യുണൈറ്റഡ് സ്റ്റേറ്റ്സിലെ മൂന്നാം സന്ദർശനം. മൂന്നാമത്തെ വനയാത്രയെക്കുറിച്ച് ആലോചിച്ചപ്പോഴേ സംശയമില്ലാതെ മകന്റെ കുടുംബം തെരഞ്ഞെടുത്തത് ടെന്നസ്സിയാണ്. ഞങ്ങൾക്കത് ആദ്യ അനുഭവമാണെങ്കിലും അവർ ഇതിനകം ടെന്നസ്സിയിൽ പല സന്ദർശനങ്ങൾ കഴിഞ്ഞിരുന്നു. നോർത്ത് വിർജീനിയയിൽ നിന്ന് ടെന്നസ്സിയിലേക്ക് പ്രകൃതിയുമായി അഭിരമിച്ച് ഒരു യാത്ര.
ഈ വനയാത്ര ഇവിടെ അതി സാധാരണമാണ്. ഇവിടത്തെ ആളുകളെ വച്ചു നോക്കുമ്പോൾ ഞങ്ങൾ വെറും ശിശുക്കളാണ്. മനുഷ്യവാസമില്ലാത്ത ഘനഗാന്ധാരാന്തരങ്ങളിലും മലമുകളിലും മഞ്ഞിന്റെ നോക്കാത്താ ദൂരങ്ങളിലുമാണ് ഇവർ മിക്കവാറും തനിച്ചും അല്ലെങ്കിൽ ഒരു പങ്കാളിക്ക് ഒപ്പവും അജ്ഞാതവാസം നടത്താറ്. അത്തരം അതിസാഹസികതയ്ക്കു മുന്നിൽ ഞങ്ങളുടെ മുൻകൂട്ടി ചിട്ടപ്പെടുത്തിയ യാത്ര ഒന്നുമല്ല എങ്കിലും ആകാംക്ഷ ഒട്ടും കുറവായില്ല.
വടക്കേ അമേരിക്കയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന സ്റ്റേറ്റാണ് ടെന്നസ്സി. അമേരിക്കയിലെ മിക്കവാറും സ്റ്റേറ്റുകളിലും കാടിന്റെ സമൃദ്ധി ഉണ്ട് എങ്കിലും വനത്തിനെ അതിന്റെ ഏറ്റവും പരുക്കൻ ഭാവത്തിൽ അനുഭവിക്കാനാകുന്ന സ്ഥലങ്ങളിലൊന്നാണ് ടെന്നസ്സിസ്റ്റേറ്റ്. അപ്പാലാച്യൻ പർവ്വത നിരകളുടെ ഭാഗമായ The great smokey mountains ന്റെ താഴ്വാരത്തെ ഗാറ്റ്ലിൻബർഗ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. എപ്പോഴും പുകപോലെ മഞ്ഞു പുതച്ച് തന്റെ പേര് അന്വർത്ഥമാക്കിയ ഈ പർവ്വതത്തിന്റെ പല ഭാഗങ്ങളിലും ടെന്റുകളും മറ്റും സ്ഥാപിച്ച് ട്രെക്കിങ്ങും മറ്റും നടത്തുന്നവരാണ് കൂടുതൽ പേരും എങ്കിലും കനത്ത കാടു വിട്ട ഒരിടത്ത് ഒരു glamp ആണ് ഞങ്ങൾ ബുക്കു ചെയ്തത്. ഒരു വലിയ തടി പ്ളാറ്റ്ഫോമിനു മുകളിൽ നിർമ്മിച്ച പ്ളാസ്റ്റിക് കൂടാരമാണ് glamp എന്ന് പറയാമെങ്കിലും ഉള്ളിൽ രണ്ടു നിലകളിൽ രണ്ടോ മൂന്നോ കിടപ്പു മുറികളും എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള ഒരേർപ്പാടാണത്.
