കൊള്ളിമീൻ പോലെ നിങ്ങളുടെ ജീവിതത്തിൽ വന്ന് മറഞ്ഞു പോയ ചിലരുണ്ടാകാം, പ്രത്യേകിച്ച് നിങ്ങൾ പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകേണ്ടി വന്ന ഒരാളാണെങ്കിൽ. കാലങ്ങൾക്കു ശേഷം അവരുടെ
ഓർമകൾ മറവിയുടെ അഗാധതയിൽ നിന്ന് കുമിളകൾ പോലെ പൊങ്ങി വന്നേക്കാം. അവർ പ്രത്യക്ഷപ്പെട്ട സന്ദർഭമനുസരിച്ച് ഒരു നറുപുഞ്ചിരിയോ ചെറുവിങ്ങലോ നിങ്ങളിലുണർത്തുകയും ചെയ്തേയ്ക്കാം.
തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ പൊതുമേഖലാ ബാങ്കുകൾ ഗ്രാമീണമേഖലകളിൽ കൂടുതൽ ശാഖകൾ തുറക്കുന്ന കാലം. അതുവരെ പട്ടണങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ബാങ്കുകൾ അന്നത്തെ ഗവണ്മെണ്ടിന്റെ
നയങ്ങൾക്കനുസൃതമായി വികസനകാര്യങ്ങളിൽ തീരെ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടുപിടിച്ചു അവിടെ ബാങ്ക് ശാഖകൾ തുറന്നു. ഊർജ്ജസ്വലരും ആദർശശാലികളും ആയ ഒരു കൂട്ടം ചെറുപ്പക്കാർ അവിടങ്ങളിൽ ജീവനക്കാരായെത്തി. കൈ മെയ് മറന്നു അവർ പ്രവർത്തനം തുടങ്ങിയപ്പോൾ നൂറു കണക്കിന്നു കുടുംബങ്ങളിൽ പ്രത്യാശയുടെ കിരണങ്ങൾ ഉദിച്ചു.
വ്യക്തികൾക്കു എളുപ്പത്തിൽ, നൂലമാലകളില്ലാതെ, പണം ലഭ്യമാക്കാൻ മറ്റ് ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരേക്കാളേറെ ഒരു ബാങ്കുദ്യോഗസ്ഥന് കഴിഞ്ഞിരുന്നു . അതുകൊണ്ട് തന്നെ അവരോടു കൂടുതൽ ആദരവും ബഹുമാനവും പൊതുജനങ്ങൾക്കുണ്ടാകും. മറ്റു ഗവണ്മെൻറ്റ് സ്ഥാപനങ്ങൾ താരതമ്യേന കുറവായ ഗ്രാമങ്ങളിൽ അവർ ശരിക്കും വി ഐ പി മാർ തന്നെയാകും. വിവാഹം
മരണം എന്നുവേണ്ട സ്വത്ത്,അതിർത്തി തർക്കങ്ങൾ ഉൾപ്പെടെയുള്ള സങ്കീർണമായ പ്രശ്നങ്ങളിൽ പോലും അവർക്കിടപെടേണ്ടി വന്നേയ്ക്കും .അതിരാവിലെ വീട്ടിൽ വന്ന് “ സാറേ. ഇന്നെനിക്കൊരു സ്വർണ പണയത്തിൽ
കുറച്ചു പണം പാസ്സാക്കിത്തരണേ “ എന്നു ശുപാർശ ചെയ്യാനുള്ള സ്വാതന്ത്ര്യവും അവരെടുക്കും. ഇന്നത്തെ പോലെ ധാരാളം പൊതു,സ്വകാര്യപണമിടപാട് സ്ഥാപനങ്ങൾ അന്ന് ഇല്ലെന്നോർക്കണം. പിന്നീടാണ് ഡോ.മൻമോഹൻ സിങ് പറഞ്ഞത് പോലെ ബാങ്കുകാർ വായ്പ്പക്കാരെ അങ്ങോട്ടു പോയി കാണേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയത്.
