ലിയനഗേ അമരകീര്‍ത്തി
വിവ: എ.കെ.റിയാസ് മുഹമ്മദ്
വീട്ടില്‍ സ്ഥിരമായി നില്ക്കാന് ഒരു സ്ത്രീയെ കണ്ടെത്തി തരാനായി ചേച്ചിക്ക് ഞാനൊരു സന്ദേശയമയച്ചു. മൂന്നു നാലു മണിയാകുമ്പോള്‍ ലക്ഷ്മി പോയിടുമെന്നതാണ് അതിനുള്ള പ്രധാനകാരണം. ലക്ഷ്മിയുടെ മകള്‍ക്ക് കുഞ്ഞ് പിറന്നതു തൊട്ടാണ് വീട്ടിൽ പോകാന്‍ അവള് തിരക്കു കൂട്ടുന്നത്. അതില്‍പിന്നീട് തേങ്ങ ചിരവുന്നതിന് പകരം തേങ്ങ ചുരണ്ടാന്‍ തുടങ്ങിയിരുന്നു. “ഈ തേങ്ങാച്ചമ്മന്തി കഴിക്കാന്‍ പോലും മുള്‍ക്കരണ്ടിയും കത്തിയും വേണം” എന്നു പറഞ്ഞ സംഭവം പോലും നടന്നത് ആ കുഞ്ഞ് ജനിച്ചതിന് ശേഷമാണ്. തേങ്ങ കഷ്ണം കഷ്ണമായി കിടന്നിരുന്നു. അവള് പുതുതായി ജോലിക്കു വന്നപ്പോള്‍ തേങ്ങയോട് വാത്സല്യമുള്ളവളെപ്പോലെ പതിയെയാണ് ചിരവിയിരുന്നത്. ഉള്ളി മൃദുവായി വളരെ നേര്‍ത്ത കഷ്ണങ്ങളാക്കിയാണ് അരിഞ്ഞിരുന്നത്. ഒന്നു നോക്കിയാല്‍, അങ്ങനെയെല്ലാമായിരുന്ന ലക്ഷ്മിക്ക് ഇപ്പോളുണ്ടായിരിക്കുന്ന തിരക്കാണ് ഇതിനെല്ലാം കാരണം.
ലക്ഷ്മിയുടെ മരുമകന് വിദേശത്താണുള്ളത്. ആ മനുഷ്യന് കുഞ്ഞിനെ ഇന്റര്‍നാഷണല്‍ സ്കൂളിലേക്കോ ട്രിനിറ്റി കോളേജിലേക്കോ അയക്കാന്‍ പറഞ്ഞിരിക്കുന്നതു പോലെയാണ് കാര്യങ്ങള്‍. കുഞ്ഞിനെ ഇന്റർനാഷണൽ സ്കൂളിൽ കൊണ്ടുപോകാന്‍ തിടുക്കപ്പെടുന്നതു പോലെ, തേങ്ങ ചിരകാനും അരി കഴുകാനും ഉപ്പിടാനും ലക്ഷ്മി ധൃതിപ്പെടുന്നു. കുഞ്ഞിന് ഇപ്പോള്‍ രണ്ടു മാസമാണ് പ്രായം. മരുമകൻ ദിവസത്തിൽ രണ്ടു പ്രാവശ്യം വിളിക്കും. അതുകൂടാതെ ഒരു മാസം മുമ്പ് അവന് ലക്ഷ്മിക്കൊരു മൊബൈല്‍ ഫോണും വാങ്ങിച്ചുകൊടുത്തിരുന്നു. ഞങ്ങളുടെ മകനെ ലക്ഷ്മി കുളിപ്പിക്കുന്ന അതേ സമയത്താണ് സൌദിയില്‍നിന്ന് അവനും അവളെ വിളിക്കുക. അതാണെങ്കില്‍ വിശുദ്ധകാര്യമാണ്. ആ സമയത്താണു പോലും ചായക്കുള്ള ഇടവേളയും മറ്റും. ആ മനുഷ്യന് ചില സമയം എന്നെയും വിളിക്കും. എന്നിട്ട്, “നോനാ1, ലക്ഷ്മിയെ ഒന്നു വീട്ടിലേക്ക് അയച്ച് കുഞ്ഞിന്റെ പനി എങ്ങനെയുണ്ടെന്ന് നോക്കാന്‍ പറയൂ. ദര്‍ശനിക്ക് വിളിക്കുമ്പോള്‍ ഫോണ്‍ എപ്പോളും തിരക്കിലാണ്” എന്നു പറയും. പിന്നെന്താണ് ചെയ്യുക? ഞാന്‍ അവളെ പറഞ്ഞയക്കും. ഇതിനാലാണ് ലക്ഷ്മിയുടെ കാര്യത്തിലൊരു അന്തിമ തീരുമാനത്തിലെത്താന്‍ വിചാരിച്ചത്.
അടുത്തത് ജയദേവ. ലക്ഷ്മിയെ ജോലിക്കു നിര്‍ത്തുന്ന കാര്യത്തില്‍ ജയദേവയ്ക്ക് തുടക്കത്തിലെ രണ്ടു മനസ്ഥിതിയാണുണ്ടായിരുന്നത്. “നമ്മളെങ്കിലും തമിഴരെ ജോലിക്ക് നിര്‍ത്താതിരിക്കാന്‍ ശ്രമിക്കേണ്ടതല്ലേ” അദ്ദേഹം അങ്ങനെയാണ് ചോദിച്ചത്. അന്വേഷിക്കുമ്പോള്‍ ലഭിക്കുന്നതെല്ലാം തന്നെ തമിഴ് പേരുകള്‍. ഞങ്ങളാണെങ്കില് ഈ നഗരത്തില്‍ പുതിയ ആള്‍ക്കാരാണ്. അതിനാല്‍ അടുത്ത വീട്ടിലെ ചേച്ചി ആര്‍ക്കൊക്കെയോ വിവരമറിയിച്ചിരുന്നു. കാൻഡി നഗരത്തില്‍ അവര്‍ക്കൊരു പലചരക്ക് കടയുണ്ട്. അതുകൊണ്ട് വിവരം പെട്ടെന്നു പടര്‍ന്നു. എന്നാലും വന്ന പേരുകളെല്ലാം തമിഴ് പേരുകള്‍.
“ഇതില്‍നിന്ന് എന്തു മനസിലാക്കാം. കാൻഡിയിലുള്ള പാവപ്പെട്ടവരില്‍ തമിഴരാണ് അധികവും” ജയദേവ ഒരിക്കല്‍ പറഞ്ഞു.
“അതെങ്ങനെ പറയാന്‍ സാധിക്കും. എതിര്‍വശത്തെ ആ വീട്ടിലുള്ളത് ലളിത ജ്വല്ലറി കടക്കാരുടെ ബന്ധുക്കളാണ്. ആ വീട് തന്നെ ഒരു കൊട്ടാരം പോലെയുണ്ട്! മുകപ്പിലുള്ള പൂന്തോട്ടത്തില്‍ നിന്നു നോക്കിയാല്‍ ഹുനസ്ഗിരിയയും നക്കിള്സും2 കാണാന്‍ പറ്റുമത്രെ… ആള്ക്കാര് പറയുന്നുണ്ട്…”
“അത് ശരി! അങ്ങനെയെങ്കില്‍ എത്ര തമിഴ് വീടുകളുണ്ട്? അതുകൂടാതെ ആ വീട്ടില്‍ ജോലിക്കാരെല്ലാം ആരാണ്? തമിഴര്‍ തന്നെയല്ലേ?”
“എന്തോ, എനിക്കതൊന്നുമറിയില്ല. രണ്ടു കുട്ടികളുടെ കാര്യം നോക്കുന്നതോടൊപ്പം വീട്ടുജോലികളും ചെയ്യാന്‍ എന്നെക്കൊണ്ടാവില്ല. വീട്ടിലുള്ളപ്പോള്‍ നിങ്ങള്‍ ഏതെങ്കിലും പുസ്തകം തുറന്നുകൊണ്ട് വെച്ചിരിക്കുമെന്നല്ലാതെ വീട്ടുജോലിയില്‍ എന്തെങ്കിലും സഹായിക്കാറുണ്ടോ?”
“അതിനു പറയുന്നത് പുസ്തകം തുറന്നുകൊണ്ട് വെച്ചിരിക്കുക എന്നല്ല, വായിക്കുക എന്നാണ്. വായിക്കുന്നതും ഒരു പണിയാണ്. എന്റെ ജോലിയുടെ ഒരു ഭാഗമാണ് അതും. കോളേജില്‍ അതിനെ ഗവേഷണം എന്നാണ് പറയുന്നത്.” ജയദേവ ജയിച്ച വില്ലാളിയെപ്പോലെ ഒരു പരിഹാസച്ചിരി ചിരിച്ചു.
“പിന്നെ… ഞാനും ഒരാളെ അന്വേഷിച്ചുകൊണ്ടു തന്നെയാണിരിക്കുന്നത്” ജയദേയവ പറഞ്ഞു. അതു പറയുമ്പോള്‍ സ്വരത്തില്‍ ദേഷ്യം കലര്‍ന്നിരുന്നു. “പുസ്തകവും തുറന്നുകൊണ്ട് വെച്ചിരിക്കുമെന്നല്ലാതെ” എന്നു പറയേണ്ടായിരുന്നു എന്നാണ് എനിക്കും തോന്നിയത്. എന്നാലും ഇനിയത് മാറ്റാന്‍ പറ്റില്ല. പുസ്തകം വായിച്ചില്ലെങ്കിലും വീട്ടുജോലികളില്‍ അദ്ദേഹത്തിന് അത്ര താല്പര്യമില്ല. സമയാസമയത്ത് എങ്ങനെയാണ് ഭക്ഷണം മേശയിലെത്തുന്നതെന്നും ഇസ്തിരിയിട്ട ഉടുപ്പുകള്‍ എങ്ങനെയാണ് കൈകളിലെത്തുന്നതെന്നും അദ്ദേഹം ചിന്തിച്ചുനോക്കിയിട്ടില്ല. എന്നാല്‍, ശ്രീലങ്കയില്‍ തമിഴര്‍ക്ക് നേരെ നടക്കുന്ന അന്യായങ്ങളെക്കുറിച്ച് മണിക്കൂറോളം സംസാരിക്കും. തമിഴ് ജനതയെക്കുറിച്ച് മനുഷ്യത്വപരമായി സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന മാനസിക സംതൃപ്തി പോലെ, വീട്ടിലെ എന്റെ ജോലിഭാരത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതില്‍ അദ്ദേഹത്തിന് തൃപ്തിയുമില്ല. ഞാന്‍ സുമംഗലിക ചേച്ചിയോട് “അയ്യോ ചേച്ചി, എങ്ങനെയെങ്കിലും ഒരാളെ തേടിപ്പിടിച്ച് തരണം” എന്നു അഭ്യര്‍ത്ഥിച്ചു.