വടക്കൻ വിർജീനിയയിലെ falls church എന്ന സ്ഥലത്തു നിന്നാണ് ഞങ്ങൾ പോകുന്നത്. വിർജീനിയയുടെ ഭൂപ്രകൃതി അതിമനോഹരമാണ്. ഏറെക്കുറെ മനുഷ്യർ പരിപാലിക്കുന്നവയാണെങ്കിലും തട്ടുതട്ടായി കിടക്കുന്ന പുൽമേടുകളും അവയുടെ ചരിവുകളിൽ പ്രകൃതിക്ക് യാതൊരു ക്ഷതവുമേൽപ്പിക്കാത്ത ചെറിയ നിർമ്മിതികളും നിരയായും ഒറ്റപ്പെട്ടും നിൽക്കുന്ന മരക്കൂട്ടങ്ങളും ഇടയ്ക്കിടെയുള്ള കൃഷിയിടങ്ങളും പൂത്തുനിൽക്കുന്ന ചെടികളും ഒക്കെയായി,വടക്കൻ വിർജീനിയയും പടിഞ്ഞാറൻ വിർജീനിയയും നൽകിയ മനോഭിരാമമായ കാഴ്ചകൾ എന്റെ തുച്ഛമായ വാക്കുകൾ കൊണ്ടു രേഖപ്പെടുത്താനാവുകയില്ല!
ടെന്നസ്സിയിലേക്കു പ്രവേശിക്കുമ്പോഴേക്ക് ഭൂപ്രകൃതിക്ക് മാറ്റം തുടങ്ങി. പുൽമേടുകൾ കാണാതായി. കാടിന്റെ പരുക്കനായ ഭാവം കൂടുതൽ പ്രകടമായിത്തുടങ്ങി. കിലോമീറ്ററുകളോളം വനം മാത്രം. അപ്പോഴേക്ക് ഇരുട്ടു ഭൂമിയെ ആവരണം ചെയ്തു കഴിഞ്ഞു. ഇരുണ്ട വനപാത. ചിലയിടങ്ങളിൽ തീരെ വീതി കുറഞ്ഞ് കഷ്ടി ഒരു കാറിനു പോകാൻ മാത്രം .ഒടുവിൽരാത്രി പതിനൊന്നോടെ ലക്ഷ്യത്തിലെത്തിച്ചേർന്നു. ഒരു നദിയുടെ കളകളാരവം ഞങ്ങളെ എതിരേറ്റു. കുത്തനെയുള്ള റോഡ് വനത്തിനുള്ളിലേക്കു നീളുന്നു. അവിടവിടെയായി ഗ്ളാംപുകളുടെ മേൽക്കൂരകൾ കാണാം. . സുതാര്യമായ മേൽക്കൂരയ്ക്കു മേലെ നിലാവും നക്ഷത്രങ്ങളുമില്ലാത്ത രാത്രിയെ സാക്ഷി നിർത്തി ഞങ്ങൾ ഉറങ്ങാൻ കിടന്നു.
(ഇത്തരം വനഗേഹങ്ങളുടെ ബുക്കിംഗ് എല്ലാം ഓൺലൈനിലാണ് നടക്കുക. അവരൊരിക്കലും നമ്മളെ സ്വീകരിക്കാനോ വഴികാണിക്കാനോ വരില്ല. എത്തിയോ എന്നും വീട്ടിൽ നിന്നും മടങ്ങിയോ എന്നും ചോദ്യമില്ല. കതകു തുറക്കാനുള്ള കോഡ് മെയിൽചെയ്യും. വെക്കേറ്റു ചെയ്യാനുള്ള സമയവും പറയും. )
തിളങ്ങുന്ന വെയിലിലേക്കാണ് ഉണർന്നത്. മണി ഏഴായപ്പോൾ തന്നെ വെയിലിനു നല്ല ചൂടായി. കാടിന്റെ കുറേഭാഗങ്ങൾ നിരപ്പാക്കിയാണ് ഗ്ളാമ്പുകൾ നിർമ്മിച്ചിട്ടുള്ളത്. ചുറ്റും വനം തന്നെ. എന്നാൽ അത്ര തിങ്ങിയ വനമല്ലതാനും. പൈനും മേപ്പിളുമാണ് കൂടുതൽ മരങ്ങളും. അകലെ കാണുന്ന വനമേഖലയും അടിഭാഗം കാണുന്ന വിധം തന്നെ. മരങ്ങളുടെ വൈവിദ്ധ്യം അത്രക്ക് കണ്ടില്ല. കാറ്റില്ലാത്ത, ഇലയനക്കമില്ലാത്ത കാട്. കാട്ടിനുള്ളിൽ നിന്ന് മൃഗങ്ങളുടേയോ പക്ഷികളുടെയോ ശബ്ദങ്ങൾ കേൾക്കാത്തതും അത്ഭുതമായി. കതകിനടുത്തു സ്ഥാപിച്ച പലകയിൽ, Beware of bears എന്ന് എഴുതിയിരിക്കുന്നു . ടെന്നസ്സി സംസ്ഥാനത്തിന്റെ ചിഹ്നം കരടിയാണ്. എല്ലായിടത്തും കരടിയുടെ ചിത്രങ്ങൾ. സ്ഥാപനങ്ങളുടേയും ഹോട്ടലുകളുടേയും പേരുകളും lazy bear, sleeping bear എന്നിങ്ങനെ കരടിമയം!
