കൃഷ്ണപ്രണയിനിയായി എഴുതിയ കവിതകള്‍ വായിച്ചപ്പോഴൊക്കെ ഞാനും പരകായ പ്രവേശം നടത്തി
രാത്രിയുടെ “തീവ്രസ്പന്ദിയാം സംഗീതം പോൽ “ചപലനാം കാറ്റിൻ കയ്യിലേറി വന്ന” കാലം തെറ്റിപ്പൂത്ത പ്രണയത്തിന്‍റെ ,ഉന്മാദഗന്ധം ഈയുള്ളവളെപ്പോലുള്ളവരുടെ കിറുക്കല്ലാതെ മറ്റെന്ത്?
“നിന്നെ ഞാനെന്തു ചെയ്യട്ടെ , വിമൂകയാമെന്‍റെ തിരസ്കൃതയാമനുരാഗമേ ” എന്ന് ഈ വരികളിലല്ലാതെ മറ്റെവിടെയുമല്ല ഞാൻ മുഖം നോക്കുക.
യാത്രയുടെ ജാലകത്തിലൂടെ വഴിവിളക്കിന്‍റെ ചുവട്ടിൽ സങ്കോചപ്പെട്ടു നിന്ന പെൺകിടാവിനെ കണ്ട് എന്‍റെ ഉള്ളിലും വല്ലാത്ത ആന്തലുണ്ടായി . തന്‍റെ കണ്ണടയുന്നതിനു മുൻപ് എങ്ങനെ മകളെ കൊല്ലേണ്ടു എന്നതിനപ്പുറം ഒരു വേവലാതിയും പെണ്മനം ഇന്നുവരെ തീണ്ടിയിട്ടുണ്ടെന്നു തോന്നുന്നില്ല.

കവിതയിൽ നിന്ന് പ്രകൃതിയിലേക്കും അവിടെ നിന്ന് തിരിച്ചും മാറി മാറി നടന്നവൾ.
നിശ്ശബ്ദതാഴ്‌വരയ്ക്കു വേണ്ടി ഉയർത്തിയ ശബ്ദം രാജ്യത്തെ പ്രധാനമന്ത്രിയുടെ കാതുകൾ വരെ എത്തി.. അട്ടപ്പാടിയുടെ മൊട്ടക്കുന്നുകളിൽ പീലി നിവർത്തി വിടർന്നത് സ്വന്തം ആശയങ്ങളോടുള്ള പ്രതിബദ്ധത.
റെയിൽ പാളത്തിൽ ഉപേക്ഷിക്കപ്പെട്ട ഒന്നര വയസ്സുകാരിയും ഭ്രാന്താശുപത്രിയിൽ ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട യുവതിയും അഭയം കണ്ടെത്തിയ ഹൃദയം തുടിപ്പുകൾ ഒതുങ്ങി നിശബ്ദമായെന്നോ …മതി… എഴുത്തും ജീവിതവും മികച്ച കവിതകളായിരുന്നു. അപൂർവം ജീവിതങ്ങൾക്ക് മാത്രം സാധ്യമാവുന്നത്.
ജീവിതസായാഹ്നത്തിൽ ചില നിലപാടുകൾ നിശിതമായ വിമർശനം നേരിട്ടു . അതിനെന്ത് ? “ചവിട്ടാൻ, നിങ്ങൾക്കു ചിലപ്പോൾ പൂജിക്കാൻ, പരക്കെ പുച്ഛിക്കാൻ പരിത്യജിക്കുവാൻ ഇവൾക്കുമാത്രമൊരു ജന്മം ” എന്ന് എന്നേ ഏറ്റുപറഞ്ഞുവല്ലോ !
വിട . ആ ഓടക്കുഴൽ മലയാണ്മക്ക് കൊടുത്തിട്ടു നടന്നു മറഞ്ഞു കൊൾക. “കരുണായാലാകെ ത്തളർന്നോരാ ദിവ്യമാം സ്മിത”വും.
പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