സൗമ്യ വധക്കേസിൽ പ്രതിനായകനായ ഗോവിന്ദച്ചാമിയുടെയും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉന്മേഷിന്റേയും വീരപരിവേഷവുമായി വന്ന ആളൂരിന്റേയും പിന്നാമ്പുറക്കഥകളുടെ ഹരം പിടിപ്പിക്കുന്ന വാർത്തകളും വിവരണങ്ങളും നൽകിയ നമ്മുടെ മാധ്യമങ്ങൾ കാണാതെ പോയ നായകനെ തേടിയാണ് മലയാളനാട് പോയത്. നിശ്ചയദാർഢ്യത്തിന്റെ ധർമ്മ വീര്യവുമായി നിരാലംബരായ അസംഖ്യം സൗമ്യമാർക്കു നീതി കിട്ടാൻ വേണ്ടി അതീവജാഗ്രതയോടെ ഒരു കേസിനു വേണ്ടി ആത്മാർപ്പണം ചെയ്ത ഒരു വക്കീൽ.. സൗമ്യ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേശൻ. സുരേശൻ ആദ്യമായി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖം 2011 ഡിസംബർ ആദ്യവാരമാണ് മലയാളനാട് പ്രസിദ്ധീകരിച്ചത്. ഒരു രൂപ പോലും പ്രതിഫലം പറ്റാതെ ഒരു അച്ഛന്റെ മനസ്സോടെ ആ കേസിനെ പിന്തുടർന്ന സുരേശൻ കേസിൽ നടക്കുന്ന നടക്കാനിടയുള്ള അട്ടിമറികളെ പറ്റി അന്നേ പറഞ്ഞിരുന്നു. പിന്നീട് കേസിന്റെ മെറിറ്റിനെ ബാധിക്കാതിരിക്കാൻ സുരേശൻ തന്നെ അഭ്യർത്ഥിച്ചതനുസരിച്ച് ആ അഭിമുഖം തന്നെ മരവിപ്പിക്കുകയുണ്ടായി. അത്ര ശ്രദ്ധാ പൂർവ്വം കേസ് കൈകാര്യം ചെയ്ത സുരേശനെ ഒഴിവാക്കി സർക്കാർ സുപ്രീം കൊടതിയിലേക്ക് പോയപ്പോൾ ഭയപ്പെട്ടതു പോലെ കേസ് പ്രോസിക്യൂഷൻ ഭാഗത്തുനിന്നുണ്ടാവുന്ന അനാസ്ഥ മൂലം ദുർബലമാകുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. സൗമ്യ കേസ് അട്ടിമറിക്കപ്പെടുകയാണോ എന്ന ഭീതി പ്രബുദ്ധകേരളമാകെ പടരുന്ന പശ്ചാത്തലത്തിൽ അന്ന് മലയാളനാടിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട അഭിമുഖം പുനർ വായനക്കായി വീണ്ടും ഇന്ന് പ്രസിദ്ധീകരിക്കുകയാണ്.
തന്റെ വ്യക്തിജീവിതത്തെ പോലും ആഴത്തിൽ സ്വാധീനിച്ച ഈ അസാധാരണ നിയമയുദ്ധത്തിന്റെ വഴികളെ കുറിച്ച് അന്നത്തെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സുരേശൻ സംഗീതയുമായി സംസാരിക്കുന്നു.. പിന്നീട് ഈ കേസിൽ സംഭവിച്ച വഴിത്തിരിവുകളിലേക്കുള്ള ദൂരക്കാഴ്ചകൾ സുരേശന്റെ അന്നത്തെ നിരീക്ഷണങ്ങളിൽ നിന്നുതന്നെ വായനക്കാരനു വായിച്ചെടുക്കാം.
രക്തത്തിന്റെ നിലവിളി കേട്ട ഒരാൾ
സൗമ്യ വധക്കേസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സുരേശനുമായി നടത്തിയ അഭിമുഖം
ഡോ.സംഗീത.കെ.കെ.പി.
ഒരു കർക്കിടകമഴ പെയ്തൊഴിയുന്നപോലെ മനസ്സിലുള്ളതു മുഴുവൻ ഇടതടവില്ലാതെ, ഒരു നിമിഷത്തിന്റെ തോർച്ചയില്ലാതെ, സൗമ്യ എന്ന പെൺകുട്ടിക്ക് അനുഭവിക്കേണ്ടിവന്ന വേദനകൾ അദ്ദേഹം പറഞ്ഞുതീർക്കുകയായിരുന്നു. എന്നെപ്പോലെ ഒരു സാധാരണക്കാരിയോട് അത് പറഞ്ഞുതീർത്തതിൽ അദ്ദേഹത്തിന് ആശ്വാസം പോലെ….! കൈകൾ വിറച്ചുകൊണ്ടാണ് ആ പോസ്റ്റുമോർട്ടത്തിന്റെ ഫോട്ടോഗ്രാഫുകൾ മുഴുവൻ അദ്ദേഹം എന്റെ മുന്നിൽ നിരത്തിയത്. ഒരു കൊച്ചു പെൺകുട്ടിയുടെ നിർമ്മലമായ ശരീരം കാൽ വിരൽ തൊട്ട് മൂർദ്ധാവ് വരെ പിച്ചിച്ചീന്തിയതിന്റെ, പല്ലും നഖവും തീവണ്ടി വാതിലുകളും കൂർത്ത കല്ലുകളും ആണ്ടുകേറിയതിന്റെ മുറിവുകൾ കണ്ണുനിറഞ്ഞുകൊണ്ട് കാണിച്ചുതന്നു. ഒരു മേഘം പെയ്തൊഴിഞ്ഞ പോലെ പിന്നീടദ്ദേഹം തന്റെ കസേരയിലേക്ക് ഒരു നിമിഷം ചാഞ്ഞ് കിടന്നു. വേദനയാണോ നിസ്സംഗതയാണോ ആ പബ്ലിക് പ്രോസിക്യൂട്ടറിൽ അലയടിക്കുന്നത്..? ഓരോന്നും എണ്ണിക്കൊത്തി പറയുമ്പോൾ, അഞ്ചാം തരത്തിൽ പഠിക്കുന്ന സൗമ്യയെന്ന തന്റെ മകളോടുള്ള വികാരവായ്പ് ആ ധന്യപിതാവിൽ മിടിച്ചിരുന്നു..
എല്ലാ മർദ്ദകരേയും കാലത്തിന്റെ അനാസ്ഥയ്ക്ക് വിട്ടുനൽകി ‘ഇതെന്റെ വിധിയായിരിക്കാം ആരോട് പറയാൻ’ എന്ന് അറിയാത്ത ദൈവങ്ങളോട് പരിദേവനങ്ങളും സങ്കടം പറച്ചിലുകളുമായി ആത്മനിന്ദയുടെ കയങ്ങളിൽ സ്വയം അവസാനിക്കുന്ന പതിനായിരക്കണക്കിനു സ്ത്രീകൾക്ക്, അതല്ലാതെ മറ്റൊരു വിധി സാധ്യമാണ് എന്ന്, നിന്റെ ശരികൾ ശരിതന്നെയാണ് എന്ന്, കേവലമൊരു സാന്ത്വനമെങ്കിലുമാകുന്ന ഒരു വിധിയിലേക്ക് ഈ കേസ് എത്തിച്ചതിനു ഈ പബ്ലിക്ക് പ്രോസിക്യൂട്ടറോട് നമ്മൾ സ്ത്രീകൾ കടപ്പെട്ടിരിക്കുന്നു…..‘മലയാളനാടി’നുവേണ്ടി അഭിമുഖം തയ്യാറാക്കാൻ 2011 നവമ്പർ 30നു കാലത്ത് 8.35നു എത്തിയതാണ് ഞാനും അനൂപും തൃശൂർ കാഞ്ഞാണിയിലുള്ള അഡ്വ. സുരേശന്റെ വീട്ടിൽ…അപ്പോൾ മുതൽ തിരിച്ചൊന്നും ചോദിക്കാൻപോലും വിടാത്ത തരത്തിൽ ആ പിതൃഹൃദയം പെയ്തൊഴിയുകയായിരുന്നു…..
? ഈ കേസുമായി താങ്കൾ ബന്ധപ്പെടുവാനിടയായ സാഹചര്യം വിശദീകരിക്കാമോ…?
# ഈ കേസിൽ ഞാൻ ഇടപെടുന്നത് ഐ.ജി.സന്ധ്യ ഇവിടെ വന്ന് ചാർജ്ജെടുത്തതിനു ശേഷമാണ്. അവർ ഇവിടെ ചുമതലയേറ്റതിനു ശേഷമാണ് ഈ കേസ് ശരിക്കും സജീവമാകുന്നത്. ഇത്രയും ഫലപ്രദമായ അന്വേഷണവും പ്രോസിക്യൂഷനും സാധ്യമായത് ഒരു സ്ത്രീ ഇവിടെ ഐ.ജി.യായി ചുമതലയേറ്റതുകൊണ്ടുതന്നെയാണ്. അവർക്ക് സ്ത്രികളുടെ പ്രശ്നങ്ങൾ നന്നായി മനസ്സിലാകും. അതുകൊണ്ടുതന്നെ കേസിന്റെ ഓരോ ഘട്ടവും അവർ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. അവരാണ് സത്യത്തിൽ എന്നെ വിളിച്ച് ഈ കേസ് ഏൽപ്പിക്കുന്നത്. ഒരു കാരണവശാലും ഈ കേസ് slow ആകരുതെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ട്.
?അപ്പോൾ slow ആയിരുന്നോ?