കോസ്ബി എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ താമസിച്ചത്. രാവിലെ ലഘുഭക്ഷണം കഴിച്ച് അവിടെ നിന്ന് നഗരത്തിലേക്ക് യാത്രയായി. വനത്തിനുള്ളിൽ ചെറിയ ചെറിയ വീടുകൾ. മിക്കവയും ഒറ്റപ്പെട്ടവ. ചിലയിടങ്ങളിൽ മൂന്നു നാലു വീടുകൾ അടുത്തടുത്ത്. എങ്കിലും കാടുതന്നെ ചുറ്റിലും.
ടൗൺ അമ്പരപ്പിച്ചു. രണ്ടു നൂറ്റാണ്ടുകൾക്കു മുന്പുള്ള ഒരിടത്ത് എത്തിപ്പെട്ടപോലെ. കെട്ടിടങ്ങളും വഴികളുമെല്ലാം പഴമ അതേപടി നിലനിർത്തിയിരിക്കുന്നു. ആധുനിക നിർമ്മിതികൾ ഒന്നുമില്ല. മിക്കവയും തടികൊണ്ടു നിർമ്മിച്ചവ. അപൂർവ്വമായി ചുവന്ന ഇഷ്ടികയുടെ കെട്ടിടങ്ങളും. കെട്ടിടങ്ങളെല്ലാം ഒന്നോ അപൂർവ്വം രണ്ടോ നിലകൾ മാത്രം. ഫാൾസ്ചർച്ചിലും ഡി സിയിലും കാണുന്ന,വ്യായാമം കൊണ്ട് രൂപഭംഗി നിലനിർത്തുന്ന മനുഷ്യരെപ്പോലെ ആരുമില്ല. പൊണ്ണത്തടിയുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും. രസകരമായ മറ്റൊരു കാര്യം, ആരും വളർത്തു മൃഗങ്ങളുമായി നടക്കുന്നില്ല എന്നതുമാണ്. പൊതുവേ സൗഹൃദം കാണിക്കാത്ത മനുഷ്യർ. ഹോട്ടലുകളിൽ അതീവ സ്വാദിഷ്ടമായ ഭക്ഷണം. നല്ല ഒന്നാന്തരം ഹോട്ടലുകൾ. സന്ദർശകരും തദ്ദേശീയരുമായ ആളുകൾ നിറഞ്ഞവ. അമേരിക്കയിലെ ഗ്രാമപ്രദേശങ്ങളിലെല്ലാം പൊതുവായി കണ്ട കാഴ്ച വൈകുന്നേരങ്ങളിൽ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനെത്തുന്ന പ്രായമായ ആളുകളെയാണ്. പരസ്പരം സംസാരിച്ചുകൊണ്ട് വളരെ പതുക്കെ ഭക്ഷണം കഴിച്ചിരിക്കുന്ന ആളുകൾ. കേബിൾ കാറിൽ മലയുടെ മുകളിലേക്കു യാത്രചെയ്തും വനപാതകളിലൂടെ അലസം കാറോടിച്ചും ആന്റിക് ഷോപ്പുകൾ സന്ദർശിച്ചും ആദ്യദിവസം കടന്നുപോയി.
