കൂരിരുളിൽ വഴി തെറ്റിയുഴറിയ
നേരിന്റെ കയ്യുപിടിച്ചുനടത്തി,
വേദമതങ്ങളുമധികാരകേന്ദ്രവും
ചേർന്നുപരീക്ഷിച്ച വേട്ടയെ നേരിട്ടു,
കേവലസൗഭാഗ്യവഴികൾ വിഗണിച്ചു
ദീർഘസഹനസമരം വരിച്ചു,
ആരുമെതിർക്കട്ടെ, ദൗത്യസമ്പൂർത്തി
കാണാതെ മടക്കമില്ലെന്നുറച്ചു,
കാരാഗൃഹത്തിലും പോരിൻ സമാപനം
മാനവമോചനമെന്നല്ലോ ഘോഷിച്ചു.
ഞങ്ങളറിയുന്നു, നിങ്ങളൊരാളല്ലൊ-
രുത്തുംഗദേശപരിഛേദമത്രേ
ഉണ്ടതിൽ ശാസ്ത്രജ്ഞർ, കർഷകർ, കവികൾ,
രാഷ്ട്രമീമാംസകർ, തൊഴിലാളികൾ,
ഭൂഗോളമൊരു പരപ്പല്ലെന്നു സ്ഥാപിച്ച
പാപത്തിനു കഴുവേറേണ്ടി വന്നവർ.
ആചാരമേറെയുമാത്മീയ ദുഷ്ടതയാണെന്നു
പണ്ടേ ഗ്രഹിപ്പിച്ചുതന്നവർ.
ജ്ഞാനപ്രവാഹമായുൾപ്രപഞ്ചങ്ങളെ
ഭൂയിഷ്ഠമാക്കിയും, ചോദ്യങ്ങൾക്കുത്തര
ദീപ്തി പരത്തിയു, മാത്മബോധങ്ങളെ
മാന്ത്രികവിരൽതൊട്ടുണർത്തി നിങ്ങൾ,
നാളെ പിറക്കാനിരിക്കുന്നവർക്കായി
നൂതനലോകം പണിതു നിങ്ങൾ
പോയകാലത്തിൻ പ്രഭാവമേ നേരുന്നു
ഈ യുഗത്തിന്റെ ഹൃദയാഭിവാദനം.
എഴുത്തുകാരൻ
ഹബീബ് റഹ്മാൻ

ഹബീബ് റഹ്മാൻ
കണ്ണൂർ സ്വദേശി, പ്രവാസി ആയിരുന്നു.