#എന്നല്ല, slow ആകാതിരുന്നതിന് അൽഭുതപ്പെടുത്തുന്ന ചില കാരണങ്ങളുണ്ട്. 2011 ഫെബ്രുവരി ഒന്നാം തീയ്യതിയാണ് പുതിയ ജില്ലാകലക്ടർ തൃശൂരിൽ ചാർജ്ജെടുക്കുന്നത്. അദ്ദേഹത്തിന് തൃശൂരിനെക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ലായിരുന്നു. ഇതേ സമയത്തായിരുന്നു ഐ.ജി.യും ചാർജ്ജെടുത്തത്. ഇത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതായിരുന്നു. അവരും ഞാനും തമ്മിൽ നല്ല പരസ്പര ധാരണയുണ്ടായിരുന്നു. കാര്യങ്ങൾ സമർത്ഥമായി മനസ്സിലാക്കുന്നതിലും സാക്ഷികളെ യഥാസമയം കണ്ടെത്തുന്നതിനും ഇത് വളരെ ഉപകരിച്ചു. ചുരുക്കത്തിൽ ദൈവനിശ്ചയം പോലെ എല്ലാം വന്നു ഭവിക്കുകയായിരുന്നു. ഞാൻ പത്ത് കൊല്ലം മുമ്പ് പബ്ലിക്ക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിരുന്നു.അവരും മുമ്പ് ഇവിടെ എസ്.പി.യായി പ്രവർത്തിച്ചിട്ടുണ്ട്. അതറിയുന്നതുകൊണ്ടാവാം അവർ അന്വേഷണത്തിന്റെ കാര്യങ്ങൾ പല ഘട്ടങ്ങളിലും എന്നോട് ചർച്ചചെയ്തിരുന്നു. ഈ കേസ് ആദ്യം മുതൽ പഠിച്ച് അന്വേഷണത്തിൽ വല്ല പാളിച്ചകളുമുണ്ടോ എന്ന് അവർ പരിശോധിച്ചുകൊണ്ടിരുന്നു.
? സംഭവം നടന്ന് അധികം വൈകാതെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നല്ലോ..?
# അതെ ആറാം തീയ്യതി തന്നെ അറസ്റ്റ് നടന്നിട്ടുണ്ട്. പ്രതി തമിഴ് നാട്ടുകാരനാണല്ലോ. സാധാരണഗതിയിൽ ജാമ്യമെടുക്കാൻ ആരും എത്തണമെന്നില്ല. എന്നാൽ തൊണ്ണൂറ് ദിവസത്തിനകം കേസ് ചാർജ്ജ് ചെയ്തില്ലെങ്കിൽ കേസ് സ്വാഭാവികമായും bailout ആയിപ്പോകും. സുപ്രീം കോടതി പറയുന്നത്, ഒരു പ്രതിയെ ജാമ്യത്തിലിറക്കാൻ നാട്ടുകാരായി ആരും ഇവിടെ ഇല്ലെന്ന കാരണം കൊണ്ട് മാത്രം ആർക്കും ജാമ്യം നിഷേധിക്കരുത് എന്നാണ്. മനുഷ്യാവകാശ പ്രശ്നം എന്നനിലയിൽ ഹൈക്കോടതിയും അതു തന്നെ പറയുന്നുണ്ട്. നിരപരാധിയായവരെ ‘ഷുവർറ്റി’ ഇല്ലാത്തതിന്റെ പേരിൽ മാത്രം കസ്റ്റഡിയിൽ വെയ്ക്കരുത് എന്നാണിതിന്റെ ധ്വനി. അങ്ങനെ വരുമ്പോൾ ആരെങ്കിലും വന്ന് പ്രതിയെ ജാമ്യത്തിലെടുത്ത് കൊണ്ടുപോയേക്കാം. പിന്നീട് ഹാജരാകണമെന്ന വ്യവസ്ഥയൊന്നും അന്യനാട്ടുകാരുടെ കേസിൽ സാധ്യമാകണമെന്നില്ല. സ്വാഭാവികമായും ഇത്തരം കേസുകൾ തേഞ്ഞുമാഞ്ഞു പോകും.
? ഈ കേസിൽ അങ്ങനെ സംഭവിച്ചില്ല….?
# bail out ആകാതിരുന്നതിന്റെ മുഴുവൻ ക്രെഡിറ്റും നൽകേണ്ടത് ചേലക്കര സി.ഐ.,ശശിധരനു ആണ്. അയാൾ ഒരു മിടുക്കനായ ഇൻവെസ്റ്റിഗേഷൻ ഓഫീസറാണ്. Committed ആണ്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ അയാൾ അനവധി കേസുകളിൽ പെട്ട കുറ്റവാളിയാണെന്ന് അന്വേഷിച്ചറിഞ്ഞു. കുറേ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒന്നുരണ്ട് കേസുകളിൽ കോടതിയിൽനിന്ന് jump ചെയ്തു നടക്കുകയാണ്. Safety of passengers എന്നനിലയിൽ മാത്രമല്ല, പൊതുജനങ്ങൾക്ക് ഇയാൾ വലിയ risk ആണ്. ഇതെല്ലാം ചികഞ്ഞെടുക്കാൻ ശശിധരന്റെ അന്വേഷണത്തിനു സാധിച്ചിട്ടുണ്ട്.
? അപ്പോൾ തൊണ്ണൂറ് ദിവസത്തിനകം തന്നെ കേസ് ചാർജ്ജ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് അല്ലേ…?
# അതെ, പക്ഷേ, ഒരു പ്രശ്നം അവിടെയുണ്ടായി. പെൺകുട്ടി പട്ടികജാതി വിഭാഗത്തിലേതാണ്. അപ്പോൾ DYSPയിൽ കുറഞ്ഞ ഗ്രേഡ് ഉള്ളവർ കേസ് അന്വേഷിക്കാൻ പാടില്ല. എന്നാൽ അതിനിവിടെ വലിയ പ്രസക്തി ഉണ്ടായിട്ടില്ല.
? കാരണം…….?
# ഗോവിന്ദചാമി ആദിദ്രാവിഡ വിഭാഗത്തിൽപ്പെട്ടയാളാണ്. അതായത് ST വിഭാഗത്തിൽ. SC/ST attrospective നിലനില്ക്കണമെങ്കിൽ ഇതല്ലാത്ത ഒരു കമ്മ്യൂണിറ്റിയിലുള്ള ഒരാളാവണം. ഇതങ്ങനെയല്ലാത്തതുകൊണ്ട് സ്വാഭാവികമായും കേസന്വേഷണം ഫയൽ ചെയ്യുകയാണുണ്ടായത്. ഒരു കേസിൽ ഇരയ്ക്ക് എത്രമാത്രം യാതനകൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് എന്ന കാര്യം പരിഗണിച്ചാണ് ഒരു കേസ് സ്വീകരിക്കേണ്ടത് എന്ന് സുപ്രീം കോടതി തന്നെ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ offense ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് അല്ല പ്രധാനം.
? ഈ ക്രൈം സംഭവിക്കാനിടയായ സാഹചര്യം ഒന്നു വിശദീകരിക്കാമോ…?
# ഏറണാകുളത്തുനിന്നുള്ള പാസഞ്ചർ ട്രെയിനിലാണ് സൗമ്യ യാത്ര ചെയ്തിരുന്നത്. ട്രെയിനിൽ നല്ല തിരക്കായിരുന്നു. ഒരു പെൺകുട്ടി ലേഡീസ് കംപാർട്ട് മെന്റിൽ കയറുന്നത് ഗവണ്മെന്റ് ഉറപ്പുതരുന്ന സുരക്ഷിതത്ത്വം പ്രതീക്ഷിച്ചു തന്നെയാണ്. പുരുഷന്മാർക്ക് അതിൽ പ്രവേശനമില്ല. കുറച്ചുകൂടി സുരക്ഷിതമാവാനാണ് ഗാർഡിനോട് ചേർന്ന കംപാർട്ട്മെന്റ് ലേഡീസ് കോച്ച് ആക്കുന്നത്. ഇരിങ്ങാലക്കുട-തൃശൂർ കഴിയുന്നതോടെ തിരക്കൊക്കെ ഒഴിഞ്ഞു. വടക്കാഞ്ചേരി കഴിയുന്നതോടെ റജുല എന്ന സ്ത്രീയും അവരുടെ കുടുംബവും മാത്രമാണ് സൗമ്യയുടെ കൂടെയുണ്ടായിരുന്നത്. അവരുടെ കൂടെ ഗർഭിണിയായ മകളും ഉണ്ടായിരുന്നു. മുള്ളൂർക്കര എത്തിയപ്പോൾ അവർ ഇറങ്ങാൻ ശ്രമിക്കുന്നു. പിറകിൽ പ്ലാറ്റ്ഫോമില്ലാത്തതിനാൽ ഇറങ്ങാൻ ബുദ്ധിമുട്ടുന്നു. ഗാർഡിനോട് കാര്യം പറഞ്ഞപ്പോൾ അതിനുള്ള സഹായം ചെയ്തുകൊടുത്തു. അപ്പോൾ കംപാർട്ട്മെന്റിൽ മറ്റാരും ഇല്ലാത്തതിനാൽ സൗമ്യ തൊട്ടുമുന്നിലത്തെ കംപാർട്ട്മെന്റിൽ മാറിക്കേറുന്നു. ട്രെയിൻ വള്ളത്തോൾ നഗർ സ്റ്റേഷനിലെത്തിയപ്പോൾ ഒരാൾ ‘ലശ്മീ…ലശ്മീ….’ എന്നുവിളിച്ച് ട്രെയിനിന്റെ പിന്നിലേക്ക് പോകുന്നതായി യാത്രക്കാരനായ ടോമി ദേവസ്യ എന്നയാൾ കാണുന്നുണ്ട്. അബ്ദുൾ ഷുക്കൂറും ഇത് കാണുന്നുണ്ട്. അവന്റെ ഭാര്യയോ അമ്മയോ മകളോ ആരെങ്കിലും ലേഡീസ് കംപാർട്ട്മെന്റിൽ ഉണ്ട് എന്ന രീതിയിലാണ് അവൻ അതിനടുത്തേക്ക് പോകുന്നത്. അങ്ങനെയാണ് അയാൾ ലേഡീസ് കംപാർട്ട്മെന്റിൽ കേറുന്നത്. റജുല ഇവനെ ഏറണാകുളത്ത് വെച്ച് കണ്ടിട്ടുണ്ട്. റജുലയുടെ മകളെയും സൗമ്യയെയും ഏറണാകുളത്ത് വെച്ച് തന്നെ അവൻ തുറിച്ചുനോക്കിയതായി റജുലതന്നെ പറയുന്നുണ്ട്. ലേഡീസ് കംപാർട്ട് മെന്റിനടുത്തുള്ള കംപാർട്ട്മെന്റിൽ ആണ് അവൻ യാത്രചെയ്തിരുന്നത്.ആരും കാണാത്ത വശത്തുകൂടെ അവൻ കയറിപ്പറ്റിയിട്ടുണ്ടാവണം.