സുമംഗലിക ചേച്ചി നല്കിയ വിവരം ലഭിച്ചാണ് ലക്ഷ്മി വന്നത്. ജയദേവ അപ്പോള്‍ വീട്ടിലില്ലായിരുന്നു. എന്നോടു പോലും ചോദിക്കാതെയാണ് സുമംഗലിക ചേച്ചി ലക്ഷ്മി വരുന്ന തീയ്യതിയും സമയവും നിശ്ചയിച്ചിരുന്നത്. ലക്ഷിയുമായി കൂടിക്കാഴ്ച നടത്താന്‍ അപ്പോള്‍ അവര്‍ വീട്ടിലേക്ക് വന്നിരുന്നു. അന്വേഷിച്ചു നോക്കിയപ്പോള്‍, സുമംഗലിക ചേച്ചിയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ വരുന്ന മാലിനിയുടെ വല്യമ്മയുടെ മകളാണ് ലക്ഷ്മി എന്നു മനസിലായി. മാലിനി തന്നെയാണ് ലക്ഷ്മിയെ അയച്ചിരിക്കുന്നത്. എന്നാല്‍ അതേക്കുറിച്ച് മാലിനി സുമംഗലിക ചേച്ചിയോട് ഒന്നും പറഞ്ഞിട്ടില്ല.
“കണ്ടോ, നിങ്ങളുടെ ആളുകള്‍ ചെയ്യുന്നതെല്ലാം തട്ടിപ്പു ജോലി തന്നെയല്ലേ? ഇങ്ങനെ വഞ്ചന കാട്ടിയാല്‍ നിന്നെ ജോലിക്ക് എടുക്കേണ്ടെന്ന് നോനയോട് പറയും”
“കളവ് പറഞ്ഞത് മാലിനിയല്ലേ, ഞാനല്ലല്ലോ! ഞാനിപ്പോള്‍ സത്യം പറഞ്ഞത് കൊണ്ടല്ലേ നോനയ്ക്കും അറിയാന്‍ കഴിഞ്ഞത്?” ലക്ഷ്മി ചിരിച്ചുകൊണ്ടു തന്നെ പറഞ്ഞു. ജോലി നഷ്ടപ്പെടുമോ എന്ന ഭയം ഞാനവളുടെ കണ്ണുകളില്‍ കണ്ടു. അവള് സംസാരിക്കുന്ന സിംഹളത്തില്‍ ചെറിയ തമിഴ് ഛായയുണ്ടായിരുന്നു. ‘ബൊറു’ എന്ന സിംഹള വാക്ക് ‘പൊറു’ എന്നോ ‘അഎത്താ’ എന്ന സിംഹള വാക്ക് ‘എത്ത’ എന്നോ ‘വ്എസ്സ’ എന്ന സിംഹള വാക്ക് ‘വെസ്സ’ എന്നോ ഉച്ചരിക്കുന്ന സിംഹളമല്ലായിരുന്നു അത്. ഉടനെ ‘ലക്ഷ്മി ഞങ്ങളുമായി ഒത്തു പോകും’ എന്നു എനിക്കു തോന്നി. അങ്ങനെയാണെങ്കിലേ അവളൊരു തമിഴ് സ്ത്രീയാണെന്ന വിഷയം ജയദേവ തിരിച്ചറിയാതിരിക്കുകയുള്ളൂ എന്നതാണ് കാരണം. തന്റെ വീട്ടില്‍ വസ്ത്രമലക്കിക്കൊണ്ടിരുന്ന മാലിനിയെ സുമംഗലിക ചേച്ചി കൂട്ടിക്കൊണ്ടു വന്നിരുന്നു.
“നീ എന്നോടു കളവല്ലേ പറഞ്ഞത്?”
“എന്താണ് നോനാ?” മാലിനിയുടെ മനോഹരമായ വലിയ തമിഴ് മിഴികള്‍ ഞെട്ടി ഒന്നൂടെ വിടര്‍ന്നു. ലക്ഷ്മിയെക്കാളും സുന്ദരിയായിരുന്നു മാലിനി.
“ഇവള് നിന്റെ വല്യമ്മയുടെ മകളാണെന്ന കാര്യം നീ എന്നോട് പറഞ്ഞിരുന്നില്ലല്ലോ?”
മാലിനി ഒന്നും മിണ്ടിയില്ല.
“അല്പം പേടിപ്പിച്ചാല്‍ മാലിനിയെ കാണാന്‍ നല്ല ഭംഗിയാണ്. ഐശ്വര്യ റായിയുടേത് പോലെയാണ് രണ്ടു കണ്ണുകളും കഴുത്തും. അല്ലേ? സിംഹള പെണ്‍കുട്ടിയായിരുന്നെങ്കില്‍ സിറസ ടീവിയിലെ ഏതെങ്കിലും പരിപാടിയിലേക്ക് അയക്കാമായിരുന്നു. തക്കതായ ഒരു പരിപാടി സിറസ ടീവിക്കാര് തയാറാക്കുമായിരുന്നു. ‘സുന്ദരിയായ ജോലിക്കാരി’ അങ്ങനെ എന്തെങ്കിലും ഒരെണ്ണം” സുമംഗലിക ചേച്ചി ഞങ്ങളെല്ലാവരും കേള്‍ക്കുംവിധം പറഞ്ഞു. തന്റെ സൌന്ദര്യത്തെക്കുറിച്ച് പറയുമ്പോള്‍ മാലിനി നാണിക്കുന്നത് കാണാന്‍ കൂടുതല്‍ മനോഹരമായിരുന്നു. മാലിനിയുടെ കളവു പറച്ചില് തന്റെ ജോലി നഷ്ടപ്പെടുത്തുമോയെന്ന പേടിയായിരുന്നു ലക്ഷ്മിക്ക്. ഞാനാണെങ്കില്‍ സുമംഗലിക ചേച്ചി ‘ജോലിക്കാരി’ എന്ന വാക്ക് യാതൊരു പേടിയുമില്ലാതെ പറഞ്ഞതോര്‍ത്താണ് ഭയപ്പെട്ടത്.
സുമംഗലിക ചേച്ചിയും ഒരു സുന്ദരിയായ പെണ്‍മണിയാണ്. അവര്‍ ആ വീട്ടിലേക്ക് മരുമകളായി വരാനുള്ള കാരണം തന്നെ അവരുടെ സൌന്ദര്യമായിരുന്നു. വീട്ടിലിരിക്കുമ്പോള്‍ പോലും ‘ഫാഷന്‍ ബക്ക്’, ‘നോ ലിമിറ്റ്’ പോലുള്ള കടകളില്‍നിന്ന് വാങ്ങിയ പുതുപുത്തന്‍ മോസ്തര്‍ വസ്ത്രങ്ങളാണ് അവര്‍ ധരിക്കുന്നത്. ഞാന്‍ സുന്ദരിയായിരിക്കുന്നതുകൊണ്ട് അല്ലെങ്കില്‍ ഞാന്‍ സുന്ദരിയാണെന്ന് അവര്‍ കരുതുന്നതിനാലാണ് അവര്‍ എന്നോടു പോലും ഇടപഴകുന്നത്. എന്നാലും, മാലിനിയെയും ലക്ഷ്മിയെയും ‘നീ… നീ…’ എന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നതിലൂടെ ‘നോ ലിമിറ്റി’ല്‍ നിന്നു അവര്‍ വാങ്ങിയ വസ്ത്രത്തിന്റെ ഭംഗി നഷ്ടപ്പെട്ട്, അവരുടെ ശരീരത്തിലൂടെ ഒഴുകുന്ന മലവും മൂത്രവും കാണുപ്പെടുന്നതായി തോന്നി. പേടിച്ചപ്പോഴുള്ള മാലിനിയുടെ അഴക് സുമംഗലിക ചേച്ചിയുടെ സൌന്ദര്യത്തെക്കാളും വളരെ മനോഹരമായി എനിക്കു അനുഭവപ്പെട്ടു.
മാലോകരെല്ലാം ഞങ്ങള്‍ ഇരുവരും പുരോഗമനവാദികളെന്ന് വിചാരിക്കണമെന്നാണ് ജയദേവയുടെയും എന്റെയും ആഗ്രഹം. അതിനാല്‍ ഞങ്ങള്‍ക്ക് മകന് പിറന്നപ്പോള്‍ മുതല്‍ സഹായത്തിനായി തമിഴരല്ലാത്ത ഒരാളെയാണ് അന്വേഷിച്ചത്. കാണാത്ത ഒരു വ്യക്തിയെ വിളിക്കാന്‍ പോലും ‘ജോലിക്കാരി’ എന്ന വാക്ക് ഇതുവരെ ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഞങ്ങളോടൊപ്പം കോളേജിലുണ്ടായിരുന്ന പലരുടെയും പ്രായം ഇപ്പോൾ മുപ്പതും നാൽപ്പതും പിന്നിട്ടിട്ടുണ്ട്. വലിയ ഉദ്യോഗം വഹിക്കുന്നവരാണ് അവരില്‍ മിക്കവരും. കോളേജ് അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍,വക്കീലന്മാര്, മാനേജര്‍മാര്‍, എന്‍.ജി.ഒ. പ്രവര്‍ത്തകര്‍, തദ്ദേശ ഭരണ മന്ത്രിമാര്‍, മന്ത്രാലയത്തിലെ സെക്രട്ടറിമാര്‍, പരസ്യദാതാക്കള്‍, ടെലിവിഷന്‍- നാടക സംവിധായകര്‍ എന്നിങ്ങനെ പലര്. വീട്ടുജോലി ചെയ്യുന്നവരെ അടയാളം പറയാനായി ഇവര്‍ക്കിടയില്‍ ഒരു വാക്കുണ്ട്, ‘അമ്മെ കെനക്’. ‘അമ്മാ കെനക്’ അല്ല ‘അമ്മെ കെനക്’. അകലം തോന്നാത്തതും അടുപ്പം തോന്നാത്തതും, ഉയര്‍ത്താത്തതും താഴ്ത്താത്തതുമായ ഒരു വാക്ക്. പക്ഷേ, അങ്ങനെ ‘അമ്മെ ഒരാള്‍’എന്ന് സിംഹളക്കാരായ ജോലിക്കാരികളെ മാത്രമാണ് വിളിക്കുക. കുഞ്ഞ് ജനിച്ചതു മുതല്‍ ഞങ്ങളും ‘അമ്മെ കെനകി’നെ തേടിനടന്നു. ഒന്നും ശരിയായില്ല. ഞങ്ങള്‍ രണ്ടുപേരുടെയും അമ്മമാര്‍ മാറി മാറി വരികയും പോവുകയും ചെയ്തു, അത്രമാത്രം. മിക്കപ്പോഴും ഞാന്‍ തനിച്ചു തന്നെയായിരുന്നു.
