പശ്ചിമേഷ്യയിൽ യുദ്ധം തുടരുകയാണ്. ഇറാനിലെ ഭരണാധികാരിയും പരമോന്നത ആത്മീയനേതാവുമായ ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ടതോടെ യുദ്ധം അവസാനിക്കുമെന്ന് ഒരു പ്രതീതി ലോകവ്യാപകമായി ഉണ്ടായി. അമേരിക്കയുടെ കണക്കുകൂട്ടലും വിജ്ഞാപനങ്ങളും അങ്ങനെ ഒരു ധാരണ ഉളവാക്കി എന്നതാണ് വസ്തുത. പക്ഷേ ഇന്ന് യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് കുവൈറ്റ്, ബഹറിൻ, ഇറാഖ്, ഒമാൻ , യു എ ഇ,ജോർദാൻ ഇസ്രായേൽ, സൗദി അറേബ്യ, ഖത്തർ, അസൈർബൈജാൻ, സൈപ്രസ് തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം മിസൈൽ ആക്രമണങ്ങൾക്ക് വിധേയമായിരിക്കുന്നു.അതോടെ ഇത് ഇറാനും ഇസ്രായേൽ /യു എസ് ചേരിയും തമ്മിലുള്ള യുദ്ധം എന്നതിലുപരി മധ്യേഷ്യ മുഴുവൻ ഉൾപ്പെടുന്ന യുദ്ധമായി. ലെബനോണിൽ മാത്രം മരണം 400 കടക്കുമ്പോൾ എങ്ങനെ അതിനെ ഇസ്രായേൽ-ഇറാൻ സംഘർഷം എന്ന് പരിമിതപ്പെടുത്തും? മേല്പറഞ്ഞ രാജ്യങ്ങളെ ആക്രമിക്കുന്നതിലൂടെ ഇറാൻ ശ്രമിക്കുന്നത് അവിടെയെല്ലാം അസ്ഥിരത വരുത്തുവാനും അതിലൂടെ സംഘർഷത്തിന്റെ ആഘാതം ആഗോളതലത്തിലേക്ക് എത്തിക്കുവാനുമാണ്. ഈ രാജ്യങ്ങളിൽ വർഷങ്ങളിലൂടെ കോടികൾ ചിലവഴിച്ചു അമേരിക്ക പടുത്തുയർത്തിയ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയതോതിൽ ഉള്ള നാശം സംഭവിച്ചിരിക്കുന്നു. നഷ്ടങ്ങൾ അതിഭീകരമാണ് എന്നാണ് വിവരം. ഇസ്രായേൽ പ്രതിരോധത്തിന്റെ അപ്രമാദിത്തവും വെല്ലുവിളികൾ നേരിടുന്നു, ഔദ്യോഗികമായി പുറത്തു വന്നിട്ടില്ലെങ്കിലും. മിക്കവാറും നമുക്ക് ലഭിക്കുന്നത് പശ്ചാത്യസ്രോതസ്സുകളിൽ നിന്നുള്ള വാർത്തകളും റിപ്പോർട്ടുകളും ആണല്ലോ.
ഇറാനെ സംബന്ധിച്ച്, കൊല്ലപ്പെട്ടത് ഏറ്റവും സമുന്നതനായ ആത്മീയനേതാവാണ്.അങ്ങനെയൊരാളെ സമാധാനചർച്ചയെന്ന വ്യാജപരിസരം സൃഷ്ടിച്ചു അതിക്രൂരമായ അക്രമണത്തിലൂടെ ഇല്ലാതാക്കിയത് ഇറാനികളിൽ കനത്ത വൈകാരികാഘാതമേൽപ്പിച്ചിരിക്കുന്നു. അത് ഫലത്തിൽ അവർക്കിടയിൽ ഉണ്ടായിരുന്ന ഭിന്നതകളെ അലിയിച്ച് ഐക്യപ്പെടുത്തിയിരിക്കുന്നു എന്നാണ് സർവസന്നാഹങ്ങളുമായി ആ രാജ്യം യുദ്ധത്തിന് ഇറങ്ങിയിരിക്കുന്നതിൽ നിന്ന് മനസ്സിലാക്കേണ്ടത്. ദീർഘയുദ്ധങ്ങൾ ഇറാൻ ജനതയ്ക്ക് പുത്തരിയല്ല. ഇവിടെ അമേരിക്കയുടെ തന്ത്രം പാളിപ്പോയി.