? അപ്പോൾ സൗമ്യ ഇവനെ ശ്രദ്ധിച്ചിരുന്നു അല്ലേ…?
# ശ്രദ്ധിച്ചിരുന്നു എന്നു മാത്രമല്ല, സൗമ്യ ഇത് അനൂപിനോട് പറയുന്നുമുണ്ട്. സൗമ്യയെ വിവാഹം കഴിക്കാൻ ഉറപ്പിച്ചയാളാണ് അനൂപ്. 8.30നു അനൂപ് സൗമ്യയെ ഫോൺ ചെയ്യുന്നുണ്ട്. ‘അഞ്ച് പത്ത് മിനിറ്റിനുള്ളിൽ ഷൊർണ്ണൂരിലെത്തും മൊബൈലിൽ ചാർജ്ജ് കുറവാണ്. ഞാൻ ട്രെയിനിറങ്ങി വിളിക്കാം..എന്നെ ഒരു തമിഴൻ കാര്യമായി തുറിച്ചുനോക്കിപ്പോകുന്നുണ്ട്.’ എന്ന് അനൂപിനോട് സൗമ്യ പറയുന്നുണ്ട്. പിന്നീട് അനൂപ് ഫോൺ ചെയ്തപ്പോൾ ഫോൺ എടുക്കുന്നില്ല.
? മറ്റ് യാത്രക്കാർ സൗമ്യയുടെ കരച്ചിൽ കേട്ടുവെന്ന വാർത്തയുണ്ടായിരുന്നു…..
# ട്രെയിൽ വെറും 20കിലോമീറ്റർ സ്പീഡിലാണ് പോയ്ക്കൊണ്ടിരിക്കുന്നത്. സ്റ്റാർട്ട് ചെയ്ത ഉടനെ ഒരു പെൺകുട്ടിയുടെ വലിയ കരച്ചിൽ കേട്ടുവെന്ന് ടോമി ദേവസ്യയും അബ്ദുൾ ഷുക്കൂറും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു പെണ്ണ് ട്രെയിനിൽ നിന്ന് ചാടിയിട്ടുണ്ടെന്ന് ആരോ പറഞ്ഞു. ‘അവൾ എഴുന്നേറ്റ് പോയിട്ടുണ്ടെന്ന്’ പ്രായമായ ഒരാൾ മറുപടി പറഞ്ഞു. ഈ സമയം കംപാർട്ട്മെന്റ് ഡോറിന്റെ അടുത്തുനിന്ന് ഒരാൾ പതുക്കെ പുറത്തേക്ക് ചാടാൻ നിൽക്കുന്നത് കണ്ട് യാത്രക്കാരിലൊരാൾ ‘എന്താ ഇവിടെ നിൽക്കുന്നതെ’ന്ന് ചോദിക്കുന്നുണ്ട്. ‘ഏയ്, ഒന്നുമില്ല സാർ’ എന്നവൻ മറുപടി പറയുന്നതായും സാക്ഷിമൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കലാമണ്ഡലത്തിനടുത്തെത്തിയ രണ്ട് കാബിനുള്ളിൽ ഏതാണ്ട് ഒന്ന് കഴിഞ്ഞ ഉടനെ അവൻ പുറത്തേക്ക് ചാടിയിട്ടുണ്ട്. വർക്ക് സമയത്ത് മാത്രം ഉപയോഗിക്കുന്ന ട്രാക്കിലാണ് അവൻ സൗമ്യയെ പിന്നീട് കൊണ്ടിട്ടത്. വള്ളത്തോൾ നഗറിൽ നിന്ന് പത്ത് മിനിറ്റ് കൊണ്ട് ഷൊർണ്ണൂരിലെത്തുമെന്നവനറിയാം. അതുകൊണ്ട് അതിനുള്ളിൽ അവർ തന്റെ കൃത്യം നടപ്പിലാക്കി.
? സൗമ്യ പരമാവധി ചെറുത്തുനിന്നിട്ടുണ്ടാവുമല്ലോ….എന്നിട്ടും….?
# ആ പെൺകുട്ടി കരഞ്ഞുകൊണ്ട് ട്രെയിനിൽ ഓടിയിട്ടുണ്ട്. ട്രാക്കിനടുത്തുള്ള വീട്ടുകാർ പോലും ആ പെൺകുട്ടിയുടെ കരച്ചിൽ കേട്ടിട്ടുണ്ട്. സൗമ്യയുടെ തലയിലെ ക്ലിപ്പുകളും അവന്റെ ഷർട്ടിന്റെ ബട്ടനുകളും ട്രെയിനിൽ നിന്ന് കിട്ടിയിട്ടുണ്ട്. നന്നായി സൗമ്യ ചെറുക്കാൻ ശ്രമിച്ചിട്ടുണ്ട്. ബാത്ത് റൂമിലേക്കോ പുറത്തേക്കോ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. കൈ രണ്ടും ട്രെയിനിന്റെ വാതിലിൽ വെച്ച് അടച്ച് ചതഞ്ഞ് നീരുവന്നിട്ടുണ്ട്. അത് നടന്നത് ബാത്ത് റൂമിനടുത്ത് വെച്ചാകാനാണ് സാധ്യത. കാരണം അടുത്ത കംപാർട്ട്മെന്റിലെ ടോമി ദേവസ്യ കരച്ചിൽ നല്ലവണ്ണം കേട്ടിട്ടുണ്ട്. ഇതിനിടയിൽ അവൻ പെൺകുട്ടിയുടെ തല പിടിച്ച് ട്രെയിനിൽ ഇടിച്ചു. സ്കള്ളിനു താഴെ മുല്ലപ്പൂമൊട്ടുപോലെയുള്ള പിറ്റ്യൂട്ടറി ഗ്രന്ഥി ഇടിയുടെ ആഘാതത്തിൽ തകർന്നുപോയി. അതാണ് ഓർമ്മ നഷ്ടപ്പെട്ടുപോയത്. ഓർമ്മ നഷ്ടപ്പെട്ട കുട്ടിയേയാണവൻ പുറത്തേക്കെറിയുന്നത്. ഈ വീഴ്ചയിലാണ് ഇടത്തേ കവിളിടിക്കുന്നത്. ഇടതുകവിൾ അതോടെ തകർന്നു പോയി. ബോധത്തോടെ ചാടിയതാണെങ്കിൽ ഒരു ഡിഫൻസ് മെക്കാനിസം വർക്ക് ചെയ്യും. കൈയോ കാലോ കുത്തിയാകും വീഴുക. ഇത് പൂർണ്ണമായും മുഖമടിച്ചാണ് വീണിരിക്കുന്നത്. മക്സില്ലാ ബോൺസ് പൊട്ടി. പല്ല് dislocated ആയി. നാവ് reverse ആയി. എന്തെങ്കിലും വയറ്റിലേക്ക് പോകുകയാണെങ്കിൽ നാവാണല്ലോ തടയുക. നാവ് പിറകോട്ട് പോയപ്പോൾ പല്ല് പൊടിഞ്ഞ് വയറ്റിലെത്തിച്ചേർന്നു. പിന്നീട് തുടർച്ചയായ രക്തസ്രാവം ഉണ്ടായി. നാവ് മടങ്ങിപ്പോയതുകൊണ്ട്, കവിളെല്ലും താടിയെല്ലും പൊട്ടിയൊഴുകുന്ന രക്തം മുഴുവനും ഉള്ളിലേക്കു കേറി ശ്വാസകോശത്തിൽ മുഴുവനും രക്തം നിറഞ്ഞ് ശ്വാസതടസ്സം സംഭവിച്ചു.
? ഏതു നിലയിലാണു ആ പെൺകുട്ടിയെ കണ്ടെത്തുന്നത്..?