ഞങ്ങള്‍ക്ക് കിട്ടിയതു പോലും ഞങ്ങളുടെ സ്ഥലത്തു തന്നെ താമസിക്കുന്ന ‘അമ്മെ കെനകി’നെയല്ല. മറിച്ച് മൂന്നു നാലു മണിക്കൂര്‍ മാത്രം ജോലി ചെയ്തു മടങ്ങുന്ന ലക്ഷ്മി എന്നൊരാളെയാണ്. ഞങ്ങള്‍ സ്വയം പുരോഗമനവാദികളെന്ന് നടിച്ചാലെന്ത്, ഞങ്ങള്‍ പോലും ലക്ഷ്മിയെ ‘അമ്മെ കെനക്’ എന്ന് വിളിക്കാറില്ല. സത്യത്തില്‍ ‘അമ്മെ കെനകി’നെ തേടിപ്പിടിച്ച് വീട്ടില്‍ നിര്‍ത്തുന്ന ആരും തന്നെ അവരെ ‘അമ്മെ’ എന്നു വിളിക്കാറില്ലെന്ന് പിന്നീടാണ് ഞങ്ങളറിഞ്ഞത്.അതിനാല്‍, ലക്ഷ്മിയെ അവളുടെ പേരു പറഞ്ഞു വിളിക്കുന്നതില്‍ എനിക്ക് യാതൊരു കുറ്റബോധവും തോന്നിയിരുന്നില്ല. അടുത്തതായി, ലക്ഷ്മി ജോലിക്കു ചേര്‍ന്ന് ചില ദിവസങ്ങള്‍ക്കുള്ളിൽ തന്നെ ഞങ്ങള്‍ നല്കുന്ന ശമ്പളത്തിനൊത്ത് ജോലി ചെയ്യുന്നുണ്ടോയെന്ന് ഞാനും ജയദേവും അളന്നും തൂക്കിയും നോക്കാന്‍ തുടങ്ങി. പുതുതായി ജോലിക്ക് വന്നപ്പോള്‍ ലക്ഷ്മി ഉണ്ടാക്കാറുണ്ടായിരുന്ന ഭക്ഷണത്തിന് വളരെ രുചിയായിരുന്നു. ഇഡലിയും സാമ്പാറുമാണ് ശ്രീലങ്കയില്‍ തന്നെ ഏറ്റവും മികച്ചത്. സുഹൃത്തുക്കളെ ഞങ്ങള്‍ അത്താഴത്തിന് ക്ഷണിച്ച് ലക്ഷ്മിയുടെ കഴിവിനെ ഞങ്ങളുടെ കഴിവായി പ്രദര്‍ശിപ്പിച്ചു.
ഏതാനും മാസങ്ങള്‍ മാത്രമാണ് ഇതെല്ലാം നടന്നത്. അപ്പോഴേക്കും ലക്ഷ്മിയുടെ മകള്‍ക്ക് കുഞ്ഞ് പിറന്നു. സർക്കാർ സൈന്യം കിളിനൊച്ചി വളയാനും തുടങ്ങിയിരുന്നു. സുമംഗലിക ചേച്ചിയുടെ വീട്ടിലെ കാറില്‍ ഒരു ദേശീയ പതാക ഇടവും പിടിച്ചു. പട്ടാളം ക്രിക്കറ്റ് താരങ്ങളേക്കാളും വലിയ ദേശീയ നായകന്മാരായി മാറി. നിരപരാധികളായ തമിഴ് ജനതയെ മനുഷ്യകവചമാക്കുന്ന തമിഴ് പുലികള്‍ക്കെതിരെയും, ആ കവചങ്ങളെ തുളച്ചുകയറി മുന്നേറാനായി അവരെ കൊന്നു തള്ളുന്ന പട്ടാളത്തിനെതിരെയും പ്രതിഷേധിച്ച ബുദ്ധിജീവികളുടെ സംയുക്ത പ്രസ്താവനയില്‍ ജയദേവയും ഒപ്പുവെച്ചിരുന്നു. എന്നാലും, ലക്ഷ്മിയുടെ ദോശയിലുണ്ടായിരുന്ന മൃദുത്വം അപ്രത്യക്ഷമായിപ്പോയിരുന്നു. എത്രതന്നെ ഉഴുന്നുപരിപ്പ് ചേര്‍ത്തരച്ചാലും ഗോതമ്പു മാവിന്റെ രുചിയാണ് ലഭിച്ചത്. ലക്ഷ്മിയുടെ തേങ്ങാച്ചമ്മന്തി കഴിക്കാൻ പോലും ഒരു സ്പൂണും കത്തിയും ആവശ്യമായി വന്നത് ഇക്കാലത്താണ്.
ജയദേവും യുദ്ധത്തിനെതിരെ സംസാരിക്കുന്നത് നിര്‍ത്തിക്കളഞ്ഞു. ഞങ്ങളുടെ ചെറിയ കാറില്‍ ഞങ്ങളും ഒരു സിംഹക്കൊടി കെട്ടിവെച്ചു. പക്ഷേ എന്റെ വാക് ചാതുര്യത്താലാണ് അത് സംഭവിച്ചത്. ഇല്ലെങ്കിൽ ദളദ മാലിഗാവയ്ക്കും3 മൽവത്ത വിഹാരത്തിനും4 സമീപമുള്ള ചെക്ക് പോയിന്റുകളിലെ പോലീസുകാർ ഏതോ രാജ്യദ്രോഹികളെ നോക്കുന്നതു പോലെയായിരിക്കും ഞങ്ങളെ നോക്കിയിരുന്നിരിക്കുക. മകനെ ട്രിനിറ്റി സ്കൂളില്‍ കൊണ്ടുപോയി വിടാനും എടുത്തുകൊണ്ടു വരാനും ഞാന്‍ തന്നെയല്ലേ പോകേണ്ടി വരിക! അതുകൂടാതെ നേരംവെളുക്കുമ്പോള്‍ തന്നെ പ്രത്യക്ഷപ്പെടുന്ന അമ്മമാര്‍ ‘ഫാഷന്ബക്ക്’ ‘നോ ലിമിറ്റ്’എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്തോളം ഇപ്പോഴൊക്കെ സിംഹക്കൊടിയെപ്പറ്റിയും സംസാരിക്കുന്നുണ്ട്. തങ്ങളുടെ പിതാവിനെക്കുറിച്ച് വാതോരാതെയും അഭിമാനത്തോടെയും സംസാരിക്കുന്ന സിംഹസീവലി5കളെപ്പോലെ… ശരച്ചന്ദ്രയുടെ നാടകത്തിലെ സംഭാഷണത്തിന്റെ കുറവ് മാത്രമാണുള്ളത്. തലമുടി ‘സ്ട്രെയ്റ്റ്’ ചെയ്ത് ‘ഡെനിം’ ജീന്‍സ് ധരിച്ച ഇരുപതുകള്‍ കടന്നുകൊണ്ടിരിക്കുന്ന ഇളം ‘മോഡേണ്‍’ അമ്മമാര്‍ക്കിടയിലാണ് സിംഹക്കൊടിയെക്കുറിച്ചുള്ള ചര്‍ച്ച അധികവും നടന്നുകൊണ്ടിരുന്നത്. ഇംഗ്ലണ്ടില്‍ നാലുവര്‍ഷം ജീവിച്ച എന്നില്‍പോലും ഇല്ലാത്ത ‘ആധുനികത’ ആ ‘സംഘ’ത്തിലുണ്ടായിരുന്നു.
ആ കൂട്ടരെ കണ്ടാണ് ‘മകന് ട്രിനിറ്റിയില്‍ – ഡെനിം പൃഷ്ടത്തില്‍… സിംഹക്കൊടി കൈയ്യില്‍ – വംശീയത മനസില്‍… ഇവരാണ് ശ്രീലങ്കയിലെ വംശീയവാദ നവബുദ്ധന്മാര്’ എന്നൊരു വാചകം ജയദേവ രൂപപ്പെടുത്തിയത്. സ്റ്റാഫ് മീറ്റിംഗില്‍ ഇതു പറഞ്ഞതിന് അദ്ദേഹത്തെ ആരോ ‘ദേശദ്രോഹി’ എന്നു വിളിച്ച് മൊട്ടയടിച്ച പോസ്റ്റര്‍ ഒട്ടിച്ചത്രെ. ഈ സംഭവം വാമൊഴിയായി പ്രചരിച്ചതോടെ വീട്ടിലേക്ക് വന്ന അജ്ഞാത ഫോൺകോളുകള്‍ക്ക് കണക്കേയില്ലായിരുന്നു. ‘വിദേശി’ എന്നിങ്ങനെയുള്ള എന്തൊക്കെയോ വിശേഷണങ്ങളായിരുന്നു പലതും. തന്നാലാവുംവിധം എല്ലാ ചീത്തവാക്കുകളും പറഞ്ഞുകൊണ്ട് ‘ദിവയിന’ മാഗസിനില്‍ നളിന്ത ഡിസില്‍വ അദ്ദേഹത്തെ ശകാരിച്ചു. അതിനുശേഷം ജയദേവ അല്പമൊന്നു അടങ്ങിയിരുന്നു.
ഇതിനിടെ ഭക്ഷണം രുചികരമായി പാചകം ചെയ്യാനുള്ള ക്ഷമ പോലും ലക്ഷ്മിക്കില്ലായിരുന്നു. അഗത്തി ചീരയെ വെറുതെ രണ്ടായി മുറിച്ചാണ് പാകം ചെയ്തത്. അതിനെ ചെറുതായി അരിയാന്‍ മാത്രം ക്ഷമ അവള്‍ക്കില്ലായിരുന്നു. ഒന്നുകില്‍ മരുമകന്റെ ഫോണ്‍വിളി വരും. അല്ലെങ്കില്‍ മകള്‍ ഫോണ്‍ ചെയ്യും. എന്തു ജോലി ചെയ്താലും അവളുടെ ഒരു കണ്ണും ഒരു കാതും മൊബൈൽ ഫോണിന്റെ മീതെയായിരുന്നു. ആ കഥയാണെങ്കില്‍ ഞാന്‍ സുമംഗലിക ചേച്ചിയോടും പറഞ്ഞു. അവര്‍ മാലിനിയോടും, മാലിനി ലക്ഷ്മിയോടും പറഞ്ഞു. അതിനുശേഷം രണ്ടു ദിവസത്തേക്ക് അവള് മൊബൈല്‍ഫോണ്‍ കൊണ്ടുവന്നില്ല. എന്നാലും, ആ രണ്ടു ദിവസവും പേരക്കുട്ടിയെ കണ്ട് ഉടന്‍തന്നെ തിരിച്ചുവരാമെന്ന് പറഞ്ഞ് അടുപ്പില്‍നിന്ന് കറി ഇറക്കിവെക്കാനുള്ള ജോലി എന്നെയും ഏല്പിച്ച് പോയി. അന്നൊക്കെ ഒരു സിംഹക്കൊടി വാങ്ങിയേ തീരൂ എന്നവിധം ദേഷ്യം എന്റെ തലയില്‍ കയറിയിരുന്നു.
