ഈ സമുദ്രം…
തുഴ നഷ്ടപ്പെട്ടവൻ്റെ വിഭ്രമം..
പകലുകൾ പകലുകളെന്ന് മുരണ്ടു കൊണ്ട്
രാത്രികൾ മുങ്ങിമരിക്കുമിടം!
മുറിവിനെ തള്ളിപ്പറയാഞ്ഞതിനാൽ മാത്രം
മുത്തിനെ പേറുമൊരു ചിപ്പി പോലെ,
പുറന്തോടായുപേക്ഷിച്ചിട്ടും
സമുദ്രത്തെ ധ്യാനിക്കുമൊരു ശംഖു പോലെ,
ജന്മബന്ധങ്ങളുടെയദൃശ്യവേരുകളിൽ നിന്നും
വിടുതലില്ലാതെ നിൽക്കേ,
എനിക്കു നിഷിദ്ധമായ നിർവ്വേദമേ,
ഒരുവേള എന്നെയും കണ്ടെടുക്കൂ!..
നിലാവുകളെ പിച്ച നടത്തുന്ന നിൻ്റെ വിരലുകളാൽ
നികന്നുപോയ കടലുകളെ കുതിപ്പിക്കൂ
അടിത്തട്ടിൽ പതിയിരിക്കുന്ന
നിത്യദാഹത്തിൻ്റെ മരുക്കളേ,
മഴ നനഞ്ഞു നിൽക്കുന്ന ദുഖത്തിൻ്റെ വഴുക്കൻ ഒറ്റയടിപ്പാതകളേ,
സ്നേഹം കൊണ്ടു മുറിവേറ്റവൻ്റെ നോവിൽ ഉപ്പുപരലു പോലെ ഉരഞ്ഞു നീറുന്ന
കടൽക്കാറ്റിൻ്റെ പരുക്കൻ വിരലുകളേ,
നിങ്ങൾക്കുമേൽ
ഏകാന്തമീ സമുദ്രം…
തീരമണഞ്ഞു പോകുമോയെന്നു ഭയപ്പെടുന്ന,
തുഴയുപേക്ഷിച്ചവൻ്റെ വിഭ്രമം!
കവർ : സുധീർ MA