യുദ്ധം തുടരുമെന്നും ഇസ്രായേലിന് വലിയ ആയുധശേഖരം അയക്കുന്നു എന്നും ട്രംപിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം ഉണ്ടായി. ഇറാൻ നിരുപാധികമായി കീഴടങ്ങി ഭരണമാറ്റം സംഭവിക്കുന്നത് വരെ യുദ്ധം തുടരുമെന്നാണ് ട്രമ്പിന്റെ പക്ഷം. അത് പക്ഷേ വിചാരിച്ചതുപോലെ എളുപ്പമല്ല എന്നാണ് ഇതുവരെയുള്ള സംഭവങ്ങളിൽ നിന്ന് വിലയിരുത്താൻ കഴിയുന്നത്. യുദ്ധം ദിവസങ്ങളോ ആഴ്ചകളോ നീളാം എന്നാണ് ഇപ്പോഴത്തെ വിദഗ്ധപക്ഷം.

Bilal Hussein/AP
ആയത്തുള്ള അലി ഖമേനിയുടെ മരണശേഷം പുത്രൻ മൊജ്താബ ഖമേനി നേതൃസ്ഥാനം ഏറ്റെടുത്തു. കടുത്ത നിലപാടുകളും സൈനികകേന്ദ്രങ്ങൾക്കുമേൽ സ്വാധീനവും ഉള്ള ആൾ. ഇതുവരെ നടന്ന ആക്രമണങ്ങളിലെ പാറ്റേണിൽ നിന്ന് ഇറാൻ തികച്ചും ആസൂത്രിതമായും വ്യക്തമായ ലക്ഷ്യങ്ങളോടെയും ആണ് ആക്രമണങ്ങൾ നടത്തുന്നത് എന്നുവേണം കണക്കാക്കുവാൻ. അമേരിക്കൻ സൈനികകേന്ദ്രങ്ങൾക്ക് അപ്പുറം ഗൾഫ് രാഷ്ട്രങ്ങളിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങളെയും പ്രമുഖർ താവളമാക്കാവുന്ന ഹോട്ടലുകളെയും വിമാനത്താവളങ്ങളെയും കൃത്യമായി ടാർഗറ്റ് ചെയ്യുന്നു.ഹോർമുസ് കടലിടുക്ക് അടച്ചതോടെ നൂറുകണക്കിന് കപ്പലുകളുടെ യാത്രയ്ക്ക് ഭംഗം വരുന്നു. അവ എന്നത്തേയ്ക്ക് എവിടെ കരയടുപ്പിക്കാനാവുമെന്നത് ഊഹാതീതമാണ്.ചരക്കിന്റെ കാലാവധി, ജീർണസാധ്യത ( perishability ) എന്നിവ ഉയർത്തുന്ന നഷ്ടസാദ്ധ്യതകൾ ഏറെ.പല സ്ഥാപനങ്ങളുടെയും നിരവധി കപ്പലുകൾ എന്ന് തീരമടുക്കുവാനോ ചരക്കിറക്കുവാനോ സാധ്യമാകുമെന്ന് അറിയാതെ ചിന്നിച്ചിതറിയ അവസ്ഥയിലാണ്. യുദ്ധം ഇന്ന് അവസാനിക്കുകയാണെങ്കിൽ പോലും ഈ മേഖല പൂർവസ്ഥിതിയിലേക്ക് എത്തുവാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരും. പുതിയതായി ഏർപ്പെടുത്തിയ യുദ്ധ അധികചുങ്കം കനത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുക. ഇനിയുള്ള ചരക്കുനീക്കങ്ങൾക്ക് കരയിലൂടെയുള്ള മറ്റുമാർഗങ്ങൾ ആലോചിക്കേണ്ടിവരും.
ഇതിന്റെ മറുവശം വിവിധരാജ്യങ്ങളിൽ അവശ്യസാധനങ്ങളുടെ ലഭ്യത തടസ്സപ്പെടുകയും തന്മൂലം വിലക്കയറ്റം ഉണ്ടാവുകയും ചെയ്യും എന്നതാണ്.