ജയദേവ എത്രതന്നെ വേണ്ടെന്ന് പറഞ്ഞെങ്കിലും ഞാന്‍ ടീവി ഓണാക്കിതന്നെ വെച്ചു. ഒരുമണിക്കൂറിനിടയ്ക്ക് യുദ്ധത്തിന്റെ തത്സമയ സംപ്രേക്ഷണവുമുണ്ടായിരുന്നുവല്ലോ? ലക്ഷ്മിയോട് ദേഷ്യം തോന്നുമ്പോഴെല്ലാം ടീവിയുടെ ശബ്ദം കൂട്ടിവെക്കും. വെറുതെ എന്തിനാണ് കളവു പറയുന്നത്? ഇപ്പോള്‍ ഇതെല്ലാം വീണ്ടും ഓര്‍ത്തു പറയുമ്പോള്‍ ലജ്ജ തോന്നുന്നുണ്ട്. എന്തു ചെയ്യാം? ഞങ്ങളും മനുഷ്യരല്ലേ?മറ്റൊരു കാര്യമെന്തെന്നാല്‍, പുലികൾ ചെയ്തുകൂട്ടിയ എല്ലാ അനീതികൾക്കും ശിക്ഷയായി ഇങ്ങനെ സംഭവിക്കുന്നത് നല്ലതാണെന്ന് ഞാനും ജയയും സംസാരിച്ചു. എന്നാലും, ലക്ഷ്മിയെ നോവിക്കുംവിധം മര്യാദകെട്ട് ടീവി ഓണാക്കിവെച്ചതെല്ലാം ക്രൂരത തന്നെയല്ലേ? ചില സമയത്ത് ടീവിയില്‍ യുദ്ധം തത്സമയം കണ്ട ശേഷം ലക്ഷ്മി വീണ്ടും അടുക്കളയിലേക്ക് പോകുമ്പോള്‍ അവളുടെ മുഖത്ത് പ്രതിഫലിക്കുന്ന ഭാവമെന്താണെന്ന് നോക്കാന്‍ ഞാന്‍ പാടുപെട്ടതെല്ലാം അതിനെക്കാളും വലിയ ക്രൂരതയാണ്. എന്തു ജോലിയിലേര്പ്പെട്ടിരുന്നെങ്കിലും, ആ നേരത്ത് ലക്ഷ്മിയുടെ കണ്ണുകള്‍ പതിയുന്ന ഒരിടത്തേക്ക് ചെന്ന് മിസൈല്‍ തൊടുക്കുന്ന പട്ടാളക്കാരനെപ്പോലെ ഞാന്‍ നില്ക്കുമായിരുന്നു. അങ്ങനെ ക്രൂരമായി പെരുമാറുമ്പോള്‍, ഏതോ ഒരു രഹസ്യമായ വംശീയ മൃഗം അദൃശ്യലോകത്തുനിന്ന് കരങ്ങള്‍ നീട്ടി എന്റെ നെറ്റിയില്‍ സിംഹരൂപത്തെ പച്ച കുത്തിയതുപോലെയും എന്റെ മുഖത്ത് വൈരൂപ്യം പടര്‍ന്ന് ഉഗ്രത നിറഞ്ഞതുപോലെയും എനിക്കനുഭവപ്പെടും. ഇപ്പോൾ ഓർത്തു പറയുമ്പോൾ മാത്രമല്ല, അന്നും എന്റെയുള്ളില്‍ അതേ വികാരം തന്നെയാണുണ്ടായിരുന്നത്.
കിളിനൊച്ചിയും കീഴടക്കാനായി ഞങ്ങളുടെ സൈന്യം മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ സുമംഗലിക ചേച്ചിയുടെ ഭർത്താവ് ഒരു സിംഹക്കൊടി കൊണ്ടുവന്ന് ഞങ്ങള്‍ക്ക് തന്നു. അതുവരെ ഒരു സിംഹക്കൊടിയെ ഞങ്ങളുടെ ഗേറ്റില്‍ കെട്ടിവെക്കാത്തത് വലിയൊരു കുറ്റമായി കണ്ട് അവരുടെ വീട്ടില്‍ വിഷയമായതും അതൊരു ചര്‍ച്ചയായി മാറിയതും അദ്ദേഹം ആ പതാക കൈമാറിയ വിധത്തില്‍നിന്നു തന്നെ മനസിലാക്കാന്‍ സാധിച്ചിരുന്നു.
“ഞങ്ങളാണെങ്കില് നമ്മുടെ പയ്യന്മാര് മന്നാറില്നിന്ന് മുന്നേറാന്‍ തുടങ്ങുമ്പോള്‍ തന്നെ പതാക കെട്ടി ഉയര്‍ത്തിയിരുന്നു. നിങ്ങള്‍ക്ക് മടിയാണെങ്കില്‍ ഞാന്‍ തന്നെ കെട്ടിവെക്കാം” ജയസിംഹ മുതലാളി പറഞ്ഞു. ‘താല്പര്യമില്ലെങ്കില്’ എന്നതിന് പകരമാണ് അയാള്‍ ‘മടിയാണെങ്കില്‍’ എന്നു പറഞ്ഞതെന്നത് അയാളുടെ സംസാരത്തിലെ സ്വരത്തില്നിന്ന് തന്നെ വ്യക്തമായിരുന്നു.
“വേണ്ട, ഞങ്ങള്‍ ആരോടെങ്കിലും പറഞ്ഞ് കെട്ടി ഉയര്‍ത്താം”
ഇത്ര നാളായിട്ടും ഒരു കമ്പിനെ തേടി വെട്ടിയെടുക്കാന്‍ ആളില്ലാത്തത് കൊണ്ടാണ് ഞങ്ങൾ കൊടി കെട്ടിവെക്കാത്തതെന്ന് സൂചിപ്പിക്കുന്നതു പോലെ ജയ പറഞ്ഞു. “യുദ്ധംകൊണ്ട് മാത്രം സമാധാനമുണ്ടാക്കാന്‍ സാധിക്കില്ല” എന്ന് ‘രാവയ’ മാഗസിന്റെ ലേഖകനോട് ജയദേവ പറഞ്ഞത് ജയസിംഹ മുതലാളി വായിച്ചിരിക്കാന്‍ ഇടയില്ല. അവരുടെ വീട്ടില്‍ ‘ദിവയിന’മാഗസിന് മാത്രമാണ് വരുത്താറുള്ളത്.
“ഇക്കാലത്ത് വീട്ടിൽ ദേശീയ പതാക ഇല്ലാത്തത് വീടിന് മേൽക്കൂരയില്ലാത്തതു പോലെ വലിയൊരു പോരായ്മയാണ്” ജയദേവ പറഞ്ഞു. അതുകേട്ട് എനിക്കും ചിരിവന്നു.
എന്നാലും, ഞങ്ങൾക്ക് പതാക കെട്ടിയുയര്‍ത്താന്‍ കഴിഞ്ഞില്ല. സിംഹത്തെ മടക്കി മടക്കി ഒരു പുസ്തക റാക്കിന് മീതെ വെച്ചത് മിച്ചം. അത് അവിടെ വെച്ച കാര്യം തന്നെ മറന്നു പോയി. ലക്ഷ്മിക്ക് നല്കുന്ന ശമ്പളത്തിനനുസരിച്ച് അവളെക്കൊണ്ട് എങ്ങനെ ജോലി ചെയ്യിപ്പിക്കാം എന്നതിലും ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം എങ്ങനെ ശരിയായി തയ്യാറാക്കിക്കാം എന്നതിലുമായിരുന്നു ഞങ്ങളുടെ ശ്രദ്ധ മുഴുവൻ. ഒരു സിംഹക്കൊടി കെട്ടിവെച്ചാല്‍, അതിനെ ഭയന്നെങ്കിലും ജോലികളെല്ലാം കൃത്യമായി ചെയ്യുമായിരുന്നെങ്കില്‍ സിംഹത്തെ വിരിച്ചു ജീവന് കൊടുത്ത് ഉയര്‍ത്തുമായിരുന്നു.
പോകപ്പോകെ സൌദിയില്‍നിന്ന് മരുമകന്റെ ഫോണ്‍വിളി അധികരിക്കാന്‍ തുടങ്ങിയപ്പോള്‍, ലക്ഷ്മിയുടെ ജോലി നിര്‍ത്തി കുഞ്ഞിനെ കാണാനുള്ള പോക്കും കൂടാന്‍ തുടങ്ങി.
എന്താണ് ചെയ്യേണ്ടത്, സുമംഗലിക ചേച്ചി ഞങ്ങളുടെ അയല്ക്കാരായിപ്പോയി. അല്ലെങ്കില്‍ നമ്മളെപ്പോലുള്ളവർക്ക് അമിതമായി ഇടപഴകാന്‍ പറ്റിയ നിലവാരം അവര്‍ക്കില്ലെന്ന് നിങ്ങൾക്കിപ്പോൾ തന്നെ മനസ്സിലായിട്ടുണ്ടാകുമല്ലോ? എന്നാലും ഈ വിഷയത്തെക്കുറിച്ച് ഞാനവരോട് സംസാരിക്കാന്‍ തുടങ്ങിയിരുന്നു. അതായത് ലക്ഷ്മിയുടെ വിഷയം. ‘ലക്ഷ്മി’ എന്ന പ്രശ്നത്തെക്കുറിച്ച്. ഞങ്ങളിരുവരും അതേക്കുറിച്ച് ഏതറ്റം വരെ സംസാരിച്ചുവെന്നാല്, “നിങ്ങളുടെ ‘ലക്ഷ്മി പ്രബന്ധം’ എങ്ങനെ നടക്കുന്നു” എന്ന് ജയ എന്നെ കളിയാക്കുന്നയിടത്തോളം ….
ലക്ഷ്മി അറിയാതെ ഞാനും സുമംഗലിക ചേച്ചിയും മറ്റൊരു ‘അമ്മെ’യെ തിരയാനാരംഭിച്ചു. ജയസിംഹ മുതലാളി വീണ്ടും വിവരം അയക്കാൻ തുടങ്ങി.
ഈ അവസരം മുതലെടുത്ത് ജയസിംഹ മുതലാളി കടയിൽ ജോലി ചെയ്യുന്ന ഒരു പയ്യനെ കൂട്ടിക്കൊണ്ടു വന്ന് ആ ‘സിംഹത്തെ’ ചോദിച്ചു. ഞാൻ ജയയെ ഫോണ്‍ വിളിച്ച് അതു വെച്ച സ്ഥലം ഓർക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു. പുസ്തക റാക്കിന് പിറകിലെ ചിലന്തിവലയിൽ കുടുങ്ങിയ സിംഹത്തെ ഒരു വിധത്തിൽ തപ്പിയെടുത്ത് തുടച്ചുകൊണ്ട് ഞാൻ മുതലാളിക്ക് കൊടുത്തു.
“പുറപ്പുറത്ത് വെക്കേണ്ട. ഗേറ്റില്‍ സ്ഥാപിച്ചാല്‍ മതി”എന്നു പറയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. എന്തുചെയ്യാനാണ്, ഞങ്ങള്‍ വാടകയ്ക്ക് താമസിക്കുന്നതാണെങ്കിലും വീട് അവരുടെ സ്വന്തമല്ലേ?