# ആദ്യം തമിഴൻ ചാടുന്നത് കണ്ടുവെന്നാണ് കേൾക്കുന്നത്. അതുകൊണ്ടുതന്നെ ചാടിയ തമിഴനു എന്തുപറ്റിയെന്നറിയാനാണ് ഗാർഡും മറ്റും പോകുന്നത്. കലാമണ്ഡലത്തിനു സമീപം രണ്ട് ട്രെയിൻ ക്യാബിനുകൾ കിടക്കുന്നുണ്ട്. അതിന്റെ മറവിലേക്കാണ് അവൻ സൗമ്യയെ വലിച്ചുകൊണ്ട് പോകുന്നത്. ഈ സമയം ഒരു പെൺകുട്ടിയും ട്രെയിനിൽ നിന്ന് ചാടിയിട്ടുണ്ടെന്ന് പറഞ്ഞു. ഇതുകേട്ടപ്പോഴേക്കും ആൾക്കാർ പലരും കൂട്ടമായി തെരച്ചിൽ തുടങ്ങിയിരുന്നു. ഈ സമയത്ത് ക്യാബിനു പിറകിൽ സംഭവങ്ങൾ നടക്കുകയാണ്. ആരും അതൊന്നും അറിയുന്നില്ല..!പ്രകാശൻ എന്ന കലാമണ്ഡലത്തിലെ ഡ്രൈവറും അബ്ദുൾ ഷുക്കൂർ എന്ന മറ്റൊരാളും വിജയൻ എന്ന മണിയും ഈ സമയം റോഡ് ക്രോസ് ചെയ്തും മറ്റും അന്വേഷിക്കുന്നുണ്ടായിരുന്നു. അവരാണ് സൗമ്യയുടെ ഞരക്കം കേൾക്കുന്നത്. ശ്വാസകോശത്തിൽ രക്തം കടന്ന് ശ്വാസമെടുക്കാൻ പാടുപെടുന്ന ശബ്ദമായിരുന്നു അത്. ശബ്ദം കേട്ടഭാഗത്തേക്ക് ടോർച്ചടിച്ച് നോക്കിയപ്പോൾ അവരാണ് ആ ഭീതിദമായ കാഴ്ച ആദ്യം കാണുന്നത്. ഉടനെ റെയിൽവേ ഗാർഡിനെ വിളിച്ചുവരുത്തി നോക്കുമ്പോൾ അരയ്ക്ക് താഴെ നഗ്നമായി, മാറിടം തുറന്നിട്ട രീതിയിൽ ഒരു പെൺകുട്ടി കിടക്കുന്നത് കണ്ടു. തൊട്ടടുത്ത വീട്ടിൽ പോയി ഒരു മുണ്ട് വാങ്ങി പെൺകുട്ടിയുടെ ദേഹത്തിട്ട് അപ്പോൾത്തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശരീരം മുഴുവൻ മുറിവായിരുന്നു. പെറ്റിക്കോട്ട് വലിച്ചുപൊട്ടിച്ച് മുന്നിലും പിന്നിലും മാന്തിപ്പൊളിച്ചിട്ടുണ്ട്. സൗമ്യയുടെ തൊലിയുടെ അംശങ്ങൾ അവന്റെ നഖങ്ങൾക്കകത്തുനിന്ന് കിട്ടിയിട്ടുണ്ട്.
? ആശുപത്രിയിൽ ഏറ്റവും വേഗത്തിൽത്തന്നെ ചികിൽസ ലഭിച്ചല്ലോ…..?
# അത് പറയാം. ആദ്യം ഒ.പി.യിലുള്ള ഡോ:കൃഷ്ണകുമാറാണ് നോക്കിയത്. കുട്ടി ബലാൽസംഗത്തിനു വിധേയമായിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ അദ്ദേഹം ഗൈനക്കോളജിസ്റ്റായ ഡോ:തനൂജയ്ക്ക് റഫർചെയ്തു. തനൂജ നോക്കുമ്പോൾ കുട്ടിയിൽ അതിശക്തമായ രക്തസ്രാവം ഉണ്ടായതായി കണ്ടു. കിണഞ്ഞു പരിശ്രമിച്ചിട്ടും കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. ആറാം തീയ്യതി സൗമ്യ മരിച്ചു.
? പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടായല്ലോ…പ്രത്യേകിച്ച് ഡോ:ഉന്മേഷിന്റെ ഇടപെടലിനെക്കുറിച്ചൊക്കെ….?
# അത് വളരെ പ്രധാനമാണ്. ഒരാൾ അസാധാരണസാഹചര്യത്തിൽ മരിച്ചുകഴിഞ്ഞാൽ പോലീസ് ഇൻക്വസ്റ്റ് നടത്തി ഫോം നമ്പർ 102 പൂരിപ്പിച്ചു നൽകിയാൽ മാത്രമേ പോസ്റ്റുമോർട്ടം ചെയ്യാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ. മരണകാരണം ബോധ്യപ്പെടുത്തിയ പോലീസിന്റെ അപേക്ഷയോടുകൂടിയേ പോസ്റ്റ്മോർട്ടം ചെയ്യാൻ പാടുള്ളൂ. എന്നാൽ ഇതിനെല്ലാം മുമ്പേതന്നെ ഡോ:ഉന്മേഷ് ഡിപ്പാർട്ടുമെന്റ് ഹെഡ്ഡായ ഷെർളി വാസുവിനെ വിളിച്ചുതുടങ്ങിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം തന്നെ ഏൽപ്പിക്കണം എന്നായിരുന്നു ഉന്മേഷിന്റെ ആവശ്യം. ഉന്മേഷിന്റെ അസാധാരണധൃതിയിൽ സംശയം തോന്നിയ ഷെർളി വാസു അതനുവദിച്ചില്ല. മാത്രവുമല്ല, അയാൾ ആ സമയം ഡ്യൂട്ടിയിലായിരുന്നില്ല. പിന്നെന്തിനവിടെ വന്നു എന്ന സംശയവും ഉണ്ടായി.
? ഉന്മേഷിന്റെ ആ സമയത്തെ ഇടപെടലിന്റെ ഉദ്ദേശ്യമെന്താവാം….?
# അത് ഇനിയും അന്വേഷിക്കേണ്ട കാര്യമാണ്. ഉന്മേഷിനെ പോസ്റ്റ്മോർട്ടത്തിൽനിന്ന് ഷെർളി വാസു കർശനമായി വിലക്കിയപ്പോഴും അയാൾ ശ്രമം ഉപേക്ഷിച്ചില്ല. അയാൾ അയാളുടെ ഫോണിൽ നിന്നും അന്നത്തെ റവന്യൂ മിനിസ്റ്ററെക്കൊണ്ടും ജില്ലാ കളക്ടറെക്കൊണ്ടും വിളിപ്പിച്ച് ഷെർളിവാസുവിനു നൽകാൻ ശ്രമിച്ചു. എന്നാൽ ഡോ:ഷെർളിവാസു അതു നടക്കില്ലെന്നു തീർത്തു പറഞ്ഞു. “നിങ്ങൾക്ക് പൊളിറ്റീഷ്യൻസിനെക്കിട്ടാൻ എളുപ്പമാകും. തിരഞ്ഞെടുപ്പടുത്ത സമയമാണല്ലോ..പക്ഷേ, എനിക്കിതിനു വഴങ്ങാനാവില്ല. ഞാൻ തെളിവു ശേഖരിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥയാണ്. ശവശരീരത്തിന്റെ അകത്തുനിന്ന് എനിക്ക് തെളിവു ശേഖരിക്കണം.ഗവണ്മെന്റ് ഓർഡർ പ്രകാരം ഡേ ലൈറ്റിൽ മാത്രമേ പോസ്റ്റ്മോർട്ടം ചെയ്യാൻ പാടുള്ളൂ. ധൃതിപിടിച്ച് ചെയ്താൽ നിങ്ങൾക്ക് കുഴപ്പം കാണില്ല. പക്ഷേ, ഞാൻ കുടുങ്ങും. കാരണം ഞാൻ HODയാണ്. നാലു മണിക്കുശേഷം പോസ്റ്റ്മോർട്ടം ചെയ്യണമെങ്കിൽ HODയിൽ നിന്ന് പ്രത്യേകാനുമതി വാങ്ങണം. അല്ലെങ്കിൽ HOD നേരിട്ട് ചെയ്യണം. ഞാൻ നാളെ രാവിലെ 7മണിക്ക് ചെയ്തോളാം….”ഷെർളി വാസു നിലപാട് വ്യക്തമാക്കി. പിന്നീട് ഉന്മേഷിന്റെ ഫോണിലേക്ക് ഷെർളി വാസു വിളിക്കുമ്പോഴൊക്കെ ഉന്മേഷ് ഫോൺ കട്ട് ചെയ്യുകയായിരുന്നു. സംശയം ബലപ്പെട്ട ഷെർളിവാസു പിറ്റേദിവസം 7മണിക്ക് പോസ്റ്റുമോർട്ടം നിശ്ചയിച്ചു. അങ്ങനെയാണ് പിറ്റേന്ന് കാലത്ത് സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത്. സൗമ്യയുടെ വെജേനയിലുള്ള ശുക്ലമാണ് നിർണ്ണായകതെളിവായി മാറിയത്. ഇത് ശേഖരിക്കാനായത് പോസ്റ്റുമോർട്ടത്തിലൂടെയാണ്. അപ്പോൾ പോസ്റ്റുമോർട്ടം സത്യസന്ധമെല്ലെങ്കിൽ എന്തു സംഭവിക്കും എന്ന് പ്രത്യേകം പറയേണ്ടല്ലോ…
?ഇതൊക്കെ അറിയുന്ന ഡോ.ഉന്മേഷിന് താനാണ് പോസ്റ്റ് മോർട്ടം ചെയ്തതെന്നു പറയാനുള്ള ധൈര്യം പിന്നെങ്ങനെ വന്നു?
# അതാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത. നമ്മുടെ നാട്ടിൽ ക്രൈം റേറ്റ് കൂടുന്നത് ഇതുമായി ബന്ധപ്പെട്ടു വേണം മനസ്സിലാക്കാൻ. ഒരുത്തൻ മറ്റൊരുത്തന്റെ കൈ വെട്ടുന്നു, കോടതി അവന് ജാമ്യം കൊടുക്കുന്നു, അവൻ വീണ്ടും ജാമ്യത്തിലിറങ്ങി അടുത്തവന്റെ കാല് വെട്ടുന്നു, പിന്നെയും ജാമ്യം കൊടുക്കുന്നു, അവൻ വേറൊരുത്തനെ കൊല്ലുന്നു, പിന്നെയും ജാമ്യം കൊടുക്കുന്നു. അപ്പോൾ multiple crime ചെയ്യുന്നവനു പോലും ഇവിടെ ജാമ്യം ലഭിക്കും. കേസന്വേഷണത്തിനു താമസം നേരിട്ടു എന്നിരിക്കട്ടെ, തൊണ്ണൂറ് ദിവസം കഴിഞ്ഞാൽ അയാൾക്ക് സ്വാഭാവികമായി ജാമ്യം ലഭിക്കും. ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയാൽ, കേസിന്റെ കാലാവധി കഴിഞ്ഞാൽ പിന്നെ ആർക്കും അതിൽ താല്പര്യം ഉണ്ടാകില്ല. അതുകൊണ്ടു തന്നെ കുറ്റം ചെയ്യാനുള്ള പ്രവണത കൂടിക്കൂടി വരുന്നു.
? നമ്മുടെ നിയമസംവിധാനത്തിന്റെ പരാജയത്തെപ്പറ്റിയാണോ പറഞ്ഞുവരുന്നത്?
# അതെ. total failure ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
? അങ്ങനെ കാലതാമസം വരുന്നതോടുകൂടി കേസുകൾ മാഞ്ഞു പോകുന്നു അല്ലേ..?
# കേസുകൾ മാഞ്ഞു പോകുന്നത് രണ്ടുകാരണം കൊണ്ടാണ്. ഒന്ന്, ദൃക്സാക്ഷികളെ കിട്ടാത്ത അവസ്ഥ. രണ്ട്, ഉള്ള ദൃക്സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിക്കുന്ന പ്രവണത. ഒരു പരിധിവരെ പോലീസിന് ഇത് തടയാൻ കഴിയും. പക്ഷേ, appointment of prosecutors മുഴുവനും രാഷ്ട്രീയ സ്വാധീനത്തിലൂടെയാണ്. തീരെ പരിചയമില്ലാത്തവരെ ചുമതലയേൽപ്പിക്കുക, അവരാകട്ടെ, രാഷ്ട്രീയസ്വാധീനത്തിനു വിധേയപ്പെടുക ഇതെല്ലാമാണ് പ്രശ്നം…….
(അതിനിടയിൽ ഡോ:ഷെർളി വാസുവിന്റെ ഫോൺ…………)
? ഐ.ജി.സന്ധ്യ ഇടപെട്ട് താങ്കളെ ഈ കേസ് ഏൽപ്പിക്കുമ്പോൾ ഇങ്ങനെയൊരു വിധിയിൽ ഇത് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നോ? ഇത്രയും വേഗം…ഒരു കാലതാമസവും കൂടാതെ……?
# പ്രതീക്ഷയെന്നൊന്നും പറഞ്ഞുകൂടാ. ഞാനും ഐ.ജി.യും ഈ കാര്യത്തിൽ വളരെ particular ആയിരുന്നു. ഈ കേസിന്റെ പ്രാധാന്യം നിങ്ങൾക്കറിയണമെങ്കിൽ ആ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഒന്നു കാണണം. അത്രമാത്രം ആ പെൺകുട്ടി വേദന തിന്നിട്ടുണ്ട്. സ്വന്തം കല്യാണമുറപ്പിക്കാൻ സഹപ്രവർത്തകരിൽനിന്ന് നൂറ് രൂപ കടം വാങ്ങിയിട്ട് പോകുന്ന പെൺകുട്ടിയാണവൾ. പ്രതിയാകട്ടെ habitual offender ആണ്, threat to society ആണ്. അതുകൊണ്ടുതന്നെ അന്വേഷണ ഉദ്യോഗസ്ഥൻ ശശിധരനും ഐ.ജിയും ഞാനുമെല്ലാം ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി നല്ല ടീമായിട്ടാണ് നീങ്ങിയത്.
? ഡോ:ഉന്മേഷ് സ്വാധീനിക്കപ്പെട്ടു എന്നുറപ്പാണല്ലേ…………..?
അതെ ഉറപ്പാണ്….
? താങ്കളെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിച്ചോ…..?
# എന്നെ സ്വാധീനിക്കാൻ ആരും ശ്രമിച്ചിട്ടില്ല. ശ്രമിക്കാറുമില്ല.സ്വാധീനിക്കണമെങ്കിൽ അയാൾ Influenceable ആകണം. ഞാനതല്ല. മാത്രവുമല്ല, ഞാനാണ് ഈ കേസിൽ discussion നടത്തിയിരിക്കുന്നതെന്ന് ആർക്കും അറിയില്ല. അതൊക്കെ പൊലീസിന്റെ രഹസ്യങ്ങളാണല്ലോ. പക്ഷേ, എന്നെ വെയ്ക്കാനായി ഗവണ്മെന്റ് ശ്രമിക്കുന്നു, രാഷ്ട്രീയനേതൃത്ത്വത്തിൽ നിന്നും ജില്ലാ കലക്ട്രേറ്റിൽനിന്നും ശുപാർശ ചെയ്യുന്നു എന്നതറിഞ്ഞ് പല ഭാഗങ്ങളിൽ നിന്നും അത് തടയാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.
? ഏതു ഭാഗത്തുനിന്നാണ് അങ്ങനെയുള്ള ശ്രമങ്ങൾ നടന്നത്…?
# അത്….പറയുന്നത് ശരിയല്ലാഞ്ഞിട്ടാണ്. ഞാൻ വന്നുവെന്നറിഞ്ഞപ്പോൾ ആളൂർ അവിടെ വന്നു…! ഞാൻ വരാൻ സാധ്യതയുണ്ടെന്ന് കണ്ടപ്പോൾ തന്നെ അവർ അവിടെ വന്നു.
? ഈ ‘അവർ’എന്നു പറയുന്നത് ആരാണ്…?
# പ്രതിഭാഗം
? അത് ആരാണ്…?
# അത് പ്രതിഭാഗം വക്കീലടക്കമുള്ളവർ. വടക്കാഞ്ചേരി കോടതിയിൽനിന്ന് ഈ കേസ് വേഗം തൃശൂർക്ക് അയക്കാൻ നോക്കി. സാധാരണ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ഒരു കേസ് കോടതിക്കയക്കണമെങ്കിൽ usual ആയ ഒരു സമയം ഉണ്ട്. ഒരു സ്ത്രീ ആയിരുന്നു അന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ്. അവർ ഈ സംഭവം വേഗം തൃശൂർക്ക് അയക്കാൻ തിരക്കു കാണിച്ചു. അവർ ലീവിൽ പ്രവേശിക്കുകയാണെന്നൊക്കെപ്പറഞ്ഞ് പെട്ടെന്ന്, തിരക്കുപിടിച്ച് തൃശൂർക്ക് അയക്കുകയാണുണ്ടായത്. തൃശൂരിൽ ഫാസ്റ്റ് ട്രാക്ക് കോടതിയിലാണെങ്കിലും അവിടെ ധാരാളം കേസുകൾ pending ഉണ്ട്. അപ്പോൾ സാധാരണ സെൻസേഷൻ കേസുകളൊക്കെ ജില്ലാ കോടതിയിലാണെടുക്കുക. അതിവേഗക്കോടതി സാധാരണ, കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനുള്ളതാണ്. അതല്ലെങ്കിൽ അത്ര emergency ഉണ്ടാവണം. എന്നാലേ അതിവേഗക്കോടതിയിൽ കേസ് വരൂ. വളരെ വേഗം വിചാരണയ്ക്കെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം വക്കീൽ ഈ കേസെടുത്തു. ഞാൻ വരുന്നത് തടയുക എന്നതായിരുന്നു ലക്ഷ്യം.
? അത് പക്ഷേ, പിന്നീട് കേസിന്റെ പെട്ടെന്നുള്ള തീർപ്പിന് സഹായകമാവുകയാണുണ്ടായത്………
# അതെ. ജില്ലാ ജഡ്ജ് അന്ന് ഒരു മാസം ലീവിലായിരുന്നു. അപ്പോൾ ഈ കേസ് അതിവേഗക്കോടതിയിലേക്കിട്ടു. വേഗം കേസെടുക്കണമെന്ന് പ്രതിഭാഗം വക്കീൽ നിർബന്ധം പിടിക്കയാണുണ്ടായിട്ടുള്ളത്. കോടതിയോട് ഈ കേസ് നിലനിൽക്കില്ല. കക്ഷി innocent offender ആണെന്നൊക്കെപ്പറഞ്ഞപ്പോൾ ശരിയെന്നു കരുതി കോടതി എല്ലാ സാക്ഷികൾക്കും സമൻസ് അയക്കുകയാണുണ്ടായത്. സാധാരണരീതിയിൽ പ്രോസിക്യൂഷനാണ് സമൻസ് അയക്കേണ്ട സാക്ഷികളെ തീരുമാനിക്കാറ്. പക്ഷേ, ഇവിടെ അതിനു ഇടതന്നില്ല. കോടതി എല്ലാ സാക്ഷികൾക്കും സമൻസ് അയച്ചു. ആകെ 154 സാക്ഷികൾ ഉണ്ട്. മാത്രവുമല്ല പെട്ടെന്നു തന്നെ വിചാരണയും തുടങ്ങി. എന്നാൽ ജില്ലാ ഭരണകൂടവും പോലീസിന്റെ ഉന്നതരും ഇടപെട്ടു. അവർ ആഭ്യന്തരവകുപ്പും director general of prosecution ഉം സുരേഷ് തന്നെ വരണമെന്ന് ശുപാർശചെയ്തു. അവിടെയും ഞാൻ വരുന്നത് തടയാൻ നോക്കി. ഞാൻ വരുന്നത് താമസിപ്പിക്കാൻ നോക്കി.