ഇത്തരത്തിലുള്ള ഒരു പശ്ചാത്തലത്തിലാണ് ഒരു ഗ്രാമീണ ബാങ്കിന്റെ ബ്രാഞ്ച് മാനേജരായി ഞാൻ ചാർജെടുക്കുന്നത്. എടപാടുകാരിൽ ഭൂരിഭാഗവും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. ബാങ്കിങ്
എന്താണെന്നുള്ള അടിസ്ഥാനവിവരം പോലുമില്ലാത്ത, ‘ഷ്പ്ര’ എന്നോ ‘ശ്രീ’ എന്നോ ഒപ്പിടുന്ന അല്ലെങ്കിൽ ഇടതു കയ്യിലെ പെരുവിരൽ അടയാളം രേഖകളിൽ പതിപ്പിക്കാൻ മാത്രമറിയുന്ന സാധാരണക്കാരിൽ സാധാരണക്കാർ.
പുതുതായി തുടങ്ങിയ ബാങ്ക് ആയതിനാൽ പണം നിക്ഷേപിക്കാൻ നാട്ടിലെ പണക്കാർക്ക് വൈമനസ്യമുണ്ടായിരുന്നു. വായ്പകൾക്കാവട്ടെ ധാരാളം ആവശ്യക്കാരും! എന്തുകൊണ്ടും പൊതുജന സമ്പർക്കം അത്യാവശ്യമായ സന്ദർഭം. ഞാനാണെങ്കിലോ (ചെറുപ്പത്തിന്റെ തൻപോരിമ കാരണം) സ്വയം ഒരു സംഭവമാണെന്നു കരുതി നടക്കുന്ന കാലവും. നേരത്തെ പരമർശിച്ച സാമൂഹികാവസ്ഥ കാരണം അത് ഒട്ടൊക്കെ അനുവദിച്ചു കിട്ടുന്നുണ്ടായിരുന്നു എന്നത് വസ്തുതയാണ്. ഒരു പുതിയ സ്ഥലത്ത് ചാർജെടുക്കുമ്പോൾ ആദ്യമായി ചെയ്യേണ്ടത് അവിടത്തെ പ്രമുഖ വ്യക്തികളെ കണ്ടു പരിചയപ്പെടുകയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുകയും ചെയ്യുക എന്നതാണ്. അടുത്ത രണ്ടു മൂന്നു വർഷത്തേക്കുള്ള ശാഖയുടെ വികസനത്തിൽ ഇത്തരം കൂടിക്കാഴ്ചകളുടെ പങ്ക് വളരെ വലുതാണ്.
സംഭവിച്ച വീഴ്ചയുടെ ആഘാതം മനസ്സിലാക്കാനാണ് ആമുഖമായി ഇത്രയും ദീർഘമായി എഴുതിയത്.
അത്തരത്തിലുള്ള ഒരു കൂടിക്കാഴ്ചയുടെ ഓർമകളും അതിനെക്കുറിച്ച് ഇന്നത്തെ കാഴ്ചപ്പാടനുസരിച്ച് ഉള്ള വിശകലനവും ആണ് ഈ കുറിപ്പിന്റെ കാതൽ. ഉച്ചയ്ക്ക് ശേഷം ശാഖയിലെ പ്രധാനപ്പെട്ട പണികൾ തീർത്ത ശേഷമാണ് ഇത്തരം കൂടിക്കാഴ്ചയ്ക്ക് പുറപ്പെടുക. കൂട്ടിന് നാട്ടുകാരനായ ഒരു ഉദ്യോഗസ്ഥനും ഉണ്ടാകും. സ്ഥലത്തെ പ്രധാനപ്പെട്ട ഒരു കച്ചവടക്കാരനെ
ലക്ഷ്യം വെച്ചാണ് യാത്ര. അവിടെ ചെന്നപ്പോൾ ഉടമസ്ഥൻ സ്ഥലത്തില്ല. പകരം ഒരു ബന്ധുവാണ് അവിടെ ഇരിക്കുന്നത്. വന്ന സ്ഥിതിക്ക് പരിചയപ്പെട്ടു പോകാമെന്ന് കരുതി കടയിലേക്ക് കയറി.