കിളിനൊച്ചിയിൽ നമ്മുടെ പൊടിയന്മാർ പതാക ഉയർത്തിയതിന് സമാനമായ ഒരു ഭാവവുമായി ജയസിംഹ മുതലാളി സിംഹക്കൊടി ഉയർത്തുകയും ഉച്ചത്തില്‍ സിംഹവാചകങ്ങള് പറയുകയും സിംഹത്തെപ്പോലെ നടക്കുകയും ചെയ്തതിനെ ഞാനൊരു പെണ്‍മാനിനെപ്പോലെ നോക്കിക്കൊണ്ടിരുന്നു.
സംഭവത്തെതുടർന്ന് കാൻഡി നഗരമെങ്ങും നടുങ്ങുംവിധം ആളുകള്‍ പടക്കം പൊട്ടിച്ചു. നന്തിക്കടല് എന്ന തടാകം, കാൻഡിയിലെ ചിറയെക്കാളും എല്ലാവരും അറിയുന്ന ഒരു സ്ഥലമായി മാറി. കൊളംബോയില്‍ ഫ്ലാറ്റ് സമ്മാനമായി ലഭിച്ച ഒരു കലാകാരന് രൂപവാഹിനിയില് പ്രത്യക്ഷപ്പെട്ട്, ബുദ്ധഭഗവാന് മൂന്നാം തവണ എഴുന്നരുളിയപ്പോള് നന്തിക്കടൽ തടാകത്തിനരികില്‍ അൽപനേരം ഉറങ്ങുകയും ക്ഷീണമകറ്റുകയും ചെയ്തതിരുന്നതായി പുരാണകഥകളിലടങ്ങിയ സംഭവത്തെക്കുറിച്ച് പ്രഭാഷണം നടത്തിയതായ ഒരു വ്യാജകഥ എങ്ങും പരന്നു. ആ തടാകത്തിലാണ് പ്രഭാകരന് മരിച്ചുവീണത്. ജയസിംഹ മുതലാളി ഒരു പയ്യന്റെ അടുക്കല്‍ ഞങ്ങളുടെ രണ്ടു വീടുകള്‍ക്കും മുമ്പില്‍ വെച്ച് പൊട്ടിക്കാനായി പടക്കം അയച്ചുകൊടുത്തിരുന്നു. കടയിലെ പയ്യന് ഞങ്ങളുടെ വീടുകൾക്ക് മുന്നിൽ പടക്കം പൊട്ടിക്കുമ്പോള്‍ സുമംഗലിക ചേച്ചിയും അവനോടൊപ്പം ചേർന്നു.
“മന്ത്രിയുടെ ആളുകള്‍ വാഹനങ്ങളില്‍ ഘോഷയാത്ര നടത്തുന്നുണ്ടത്രേ. പടക്കം പൊട്ടിക്കുന്നുണ്ടോയെന്ന് നോക്കുന്നുണ്ടത്രേ” എന്നു പറഞ്ഞ് അവര്‍ വായ മൂടിയില്ല. അവര്‍ പറഞ്ഞ ആ ആള്ക്കാര് “ഇതാ സിംഹക്കുട്ടികള്‍ വന്നുകൊണ്ടിരിക്കുന്നു” എന്നാക്രോശിച്ച് റോഡിലെല്ലാം പടക്കം കത്തിച്ച് ലോറിയില്‍ വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. കടയിലെ പയ്യന് ഞങ്ങളുടെ വീടിന് മുന്നില്‍ ഒരു മുഴുനീള മാലപ്പടക്കത്തിനും തിരികൊളുത്തി. ഞാന്‍ കുഞ്ഞിനെയും എടുത്തുകൊണ്ട് അടുക്കളഭാഗത്തേക്ക് ഓടിക്കളഞ്ഞു. എന്നിട്ട് കുഞ്ഞിന്റെ കാതുകള്‍ പൊത്തി. ലക്ഷ്മിയും തന്റെ ചെവി രണ്ടും അടച്ചുപിടിച്ചു.
“നോനാ, അതൊരു വ്യാജചിത്രമാണ് പോലും” ലക്ഷ്മി പറഞ്ഞു.
“ആരാ പറഞ്ഞത്?”
“എന്റെ മരുമകനാണ് പറഞ്ഞത്. സാറ്റലൈറ്റ് ടീവിയില്‍ അങ്ങനെയാണത്രെ പറഞ്ഞത്”
“എന്നാലും ആ മുഖം അവന്റേതു പോലെയാണല്ലോ ഉണ്ടായിരുന്നത്?”
‘അവന്’ എന്നതിനെ അല്പം രോഷത്തോടെയാണ് ഞാന്‍ ഉച്ചരിച്ചത്. ഗേറ്റില്‍ സ്ഥാപിച്ച സിംഹക്കൊടിയുടെ സിംഹരോഷം എന്റെയുള്ളിലേക്കും വന്നതായാണ് തോന്നുന്നത്!
“ഒരാളെപ്പോലെ ഏഴു പേര് ഉണ്ടത്രേ. അദ്ദേഹം വിഷ്ണുഭഗവാന്റെ അവതാരത്തെപ്പോലെയുണ്ട്…”
മന്ത്രിയുടെ ആളുകള്‍ വീണ്ടും താഴേക്കു മടങ്ങുന്ന ശബ്ദം കേട്ടു. മലമുകളിലെ അദ്ദേഹത്തിന്റെ വീടിന് മുകളിലെ ആകാശത്തെ ലക്ഷ്യമാക്കി എലിവാണം പറന്നു.
ലക്ഷ്മിയുടെ മൊബൈല്‍ഫോണിലേക്ക് പല തവണ വിളികള്‍ വന്നു. അവര്‍ തമിഴിലേന്തോ സംസാരിച്ചുകൊണ്ടിരുന്നു. ഇരു ഭാഗത്തുള്ളവരും ഒരു തരം പരിഭ്രാന്തമായ തമിഴിലാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. മരണഭയം എല്ലാ ഭാഷയിലും ഒരേ വിധത്തിലാണ് പ്രകടമാകുകയെന്നതിനെ, ഏകദേശം മിക്ക ഭാഷകളും സംസാരിക്കുന്ന ലണ്ടനില്‍ കുറച്ചു കഴിഞ്ഞ എനിക്ക് നന്നായി മനസിലായി.
“ഇന്ന് രാത്രി വീട്ടില്‍ ഉറങ്ങേണ്ടെന്ന് പറഞ്ഞു”
“എന്തുകൊണ്ട്?”
“എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറയാന്‍ കഴിയില്ലല്ലോ നോനാ!”
“സിംഹക്കുട്ടികൾ ഇതാ വരുന്നു” – ദൂരെ നിന്ന് ആ ആൾക്കൂട്ടത്തിന്റെ അലർച്ച കേട്ടു.
കടയിലെ പയ്യന് വീണ്ടുമൊരു മാലപ്പടക്കത്തിന് തിരികൊളുത്തി. സുമംഗലിക ചേച്ചി ഞങ്ങളെ തേടി അടുക്കളയിലേക്ക് വന്നു.
ഞങ്ങള്‍ ഇരുവരും ഭയന്നപോലെയിരിക്കുന്നത് അവര്‍ വ്യക്തമായും കണ്ടതായി തോന്നി.
“ദേയ്, നിങ്ങളുടെ തലവന്‍ ഞങ്ങള്‍ പണി കൊടുത്തു”എന്ന് തമാശയ്ക്കും സത്യത്തിനും ഇടയിലുള്ള ഒരു തരം നാടകീയതയോടെ സുമംഗലിക ചേച്ചി പറഞ്ഞു.
“അയ്യോ നോനാ, ഞങ്ങള്‍ക്ക് തലവന്മാരായി അങ്ങനെയാരുമില്ല. ഞങ്ങള്‍ ഇവിടെയല്ലേ ഉള്ളത്. മന്ത്രി ഏമാന് വോട്ടു ചെയ്തിരിക്കുന്ന ആളുകല്ലേ ഞങ്ങള്‍!”
സുമംഗലിക ചേച്ചിയുടെ അമംഗളമായ വാക്കുകള്‍ എത്ര ക്രൂരമായിരുന്നുവെന്ന് ഇപ്പോളാണ് എനിക്ക് ആലോചിക്കാന്‍ പറ്റുന്നത്.
അന്ന് അങ്ങനെ തോന്നിയിരുന്നുവെങ്കില്‍ ഇങ്ങനെ പറയുന്നത് എനിക്ക് ഒഴിവാക്കാമായിരുന്നു: “ആര്‍ക്കറിയാം, അല്ലേ ചേച്ചി?”
സുമംഗലിക ചേച്ചിയുടെയും എന്റെയും അപ്പോഴത്തെ ദുര്ലക്ഷണത്തെ നോ ലിമിറ്റ്, ഫാഷന്ബെക്ക്, ഒഡേല്‍ മുതലായവ നിറഞ്ഞ സ്വര്ഗലോക വസ്ത്രങ്ങള്‍കൊണ്ടു പോലും മറയ്ക്കാന്‍ കഴിയില്ല. ആ സംഭവത്തെ ഇപ്പോള്‍ ഓര്ത്തുനോക്കുമ്പോഴാണ് അതെനിക്ക് മനസിലാവുന്നത്. ഞാൻ പറഞ്ഞത് മൂന്നു വാക്കുകളാണ് എന്നത് സത്യമാണ്. എന്നാലും, ആ മൂന്നു വാക്കുകളും ഒരു തമിഴ് ഗ്രാമത്തിനു മീതെ ‘കിഫിർ’ പോര്‍വിമാനം വർഷിച്ച മൂന്നു ബോംബുകൾ പോലെ എന്റെ മനസിനെ ഭാരപ്പെടുത്തി. അന്ന് രാത്രി ഞാനൊരു കസേരയെടുത്ത് ഗേറ്റരികില്‍ ചെന്ന് മുകളിലേക്ക് കയറുകയും അതിൽനിന്ന് സിംഹക്കൊടിയെ അഴിച്ചുമാറ്റുകയും ചെയ്തു. ഞങ്ങളുടെ വീടിനു മുന്നിൽ പതാകയെ ബലമായി സ്ഥാപിച്ചതിൽ ജയ വളരെ അസ്വസ്ഥനായിരുന്നു. എന്നാലും, യുദ്ധം അവസാനിച്ചതിൽ അദ്ദേഹം അൽപ്പം ആശ്വസിച്ചിരുന്നു. ഒന്നു രണ്ട് ദിവസത്തേക്ക് ലക്ഷ്മിയെ എതിരിടുന്നതില്നിന്ന് ഞാൻ ഒഴിഞ്ഞുമാറി. ടീവി അവതാരകരായ കഴുതകളുടെ യുദ്ധവിജയത്തെക്കുറിച്ചുള്ള ഭീതിയുളവാക്കുന്ന കഥപറച്ചില്‍ കേള്‍ക്കാന്‍ കഴിയാത്ത കാരണത്താലും, അവ കേട്ടാല്‍ ലക്ഷ്മി വിഷമിച്ചേക്കുമോയെന്ന ഭയത്താലും ഞാൻ ടിവി ഓണാക്കുക പോലും ചെയ്തില്ല.