രണ്ടാം ദിവസം ഏറെ രസകരമായ ഒരു കാഴ്ചയിലേക്കാണ് പോയത്.പാരറ്റ് മൗണ്ടൻ എന്ന തത്തകളുടെ ശാലയിലേക്ക്. ഒരു ചെറിയ പർവ്വതം തത്തകൾക്കു മാത്രമായി ഉപയോഗിച്ചിരിക്കുന്നു. ആയിരക്കണക്കിനു തത്തകൾ. നൂറുകണക്കിന് ഇനങ്ങൾ. ഒരു വലിയ പരുന്തിന്റെ വലിപ്പമുള്ളവ മുതൽ ചെറിയ കുരുവിയുടെ വലിപ്പമുള്ളവ വരെ. ഏറ്റവും ആകർഷകമായിത്തോന്നിയത് അവയുടെ വർണ്ണവൈവിദ്ധ്യമാണ്. പല നിറങ്ങൾ മനോഹരമായി വിന്യസിച്ചുണ്ടായ ആ രൂപഭംഗികൾ ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മറ്റൊരു രസകരമായ കാര്യം, ഇവയിലെ ചില വലിയ തത്തകൾ മാത്രമേ ശബ്ദമുണ്ടാക്കുന്നുള്ളു എന്നതാണ്. അതും പെട്ടെന്നു കേട്ടാൽ വിറച്ചു പോകുന്ന തരം കൂവൽ! പലയിനങ്ങളും യാതൊരു ശബ്ദവുമുണ്ടാക്കാതെ അനങ്ങാതെ മരക്കൊമ്പുകളിലും അവരുടെ വാസസ്ഥലങ്ങളിലും നിശ്ശബ്ദം നിശ്ചലം ഇരിക്കുന്നു! ആളുകളെ കാണുമ്പോൾ പോലും അവ പ്രതികരിക്കുന്നില്ല. ആ പക്ഷികളുടെ വാസസ്ഥലങ്ങളാകട്ടെ,ഒരു തൂവലോ കാഷ്ഠമോ ഇല്ലാതെ ഗംഭീരമായി സൂക്ഷിച്ചിരിക്കുന്നു.ഒരിടത്ത് ഫോട്ടോകളെടുക്കാൻ സൗകര്യമുണ്ട്.
എല്ലായിനങ്ങളുടേയും ഓരോജോഡികൾ ഒരിടത്ത് ഒരുക്കിയിരിക്കുന്നു. നമ്മൾ ആവശ്യപ്പെടുന്ന അത്രയും ഇനങ്ങളേയും നമ്മുടെ തലയിലും തോളിലും വച്ചിട്ട് ഫോട്ടോ എടുത്തു തരും! എനിക്ക് അൽപം ഭയമുണ്ടായിരുന്നു. പക്ഷേ ,സർക്കസിൽ പരിശീലനം കിട്ടുന്ന ജീവികളെപ്പോലെ അവ പോസു ചെയ്യുന്നു! ഏതായാലും രസകരമായ ഒരു ദിവസം! സുവനീർ കടകളും ആവശ്യം പോലെയുണ്ടായിരുന്നു.
മൂന്നാം ദിവസം. സ്മോക്കി മൗണ്ടനിലേക്കുള്ള സ്വപ്നയാത്ര തലേദിവസം രാത്രി പെയ്ത മഴയിൽ അലിഞ്ഞു പോയി. മഴപെയ്തു കിടക്കുന്ന വഴികളിലൂടെയുള്ള ട്രെക്കിംഗ് ചെറുപ്പക്കാർക്കു മാത്രം പറ്റിയതാണല്ലോ. രാവിലെയും ആകാശം മുഖം കനപ്പിച്ചു തന്നെ നിന്നു. നാലുചുറ്റും കറുത്തു നിൽക്കുന്ന കാടും നോക്കി കൂടാരത്തിൽ തന്നെ ഇരിക്കേണ്ടി വന്നു. ഉച്ചയായതോടെ വെയിൽ വന്നു. മഴ പെയ്ത ലക്ഷണമേയില്ല. ഉച്ചയ്ക്കു ശേഷം പുരുഷന്മാർ രണ്ടുപേരും പുരാതനമായ ഒരു ലോക്കൽ ബാർ സന്ദർശിക്കാൻ പോയി. മൂൺഷൈൻ എന്ന ചാരായ നിർമ്മാണം കാണാനാവുമെന്ന പ്രതീക്ഷയോടെ.
