പ്രകൃതിയിലൂടെ വരുന്ന മെറ്റമോർഫോസിസ് (രൂപാന്തരീകരണം) പ്രണയ മന്ദാരങ്ങൾ പറയുന്നു. “ശലഭങ്ങളുടെ പ്രണയ കുടീരങ്ങളാണ് മന്ദാരങ്ങൾ” എന്നത് അതിശയോക്തിക്കപ്പുറം അതിതീവ്ര യുക്തിയെപ്പോലും പിളർക്കുന്ന ഭാവന. ഓർമകളുടെ വലക്കണ്ണിയിൽ പെടുന്ന അസ്വാസ്ഥ്യങ്ങളും ചിത്രമെന്നപോൽ കാവ്യത്തിൽ ഉയിർക്കുന്നു.
ഒതുക്കിപ്പറഞ്ഞാൽ സ്ത്രീയുടെ ജീവിതഭൂപടത്തിലെ വെളിപ്പെടാത്ത രാജ്യങ്ങളിലേക്കുള്ള പര്യവേക്ഷണമാണ് പ്രസീതയുടെ കവിതകൾ. കൊട്ടിഘോഷിക്കുന്ന സ്ത്രീപക്ഷമല്ല അവ. ആർക്കും കണ്ടെത്താനാകാത്ത സ്ത്രീ അറിവുകളാണ്.
തത്വചിന്തയും കവിതകൾ ധ്വനിപ്പിക്കുന്നു. സ്നേഹസ്വരൂപത്തിൽ പറയുന്നതു കേൾക്കുക
“ഒരാളുടെ നരകം മറ്റേയാൾക്ക് സ്വർഗം
കൺകെട്ടുപോലെ ജീവിതം”
നിസംശയം തീർപ്പിലെത്താം, ‘ജഗരന്തയിലെ ഊഞ്ഞാൽ ‘ എന്ന സമാഹാരം വേറിട്ടൊരു വാക്കടരുകളുടെ ഖനിയാണ്. വരുംകാല കാവ്യലോകത്തിന് വഴികാട്ടിയാണ്. പ്രസീത ഇവിടെ അനന്തതയിലേക്ക് അലറി വിളിച്ച് മാറ്റൊലിയാകുന്നു.
കവർ: ജ്യോതിസ് പരവൂർ