12 നാൾ നീണ്ടു നിന്ന കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യൻ സംഘം 22 സ്വർണമുൾപ്പെടെ 61 മെഡലുകളുമായി നാലാമതായി ടേബിളിൽ ഫിനിഷ് ചെയ്തു. ഷൂട്ടിംഗ്-ആർച്ചറി ഇല്ലാത്തത് കൊണ്ട് ആദ്യ അഞ്ചിലെത്തുമോ എന്ന് സംശയിച്ചിരുന്നുവെങ്കിലും മികച്ച പ്രകടനത്തോടെ നമ്മൾ ആദ്യ അഞ്ചിൽ ഇടം നേടി.
12 പേർ മത്സരിക്കാനിറങ്ങി 12 പേരും മെഡൽ നേടിയ ഗുസ്തി ടീം ഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചത്.6 സ്വർണം അവർ നേടി!
15 പേർ മത്സരിക്കാനിറങ്ങി 10 മെഡലുകൾ നേടിയ വെയ്റ്റ് ലിഫ്റ്റിംഗ് ടീം, 12 പേർ മത്സരിക്കാനിറങ്ങി 7 മെഡലുകൾ നേടിയ ബോക്സിങ് ടീം,4 സ്വർണം നേടിയ ടേബിൾ ടെന്നീസ് ടീം, 3 സ്വർണ്ണം നേടിയ ബാഡ്മിന്റൺ ടീം എന്നിവയും മികച്ച പ്രകടനം കാഴ്ച വെച്ചു.
ബോക്സിങ്ങിൽ ഒളിമ്പിക് മെഡൽ ജേതാവായ ലോവിലീന സെമി കാണാതെ പുറത്തായി. അത്ലറ്റിക്സിൽ ഹിമദാസ്, റിലേ ടീമുകൾ, നീന്തലിൽ സജൻ പ്രകാശ്, സ്ക്വാഷ് ടീമിൻെറ പ്രകടനം.. അങ്ങനെ കുറച്ച് നിരാശകളും ഇതിനിടയിൽ ഉണ്ടായി.
ലോകോത്തര താരങ്ങളുടെ അഭാവം ഇപ്പോഴും ഉണ്ട്. ഒരു നീരജ് ചോപ്ര , പി വി സിന്ധു, വെയ്റ്റ്ലിഫ്റ്റിങ്ങിൽ മീരഭായ്, ഗുസ്തിയിൽ വിനേഷ് ഫോഗത് , ബജരംഗ് പുനിയ…. കഴിഞ്ഞു, നമ്മുടെ ലോക നിലവാരത്തിലുള്ള താരങ്ങൾ.
മെഡൽ പട്ടിക നോക്കു. നമുക്ക് താഴെയുള്ള രാജ്യങ്ങൾ ഒളിമ്പിക്സിൽ നമ്മൾക്കു മുകളിൽ ആയിരിക്കും എന്നത് രസകരമായ വസ്തുതയാണ്.
ഒരു കായികസംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ട്. എല്ലാ കായിക മേളകളിലും നൂറോളം മെഡലുകൾ തീരുമാനിക്കപ്പെടുന്ന സ്വിമ്മിംഗ്, അത് ലറ്റിക്സ് ഇനങ്ങളിൽ നമ്മൾ കാതങ്ങളോളം പിറകിലാണ്.
ഒരു കുട്ടിയുടെ സ്കൂൾ കാലം തൊട്ട് അഭിരുചിയും ശാരീരിക പ്രത്യേകതകളും വെച്ച് അവൻ അല്ലെങ്കിൽ അവൾ ഏത് മേഖലയിൽ ശോഭിക്കും എന്ന് തിരിച്ചറിഞ്ഞു വളർത്തി കൊണ്ട് വരണം. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം.
നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ സ്പോർട്സ് വകുപ്പ് എന്നാൽ ഒരു അപ്രധാന വകുപ്പാണ് ഇപ്പോഴും.ആ ഒരു ചിന്താഗതി മാറണം.
കോമൺവെൽത്ത് ഗെയിംസിനെക്കാൾ വലിയ വെല്ലുവിളിയാണ് അടുത്ത രണ്ടു വർഷങ്ങളിൽ ഉള്ളത്. ഏഷ്യൻ ഗെയിംസും, ഒളിമ്പിക്സും. ഇപ്പോഴേ തയ്യാറെടുപ്പുകൾ തുടങ്ങേണ്ടതുണ്ട്. നമ്മുടെ താരങ്ങളെ കൂടുതൽ വിദേശ മീറ്റുകളിൽ പങ്കെടുപ്പിച്ചു ലോക താരങ്ങളുമായി മത്സരിച്ച് പരിചയം നേടിയെടുപ്പിക്കണം. അടുത്ത ഒളിമ്പിക്സിൽ ആദ്യ ഇരുപതിനുള്ളിലെങ്കിലും വരാൻ പ്രയത്നിക്കണം.. താരങ്ങൾ പ്രയത്നിച്ചോളും. സർക്കാരുകളും അസോസിയേഷനുകളും അവർക്കൊപ്പം നിന്നാൽ മതി.
3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാശ് സബ്ലെയുടെ പ്രകടനം, ടേബിൾ ടെന്നിസിൽ നാൽപതാം വയസ്സിലും പോരാട്ട വീര്യം ചോരാതെ മൂന്ന് സ്വർണവും ഒരു വെള്ളിയും നേടി ശരത് കമൽ ഇ ന്ത്യൻ സംഘത്തിലെ താരമായത്, ട്രിപ്പിൾ ജംപിലെ സ്വർണവും വെള്ളിയും നേടിയ എൽദോസ് പോളിന്റെയും , അബ്ദുള്ള അബൂബക്കറുടെയും പ്രകടനം, വെയ്റ്റ് ലിഫ്റ്റിങ്ങിലെ ന്യു സെൻസെഷൻ 19 കാരൻ ജെറെമി ലാൽറിനുങ്കയുടെ ലിഫ്റ്റ്,ലോങ് ജംപിലെ ശ്രീശങ്കറിന്റെ വെള്ളിമെഡൽ നേട്ടം… അങ്ങനെ ഓർത്തിരിക്കാൻ ഒരു പിടി മികച്ച പ്രകടനങ്ങൾ ബെർമിങ്ഹാം നമുക്ക് നൽകി.ഒപ്പം ഭാവിയിലെക്ക് ഏറെ പ്രതീക്ഷകളും.
കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്