പ്രഭാകരന്റെ മൃതദേഹം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിറ്റുകൊണ്ടിരുന്ന സമയത്താണ് ആ പുതിയ വിവരം ലഭിച്ചത്. എന്റെ സഹോദരി പറഞ്ഞ വിവരമനുസരിച്ച് രൂങ്ഗ്മെനിക്ക എന്നാണ് അവരുടെ പേര്. പ്രായം അറുപത് വയസാകും. മാന്യമായ കുടുംബത്തിൽപ്പെട്ട സ്ത്രീയാണ്. മക്കൾ ഇപ്പോൾ അവരെ ശ്രദ്ധിക്കുന്നില്ലത്രെ. എത്ര കഠിനമായ ജോലിയാണെങ്കിലും അവര്‍ ചെയ്യുമത്രേ. ഇപ്പോള്‍ അത്തരം ജോലി ചെയ്യാന്‍ കുറച്ചു കഷ്ടമായതുകൊണ്ട് ഇങ്ങോട്ട് വരാന്‍ താല്പര്യം പ്രകടിപ്പിച്ചുവത്രെ. ഞങ്ങൾ ദളദ മാലിഗാവയ്ക്ക് അടുത്താണെന്ന് പറഞ്ഞപ്പോൾ വരാൻ കൂടുതൽ ഉത്സാഹം കാണിച്ചത്രെ. അവരെ കാൻഡിയിലേക്ക് വരാന്‍ പ്രേരിപ്പിക്കുന്നതിനായി എസല പേരഹേര6യെക്കുറിച്ചും ബുദ്ധന്റെ പവിത്രമായ പല്ലിനെക്കുറിറിച്ചും കാൻഡിയിലെ തടാകത്തെക്കുറിച്ചും പേരദനിയ ഉദ്യാനത്തെക്കുറിച്ചും എംബക്കേ ദേവാലയത്തെക്കുറിച്ചുമെല്ലാം പറഞ്ഞിട്ടുണ്ട്. വകയിലൊരു ഞങ്ങളുടെ അകന്ന ബന്ധുവത്രെ. വീട്ടില്‍ താമസിച്ച് ജോലി ചെയ്യാന്‍ അയ്യായിരം രൂപ മതിയെന്നും പറഞ്ഞുവത്രെ. ഞാന്‍ ഉടനെത്തന്നെ ‘ശരി’യെന്ന് പറഞ്ഞു. സിംഹക്കൊടി താഴ്ത്തിയ ദിവസത്തേക്കാളും വലിയ ആശ്വാസം എന്റെയുള്ളില്‍ അനുഭവപ്പെട്ടു.
അന്നു രാത്രി അത്തുലയോടൊപ്പം ബിയർ കുടിച്ചുകൊണ്ടിരിക്കുമ്പോളാണ് ജയദേവനോട് കാര്യം പറഞ്ഞത്.
ഞങ്ങളുടെ കുടുംബവും അത്തുലയുടെ കുടുംബവും മാസത്തിലൊരിക്കൽ അത്താഴത്തിന് ഒത്തുകൂടുന്നത് പതിവാണ്. തമിഴത്തിയായ ഒരു സ്ത്രീയെ വേലക്കാരിയായി നിർത്തിയതില്‍ മനസ്സാക്ഷിക്ക് തോന്നിയ അസ്വസ്ഥതയില്‍നിന്ന് മോചിതനായതിൽ ജയദേവയും സന്തോഷിച്ചു. “ഒന്നുകില്‍ ആരും വേലക്കാരെ നിര്‍ത്താന്‍ പാടില്ല. ഞങ്ങളുടെ ജോലി ഭാരം കാരണം അത് സാധ്യമല്ല. അല്ലെങ്കിൽ, വേലക്കാർക്ക് നല്ല ശമ്പളം നൽകണം. ഞങ്ങൾക്ക് ലഭിക്കുന്ന ശമ്പളം കൊണ്ട് അതു ചെയ്യാനും കഴിയില്ല. സര്‍ക്കാരുദ്യോഗം എന്നതുപോലും സർക്കാരിനാല് കെട്ടിപ്പടുക്കപ്പെട്ട് പരിപാലിക്കപ്പെടുന്ന സാമൂഹിക ക്രമത്തെ സംരക്ഷിക്കാനുള്ള ഒരു സംവിധാനമാണ്” അദ്ദേഹം പറഞ്ഞു.
ചേച്ചി രൂങ്ഗ്മെനിക്ക അമ്മായിയെ കൂട്ടികൊണ്ടുവന്നിരുന്നു. ഞാൻ ചെറുപ്പത്തിൽ ഈ അമ്മായിയെ കണ്ടിട്ടുണ്ട്. എന്നാലും ഏറെ പരിചയമില്ല. അമ്മായി എന്നെ ‘മോളെ’ എന്നു തന്നെ വിളിച്ചു. ആ നിമിഷം അവരെ ഇങ്ങോട്ട് ക്ഷണിച്ചതിലൂടെ എനിക്ക് തെറ്റു പറ്റിയോ എന്ന തോന്നല്‍ പോലും എന്നിലുണ്ടായി. ‘നോനാ’ എന്ന് വിളിക്കുന്ന ഒരാളോട് ജോലി ചെയ്യാന്‍ പറയുന്നത് അത്ര കഷ്ടമുള്ള കാര്യമല്ല. കാരണം, ‘നോനാമാര് ഉള്ളതു തന്നെ ജോലി ചെയ്യിപ്പിക്കാനാണ്’എന്നത് അങ്ങനെ വിളിക്കുന്നവര്‍ക്ക് നന്നായി അറിയാം. ജോലിയില്‍ അമ്മായി വൃത്തിയും വെടിപ്പും കാട്ടി. പാചകം ചെയ്യുന്നതിനുമുമ്പ് അവര്‍ കൈ കഴുകുന്നുണ്ടോ എന്നും മറ്റും ഞാൻ നോക്കി. അവര്‍ അത് ചെയ്തു. അവൻ ടോയ്ലറ്റിൽ പോയാല്‍ കൈ കഴുകുന്നുണ്ടോയെന്ന് കാതുകൂര്‍പ്പിച്ച് ഞാൻ ശ്രദ്ധിച്ചുകേട്ടു. അവര്‍ അതും ചെയ്തു. തേങ്ങ ചെറുതായി ചിരവുന്നുണ്ടോയെന്നും ഉപ്പ് പാകത്തിന് ചേര്ക്കുന്നുണ്ടോയെന്നും…… അതും ശരിയാണ്. ഞാന്‍ കുളിക്കാന്‍ പോകുമ്പോള്‍ കുഞ്ഞിനെ നോക്കുണ്ടോ….. അതും ചെയ്യുന്നുണ്ട്. അതു മാത്രമല്ല, മകനുമായി നല്ലവണ്ണം അടുക്കുകയു ചെയ്തു. വൈകുന്നേരം അവന് കഥകൾ പറഞ്ഞുകൊടുക്കുന്നു. മകന് സ്കൂളിലേക്ക് ഇറങ്ങാന്‍ നേരത്ത് അവനെക്കൊണ്ട് അമ്മായിയുടെ മുന്നിലും താഴ്ന്നു വണങ്ങിപ്പിച്ചു. സ്വാദിഷ്ടമായ ഗ്രാമഭക്ഷണത്തിന്റെ രുചി ജയയും അനുഭവിച്ചു. വാഴപ്പൂ, ലസിയ, പാവയ്ക്ക, വെള്ളരിക്ക, ശീമച്ചക്ക എന്നിങ്ങനെ ജയയുടെ ഇഷ്ടവിഭവങ്ങൾ അമ്മായി വളരെ രുചികരമായി തന്നെ പാകം ചെയ്തു.
സന്തോഷകരമായ ഒരു ഭാവിക്കായി ഞങ്ങൾ തയ്യാറെടുത്തുകൊണ്ടിരുന്നു. വൈകുന്നേരങ്ങളിൽ അമ്മായിയെ എങ്ങോട്ടെല്ലാം കൊണ്ടുപോകാമെന്നത് ഞാനും ജയയും തമ്മിലുള്ള സംഭാഷണത്തിലെ ഒരു ഘടകമായി മാറി.
സുമംഗലിക ചേച്ചിക്കും അമ്മായിയെ വളരെയേറെ ഇഷ്ടപ്പെട്ടു. ചില പ്രത്യേകതരം ഭക്ഷണം പാകം ചെയ്യുന്ന രീതിയെപ്പറ്റി ചോദിച്ചറിയാന്‍ അവര്‍ വീട്ടിലേക്ക് വരും. ഞങ്ങളുടെ ഒരു ബന്ധു കുറച്ചു നാളത്തേക്ക് ഞങ്ങളെ സഹായിക്കാൻ വന്നിട്ടുണ്ടെന്നാണ് ചേച്ചിയോട് പറഞ്ഞിരുന്നത്. കുറച്ചു നാള് അങ്ങനെ കടന്നുപോയി. ഇപ്പോൾ മിക്കവാറും എല്ലായിടത്തുനിന്നും സിംഹക്കൊടികള് താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ സിംഹക്കുട്ടികളുടെ അത്യുത്സാഹം ശമിച്ചുപോയിരുന്നു.
ഒരു ദിവസം മാലിനിയെയും കൂട്ടികൊണ്ട് സുമംഗലിക ചേച്ചി ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അതുവരെ ഞങ്ങളുടെ വീട്ടിലേക്ക് മാലിനി വന്നിട്ടേയില്ലായിരുന്നു.
“ഞാന്‍ നമ്മുടെ മാലിനിക്ക് പുതിയ ലക്ഷ്മിയെ കാണിക്കാനായി കൂട്ടിക്കൊണ്ടു വന്നതാണ്”സുമംഗലിക ചേച്ചി പറഞ്ഞു. അമ്മായി അടുക്കളയിലായിരിക്കുമെന്ന് അവര്‍ കരുതിയിരിക്കണം. പക്ഷേ, അമ്മായി വരാന്തയില്‍ കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു. ഈ കഥ അമ്മായിക്ക് മനസ്സിലായിക്കാണുമോ എന്ന് ഞാൻ അൽപ്പം ആശയക്കുഴപ്പത്തിലായിപ്പോയി. അന്ന് സുമംഗലിക ചേച്ചിയെ ഞാൻ തുറിച്ചു നോക്കിയതായാണ് എന്റെ ഓർമ്മ…..
“അയ്യോ അമ്മായി, ഈ മാലിനിക്ക് ഹെലപ്പ7 ചെയ്യുന്ന വിധം എങ്ങനെയെന്ന് ഒന്നു പറഞ്ഞു കൊടുത്തേക്കൂ. അതൊരു തമിഴ് ഭക്ഷണ പദാര്‍ത്ഥം അല്ലെന്നു പറയുന്നു…”
അമ്മായി പറഞ്ഞു കൊടുത്തു. ചില കാര്യങ്ങള്‍ മാലിനിക്ക് മനസിലാകാതെ വന്നപ്പോള്‍ അമ്മായി കുറച്ചു തമിഴിലും പറഞ്ഞു. അമ്മായിയുടെ തമിഴ് കേട്ട് മാലിനിക്ക് ചിരി വന്നെങ്കിലും, അവര്‍ തമിഴ് സംസാരിക്കുന്നതിലുള്ള സന്തോഷം കാരണം മാലിനി അമ്മായിയുടെ തലയെ വാത്സല്യത്തോടെ തടവിക്കൊടുത്തു.