ഈ മൂൺഷൈൻ USA യിലെ ചില സ്റ്റേറ്റുകളിലെ നാടൻ ചാരായമാണ്. നമ്മുടെ വാറ്റുപോലെ.ടെന്നസ്സി ഈ ബിസിനസ്സിൽ അതി സമർത്ഥരും. കാലങ്ങൾക്കു മുന്പ് അമേരിക്കയിൽ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നു. അന്ന് രാജ്യത്തുടനീളമുള്ള കുടിയൻമാർ ആശ്രയിച്ചിരുന്നത് ഈ ചാരായത്തെയാണ്. രാത്രികളിൽ,അതീവരഹസ്യമായി ഉണ്ടാക്കിയിരുന്നതുകൊണ്ടാണ് കലാത്മകമായ മൂൺഷൈൻ എന്ന പേരു നൽകിയത്! ഇന്ന് ഈ വാറ്റ് നിയമവിരുദ്ധമല്ല. വാറ്റ് എന്നു പറയുമ്പോൾ നമ്മുടെ അട്ടയും ബാറ്ററിയുമൊന്നും മനസ്സിൽ വരികപോലുമരുത്. അത്രമേൽ ശുദ്ധമായ വാറ്റാണ് ഈ വാറ്റ്. ഏതായാലും പോയവർക്ക് വാറ്റ് നേരിൽ കാണാൻ പറ്റിയില്ല. പതിനെട്ടാം നൂറ്റാണ്ടുമുതലുള്ള ചരിത്രം രേഖപ്പെടുത്തിയ ചിത്രങ്ങൾ കണ്ടു തൃപ്തിപ്പെട്ടു. ലോക്കൽ ബാറിലെ മറ്റൊരു രസകരമായ കാര്യം, മൂൺ ഷൈനും പലതരം വിസ്കികളുമൊക്കെ ചെറിയ ഗ്ളാസുകളിലൊഴിച്ച്, ടെസ്റ്റിംഗ് എന്നെഴുതിയ ലേബലിനു താഴെ നിരത്തിവയ്ക്കും. ടെസ്റ്റ് ചെയ്ത് ഇഷ്ടമുള്ളതു വാങ്ങാനാണെന്നാണ് നാട്യം. പക്ഷേ, പഴയ കൗബോയ് ടൈപ്പ് റെഡ് ഹെഡ്സ് എന്നു വിളിപ്പേരുള്ള ലോക്കൽ തെമ്മാടികളെ സന്തോഷിപ്പിക്കലാണ് ലക്ഷ്യം. അവർ വന്ന്,ടെസ്റ്റ് ചെയ്യാൻ വച്ചവ കുടിക്കും. ഒന്നും ഇഷ്ടപ്പെടാത്തപോലെ തിരിച്ചു പോകും. ചിലപ്പോൾ മറ്റൊരു ബാറിൽ ഇതാവർത്തിക്കും. അല്ലെങ്കിൽ തിരിച്ച് ഇവിടെ വരും. ഇങ്ങനെ മൂന്നുനാലു ടെസ്റ്റുകൾ കഴിയുമ്പോൾ അവർ ഫിറ്റാകും. ബാക്കി കച്ചവടം സുഖമായി നടക്കുകയും ചെയ്യും!
ഏകദേശം രാത്രി എട്ടുമണിയോടെയാണ് സൂര്യനസ്തമിക്കുക. പോക്കുവെയിലിൽ മലയുടെ ഏറ്റവും ഉയരത്തിലുള്ള മരങ്ങളുടെ അഗ്രം തീജ്വാലകൾ പോലെ ജ്വലിച്ചു നിന്നതും അവിസ്മരണീയമായ കാഴ്ചയായിരുന്നു..
രാത്രി, എല്ലാ വിനോദയാത്രകളുടേയും അവസാനം പോലെ, ക്യാംപ് ഫയറും ബാർബിക്യൂവും, ട്വെക്കീലയുടെയും മാർഗരീറ്റയുടേയും നേർത്ത ലഹരിയും മഞ്ഞും…
നാളെ,പടിഞ്ഞാറൻ വിർജീനിയയിലെ ചെറിയൊരു ഗ്രാമത്തിലേക്ക് രണ്ടുനാളത്തെ താമസത്തിന്..
കവർ : ജ്യോത്സ്ന വിത്സൺ