പൂമുഖം EDITORIAL യുദ്ധത്തിനെതിരെ, സമാധാനത്തിനു വേണ്ടി

യുദ്ധത്തിനെതിരെ, സമാധാനത്തിനു വേണ്ടി

മിഡിൽ ഈസ്റ്റിൽ വീഴുന്ന ഓരോ മിസൈലും പൊട്ടിത്തെറിക്കുന്നത് ഒരുപക്ഷേ മറ്റ് എവിടത്തെക്കാളും മലയാളി കുടുംബങ്ങളിൽ കൂടിയാണ്. മലയാളി അറബ് രാജ്യങ്ങളിൽ എത്തി സമ്പത്ത് നേടുകയും വർദ്ധിപ്പിക്കുകയും തന്നെയും കുടുംബത്തെയും നാടിനെയും സാമ്പത്തിക സ്ഥിരതയിലേയ്ക്ക് നടത്തുകയും ചെയ്ത ദശാബ്ദങ്ങളാണ് കടന്നുപോയത്.

ട്രംപ് തുടക്കക്കാരനല്ല.1979 മുതൽ വന്ന അമേരിക്കൻ പ്രസിഡണ്ടുമാർ ഇറാനിൽ ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താനും തങ്ങളുടെ പാവയെ വാഴിക്കാനും ശ്രമിച്ചിട്ടുണ്ട്. പലതരം പ്രീണനങ്ങൾ കൊണ്ട് മറ്റു ഗൾഫ് രാജ്യങ്ങളെ തങ്ങളുടെ ഗൂഢാലോചനയിൽ പങ്കു ചേർത്തിട്ടുണ്ട്. ഇറാഖിനെ ഇറാനെതിരായും കുവൈറ്റിനെതിരായും സൈനിക നടപടിക്കു പ്രേരിപ്പിക്കുകയും ഒടുവിൽ ഇറാഖിനെ നിലംപരിശാക്കുകയും അതോടൊപ്പം കുവൈറ്റിൽ സൈനിക താവളം നേടിയെടുക്കുകയും ചെയ്തത് ഒരുദാഹരണം. ഇസ്രായേൽ അറബ് രാജ്യങ്ങൾക്കെതിരെ തിരിഞ്ഞത് അമേരിക്കൻ പിന്തുണയോടെ ആയിരുന്നു. അറബ്ഐക്യം യാഥാർത്ഥ്യമാകാതിരിക്കാൻ എല്ലാ കരുക്കളും നീക്കുന്നതിൽ വിജയിച്ചു. ഒരോ രാജ്യങ്ങളുടെ ഉള്ളിലും പരസ്പരം വിയോജിക്കുന്ന ഇസ്ലാമിക ഗ്രൂപ്പുകൾ ഉണ്ടായത് ശിഥിലീകരണം എളുപ്പമാക്കി.

ഇസ്രായേലിന്റെ ഭീഷണിക്കെതിരെ ഒരു ഗൾഫ് ശക്തി എന്ന നിലയ്ക്കാണെങ്കിൽ പോലും ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു എന്ന ചരിത്രപരമായ തെറ്റ് ഇറാൻ ഭരണകൂടത്തിന്റെ ഭാഗത്തുമുണ്ട്. ജിസിസി, OPEC മുതലായ സാമ്പത്തിക ചേരികൾ സ്ഥിരത നേടാനും വളരാനും അനുവദിക്കാതിരിക്കുന്നതിൽ അമേരിക്ക- ഇസ്രയേൽ സഖ്യത്തിന്റെ നിരന്തരമായ ഇടപെടലുകൾ ഉണ്ടായിരുന്നു.

Image Credit: The Daily Star

ലോകം ഒരു മൂന്നാം മഹായുദ്ധത്തിലേക്ക് പോകില്ലെന്ന് പ്രത്യാശയും ഉത്കണ്ഠയും മൂലം ലോകരാഷ്ട്രങ്ങൾ സ്ഥാപിച്ച സമാധാന സംഘടനകൾ വെറും നോക്കുകുത്തികൾ ആയിട്ട് കുറച്ചു കാലമായി. ദുർബല രാഷ്ട്രങ്ങളുടെ മേൽ മാത്രം എക്സിക്യൂട്ടീവ് പവർ ഉപയോഗിക്കുന്ന സ്ഥാപനങ്ങളായി അവ മാറി. മറ്റൊരു തലത്തിൽ, ഏറ്റവും ശക്തരായവരെപ്പോലും മാസങ്ങളോളം തങ്ങളുടെ സ്വകാര്യ ഇടത്തിൽ ഒതുക്കിയ കോവിഡ് യുദ്ധങ്ങളുടെ വ്യർത്ഥതയെക്കുറിച്ച് മനുഷ്യരാശിയെ ബോധവൽക്കരിക്കുമെന്ന സാധാരണക്കാരന്റെ പ്രതീക്ഷ പാഴായി.

