പൂമുഖം Travelയാത്ര അഗ്നിഭൂമിയിലൂടെ ഒരു യാത്ര (ഭാഗം – 4)

അഗ്നിഭൂമിയിലൂടെ ഒരു യാത്ര (ഭാഗം – 4)

ചെളിമൺ പർവതങ്ങളുടെ വിശേഷങ്ങളിലൂടെ…

ശിലാലിഖിതങ്ങളുടെ ചരിത്രസ്മൃതികളിൽ നിന്നും പ്രകൃതിയുടെ വികൃതിയായ ചെളിമൺ അഗ്നിപർവ്വതങ്ങളിലേക്കുള്ള (mud volcanoes) യാത്ര ഏറെ ത്രസിപ്പിക്കുന്നതായിരുന്നു. കേട്ടറിവ് മാത്രമുണ്ടായിരുന്ന അവിടേയ്ക്ക് അടുക്കുംതോറും ഉള്ളിലെ ആകാംക്ഷ രസാവഹമായ ഒരനുഭവമായിരുന്നു. വലിയ കയറ്റം നിറഞ്ഞതും കല്ലുകളും കുഴികളും നിറഞ്ഞ റോഡുകളുമായിരുന്നു. അതുകൊണ്ടുതന്നെ, ഞങ്ങൾ യാത്ര ചെയ്തുകൊണ്ടിരുന്ന വാഹനത്തിനുപകരം മറ്റൊരു വാഹനമായിരുന്നു പർവ്വതമുകളിലേയ്ക്ക് ഒരുക്കിയിരുന്നത്. നിരപ്പല്ലാത്തതും കയറ്റം നിറഞ്ഞതുമായ വഴിയിലൂടെയുള്ള യാത്രയും ചെറിയ സാഹസികത നിറഞ്ഞ അനുഭവം പകർന്നു നൽകി. സമയം സായാഹ്നത്തിലേക്കുള്ള യാത്ര തുടങ്ങിയിരുന്നെങ്കിലും ആകാശം തെളിഞ്ഞുതന്നെ നിന്നിരുന്നു.

ഗോബുസ്ഥാന്റെ പ്രദേശം വളരെ ആഴത്തിലുള്ള നിരവധി മലയിടുക്കുകളാൽ വേർതിരിക്കപ്പെട്ടതാണ്. ഇത്തരം വേർതിരിവുകൾ ഗോബുസ്ഥാന്റെ മാത്രമല്ലെന്നും പൊതുവെ അസർബൈജാന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കൂടിയാണെന്നും പിന്നീട് ഞങ്ങൾക്ക് ബോധ്യപ്പെടുകയുണ്ടായി. കാസ്പിയൻ കടലിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ഗോബുസ്ഥാന്റെ ജനവാസ പ്രദേശങ്ങൾക്കു പടിഞ്ഞാറാണ് ചെളിമൺ അഗ്നിപർവ്വതങ്ങൾ.

നീണ്ട കയറ്റം കഴിയുന്നതോടെ, ചെറുതും വലുതുമായ ചെളിമൺ അഗ്നിപർവ്വതങ്ങൾ നിരന്നുകിടക്കുന്ന ഒരു സമതലത്തിലേക്കാണ് ഞങ്ങളെ എത്തിച്ചത്. തണുത്ത ആവി പറക്കുന്ന ചെളിക്കുമിളകൾ നിറഞ്ഞ കൊച്ചുകൊച്ചു പർവതങ്ങളുടെ വലിയൊരു ഇടമായി പ്രദേശം അനുഭവപ്പെട്ടു. ഏകദേശം ഒരു മീറ്റർ വ്യാസമുള്ളത് മുതൽ അമ്പത് മീറ്ററിലധികം വ്യാസം വരുന്ന ചെളിമൺ പർവ്വതങ്ങൾ നിരന്നുകിടക്കുന്ന കാഴ്ച ഏറെ വിസ്മയം നിറഞ്ഞ ഒന്നായിരുന്നു. സാമാന്യം വലുപ്പമുള്ളവയുടെ ഒത്തനടുക്കുള്ള വലിയ കുഴികളിലെ ചെളിക്കുമിളകളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഏറെ കൗതുകം നിറഞ്ഞ കാഴ്ച സമ്മാനിക്കുന്നത്.

സഞ്ചാരികളായി വന്നെത്തിയ ചിലർ ചെളിയിലേയ്ക്ക് ഇറങ്ങി കുളിക്കുന്നതും മറ്റുചിലർ ചെറുതും വലുതുമായ കുപ്പികളിൽ ചെളി സംഭരിക്കുന്നതും കണ്ടു. മാറാത്ത ത്വക്രോഗങ്ങൾക്കും ആരോഗ്യത്തിനും ഈ അഗ്നിപർവ്വതങ്ങളിലെ ചെളി പുരട്ടുന്നത് നല്ലതാണെന്ന ഒരു വിശ്വാസം പ്രദേശവാസികളിൽ നിന്നും ചില ഓൺലൈൻ വിവരണങ്ങളിൽ നിന്നും ഒക്കെ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവൃത്തികൾ. എന്നാൽ ഇതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭ്യമല്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.

ഭൂമിക്കകത്ത് സമ്മർദ്ദത്തിൽ അടിഞ്ഞുകൂടിയ ദ്രാവകങ്ങളും വാതകങ്ങളും ഒരു ശൃംഖലയായി വിള്ളലുകൾ തീർത്തുകൊണ്ട് ഭൗമോപരിതലത്തിലേക്ക് പൊട്ടിയൊഴുകുമ്പോഴാണ് ചെളിമൺ അഗ്നിപർവ്വതങ്ങൾ രൂപപ്പെടുന്നത്. ഭൂമിയുടെ ഏറ്റവും പുറത്തെ ഫലകങ്ങളുടെ അതിരുകളിലോ ഹൈഡ്രോകാർബൺ വാതകങ്ങളുടെ ശേഖരണമോ പോലുള്ള ടെക്റ്റോണിക് പ്രവർത്തനങ്ങളാണ് ഇതിന് കാരണം. ദ്രവരൂപത്തിലുള്ള അവശിഷ്ടങ്ങളുടെ ഉപരിതല പാളികൾ, ചെളി, കളിമണ്ണ് എന്നിവയിൽ സമ്മർദ്ദം രൂപപ്പെടുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.

ഭൂമിയിലെ ചെളിമൺ അഗ്നിപർവ്വതങ്ങളിൽ ഏറെയും ഉൾപ്പെടുന്നത് അസർബൈജാനിലെ ഗോബുസ്ഥാൻ, കാസ്പിയൻ കടലിനോടു ചേർന്നുള്ള മറ്റു ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലാണെന്ന് കണക്കാക്കപ്പെടുന്നു. ഗോബുസ്ഥാനിലെ ഈ വിശിഷ്ടമായ അഗ്നിപർവ്വതങ്ങൾ ശാസ്ത്രജ്ഞർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആകർഷകമായ ഒരു പ്രകൃതിവിരുന്നുതന്നെയാണെന്ന് പറയാം.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.