? കാരണം……?
# അതൊക്കെ അന്വേഷിക്കേണ്ട കാര്യമാണ്. പോലീസ് അന്വേഷണം തന്നെ വേണ്ടുന്ന കാര്യമാണ്. ഞാൻ ഒരു കേസ് ഏറ്റെടുത്താൽ അത് അതിന്റേതായ രീതിയിൽ നടത്തുമെന്ന ഒരു വിശ്വാസമുണ്ട്.
? ആളൂരിന് താങ്കളെ അറിയുമോ?
# ആളൂരിന് എന്നെ അറിയില്ല. പക്ഷേ, ബയോഡാറ്റ കിട്ടിയിട്ടുണ്ടാകുമല്ലോ…ഇന്ന ആളാണെന്ന്….
? ഇതിനു മുമ്പ് വാദിച്ച കേസുകളൊക്കെ…..?
# ഞാൻ ഒമ്പതുകൊല്ലമായി പ്രോസിക്യൂട്ടർ ആയിരുന്നു. എന്നെ കുറേ കേസുകളിൽ ഹൈക്കോടതി നേരിട്ട് നിയമിച്ചിട്ടുണ്ട്. അതുകൊണ്ട് അവർക്കറിയാം corruption element എനിക്കില്ലെന്ന്. അതുകൊണ്ടാണ് ഞാൻ വരാതിരിക്കാനുള്ള ശ്രമം അവർ നടത്തിയത്. അഡ്വ:ജനറൽ സുധാകരൻ സാറിന് എന്നെ നേരിട്ട് പരിചയമില്ലെങ്കിലും എന്നെ അറിയാം. അദ്ദേഹം പറഞ്ഞു സുരേശനെ തടയാൻ നോക്കേണ്ട എന്ന്. ജില്ലാ കളക്ടർ തോമസിന്റെ അടുത്തും എന്നെ ബ്ലോക്ക് ചെയ്യാനുള്ള ശ്രമമുണ്ടായി. അദ്ദേഹവും പറഞ്ഞു. സുരേശനെക്കുറിച്ച് മറിച്ചൊന്നും പറയാനില്ല എന്ന്. അതുകഴിഞ്ഞ് ആഭ്യന്തരവകുപ്പിൽ വരെ ശ്രമം നടത്തി.
? ആരാണ് ഇങ്ങനെ താങ്കളെ ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നത്..?ആളൂരാണോ..?
# പ്രതിഭാഗം വക്കീലോ അവരുടെ ആൾക്കാരോ മാത്രമല്ല. അതാണ് നമുക്ക് വലിയ പ്രയാസമുണ്ടാക്കുന്ന കാര്യം. ഇവിടുത്തെ ആൾക്കാർ കൂടിയാണ്.
? ആരാണവർ…? അവരെന്തിനാണിങ്ങനെ ചെയ്യുന്നത്…?
# അത് അന്വേഷിക്കുക തന്നെ വേണം.
?ഇത് വളരെ genuine ആയ ഒരു കേസാണല്ലോ. ഒരു മെച്ചപ്പെട്ട വക്കീൽ വാദിക്കേണ്ട കേസ്. അയാളെ മാറ്റിനിർത്തുക എന്ന താല്പര്യത്തിന്റെ പിന്നിൽ എന്താവും? അതും ഗോവിന്ദചാമിയെപ്പോലുള്ള ഒരാളെ രക്ഷിക്കാൻ ഇങ്ങനെ ഇടപെടുന്നുണ്ടെങ്കിൽ അത് നമ്മളെ ഭീതിപ്പെടുത്തുന്നതല്ലേ….?
# ആണ്. അതിനേക്കാൾ വലിയ ഒരു സങ്കടം ഒരു സ്ത്രീ കൂടി അതിൽ…. പേരു ഞാൻ പറയില്ല. പേരു ഇപ്പോൾ പറയുന്നത് ശരിയല്ലാഞ്ഞിട്ടാണ്. തെറ്റിദ്ധരിപ്പിക്കാനാവാം. What ever it may be… നിങ്ങളൊക്കെ ഒരിക്കലും പ്രതീക്ഷിക്കാത്ത ആൾക്കാരായിരിക്കാം. അതാണ് പറയാതിരിക്കാൻ കാരണം.
?എനിക്ക് ഊഹിക്കാന് പറ്റും ചിലപ്പോൾ…..
# ഏയ്, നിങ്ങൾക്ക് ഊഹിക്കാന് കഴിയില്ല. നിങ്ങൾ നല്ല ആൾക്കാരാണെന്നൊക്കെ കരുതിയവരാകാം അവർ. അതുകൊണ്ടാണ് ഞാൻ പേരു പറയാത്തത്. (അർത്ഥപൂർണ്ണമായ ഒരു ചിരി) എന്തായാലും ആറാം തിയ്യതിയിലേക്ക് വിചാരണയ്ക്ക് തയ്യാറായിക്കൊള്ളാനുള്ള ഓർഡർ എനിക്ക് കോടതിയിൽ നേരിട്ട് കൊണ്ടുവന്ന് തരികയാണുണ്ടായത്. ആദ്യ ദിവസം സൗമ്യയുടെ സഹോദരൻ സന്തോഷിനെയായിരുന്നു വിസ്തരിക്കേണ്ടിയിരുന്നത്. പക്ഷേ, ആളൂർ അത് സമ്മതിച്ചില്ല. സഹോദരനാണ് പോലീസിനു വിവരങ്ങൾ നൽകുന്നത്. അതുകൊണ്ട് അയാളെ വിസ്തരിക്കാൻ പറ്റില്ലെന്നു പറഞ്ഞ് ആളൂർ തുടക്കം മുതലേ തടഞ്ഞു. അതുകൊണ്ടാണ് ആദ്യത്തെ സാക്ഷിയായി ഡോ:തനൂജയെ വിസ്തരിച്ചത്. അങ്ങനെ വിചാരണ തുടങ്ങി. ഏതു സാക്ഷിയേയും കിട്ടിക്കഴിഞ്ഞാൽ ഒരു അഞ്ചാറ് ദിവസം വിസ്തരിക്കും. ഞാൻ ഒരു രണ്ടു പേജ് എഴുതാവുന്ന മൊഴിചോദിച്ചാൽ പിന്നെ 250-350 പേജ് ക്രോസ്സ് എക്സാമിനേഷനാണ്, വേണ്ടതും വേണ്ടാത്തതുമെല്ലാം. തുടക്കം മുതൽ സാക്ഷിയെ harass ചെയ്യുക എന്നതായിരുന്നു രീതി.
? അതായത്, ആളൂർ സാക്ഷികളെ ഹരാസ്സ് ചെയ്യുകയായിരുന്നു അല്ലേ?
# അതെ. അതിനുള്ള ശ്രമമാണ് അയാൾ നടത്തിയത്. അതായത് കുറേ നേരത്തെ വിസ്താരം കഴിഞ്ഞാല് പിന്നെ, സാക്ഷികൾക്കൊക്കെ മടുക്കും. മാനസികമായി മടുത്തുപോകുന്ന സാഹചര്യം ഉണ്ടാക്കുക…അതാണ് ആളൂർ ചെയ്തത്.
? “എനിക്ക് വേണ്ടത്ര പണം തന്നിട്ടുണ്ട്, പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. അതുകൊണ്ട് അപ്പീൽ പോകും”എന്നൊക്കെയാണ് ആളൂർ പറയുന്നത്. താങ്കൾ പക്ഷേ, ഗവണ്മെന്റ് പ്രോസിക്യൂട്ടർ ആണല്ലോ..അതിന്റെ സൗകര്യവുമുണ്ട്. മാത്രവുമല്ല, ജനങ്ങളുടെയും മാധ്യമങ്ങളുടേയും വർദ്ധിച്ച പിന്തുണയുമുണ്ട്. കേരളീയസമൂഹത്തിന്റെ വൈകാരികമായ പ്രതികരണം അതാണ് തെളിയിക്കുന്നത്. അങ്ങിനെയൊരവസ്ഥയിൽ സത്യം ജനിച്ചു എന്ന് സമാധാനിക്കാമല്ലോ…?
# അത് മാത്രമല്ല പ്രധാനം. കേസ് വളരെ ഫാസ്റ്റ് ആയി നടന്നു എന്നുള്ളതാണ് പ്രധാനം. ഫാസ്റ്റ് അല്ലെങ്കിൽ, സൂര്യനെല്ലി എവിടെപ്പോയി? വിതുര എവിടെപ്പോയി? കിളിരൂർ എവിടെപ്പോയി? പറവൂർ എവിടെ പോകും? വേഗത്തിലുള്ളതിന്റെ പിന്നാലെയാണ് മലയാളികൾ എന്നും സഞ്ചരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഫാസ്റ്റ് ഫുഡും ഫാസ്റ്റ് ന്യൂസും ഒക്കെ ഉണ്ടാകുന്നത്. കുറേകഴിഞ്ഞാൽ എല്ലാറ്റിന്റേയും പ്രാധാന്യം മനുഷ്യർ മറക്കും.
?അപ്പോൾ ഹൈക്കോടതിയിൽ ഈ കേസിന്റെ ഭാവി എന്താകും? താങ്കൾ തന്നെയാണോ ഹാജരാകുന്നത്?
# (പൊട്ടിച്ചിരിച്ചുകൊണ്ട്)അതൊന്നും പറയാൻ പറ്റില്ല. ഞങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. കേസിന്റെ അടിത്തറ ഭദ്രമാണ്. പിന്നെ. വേണമെങ്കിൽ എന്നെത്തന്നെ നിയമിക്കാം. അല്ലെങ്കിൽ വേറെ ആളെ വെയ്ക്കാം. അതൊക്കെ സർക്കാർ തീരുമാനിക്കേണ്ട കാര്യങ്ങളാണ്. പക്ഷേ, അതല്ല, ഇവിടെ പ്രധാനം.ഇപ്പോൾ കേരളത്തിൽ 99% കേസുകൾ വെറുതെ വിടുന്നതായാണ് കാണുന്നത്.
