ആയിരം കുതിരകൾ പായുന്ന ഒച്ചയിൽ
പകുതിയിൽ മുറിഞ്ഞ ഉറക്കം.
ലോഡ്ജിലെ മുഷിഞ്ഞ കിടക്കയിൽ
അരികിലായി സ്വരങ്ങളുടെ പ്രഭു.
വായുവിൽ നൃത്തം വയ്ക്കുന്ന വിരലുകൾ
തീർക്കുന്ന രാഗസഞ്ചാരങ്ങളുടെ മദ്ധ്യാഹ്നം.
പെരുമഴയായി പെയ്ത വിരലുകൾ
പൊടുന്നനേ ആടുന്ന മയിലാവുന്നു.
പകുതി ഉറക്കത്തിലൊരു മഴവില്ല് കാണുന്നു.
അടുത്തുമകലെയുമായി കുതിരകൾ
പാഞ്ഞോടുമ്പോൾ നീളൻ മുടികൾ
കാറ്റിലുലഞ്ഞൊരു വൃത്തം തീർക്കുന്നു.
ഇരുട്ടിൽ തൊട്ടരുകിൽ സാക്കിർ ഹുസൈൻ
മഴയായി, നിലാവായി, മഞ്ഞായി മാറുന്നു.
ചിരപരിചിതം മുറിയൊരു ഗന്ധർവ്വ ലോകമാകുന്നു.
മഴവില്ലുകൾ ,ഇടിമിന്നലുകൾ, മഴത്തിളക്കങ്ങൾ
നിലാവുറയൂരുന്ന രാത്രികൾ.
മുറിയൊരു യമുനയായി ഒഴുകുന്നു.
കരയിൽ തബലകൾ നൃത്തം വയ്ക്കുന്നു.
വിരലുകൾ തബലതൻ പരപ്പിൽ പാഞ്ഞോടുമ്പോൾ
പ്രണയം പതഞ്ഞ ശബ്ദങ്ങൾ ചുറ്റിലും നിറയുന്നു.
വായുവിൽ ചുഴറ്റുന്ന വിരലുകൾ
വസന്തങ്ങൾ തീർക്കുന്നു
നദിക്കരയിൽ രാധാകൃഷ്ണ സംഗമം.
ലൈലാമജ്നുവിൻ പ്രണയ സല്ലാപം.
നിലാവുറഞ്ഞൊരു തോണിയാകുന്നു.
സാക്കിറിന്റെ വിരലുകൾ അവരെ
ദൂരേയ്ക്ക്, ദൂരേയ്ക്ക് പായിക്കുന്നു.
ഇമയനക്കങ്ങളിൽ മൽഹാറുകൾ വിരിയുന്നു.
രാത്രി, ഒരു നീളൻ നദിയാകുന്നു.
സാക്കിർ തനിച്ചല്ല, ചുറ്റിലും ഒരായിരം പേർ
മുറിയൊരു രംഗവേദിയാകുന്നു.
ഒരായിരം തബലകൾ പാടുന്നു.
സാക്കിർ, സാക്കിർ, സാക്കിർ
ഉറക്കത്തിലൊരു നിലാവ് പൊതിയുന്നു.
കുതിരക്കുളമ്പടികൾ അകന്നു പോകുന്നു.
സാക്കിർ തനിയേപാടുന്നു.
*സാക്കിർ ഹുസൈന് സമർപ്പണം