ജനിച്ചപ്പോൾ തന്നെ ദൈവം
എന്നിൽ നിന്ന് ഒരവയവം
എടുത്തു കളഞ്ഞു
അതിന് ശേഷം
എന്റെ ദേശമെന്നൊരു ദേശമില്ല
എന്റെ ആൾക്കാരെന്നൊരു കൂട്ടരില്ല
എല്ലാ ഗ്രാമത്തിലും
ഞാനെന്റെ ചെരുപ്പുകൾ വച്ചു മറക്കുന്നു
ഏത് വീട്ടിലും
കാത്തിരിക്കുന്നു എനിക്കുള്ള വറ്റ്
ആൾക്കൂട്ടത്തിലെയൊറ്റയാവുന്നു
ആമയുടെ തോടിൽ താമസമുറപ്പിക്കുന്നു
സമയത്തിന്റെ മുറിവിൽ
ചൊറിയുന്നു
അലസതയുടെ തൊലിയുമുടുത്ത്
രാത്രിയുടെ കൂടെ പോകുന്നു
എനിക്ക് കാണാം ചുഴലിക്കാറ്റിന്റെ ഉറവിടം
പകയുടെ അടയാളങ്ങൾ
ചതിയ്ക്ക് തൊട്ടുമുമ്പുള്ള ശ്വാസം
നോട്ടത്തിന്റെ പരുക്കുകൾ
ചുരുളൻ വാക്കുകളുടെ കൂടാരം മടക്കി വയ്ക്കുന്നു ഞാൻ
നിങ്ങളെ കേൾക്കാമെനിക്ക്
മുന്നിൽ നിന്നും പിന്നിൽ നിന്നും
ചിതറി വീഴുന്ന ഒച്ചകൾ
ഒച്ചകളുടെ ഭാരത്തിൽ ഞാൻ
ശ്വാസമില്ലാതെ പിടയുമ്പോൾ
നഷ്ടപ്പെട്ട നാവ്
തിരിച്ചു കിട്ടിയെങ്കിലെന്ന് കൊതിക്കും
ഒന്നലറി വിളിക്കാൻ
എന്റെ രാജ്യമേ, എന്റെ ശരീരമേ !
കവർ ഡിസൈൻ : സി പി ജോൺസൺ