ചരിത്രം എന്നും കശാപ്പുകാരുടെയും ചോരപ്പുഴകളുടെയും അധ്യായങ്ങൾ എഴുതിക്കൊണ്ടാണ് കടന്നുപോന്നത്. പക്ഷെ അന്നൊക്കെ അതിനെ എതിർക്കാൻ,പൊരുതി തോൽക്കുകയോ ജയിക്കുകയോ ചെയ്യാൻ മറ്റുചില രാജ്യങ്ങളും ചേരികളും ഉണ്ടായിരുന്നു. എന്നാൽ മനുഷ്യ ബുദ്ധിയെ പോലും പകരം വയ്ക്കാൻ പാകത്തിൽ ശാസ്ത്രം വളർന്ന സാമൂഹ്യപരിണാമദശയിൽ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രൂരതകൾക്ക് വലിയ ക്ഷോഭം ഒന്നും കൂടാതെ ദൃക്സാക്ഷിയാവാൻ മറ്റു രാജ്യങ്ങൾക്ക് കഴിയുന്നുണ്ട് എന്നത് ഈ കാലത്തിന്റെ വൈകൃതമാണ് . അക്രമത്തിനു മണിക്കൂറുകൾക്ക് മുൻപു മാത്രം ലോകം സാക്ഷ്യം വഹിച്ച ഒരു ആലിംഗനം നയതന്ത്ര ലോകത്ത് എക്കാലത്തേയ്ക്കും വലിയ ഒരശ്ലീലക്കാഴ്ചയാവുന്നതും അതിന്റെ പേരിൽ ഇന്ത്യക്കാർ തലകുനിക്കേണ്ടി വരുന്നതും അതിന്റെ അടയാളമാണ്.

ഈ യുദ്ധത്തിന് വേറൊരു പ്രത്യേകതയുമുണ്ട്. അമേരിക്ക സൂത്രധാരനും നടത്തിപ്പുകാരനും ആയ യുദ്ധത്തിൽ ഒരു ബോംബും അമേരിക്കയിൽ വീഴുന്നില്ല. ബുഷുകളേയും ട്രമ്പുകളെയും തിരഞ്ഞെടുത്തു ഭരണം ഏൽപ്പിക്കുന്ന ജനതക്ക് ഒരു വിധത്തിലുള്ള നഷ്ടത്തിന്റെയോ ഭീഷണിയുടെയോ പൊള്ളലേൽക്കുന്നില്ല. (ഏൽക്കണമെന്നല്ല) ഇരു ചേരികളുടെയും യുദ്ധഭൂമി ഗൾഫ് രാഷ്ട്രങ്ങളാണ്.പല വിധ സമ്മർദ്ദങ്ങളാലും അയൽ രാജ്യങ്ങളോടുള്ള അവിശ്വാസത്താലും നിലനിൽപ്പിനെക്കുറിച്ചുള്ള ഭീതിയാലും അമേരിക്കക്ക് സൈനികത്താവളങ്ങൾ അനുവദിച്ച രാഷ്ട്രങ്ങൾ. ഇതിൽ നിന്ന് പുതിയ ഇന്ത്യക്കു എന്തെങ്കിലും പഠി ക്കുവാനുണ്ടോ? അന്തമാൻ നികോബാർ ദ്വീപുകൾ വെട്ടിത്തെളിയിച്ച്‌ വൻ സൈനികത്താവളം നിർമിക്കുന്ന ഇന്ത്യക്ക്? നാളെ അമേരിക്കയെ ഇനിയും മഹത്താക്കുവാൻ വേണ്ടി ആ രാജ്യവും ചൈനയുമായി ഒരു യുദ്ധസാഹചര്യം ഉണ്ടായാൽ.. …..

Image Credit: PBS News

ലോക സമാധാനമുണ്ടാവാൻ എല്ലാവർക്കുമൊപ്പം എത്രയും നേരത്തെയുള്ള ഒരു യുദ്ധവിരാമത്തിന് വേണ്ടി മലയാളനാടും തീവ്രമായി ആഗ്രഹിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ഒപ്പം മലയാള മുഖ്യധാരാമാധ്യമങ്ങൾ, ചാനലുകൾ എന്നിവ യുദ്ധമര്യാദ പാലിക്കണമെന്ന് ശക്തിയായി വാദിക്കുന്നു. പൂരവും വേലയും റിപ്പോർട്ട്‌ ചെയ്യുന്ന ആവേശത്തോടെ വെറുപ്പിന്റെയും വിനാശത്തിന്റെയും പെരുംകളിയാട്ടം ആഘോഷിക്കരുത്. അതിവൈകാരികതയുടെ പറയെടുക്കാൻ യുദ്ധബാധിതരെ മുട്ടിവിളിക്കരുത്.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.