പൂമുഖം LITERATUREകവിത തലക്കെട്ടില്ലാത്തതിൽ രണ്ട് കവിതകൾ ദുഃഖിക്കാറില്ല

തലക്കെട്ടില്ലാത്തതിൽ രണ്ട് കവിതകൾ ദുഃഖിക്കാറില്ല

1 പുണരധിവാസം

മുള പൊട്ടിയുണർന്നതിൻ്റെ
ഓർമ്മകളെയും തിരഞ്ഞ്,
കാറ്റിനേയും തട്ടിനീക്കി,
ഡബിൾ ബൈസെപ് പോസിൽ നിന്നലറിക്കൊണ്ട്,
ഒരു കാട്
ഒറ്റക്ക് ഊക്കോടെ കത്തുന്നു.
നിമിഷനേരം കൊണ്ടെൻ്റെ
വീട് കയ്യേറുന്നു.
ഒരുമുറം കറുത്ത ഈയലുകളുടെ പട,
പടം പൊഴിച്ച് മുറ്റം താണ്ടുന്നു.
വീടിൻ്റെ തീച്ചൂടും വെളിച്ചവും അസ്തമിക്കും മുമ്പുതന്നെ,
മുറ്റം മറന്ന്,
മണ്ണിലേക്ക് തുരന്നിറങ്ങുന്നു.
ഞാൻ,
വെന്തുപോകാത്തൊരു
ഈയൽപ്പുറ്റാണെന്ന്,
വീട് പിന്നെയും പ്രഖ്യാപിക്കുന്നു.
വീട്,
ചിതൽപ്പട്ടണത്തിലേക്ക്,
വേരാഴ്ത്തുന്നതും നോക്കി,
കാട് കളിയാക്കിച്ചിരിക്കുന്നു.
വായ്പിളർത്തി നാക്കുനീട്ടി
ആഞ്ഞുകൊത്തി വിഷമിറക്കുന്നു.
ഒരു മൂട് കപ്പ വെന്ത വാട
ചുറ്റും പുളയുന്നു.
വീട്,
കൈവിടർത്തി,
നഖം വിടർത്തി
പത്തിനോക്കി വീശിയടിക്കുന്നു.
ശേഷം,
നിലത്തുരുണ്ട്,
നക്കിത്തുടച്ച്,
മിനുക്കിയുണക്കി,
തിരിഞ്ഞ്,
ചുരുണ്ടു കിടന്നുറങ്ങുന്നു.
കാട്,
മറഞ്ഞിരിക്കാനൊരു
മാളം നോക്കി
പാഞ്ഞുപോകുന്നു.
ചൂടും വെളിച്ചവും അസ്തമിക്കുന്നതേയില്ല.
പുണരധിവാസം !

2 ഫേസ് വാഷ്

മറിഞ്ഞുവീണു കിടന്നുപൂത്ത മഞ്ഞടെക്കോമ,
നട്ടു മരമാക്കിയതിൻ്റെ ഓർമ്മക്ക്
കാതൽമണം പിച്ചിയെടുത്ത് എനിക്ക് തരുന്നു.
ഞാനതിൽ
ഇറ്റ് മോഹവും ചേർത്തെടുത്ത്
മുഖം കഴുകിത്തുടയ്ക്കുന്നു.
ചിരിയിടകളിലൂടെ,
മുഖം വിണ്ട് വരണ്ടുണങ്ങുന്നു.
കാഴ്ചപ്പാടങ്ങളിലാകെ, മഞ്ഞടെക്കോമ
പടർന്ന് പൂക്കുലയ്ക്കുന്നു.
നിലാവിൻ്റെ മാസ്ക്കുരിഞ്ഞ്
ഞാനതിൻ്റെ കൊമ്പുകോതുന്നു.
ചിരിക്കാൻ മറക്കാൻ
മറന്ന ഞാൻ,
വീണ്ടുമൊട്ടാകെ വിണ്ടുപൊട്ടുന്നു.
നീറ്റൽ വിടവുകളിലേക്കൊരു
മുറികൂടി തളിർക്കുന്നു.
അപൂർണതക്കാണത്രെ നൂറുഭംഗി.
നുണയാണത്.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.