—– പുതിയ സാറാണല്ലേ* കഥാപുരുഷൻ കസേലയിൽ നിന്നെഴുന്നേറ്റു കൈകൾ നീട്ടി. എന്നാൽ ആദ്യത്തെ വാക്ക് സ്പഷ്ടമാകരുതെന്നുദ്ദേശിച്ചും ധൃതിയിലുമാണ് ഉച്ചരിച്ചത്. പ്രശ്നമതല്ല, തമിഴിൽ കുഴപ്പമില്ലാത്തതും മലയാളത്തിൽ അശ്ലീലവും ആയ ഒരു പദമാണത്. ഞങ്ങളിൽ നിന്നു മറച്ചു പിടിക്കണമെന്ന ഉദ്ദേശത്തോടെ ധൃതിയിൽ ആണ് അദ്ദേഹം അതുച്ചരിച്ചതെങ്കിലും ഞാൻ വ്യക്തമായി കേട്ടു. ആ മുഖഭാവമാവട്ടെ അത്യന്തം സൌഹൃദം നിറഞ്ഞതായിരുന്നു വാക്കുകളും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാത്ത പെരുമാറ്റം.
ഊതി വീർപ്പിച്ച ബലൂണിൽ സൂചിമൂന കൊണ്ടത് പോലെ എന്നിലെ അഹന്ത അപ്രത്യക്ഷമായി. അപ്രതീക്ഷിതമായ ആ സംബോധനയിൽ ഞാൻ സ്തബ്ദ്ധനായിപ്പോയെന്നു പറയേണ്ടതില്ലല്ലോ. എന്റെ മുഖഭാവം കണ്ടിട്ടാകണം, സഹപ്രവർത്തകൻ എന്റെ കൈ പിടിച്ചു മെല്ലെ അമർത്തി. പ്രതികരിക്കരുതെന്നുള്ള അഭ്യർഥനയായിരുന്നു അതിന് പിന്നിൽ. ഞാൻ നിശ്ശബ്ദനായി. പിന്നീട് അവർ തമ്മിൽ കുറച്ച് നേരം സംസാരിച്ചു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. കഥാപുരുഷൻ ഓരോ വാചകം പറയുമ്പോഴും മേൽ പറഞ്ഞ അശ്ലീല പദം ആവർത്തിക്കുന്നു. ഓരോ
തവണയും വേഗത്തിലുച്ചരിച്ച് ആ പ്രയോഗത്തിന്റെ ആഘാതം കുറയ്ക്കുവാൻ ശ്രമിക്കുന്നുണ്ട്. സഹപ്രവർത്തകൻ യാതൊരു ഭാവഭേദവുമില്ലാതെ അത് കേൾക്കുന്നു. അവർ രണ്ടുപേരും ഒരേ നാട്ടുകാരാണല്ലോ. ഞാൻ നിശ്ശബ്ദനായി കേട്ടിരുന്നു. മിനിറ്റുകൾക്കു ശേഷം ശരിയായ ഉടമസ്ഥനെ പിന്നെ കണ്ടോളാമെന്ന് ഞങ്ങൾ പോകാനെഴുന്നേറ്റു.
അയാൾ ഭവ്യതയോടെ എഴുന്നേറ്റു. “———“ “പിന്നെ കാണാം സാറേ”
പിന്നീടാണ് സഹപ്രവർത്തകൻ അദ്ദേഹത്തിന്റെ കഥ വിവരിച്ചത്. ഗ്രാമത്തിലെ ഒരു ഭേദപ്പെട്ട കുടുംബത്തിലെ അംഗമാണ് കഥാപുരുഷൻ. ചെറുപ്പം മുതലേ ഇതാണ് സംഭാഷണ ശൈലി. ഓരോ വാചകത്തിന്നു മുന്നിലും ഒരു അശ്ലീല പദം ചേർത്ത് മാത്രമേ സംസാരിക്കുകയുള്ളൂ.
