എനിക്ക് എല്ലാം അവസാനിപ്പിക്കാൻ
തോന്നിയ
മറ്റൊരു രാത്രി,
മറ്റൊരുറക്കം.
ആർക്കും വേണ്ടാത്ത ഉടലേ,
രണ്ടേ, മൂന്നേ,
എന്നെണ്ണുകയായിരുന്നു ഞാൻ.
കണ്ണിറുക്കുകയും
കവിത വായിക്കുകയും
കാമിക്കുകയും
ചെയ്ത ശരീരം.
പൂ ചൂടുകയും
പാട്ട് പാടുകയും
പ്രേമിക്കുകയും
ചെയ്ത ശരീരം.
സങ്കടപ്പെടുകയും
പൊട്ടിച്ചിരിക്കുകയും
കോപിക്കുകയും ചെയ്ത ശരീരം.
ഉറക്കത്തിലും എനിക്ക് കരച്ചിൽ വന്നു
അപ്പോൾ
ഉറങ്ങിപ്പോയവരുടെ
ഉദ്യാനങ്ങളിൽ നിന്ന്
കവർന്നെടുത്ത
പൂവുകൾ കൊണ്ട്,
പാട്ടുകളുടെ പട്ടണത്തിൽ
പൂക്കൂട നിറച്ചിരുന്ന
പെൺകുട്ടി,
എന്റെ സ്വപ്നത്തിലേക്ക്
സ്കൂട്ടറോടിച്ചുവന്നു.
ഞരക്കത്തോടെ തുറന്ന
വാതിലിന്റെ
ഓടാമ്പലിട്ട്
എന്റെയരികിലിരുന്നു.
പൂവുകളിറുക്കുന്ന
വിരലുകളിൽ നഖങ്ങൾ.
പൂവുപോലിരിക്കുന്ന
പല്ലുകൾക്ക് മൂർച്ച.
പൂവുകൾ ചൂടുന്ന
മുടിയിൽ പാമ്പുകൾ.
എനിക്ക്
എഴുന്നേറ്റ് ഓടണമെന്ന് തോന്നി.
ശ്വാസമുണ്ടായില്ല.
എനിക്ക്
അലറിക്കരയണമെന്ന് തോന്നി
ഒച്ച വന്നില്ല.
എനിക്കവളെ
കട്ടിലിനടിയിലേക്ക്
തള്ളിയിടണമെന്ന് തോന്നി.
അനങ്ങാനായില്ല.
മുറിയിൽ
കട്ടിലിന്റെ മൂലയിൽ
പൂക്കളുമായി മാത്രം പെരുമാറുന്ന
ഒരു പെണ്ണിനെ ഭയന്ന്
ഞാൻ ശ്വാസം കിട്ടാതെ
അനങ്ങാതെ
മിണ്ടാതെ
കിടന്നു.
നിസ്സഹായതയെ
ആവിഷ്കരിക്കാനുള്ള
ഉപാധിയെന്ന നിലയിൽ മാത്രം
ശരീരത്തോട്
അപ്പോളെനിക്ക്
വലിയ അളവിൽ
സ്നേഹം തോന്നി
കവർ : ജ്യോതിസ് പരവൂർ