? ഇത് കുറ്റകൃത്യങ്ങൾ വർദ്ധിക്കാനിടയാക്കില്ലേ? ഇക്കാര്യത്തിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമല്ലേ..??
# തീർച്ചയായും ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്. Law കമ്മീഷനും കേന്ദ്ര നിയമവകുപ്പും അതിനുള്ള നടപടികളെടുക്കണം. പോലീസിനു നൽകുന്ന മൊഴി സാക്ഷി മജിസ്ട്രേറ്റിന്റെ മുന്നിലും പറയണം. എന്നാലേ കോടതിയിൽ കേസ് തെളിയിക്കാൻ പറ്റൂ. ഇതിപ്പോ മജിസ്ട്രേറ്റിന്റെ മുന്നിൽ നൽകുന്ന മൊഴിപോലും പിന്നൊരിക്കൽ മാറ്റിപ്പറയാം എന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. അതുകൊണ്ട് സാക്ഷികൾ സ്വാധീനത്തിനു വഴിപ്പെടുന്നു.
? അതായത് അനുകൂലമായ ഒരു ഡിവിഷൻ ബെഞ്ചും അതിനു പറ്റിയ വാദിഭാഗം അഡ്വക്കറ്റും സാക്ഷികളും ഉണ്ടായാൽ ഒരു കേസിനെ ഏത് തരത്തിലേക്കും കൊണ്ടുപോകാം എന്നാണോ?
# അതെ, കൊണ്ടുപോകാൻ കഴിയും. നമ്മുടെ നാട്ടിലെ പ്രോസിക്യുഷൻ രീതി വ്യത്യസ്തമാണ്. ഇവിടെ പ്രോസിക്യൂഷനു വേണ്ടി പോലീസുകാർ തന്നെയാണ് എല്ലാവിധ ഇൻവെസ്റ്റിഗേഷനും നടത്തുന്നത്. മജിസ്ട്രേറ്റിന്റേയോ ജുഡീഷ്യറിയുടേയോ സൂപ്പർ വിഷൻ ഇല്ല. സത്യത്തിൽ എല്ലാ കേസുകളിലും ജുഡീഷ്യറിയുടെ സൂപ്പർവിഷൻ അത്യാവശ്യമാണ്. അല്ലെങ്കിൽ കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകാൻ കഴിയും. അങ്ങനെ നീണ്ടു പോകുന്ന കേസുകൾ പിന്നെ തെളിവില്ലാതെ ഇല്ലാതാകും.
? കേസ് നടത്തിയാലുള്ള സാമ്പത്തികനേട്ടം താങ്കൾ കാര്യമാക്കാറില്ലേ…?
# അതിനെക്കുറിച്ച് ഞാൻ അത്രമേൽ concerned ആകാറില്ല. ജീവിച്ചുപോകാൻ വലിയ ബുദ്ധിമുട്ടില്ലാത്തതുകൊണ്ടാവാം. വളർന്ന സാഹചര്യം അങ്ങനെയായതുകൊണ്ടുമാകാം. പിന്നെ ഒരു കേസ് എങ്ങിനെ കൊണ്ടുപോകണം എത്ര മാത്രം strain ചെയ്യണം എന്നറിയാൻ ഞാൻ എന്റെ ജുഡീഷ്യൽ ഓഫീസർമാരുടെ ഉപദേശം തേടാറുണ്ട്. എന്റെ മുന്നിൽ ഒരു പാട് മഹാരഥന്മാരായ നിയമജ്ഞരുണ്ട്.അഡ്വ:കുഞ്ഞിരാമനെപ്പോലെയുള്ളവരുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
? അങ്ങനെയുള്ളവർ ഇപ്പോഴില്ലെന്നാണോ..? ഇന്നെല്ലാവരും കറപ്റ്റ് ആണെന്ന അഭിപ്രായമുണ്ട്….
# എല്ലാവരും കറപ്റ്റ് അല്ല. അങ്ങിനെയുള്ളവർ ഉണ്ട്. പണ്ട് അഞ്ച് വർഷം വക്കീലായി പ്രാക്ടീസ് ചെയ്താലേ മുൻസീഫ് ആകാൻ പറ്റൂ. ഇപ്പോ അങ്ങനെയല്ലാതെയും ആകാം. അപ്പോൾ കേസ് നടത്തിപ്പിലെ പ്രായോഗികാനുഭവം ഇല്ലാതെ വരുന്നു. ഇത് അവരുടെ തീരുമാനത്തിലും പ്രതിഫലിക്കും.
? കിട്ടുന്ന കേസ് എങ്ങിനെയും വാദിച്ചു ജയിക്കുക, എന്നിട്ട് കാശുണ്ടാക്കുക എന്നരീതിയല്ലേ വക്കീലന്മാർ ചെയ്യുന്നത്.അല്ലാതെ സത്യവും നീതിയുമൊക്കെ അവിടെ വിഷയമാകാറുണ്ടോ…?
# അതാണിപ്പോഴത്തെ സ്ഥിതി. ഇത് പ്രൊഫഷനെ വളരെ ഡീഗ്രേഡ് ചെയ്തു. നമ്മുടെ സ്വാതന്ത്ര്യസമരകാലത്ത് എല്ലാ നേതാക്കന്മാരും വക്കീലന്മാർ കൂടിയായിരുന്നല്ലോ. മഹാത്മജി, നെഹ്രു അടക്കമുള്ളവർ വക്കീലന്മാരായിരുന്നു. ആ കാലത്ത് നിയമജ്ഞന്മാരുടെ കയ്യിൽനിന്ന് നാടിന് വലിയ സംഭാവനകൾ ഉണ്ടായിരുന്നു. ഇപ്പോൾ അതുണ്ടാവുന്നില്ല. എനിക്ക് കാശ് കിട്ടുന്നു. ഞാൻ കേസ് നടത്തുന്നു.ഇതാണ് രീതി.
? അതു പറയുമ്പോൾ അരുണാ ഷാൻബാഗിനെ ഓർമ്മ വരുന്നു. 38 വർഷമായി അവർ തളർന്ന് കിടക്കുകയാണ്. അവരെപ്പോലെ സൗമ്യയും മരിച്ചില്ലായിരുന്നെങ്കിൽ…..?
# സൗമ്യ വെജിറ്റബിൾ സ്റ്റേജിൽ കിടക്കുമായിരുന്നു. അരുണാ ഷാൻബാഗിനെക്കാൾ കഷ്ടമാകുമായിരുന്നു.
? ആ പ്രതിക്ക് കിട്ടിയത് ഏഴുവർഷത്തെ തടവു മാത്രമാണ്…..
# അവർ മുറിയിൽ ഡ്രസ്സ് ചെയ്യുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഒരു male nurse ആണ് ആക്രമിച്ചത്. ആ പെൺകുട്ടിയെ പട്ടിയെപ്പോലെ ചങ്ങല കഴുത്തിലിട്ട് വലിച്ച് നിർത്തിയാണ് പീഡിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തം ബ്ലോക്കായി. ആ സ്റ്റേജിൽ 24 മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കുന്നത്. അപ്പോഴേക്കും brain death സംഭവിച്ചു കഴിഞ്ഞിരുന്നു.
? സ്തീ ആക്രമിക്കപ്പെടുന്ന കേസിൽ പലപ്പോഴും സ്തീയുടെ മോറൽ സൈഡിനെപ്പറ്റി ചർച്ചകൾ വരാറുണ്ട്. കോടതിമുറിയിൽ പോലും അത് വിചാരണ ചെയ്യപ്പെടാറുണ്ട്
# ഇപ്പോൾ ആ തെളിവുനിയമം ഭേദഗതി ചെയ്തിട്ടുണ്ട്. അതു പ്രകാരം ഒരു കുറ്റാരോപിതയുടെ/ആരോപിതന്റെ മോറൽ സൈഡിനെപറ്റി പറയാൻ പാടില്ല. പണ്ട് സ്ത്രീകൾ കോടതിയിൽ വരുമ്പോൾ ഇതായിരുന്നു മുഖ്യ ചർച്ചാവിഷയം. അതു തടയാനാണീ നിയമം കൊണ്ടുവന്നിരിക്കുന്നത്.”even though she is a prostitute, nobody has the right to touch her without her consent” എന്നാണ് ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ള തെളിവുനിയമത്തിൽ പറയുന്നത്. ഒരു പെൺകുട്ടി സ്വബോധത്തോടെ ഇരിക്കുകയാണെങ്കിൽ അവളെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട രീതിയിൽ കാണാൻ കഴിയില്ലല്ലോ. സൗമ്യയെ കിട്ടിയതുതന്നെ നഗ്നയായിട്ടാണ്. ഞാൻ പറഞ്ഞല്ലോ, ആകുട്ടിയെ, ഒരു മുണ്ട് അയൽ വീട്ടിൽനിന്നു വാങ്ങി ദേഹത്തിട്ടാണ് കൊണ്ടുവന്നത്. എന്നിട്ടുപോലും ആ കുട്ടി സെക്സ് റാക്കറ്റിൽ ഉൾപ്പെട്ടതാണെന്ന് ആളൂർ ആരോപിച്ചു. അതയാൾ പറയാൻ പാടില്ലാത്തതായിരുന്നു. ഇതെന്നെ ഏറെ വിഷമിപ്പിച്ച കാര്യമാണ്.