എയർലൈൻ ഇൻഡസ്ട്രിയും നിശ്ചലാവസ്ഥയിലാണ്. ഭീമമായ നഷ്ടങ്ങൾ.ടൂറിസം, റീറ്റൈൽ ബിസിനസ്, എന്നിവയും ബാധിക്കപ്പെട്ടു . റമദാൻ കാലമാണ് ഗൾഫ് മേഖലയിൽ എല്ലാവിധ ബിസിനസ്സുകളുടെയും പുഷ്കലകാലം. ആ മാസങ്ങളിൽ തന്നെ യുദ്ധം ഉണ്ടായി എന്നത് പ്രതിസന്ധിയുടെ ഗൗരവം വർധിപ്പിക്കുന്നു. ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞു. Shopping അവശ്യവസ്തുക്കളിലേയ്ക്ക് ചുരുങ്ങുന്നു. ആഡംബര വിപണി മന്ദീഭ വിക്കുകയാണ്. ഇഫ്താർ വിരുന്നുകൾ കുടുംബവൃത്തങ്ങളിലേയ്ക്ക് പരിമിതപ്പെടുന്നതിനാൽ റെസ്റ്റാറന്റുകൾ ഒഴിഞ്ഞു കിടക്കുന്നു. മേഖലയിലേക്കുള്ള ചരക്കുനീക്കം അനിശ്ചിതമായി തടസ്സപ്പെട്ടത് ഏഷ്യൻ, ആഫ്രിക്കൻ,ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഉൽപാദകരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Source: NDTV
ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപകേന്ദ്രമാണ് ദുബായ്. ലോകമെമ്പാടുമുള്ളവർ ബിസിനസ്, പാർപ്പിട ആവശ്യങ്ങൾക്ക് റിയൽ എസ്റ്റേറ്റ് മേഖലയിൽ നടത്തുന്ന നിക്ഷേപങ്ങളിൽ അടിസ്ഥാനപ്പെടുത്തിയാണ് ദുബായ് മോഡൽ പടുത്തുയർത്തിയിരിക്കുന്നതും വികസിക്കുന്നതും. ആ ബിസിനസ് ആശയത്തെയും പ്രയോഗത്തെയുമാണ് കൃത്യമായും ഇറാൻ ലക്ഷ്യം വെച്ചിട്ടുള്ളത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഡിമാന്റിലും വിലയിലും വൻ വീഴ്ചകൾക്ക് സാധ്യതയുണ്ട്. വീണ്ടെടുപ്പുകൾക്ക് വർഷങ്ങൾ വേണ്ടിവരും. ഇതിന്റെ ഫലം ദൂരവ്യാപകവും ബഹുതലസ്പർശിയും ആയിരിക്കും. അത് യാദൃച്ചികമല്ല. ഒരു യുദ്ധലക്ഷ്യം തന്നെയാണ്. തങ്ങളുടെ ബിസിനസ് മോഡൽ കൈവരിച്ചിട്ടുള്ള image തകർന്നിട്ടില്ല എന്ന് ഉയർത്തിക്കാട്ടുവാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ദുബായ് ആക്രമണങ്ങൾക്കിടയിലും വ്യോമഗതാഗതം പുനസ്ഥാപിക്കുന്നതും ജനങ്ങളുടെ സുരക്ഷയെ കുറിച്ച് ആവർത്തിച്ചു ഉറപ്പ് നൽകുന്നതും.
ഈ യുദ്ധം മേഖലയിലെ ജനങ്ങളെ എങ്ങനെയാണ് ബാധിക്കുക എന്നതും പ്രധാനമാണ്. ഓരോ ജനതയും ഇത്തരം അവസ്ഥകളെ വ്യത്യസ്ത രീതിയിലാണ് നേരിടുക.പൊതുവേ അറബ് വംശജരായ പൗരന്മാർ പ്രത്യേകിച്ചും ജി സി സി ഇതര രാജ്യങ്ങളിലെ അറബ് വംശജർ അസാധാരണമായ മന:സാന്നിധ്യത്തോടെയാണ് യുദ്ധത്തിനെ നേരിടുന്നത്. തങ്ങൾ കുട്ടികളായിരുന്നപ്പോഴും വിദ്യാർഥികൾ ആയിരുന്നപ്പോഴും യുവാക്കളായപ്പോഴും യുദ്ധത്തോടൊപ്പം ജീവിച്ചു എന്നതാണ് അവരുടെ അനുഭവപാഠം.