“എല്ലാ ലക്ഷ്മിയും ഒരാള്‍ തന്നെ” സുമംഗലിക ചേച്ചി വീണ്ടും പറഞ്ഞു.
അതിനുശേഷം അമ്മായിയും മാലിനിയും കൂട്ടാളികളായി മാറി. ഇരുവരും ഇടയ്ക്കിടെ മതിലിനോട് ചേർന്ന് നിന്ന് സംസാരിച്ചുകൊണ്ടിരിക്കും. അങ്ങനെയാണ് പഴയ ലക്ഷ്മി ആരാണെന്ന് അമ്മായി അറിഞ്ഞത്. ഒരു ദിവസം അമ്മായി കുത്തുവാക്ക് കലര്‍ന്ന സ്വരത്തിൽ എന്നോട് ഇങ്ങനെ ചോദിച്ചു: “ലക്ഷ്മി എന്നത് മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന സ്ത്രീയായിരുന്നുവല്ലേ?!”
ഞങ്ങള്‍ അമ്മായിയോട് അതിനു മുമ്പ് ഞങ്ങളുടെ വീട്ടില്‍ ഒരു വേലക്കാരിയുണ്ടായിരുന്നതിനെക്കുറിച്ചോ, അമ്മായിയെ അവര്‍ക്ക് പകരമായി കൊണ്ടുവന്നിരിക്കുകയാണ് എന്നതിനെക്കുറിച്ചോ, ഒന്നും പറഞ്ഞിരുന്നില്ല. അമ്മായി വീട്ടുജോലിക്ക് മുമ്പ് എവിടെയും പോയിട്ടില്ലെന്ന് ഞങ്ങളുടെ ചേച്ചി പറഞ്ഞിരുന്നു.
“കുറച്ചു കാലം മുമ്പ് അവള് ഇടയ്ക്കിടെ വന്നു സഹായിക്കുമായിരുന്നു” പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു.
എങ്ങനെയോ അമ്മായിയുടെയും മാലിനിയുടെയും ചങ്ങാത്തം പെട്ടെന്ന് നിലച്ചുപോയി.
എന്നാല്‍, അമ്മായിക്ക് ഒരു തരം പനി പിടിപ്പെട്ടു. രക്തസമ്മര്‍ദ്ദവും പ്രേമഹവും കൂടി. ഒരു ദിവസം രാത്രി അമ്മായിയെ ഡോക്ടറുടെയടുക്കലേക്ക് കൂട്ടിക്കൊണ്ടു പോയി. മൂന്നു ദിവസം അമ്മായി കട്ടിലിലില്‍ തന്നെ കിടപ്പായി.
“എന്തു ചെയ്യാനാണ് മോളെ… എന്റെ വിധി! ഈ കാലാവസ്ഥയുമായി ഞാന്‍ പൊരുത്തപ്പെടുന്നില്ല. എന്നെ നാട്ടിലേക്കു കൊണ്ടു പോയി വിടൂ. തോട്ടക്കൂലി ജോലിയാണ് എനിക്ക് യോജിക്കുക!”
ഞങ്ങള്‍ അമ്മായിയെ കൂട്ടിക്കൊണ്ടു പോയി.
“നാട്ടിലേക്ക് കാറില്‍ തന്നെ പോകാന്‍ കഴിയില്ല. വഴിക്കു വെച്ച് എന്നെ ഒരു ഓട്ടോയില്‍ കയറ്റി വിട്ടാല്‍ മതി. മോളെ, നിങ്ങള്‍ ഇനിയൊരു സമയത്ത് വീട്ടിലേക്ക് വരിക” കുരുനാഗലൈ ടൌണില്‍ വെച്ച് അമ്മായി പറഞ്ഞു. ഞാന്‍ പറ്റില്ലെന്നു തന്നെ പറഞ്ഞു.
“ഞാന്‍ ഇങ്ങനെയൊരു സ്ഥലത്തേക്ക് പോയിരിക്കുകയാണെന്ന കാര്യം നാട്ടിമ്പുറത്ത് ആര്‍ക്കുമറിയില്ല മോളെ. ബന്ധുവീട്ടിലേക്ക് പോയിരിക്കുകയാണെന്നാണ് എല്ലാരും കരുതിയിരിക്കുന്നത്”
അമ്മായി വിശദീകരിച്ചു.
“അങ്ങനെയെങ്കില്‍ അതേപോലെ ചെയ്യാം” ജയദേവ സമ്മതിച്ചു.
“മറ്റൊന്നും കൊണ്ടല്ല സാര്‍,നാട്ടിമ്പുറത്തുകാരുടെ വായയെക്കുറിച്ച് അറിയാമല്ലോ?”
ഞങ്ങള്‍ അമ്മായിയുടെ ഗ്രാമത്തിലേക്കുള്ള വഴിയില്‍ കാര്‍ നിര്‍ത്തി അവരെ ഒരു ഓട്ടോയില്‍ കയറ്റിവിട്ട് ഞങ്ങളുടെ തറവാട്ടുവീട്ടിലേക്ക് പോയി.
രണ്ടു ദിവസം തറവാട്ടുവീട്ടില്‍ ചെലവഴിച്ച ഞങ്ങള്‍, വരുന്ന വഴിയില്‍ ബന്ധുക്കള്‍ സന്ദര്‍ശിക്കുന്നതുപോലെ അമ്മായിയെ കണ്ടിട്ട് വരാനായി അവരുടെ വീട്ടിലേക്ക് പോയി. ചെറുപ്പത്തില്‍ ഞാന്‍ അമ്മായിയെ അവിടെയുമിവിടെയും കണ്ടിരുന്നെങ്കിലും അവരുടെ വീട്ടിലേക്കൊന്നും പോയിരുന്നില്ല. അമ്മയൊക്കെ പോയിട്ടുണ്ട്. തറവാട്ടുവീട്ടില്‍നിന്ന് നാലഞ്ചു മൈല്‍ ദൂരത്താണ് അവരുടെ വീട് സ്ഥിതി ചെയ്യുന്നത്. എന്റെ ചേച്ചിയെ കല്യാണം കഴിപ്പിച്ച് അയച്ചിരിക്കുന്നത് ആ നാട്ടിലേക്കാണ്.
അമ്മായിയുടെ വീടിന്റെ മേൽക്കൂരയില്‍ മേഞ്ഞിരുന്ന പഴയ സിംഹള ശൈലിയിലുള്ള ഓടുകള്‍ അവരുടെ സമ്പന്നമായ ഭൂതകാലത്തെയും അതിന് തികച്ചും വിരുദ്ധമായ വർത്തമാനകാലത്തെയും പ്രതിഫലിപ്പിച്ചിരുന്നു. മേല്‍ക്കൂരയുടെ വിളിമ്പിലെ ഓടുകള്‍ വീണ് കഴുക്കോലുകള്‍ കാണപ്പെട്ടു. ചുവരിലെ സിമന്റിളകി ചെങ്കല്‍ പാളികള്‍ വെളിപ്പെട്ടു. വരാന്തയില്‍ മാന്‍കൊമ്പ് തൂക്കിയിരുന്നെങ്കിലും മാനിന്റെ തലയിലൊരു തുള. കൊമ്പുകള്‍ക്കിടയില്‍ ചിലന്തി വല.
കാര്‍ മുറ്റത്തു നിര്‍ത്തിയപ്പോള്‍ തന്നെ അമ്മായി ഓടി വന്നു. ഇപ്പോൾ അവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കണ്ടമാത്രയില്‍ തന്നെ മനസിലായി.
അമ്മായി ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു. വരാന്തയില്‍ കസേരകള്‍ക്ക് പകരമായി ഒരു കട്ടില് മാത്രമാണുണ്ടായിരുന്നത്. അമ്മായി ഒരു പുതിയ പായ കൊണ്ടുവന്ന് കല്ലിച്ചതും അഴുക്കായതുമായ മെത്തയുടെ മുകളിൽ വിരിച്ച ഉടനെ, അത് മനസിനെ ആകര്‍ഷിക്കുന്ന പുതുപുത്തന്‍ കാഴ്ചയെ പ്രദാനം ചെയ്തു. ആൺമക്കളും പെൺമക്കളും വിവാഹിതരായി പോയപ്പോൾ വീട്ടിലുണ്ടായിരുന്ന തടികൊണ്ടുള്ള ഗൃഹോപകരണങ്ങള്‍ പരസ്പരം വീതിച്ചെടുത്ത് കൊണ്ടുപോയിട്ടുണ്ടെന്ന കാര്യം ആരാലും എളുപ്പത്തിൽ ഊഹിച്ചെടുക്കാൻ കഴിയുന്ന വിധത്തില്‍ ആ വസ്തുക്കളുടെ അടയാളങ്ങൾ അവിടെയുണ്ടായിരുന്നു. ചുമരുകളിൽ മുമ്പ് കൊളുത്തിയിരുന്ന ചിത്രങ്ങളുണ്ടായിരുന്ന സ്ഥലത്ത് പെട്ടെന്നു കാണപ്പെടുന്നത അടയാളങ്ങള്‍ പോലെയാണ് ഇതും. ചുവരിൽ കറുപ്പിലും വെളുപ്പിലുമുള്ള രണ്ട് ഫോട്ടോകൾ ഉണ്ടായിരുന്നു. അമ്മായിയുടെ കല്യാണഫോട്ടോയാണ് അതിലൊന്ന്. കല്യാണം കഴിഞ്ഞ് തന്റെ കുടുംബത്തോടൊപ്പം അമ്മായി ഈ വീടിന്റെ പടി കയറുമ്പോഴുള്ള ഫോട്ടോയാണ് രണ്ടാമത്തേത്. ഒരു വശത്ത് ഈ ഭാഗത്തെ ബന്ധുക്കൾ നോക്കിക്കൊണ്ടിരിക്കുന്നു. മറുവശത്ത്, ആ ഭാഗത്തെ ബന്ധുക്കൾ പശ്ചാത്തലത്തില്‍ നില്ക്കുന്നു. വരന് തലയില്‍ ചീപ്പ് അണിഞ്ഞും കോട്ടു ധരിച്ചും ഒരു തരം നാടകീയതയോടെ നെഞ്ചു വിരിച്ചു നില്ക്കുന്ന നടനെപ്പോലെ കാണപ്പെട്ടു. ഇപ്പോഴുമുള്ള കൊമ്പുള്ള മാനിന്റെ തലയും സിംഹളശൈലിയിലുള്ള ഓടു മേഞ്ഞ മേൽക്കൂരയുടെ ഒരു ഭാഗവും ഫോട്ടോയിലുണ്ടായിരുന്നു. കറുപ്പുവെള്ളക്കറകള് പോലെ പഴകിപ്പോയ എല്ലാ മുഖങ്ങളെയും ഓരോന്നായി സൂക്ഷ്മമായി ഞാന്‍ നോക്കാന്‍ കാരണം അതിലെന്റെ അച്ഛനുണ്ടോ എന്നറിയാന്‍ വേണ്ടിയായിരുന്നു. ഞങ്ങളുടെ അച്ഛനും അവരുടെ കല്യാണത്തിന് പോയിരുന്നെന്ന് അമ്മായി ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു. ആയിരത്തി തൊള്ളായിരത്തി അമ്പത്തിയാറിലായിരുന്നു അത്.