?ഇത്രയും മനുഷ്യത്വവിഹീനമായ ഒന്നാണോ വക്കീൽ പണി…?
# ഏതു പ്രൊഫഷനായാലും ഇങ്ങനെ ചില കാര്യങ്ങളുണ്ടാകാം. അതിലൊക്കെ ഒരാളുടെ discipline ആണ് പ്രധാനം.
? Professional ethics ഇല്ലാത്തവർക്ക് ഇതിലൊന്നും ഒരു കുഴപ്പവുമില്ല. എന്തും ചെയ്യാം എന്നാണോ?
# Ethics രണ്ടുതരത്തിലുണ്ട്. Written ethics ഉം മനസ്സാക്ഷിയും രണ്ടും രണ്ടാണ്.ലളിതമായി പറഞ്ഞാൽ സാമാന്യ മര്യാദ എന്നൊന്നുണ്ടല്ലോ. അതില്ലാതെയാണ് ആളൂർ സാക്ഷിവിസ്താരം നടത്തിയത്.
? താങ്കൾ താങ്കളുടെ പ്രത്യേക താല്പര്യമെടുത്താണല്ലോ ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. എന്നാൽ ഫോറിൻസിക് വിഭാഗത്തിൽ ജോലിചെയ്യുന്ന Dr. ഉന്മേഷ് എന്ത് പ്രൊഫഷണൽ എത്തിക്സ് ആണ് കാണിച്ചിട്ടുള്ളത്?
# മുറിവിന്റെ പ്രായം, ആഴം, കാരണം ഇതൊക്കെ പറയേണ്ടത് ഫോറൻസിക് ഡോക്ടറുടെ ചുമതലയാണ്. ഇവിടെ ഈ പെൺകുട്ടിയുടെ മുഖത്ത് എങ്ങനെ മുറിവ് പറ്റി എന്തായുധം കൊണ്ട് എന്നും ഏതൊക്കെ സാഹചര്യത്തിലായിരിക്കാം ഇത്തരം മുറിവുകൾ ശരീരത്തിലുണ്ടാവുക തുടങ്ങിയവയെല്ലാം പറയണം. ഇത് പറയേണ്ടത് ഫോറൻസിക്ക് വിദഗ്ധനായ ഡോ:ഉന്മേഷാണ്. കേവലം മുറിവുണ്ട് എന്നു മാത്രമേ അയാൾ പറഞ്ഞിട്ടുള്ളൂ. അയാൾ പറയുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കിയത് അയാളാണെന്ന്. അതിനയാൾക്ക് അധികാരമില്ല. HODയാണ് അത് ചെയ്യേണ്ടത്. ഷെർളി വാസുവാണ് പോസ്റ്റ് മോർട്ടം നോട്സിന്റേയും റിപ്പോർട്ടിന്റേയും കസ്റ്റോഡിയൻ. പോസ്റ്റ്മോർട്ടം നടത്തുമ്പോൾ ഉന്മേഷ് ഉൾപ്പടെയുള്ള ഡോക്ടർമാർ അസിസ്റ്റ് ചെയ്യാനുണ്ടായിരുന്നു. അതുകൊണ്ട് പോസ്റ്റ്മോർട്ടത്തിനുശേഷം ഒരു ഡ്രാഫ്റ്റ് തയ്യാറാക്കാനാണ് ഡോ:ഉന്മേഷിനോട് ഡോ:ഷെർളി വാസു ആവശ്യപ്പെടുന്നത്. ഉന്മേഷാകട്ടേ അതിനു പകരം തന്റെ ഒപ്പീനിയൻ എഴുതി സീൽ ചെയ്തു. ഒപ്പീനിയൻ എഴുതേണ്ടത് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറാണ്. പക്ഷേ, അയാൾ അത് ചെയ്തു.
? അതുവെച്ചാണല്ലോ അയാൾ claim ചെയ്തത്……
# അത് ഡോ:ഉന്മേഷ് ചെയ്ത രണ്ടാമത്തെ ക്രൈം ആണ്. കോടതിയിൽ അയാൾ പറഞ്ഞത് താനാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കിയത് എന്നാണ്. പോസ്റ്റ്മോർട്ടം ചെയ്യേണ്ടതും പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കേണ്ടതും ഡോ.ഷെർളി വാസുവാണ്. അവർ അതു ചെയ്തിട്ടും ഉണ്ട്.ഡോ. ഉന്മേഷ് പറയുന്നു, അയാളാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന്?! അങ്ങിനെവരുമ്പോൾ ഒരു കേസിൽ രണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട്..! പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം കിട്ടാൻ ഇതുമതി. അതിനുള്ള കളിയായിരുന്നു അത്.
? ഉന്മേഷിന്റെ മൊഴി കോടതി വിശ്വസിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു..?
# സത്യസന്ധയായ ഡോ:ഷെർളി വാസുവിന് life imprisonment കിട്ടുമായിരുന്നു.! ഗോവിന്ദചാമി പുറത്തുവരികയും ചെയ്യും. ഉന്മേഷിന്റെ മൊഴി പക്ഷേ, കോടതി വിശ്വസിച്ചില്ല. കാരണം പോസ്റ്റ്മോർട്ടത്തിന്റെ മുഴുവൻ സമയ ഫോട്ടോയും സി.ഡിയും ഷെർളിവാസുവിന്റെ കൈയിലുണ്ടായിരുന്നു..
? വിധിയിൽ തനിക്ക് സന്തോഷമുണ്ടെന്ന് ഉന്മേഷ് പറഞ്ഞിട്ടുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന നിലയിലുള്ള ഒരു താല്പര്യമാകുമോ അദ്ദേഹം കാണിച്ചത്?
# അയാൾക്കങ്ങനെ പലതും പറയാമല്ലോ. മറ്റ് മാർഗ്ഗമില്ലാതെ വന്നപ്പോഴാണത് പറയുന്നത്; രണ്ടാമത് കോടതി വിളിപ്പിച്ചപ്പോൾ. അയാൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കാനുള്ള അധികാരമില്ല. തൃശൂർ ജില്ലയിൽ പോലീസ് സർജ്ജൻ ഒന്നേയുള്ളൂ. അത് ഡോ:ഷെർളി വാസുവാണ്. അവരുടെ അസാന്നിധ്യത്തിലേ മറ്റുള്ളവർക്ക് ചെയ്യാൻ പാടുള്ളൂ. കേസ് തേച്ചുമായ്ച്ച് നശിപ്പിക്കാൻ തന്നെയാണ് ഉന്മേഷ് ശ്രമിച്ചത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തന്റേയും ഷെർളി വാസുവിന്റേയും റിപ്പോർട്ട് ഒന്നാണെന്നാണ് ഉന്മേഷ് പറയുന്നത്. അതൊരിക്കലുമല്ല. സൗമ്യ മരിച്ചത് ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടാണെന്നാണ് ഉന്മേഷ് പറയുന്നത്. ബലാൽസംഗത്തിന്റെ കാര്യം അതിൽ പറയുന്നേയില്ല. ‘there is evidence of sexual assault’ എന്നേ പറയുന്നുള്ളൂ. Sexual assaultഉം rapeഉം വ്യത്യസ്തമാണ്.
? അപ്പോൾ ഉന്മേഷ് നിയമവും പഠിച്ചിട്ടുണ്ട്…..
# അയാൾക്കതിന്റെ നിയമവശം അറിയാം. അയാൾ അത് പഠിച്ചിരിക്കണം. assault. rape എന്നീ വാക്കുകളുടെ കൃത്യത സൂക്ഷ്മമായി അറിഞ്ഞ് പ്രയോഗിക്കണമെങ്കിൽ അയാളെ ആരോ ട്രെയിൻ ചെയ്തു വിട്ടിട്ടുണ്ട്. എല്ലാ organs ഉം fail ആയി. Multiple organs failure. അതിനെക്കുറിച്ച് അയാൾ ഒന്നും പറയുന്നില്ല. ഫോറൻസിക് വിഭാഗത്തിന് ഒരു കേസിൽ പോലീസിനെക്കാളും വക്കീലിനേക്കാളും റോൾ നിർവ്വഹിക്കാനുണ്ട്.
? ഗോവിന്ദചാമിയുടെ ഭാഗത്തുനിന്ന് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഈ കേസ് താങ്കൾ ഏറ്റെടുക്കുമായിരുന്നോ?
# ഇല്ല. ഞാൻ പൊതുവേ social commitment വേണം എന്നാഗ്രഹിക്കുന്ന ഒരാളാണ്.
? ഈ കേസ് താങ്കളെ വ്യക്തിപരമായി ഏറേ ബാധിച്ച ഒന്നായിരുന്നു……?
# അതെ. എന്റെ മകളുടെ പേരും സൗമ്യ എന്നാണ്. കേസ് നടന്നിരുന്ന ആറേഴ് മാസം എനിക്കൊരു അസുഖവും വരാതെ നോക്കിയിരുന്നു. ഞാൻ പുറത്തുനിന്ന് ഭക്ഷണം പോലും കഴിച്ചിരുന്നില്ല. എല്ലാ രക്ഷിതാക്കളും പ്രത്യേകിച്ച് പെൺകുട്ടികളുള്ള രക്ഷിതാക്കളുടെ വലിയ പ്രാർത്ഥനകൾ ഉണ്ടായിരുന്നു. പത്ത് വയസ്സുള്ള കുട്ടികളുടെയടക്കം പ്രാർത്ഥന ഈ കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്നതാണ് എന്റെ അനുഭവം. മനുഷ്യൻ എന്നാൽ ………. മനുഷ്യന്റെ മനസ്സാണല്ലോ……..
2011 ഡിസംബർ ആദ്യവാരം പ്രസിദ്ധീകരിച്ചത്