എന്നാൽ പെട്ടെന്ന് ഭയത്തിന് കീഴടങ്ങുന്നവരാണ് പല ഏഷ്യൻ രാജ്യക്കാരും. എവിടെയെങ്കിലും ഒരു കലാപം ഉണ്ടാകുമ്പോൾ ആദ്യം സ്ഥലം വിടുന്നത് വെള്ളക്കാരാണ്. യൂറോപ്പിലെയും അമേരിക്കയിലെയും സർക്കാരുകളും ആവശ്യക്കാർക്ക് ഒഴിഞ്ഞു പോകാനുള്ള അവസരം ഒരുക്കുന്നുണ്ട്. ഏഷ്യൻ രാജ്യങ്ങളിലെ ധനവാന്മാരെ സംബന്ധിച്ചും ഏറെക്കുറെ ഇത് ശരിയാണ്. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാർ അടങ്ങുന്ന ഗൾഫ് കുടിയേറ്റക്കാർ അത്ര പെട്ടെന്നൊന്നും മേഖല വിട്ടു പോവുകയില്ല. സാഹചര്യങ്ങളുമായി പരമാവധി പൊരുത്തപ്പെട്ട് പിടിച്ചുനിൽക്കുവാൻ ജീവിതസാഹചര്യങ്ങൾ അവർക്ക് പ്രാപ്തി നൽകിയിരിക്കുന്നു. സമാധാനകാലത്തും വിദേശത്ത് പ്രതിസന്ധികൾ ഉണ്ടായാൽ അത് കഴിയുന്നത്ര നാട്ടിൽ അറിയിക്കാതെ കഴിച്ചുകൂട്ടുന്നവരാണ് ഇവർ. ഇപ്പോഴും അതുതന്നെയാണ് അവർ ചെയ്യുന്നത്. രാത്രിയും പകലുമെന്നില്ലാതെ മിസൈ ലുകളും ഡ്രോണുകളും അലർട്ടുകളും മുഴങ്ങുമ്പോൾ അവരുടെ സ്ഥൈര്യവും താങ്ങൽശേഷിയും പരീക്ഷിക്കപ്പെടുകയാണ്. വലിയ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വേണ്ടി കൗൺസലിങ്ങും സാന്ത്വനസംവാദങ്ങളും നടത്തുമ്പോൾ ഈ സൗകര്യങ്ങളൊന്നും ലഭിക്കാത്തവരാണ് കുറച്ചുകൂടി താഴെക്കിടയിലുള്ള ഭൂരിപക്ഷം. തുടർച്ചയായി സ്ഫോടനങ്ങളും അലട്ടുകളും കേട്ട് ഉറക്കം നഷ്ടപ്പെട്ടവർ, ഉണർന്ന് കരയുന്ന കുട്ടികളുമായി പെടാപ്പാട് പെടുന്നവർ…അർധരാത്രിയിൽ പട്ടാളക്കാരുടെ മുട്ടുകേട്ട് വാതിൽ തുറക്കുകയും വാസസ്ഥലം വെടിഞ്ഞു അഭയകേന്ദ്രങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നവർ … ഒന്നും എളുപ്പമല്ല കാര്യങ്ങൾ അത്ര ലഘുതരവുമല്ല.
മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ബഹറിനിൽ വ്യാപകമായ ആക്രമണങ്ങളും നാശനഷ്ടങ്ങളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുന്നികളുടെ ഭരണം നടക്കുന്ന രാജ്യത്ത് ആ വംശത്തിൽ പെട്ടവർ പ്രത്യേക ആനുകൂല്യങ്ങൾ അനുഭവിക്കുന്നവരും സമ്പന്നരുമാണ്. ഭൂരിപക്ഷം വരുന്ന ഷിയാക്കൾ പിന്നോക്കാവസ്ഥയിലുമാ ണ്. ബഹറിനിൽ ആക്രമണങ്ങളെ തുടർന്ന് വിവിധ ജനവിഭാഗങ്ങൾ പ്രകടനങ്ങൾ നടത്തി. ഇതും കാണിക്കുന്നത് സുനിശ്ചിതമായ ലക്ഷ്യങ്ങളോടെയാണ് ഇറാൻ നീങ്ങുന്നത് എന്നാണ്.
റഷ്യ ഇറാന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചൈന അമേരിക്കയുടെ ആക്രമണത്തിനെതിരെ നിലപാടെടുത്തിട്ടുണ്ട്. ഈ രണ്ടു വൻ ശക്തികളുടെ ഇറാൻ പിന്തുണ എത്രത്തോളം ഉണ്ടാകുമെന്ന് അറിയാനി രിക്കുന്നതേയുള്ളൂ.