കരുതിക്കൂട്ടി പറയുന്നതാണെന്ന് കരുതി വീട്ടുകാർ കഠിനമായി ശിക്ഷിച്ചു. ഒരു മാറ്റവുമുണ്ടായില്ല. സ്കൂളിലും അത് തന്നെ തുടർന്നു. സഹപാഠികൾക്കും അദ്ധ്യാപകർക്കും മുമ്പിൽ പരിഹാസ കഥാപാത്രമായി
നിൽക്കേണ്ടി വന്നു. മുതിർന്നപ്പോൾ കാര്യമറിയാത്ത നാട്ടുകാരിൽ നിന്നും പലവുരു മർദ്ദനമുൾപ്പെടെ ഏൽക്കേണ്ട ഗതികേടുണ്ടായി. ഇതൊരു
പെരുമാറ്റ വൈകല്യമാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. നിരന്തരസമ്മർദം മൂലം വാക്കുകൾ മറച്ചു വെക്കാൻ
പരാജയപ്പെടുന്ന ഒരു ശ്രമം അദ്ദേഹത്തിൽ നിന്നുണ്ടായി എന്നതൊഴിച്ചാൽ അക്കാര്യത്തിൽ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല എന്നതാണ് സത്യം. പിന്നീട് പതിയെ അദ്ദേഹം ഉൾവലിഞ്ഞു. വീടിന്നു പുറത്തേക്ക് വരുന്നത്
തന്നെ അപൂർവമായി. അങ്ങിനെ പുറത്തേക്ക് വന്ന ഒരു സന്ദർഭത്തിലാണ് ഞാൻ കണ്ടു മുട്ടുന്നതും ഒരു ദുരന്ത കഥാപാത്രമായി, നീറുന്ന ഓരോർമയായി എന്റെ മനസ്സിൽ കയറിപ്പറ്റുന്നതും. Obsessive-compulsive
disorder(OCD) എന്ന ഒരു തരം മാനസിക രോഗം ആണിതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്തായാലും പിന്നീടൊരിക്കലും ഞാൻ അദ്ദേഹത്തെ കണ്ടില്ല.
അദ്ദേഹത്തെക്കുറിച്ച് ഓർമിക്കുമ്പോഴെല്ലാം ഭാരമേറിയ കുരിശുമേന്തി വേച്ചുവേച്ചു നടക്കുന്ന യേശുദേവന്റെ ചിത്രമാണ് മനസ്സിൽ ഉയരുക.തന്റേതല്ലാത്ത കുറ്റത്തിന്നു സമൂഹത്തിന്നു മുന്നിൽ ഒരു കുറ്റവാളിയെപ്പോലെ നിൽക്കേണ്ടി വന്ന ആ ഹതഭാഗ്യനെ കുറിച്ചോർക്കുമ്പോൾ എപ്പോഴും മനസ്സിന്റെ കോണിൽ ഒരു നീറ്റൽ ഉയർന്നു വരുമായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ പിന്നീട് അതെല്ലാം വിസ്മൃതിയിലാണ്ടു പോയി. ഇപ്പോൾ ജോലിയിൽ നിന്നു വിരമിച്ച് വിശ്രമ ജീവിതം നയിക്കുമ്പോൾ ജീവിത യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഇത്തരം കഥാപാത്രങ്ങൾ പൊടുന്നനെ മുന്നിലെത്തുന്നു. ഈ സുഹൃത്തുമായി വെറും അഞ്ചു മിനിറ്റ് നേരത്തെ കൂടിക്കാഴ്ച മാത്രമാണുണ്ടായതെങ്കിലും അത് എന്നിൽ ചെറുതല്ലാത്ത ആഘാതം ഉണ്ടാക്കിയെന്നതാണ് സത്യം. ആ കൂടിക്കാഴ്ച ജീവിതത്തോടുള്ള എന്റെ മനോഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കി. ഒരു ചെറിയ വിഷമം വരുമ്പോഴേക്കും ‘മരിച്ചാൽ മതി’ എന്നു ചിന്തിക്കുന്ന നമ്മൾ നമ്മെക്കാളെത്രയോ കടുത്ത ജീവിത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന എത്രയോ പേരുണ്ടെന്ന് ഓർക്കാതെ പോകുന്നു. ആ മനുഷ്യൻ കടന്നു പോന്ന ജീവിത പ്രതിസന്ധികളെക്കുറിച്ച് ഓർക്കുമ്പോൾ വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ ഇതുവരെ ജീവിച്ച ഞാനൊക്കെ എത്ര മാത്രം അനുഗ്രഹീതനാണെന്ന് ചിന്തിച്ചു പോവുകയാണ്. ജീവിതത്തിൽ ഒരു വലിയ പാഠം പഠിപ്പിച്ച ആ അഞ്ചു മിനിറ്റ് കൂടിക്കാഴ്ചയെപ്പറ്റി ചിന്തിക്കുമ്പോൾ
ഓർമ വരുന്നത് ഒരു ഗാനത്തിന്റെ ഈരടികളാണ് : ‘ നന്ദിയാരോട് ഞാൻ
ചൊല്ലേണ്ടൂ ..’
കവർ : ജ്യോതിസ് പരവൂർ