“ഇത്തിരി ചായ കുടിക്കാം സാര്‍” എന്നു പറഞ്ഞ് അമ്മായി ചായ കൊണ്ടുവന്നു. അരുകില്‍ നീലപ്പൂച്ചെടി ആലേഖനം ചെയ്ത വൃത്തിയുള്ള കപ്പും സോസറും…. അമ്മായിയുടെ വിവാഹ കാലത്തിനു തന്നെ യോജിച്ച പഴയ ശൈലിയിലാണ് അവ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്.
ഫോട്ടോയില്‍ വധു അഴകോടെയും പ്രൌഢിയോടെയും നിറഞ്ഞുനിന്നിരുന്നു. നാണം കലര്‍ന്ന ചെറുപുഞ്ചിരിയോടെയുള്ളതായിരുന്നു ആ നില്പ്.
“വധുവിനെ കാണാന്‍ നല്ല ഭംഗിയുണ്ട്” ഞാന്‍ പെട്ടെന്ന് പറഞ്ഞു. എന്നാലും, ഏതൊരു വധുവിനും ചാര്‍ത്താന്‍ പറ്റിയ പൊതുവായ ഒരു പറച്ചിലാണതെന്ന് ബോധ്യപ്പെട്ടതും, അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് തോന്നി.
“പിന്നല്ലാതെ?” തന്റെ ഗതകാലസൗന്ദര്യത്തിൽ അഭിമാനം കൊള്ളുന്നതുപോലെയുള്ള പുതിയൊരു തരം ഭാവത്തോടെ അവര്‍ പറഞ്ഞു.
“മോളെ, ആ ഫോട്ടോയൊന്ന് എടുത്തു തരൂ…” അമ്മായി പറഞ്ഞു. ഫോട്ടോയിലെ പൊടി ദേഹത്ത് വീഴാത്തവിധം വളരെ ശ്രദ്ധയോടെയാണ് ചുമരില്‍നിന്ന് ഞാൻ അതെടുത്തത്. അതേസമയം, അമ്മായി അത് അറിയാതിരിക്കാനായി സൂക്ഷ്മബോധത്തോടെയാണ് അത് ചെയ്തതും. എന്നാലും, തലേന്നാള്‍ അതിലെ പൊടി തൂത്തിരിക്കണം. ഞാന്‍ ഫോട്ടോ അമ്മായിയുടെ കൈയ്യില്‍ കൊടുത്തു.
“ഇങ്ങോട്ട് വരൂ മോളെ” അതില്‍ വെളിച്ചം പതിയാനായി അതെടുത്ത് അമ്മായി പടിക്കെട്ടിലേക്ക് ചെന്നു.
“ഇതാരാണെന്ന് അറിയാമോ?”
വധുവിന് അൽപം പുറകിലായി കൈയ്യിലൊരു സ്യൂട്ട്കേസും പിടിച്ചുകൊണ്ട് രണ്ടാം നിരയിൽ ആ യുവതിയുണ്ടായിരുന്നു. അവൾക്കും വധുവിന്റെ അതേ പ്രായം കാണും.
“ലക്ഷ്മി”
നെറ്റിയിൽ പൊട്ടൊന്നും ഇല്ലാത്തപ്പോഴും ‘അവളൊരു തമിഴ് പെണ്ണ്’ എന്ന് ആലോചിച്ചു നോക്കിയപ്പോള്‍ അവളൊരു തമിഴ് പെണ്ണിനെപ്പോലെ കാണപ്പെട്ടു.
“കല്യാണം കഴിഞ്ഞ് ഞങ്ങളുടെ അച്ഛന് എന്നെ ഇവിടേക്ക് പറഞ്ഞയക്കുമ്പോള്‍ കൂടെ വേലക്കാരെയും അയച്ചിരുന്നു. ആദ്യമായി ലക്ഷ്മി ഞങ്ങളുടെ തറവാട്ടിലേക്ക് വരുമ്പോള്‍ ഇത്രയ്ക്കേ ഉണ്ടായിരുന്നുവത്രെ” ഞങ്ങളുടെ മകനെ കാണിച്ച് അമ്മായി പറഞ്ഞു.
അതിനെ തുടര്‍ന്ന് അടുത്ത രണ്ടാഴ്ചകൾ എനിക്ക് വലിയൊരു പോരാട്ടം നടത്തേണ്ടി വന്നു. ഞങ്ങള്‍ രണ്ടാളുടെയും അമ്മമാര്‍ മാറി മാറി വന്നു താമസിച്ചു. മകനെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ സുമംഗലിക ചേച്ചിയും സഹായിച്ചു. ലക്ഷ്മിയോട് വരാന്‍ പറഞ്ഞ് വിവരമറിയിക്കാനായി ജയദേവയ്ക്ക് ഇഷ്ടമേയില്ലായിരുന്നു. വീണ്ടും ഒരു തമിഴ് സ്ത്രീയെ ജോലിക്ക് നിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. എന്നിരുന്നാലും, താമസിയാതെ ഞാന്‍ ക്ഷീണിച്ചുപോയി. വല്ല ചെറിയ പോരാട്ടമാണെന്നാണോ? ഞാൻ അങ്ങനെ കഷ്ടപ്പെടുമ്പോൾ, പകൽ മുഴുവൻ ലൈബ്രറി മുറിയില്‍ കുത്തിയിരിക്കുന്ന ജയദേവ ഒരു പ്രയോജനവുമില്ലാത്ത മനുഷ്യനാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. മറ്റൊരു വഴിയും കാണാത്ത അവസ്ഥയില്‍ ഞാന്‍ മാലിനിയോട് പറഞ്ഞ് വിവരമയച്ചു.
അവൾ വരുമ്പോഴേക്കും ഇപ്പോൾ തന്നെ കഴുകിവെക്കേണ്ടതായ പത്തു പാത്രങ്ങളും ഞാന്‍ കൂട്ടിയിട്ടിട്ടുണ്ട്.
“അവള് വരുമായിരിക്കുമല്ലേ?”
(ലറീന അബ്ദുള്‍ ഹഖിന്റെ തമിഴ് മൊഴിമാറ്റത്തെ അവലംബിച്ച് ചെയ്ത സ്വതന്ത്ര വിവര്‍ത്തനം)
- നോനാ – മാഡം
- ഹുനസ്ഗിരിയയും നക്കിള്സും – ഹുനസ്ഗിരിയ വെള്ളച്ചാട്ടവും നക്കിള്‍സ് പര്വ്വതനിറയും
- ദളദ മാലിഗാവ – ബുദ്ധമതവിശ്വാസികൾ പവിത്രമായി കണക്കാക്കുന്ന ഗൗതമബുദ്ധന്റെ ഒരു പല്ല് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു
- മല്വത്ത – ശ്രീബുദ്ധന്റെ പവിത്രമായ പല്ലിന്റെ സംരക്ഷകത്വം വഹിക്കുന്ന രണ്ടു ബുദ്ധ വിഹാരങ്ങളിലൊന്ന്.
- സിംഹസീവലി – ശ്രീലങ്കയിലെ ആദ്യത്തെ രാജാവായ വിജയയുടെ അമ്മ. ശ്രീലങ്കയിലെ രാജവംശത്തെ അധികരിച്ച് എഴുതപ്പെട്ട ഇതിഹാസ കാവ്യമായ മഹാവംശത്തില്‍ അവരുടെ പിതാവ് ഒരു സിംഹവും മാതാവ് വംഗ രാജ്ഞിയായ സുപദേവിയുമെന്നാണ് പറയപ്പെടുന്നത്. ഈ ഇതിഹാസത്തെ അധികരിച്ച് ശ്രീലങ്കന്‍ എഴുത്തുകാരന് എഡിവീര ശരച്ചന്ദ്ര ‘സിംഹബാഹു’എന്ന പേരിലൊരു പ്രശസ്തമായ നാടകമെഴുതിയിട്ടുണ്ട്.
- എസല പേരഹേര – ഓഗസ്റ്റ് മാസത്തിൽ ശ്രീലങ്കയിലെ കാൻഡിയിൽ നടക്കുന്ന ഒരു ഉത്സവമാന് എസല. ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തിലെ ശ്രീബുദ്ധന്റെ പവിത്രമായ പല്ലും വഹിച്ചു കൊണ്ടു ഘോഷയാത്രയായ ദളദ പെരഹേര അഥവ എസല പെരഹേരയോടെയാണ് ഈ ഇത്സവം സമാപിക്കുന്നത്.
- ഹെലപ്പ – മുത്താറി മാവും തേങ്ങ ചിരവിയതും കുഴച്ചു ചെയ്യുന്ന ഒരു ആഹാര പദാര്‍ത്ഥം.
ലിയനഗേ അമരകീര്‍ത്തി
പേരദനിയ സർവകലാശാലയിലെ സിംഹള വകുപ്പില്‍ പ്രൊഫസറായ ലിയനഗേ അമരകീര്‍ത്തി സമകാലിക സിംഹള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ്. ബദൽ രാഷ്ട്രീയം, സാമൂഹിക ഐക്യം എന്നിവയുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തനം പ്രവർത്തിക്കുന്ന അദ്ദേഹം ചെറുകഥ, നോവൽ, കവിത, സാഹിത്യ നിരൂപണം, വിവർത്തനം, ബാലസാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. ഇരുപത്തഞ്ചോളം കൃതികളുടെ കര്‍ത്തവായ അദ്ദേഹത്തിന് 2013-ലെ ബുംഗ (ജാപ്പനീസ്) കൾച്ചർ അവാർഡ് ഉള്‍പ്പെടെ പതിനെട്ടോളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രാധാനപ്പെട്ട ചില കൃതികള്‍ :
കവിതാസമാഹാരങ്ങള്‍: എക്കമത്ത് എഗ പിട്ടരട്ടഗ, ഹമുവേദ അപ്പി വെനതാഡ,
ചെറുകഥാസമാഹാരങ്ങള്‍: മനാവ ഭക്തിയ ഹാ സിതാര, മമ ദെന്‍ നിന്തിയമി, അര മിഹിരി സീനു നാദയ
നോവലുകള്‍: അട്ടവക്ക പുത്തു, കുറുലു ഹദവത്ത, അഹമ്പകാരക്ക
വര : പ്രസാദ് കാനത്തുങ്കൽ
കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്