മൂന്നുകൊല്ലങ്ങളായി തുടരുന്ന ഉക്രൈൻ- റഷ്യ യുദ്ധം യൂറോപ്പിന് പുറത്തു മറ്റ് രാജ്യങ്ങളെ കാര്യമായി നേരിട്ട് ബാധിച്ചിട്ടില്ല. പക്ഷേ ഗൾഫ് യുദ്ധത്തിന്റെ ആഘാതം വ്യത്യസ്തമായിരിക്കും. ഗൾഫിലെ എണ്ണസ്രോതസ്സുകളിൽ ആക്രമണം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഉത്പാദനം നിർത്തിവയ്ക്കാൻ ഉള്ള തീരുമാനം പരിഗണനയിലാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപാദകരായ ഖത്തർ അതിന്റെ ഉൽപാദനം നിർത്തിവച്ചിരിക്കുന്നു. ഫലം ആഗോളമായി ഇന്ധനങ്ങളുടെ ദൗ ർലഭ്യവും വിലക്കയറ്റവും ആയിരിക്കും ഇപ്പോൾ തന്നെ 110 ഡോളറിൽ എത്തിയ എണ്ണ വില 150 വരെ ഉയരാം എന്ന് അധികൃതർ പ്രഖ്യാപിച്ചുകഴിഞ്ഞു. യൂറോപ്പിൽ ഇന്ധനവിലക്കയറ്റം പ്രാബല്യത്തിലായി.ഇന്ത്യയിലും പാചകവാതകത്തിന്റെ വില വർദ്ധിപ്പിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് എല്ലാ മേഖലയേയും ബാധിക്കും. ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരം ആയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.അതു തന്നെയായിരിക്കണം ഇറാൻ ലക്ഷ്യമാക്കുന്നത്. മദ്ധ്യേഷ്യൻ സംഘർഷം ഒരാഗോള പ്രശ്നമാക്കുക, അതുവഴി ദീർഘകാലമായുള്ള അസ്ഥിരതയ്ക്കും അക്രമങ്ങൾക്കും അമേരിക്കൻ -ഇസ്രായേൽ സഖ്യത്തിന്റെ ഇടപെടലുകൾക്കും തങ്ങൾക്ക് സ്വീകാര്യമായ ഒരു തീരുമാനം ഉണ്ടാക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും മേൽ സമ്മർദ്ദം ചെലുത്തുക. ഒരു ബി.ബി.സി ചർച്ചയിൽ യു. എൻ വക്താവ് പറഞ്ഞത് , യുദ്ധം ബാധിച്ച സർക്കാരുകൾ ഇപ്പോൾ ദിനം പ്രതി ഒരു ബില്യൺ ഡോളർ വരെ ചിലവഴിക്കുന്നുണ്ട് എന്നാണ്!
ഇറാനെ അടിയറവ് പറയിച്ചു ഇപ്പോഴത്തെ സർക്കാരിനെ നിലത്തിറ ക്കി പാവഭരണം സ്ഥാപിക്കാനുള്ള അമേരിക്കയുടെ ശ്രമം വിജയിക്കുമോ ?
അതോ ഗൾഫ് രാജ്യങ്ങൾ ഭിന്നതകൾ മാറ്റിവെച്ച് പ്രദേശത്തുള്ള ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ക്രിയാത്മകമായ പങ്കുവഹിക്കുമോ? ചൈന,റഷ്യ,നാറ്റോ പങ്കാളികൾ എന്നിവർ ലോകതാല്പര്യത്തിന് മുൻതൂക്കം നൽകി ഇടപെടുമോ?
ലോകം ഒരു മൂന്നാം മഹായുദ്ധത്തിന്റെ വാതിൽക്കൽ എത്തുകയും സമാധാന സംഘടനകൾ മൃതപ്രായരാവുകയും അമേരിക്ക മാത്രം എന്ന് ഊറ്റം കൊള്ളുന്ന ഒരു പ്രസിഡന്റ് ആരാജ്യത്തിൽ ഭരണം തുടരുകയും തങ്ങളുടെതുമാത്രമായ ദൈവം അരുളിച്ചെയ്ത വാഗ്ദത്തഭൂമി സാക്ഷാത്കരിക്കാൻ ഇസ്രായേൽ കുതന്ത്രങ്ങൾ മെനയുകയും ചെയ്യുമ്പോൾ ഈ കാലം എന്താണ് നേടുക? നാളേയ്ക്ക് ബാക്കിവെയ്ക്കുക?
(സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)
കവര്: ജ്യോതിസ് പരവൂര്
