ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ആ പ്രക്രിയ ഏതാനും ദിവസങ്ങൾക്ക് മുമ്പേ പൂർത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ളത് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉത്തർപ്രദേശാണ്. അവിടെയും ആറ് ഘട്ടങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനി മാർച്ച് 7ന് ഏഴാം ഘട്ടം കൂടി കഴിയുന്നതോടെ ഉത്തർപ്രദേശിലും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും.
തെരഞ്ഞെടുപ്പ് അഞ്ച് സംസ്ഥാനങ്ങളിലേക്കാണെങ്കിലും, പതിവുപോലെ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. അതിന് കാരണവുമുണ്ട്. ജനസംഖ്യാടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഏതാണ്ട് 20 കോടിയാണ് അവിടുത്തെ ജനസംഖ്യ (കേരളത്തിന്റേത് 3.34 കോടി). ഉത്തർപ്രദേശ് ഒരു സ്വാതന്ത്രരാജ്യമായിരുന്നെങ്കിൽ ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യമായേനെ. മാത്രമല്ല, പാർലമെന്റിലേക്ക് 80 അംഗങ്ങളെ അയയ്ക്കുന്ന ഉത്തർപ്രദേശ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കുന്നതിൽ സുപ്രധാനപങ്ക് വഹിക്കുന്നു. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പ് ഫലം 2024-ലേക്കുള്ള ചൂണ്ടുപലകയും കൂടിയാണെന്ന് പറയാം.
1990-കളോടെ കോൺഗ്രസ്സിന് സംഭവിച്ച അപചയത്തിന് ശേഷം മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടിയും മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടിയുമാണ്, ബിജെപിയെ കൂടാതെ, ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ മുഖ്യസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇവർക്കിടയിൽ കോൺഗ്രസ്സ് വെറുമൊരു നോക്കുകുത്തിയായി മാറി. 2007-ൽ ബഹുജൻ സമാജ് പാർട്ടി സ്വന്തം നിലയിൽ തന്നെ അധികാരത്തിലേറിയെങ്കിൽ, 2012-ൽ നടന്ന തെരഞ്ഞെടുപ്പിൽ, അച്ഛൻ മുലായം സിംഗ് യാദവിനെ വിശ്രമത്തിന് വിട്ടുകൊണ്ട് നേതൃത്വം ഏറ്റെടുത്ത മകൻ അഖിലേഷ് യാദവ് നയിച്ച സമാജ്വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടിയെ പുറന്തള്ളി സ്വന്തം ഭൂരിപക്ഷത്തിൽ സർക്കാർ രൂപീകരിച്ചു. എന്നാൽ 2017-ലെ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ എല്ലാ രാഷ്ട്രീയസമവാക്യങ്ങളും കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ബിജെപിയും ഘടകകക്ഷികളും ചേർന്ന് 325 സീറ്റുകൾ എന്ന വമ്പൻ ഭൂരിപക്ഷം നേടി അധികാരത്തിലേറി. തുടർന്ന് 2019-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും 80-ൽ 64 സീറ്റുകൾ നേടി ബിജെപി മുന്നണി അവരുടെ അപ്രമാദിത്തം തുടർന്നു.
ആറുമാസം മുമ്പ് വരെ എല്ലാ രാഷ്ട്രീയനിരീക്ഷകരും പ്രവചിച്ചിരുന്നത്, പ്രതികൂലഘടകങ്ങൾ നിരവധി ഉണ്ടെങ്കിലും, ഉത്തർപ്രദേശിൽ വീണ്ടും ബിജെപി അധികാരത്തിൽ വരുമെന്നാണ്. പരസ്പരം വിഘടിച്ചുനിന്ന പ്രതിപക്ഷ കക്ഷികൾക്ക് മുമ്പിൽ ബിജെപി ഒരു ബാലികേറാമലയായി നിന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞ സ്ഥിതിയായി. പ്രധാനമായും അഖിലേഷ് യാദവ് നടത്തിയ റാലികളിലെ വൻ ജനപങ്കാളിത്തം അവരുടെ തന്നെ കണ്ണ് തുറപ്പിക്കുന്നതായി. ജനങ്ങൾക്കിടയിൽ വലിയ തോതിൽ ഗവണ്മെന്റിനെതിരായ വികാരം ഉണ്ടെന്ന് അവർക്ക് അനുഭവപ്പെട്ടു. ഒരു വർഷത്തിൽ കൂടുതൽ കാലം തുടർന്ന കർഷകസമരവും പ്രതിപക്ഷത്തിന്റെ പുതിയ മുന്നേറ്റത്തിൽ ഒരു catalyst ആയി പ്രവർത്തിച്ചു. അവസരം മുതലാക്കി അഖിലേഷ് യാദവ്, അജിത് സിങിന്റെ മകൻ ജയന്ത് ചൗധരി നയിക്കുന്ന, കർഷകരായ ജാട്ടുകളുടെ പാർട്ടിയായ ആർ എൽ ഡി യുമായി സഖ്യമുണ്ടാക്കി. കൂടാതെ ബിജെപിയുടെ അവഗണനയിൽ അസംതൃപ്തരായ ഏതാനും OBC നേതാക്കളെയും അവരുടെ ചെറുപാർട്ടികളെയും കൂടെക്കൂട്ടി. പ്രിയങ്ക ഗാന്ധി വാദ്രയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഒരു മുന്നേറ്റത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും അത് എത്രമാത്രം ഫലവത്താകുമെന്ന് കണ്ടറിയണം. മായാവതിയുടെ ബി എസ പി ആവട്ടെ പ്രചാരണത്തിൽ ഒരുതരം മന്ദത ബാധിച്ച നിലയിലുമാണ്. ഇവരെ കൂടാതെ അസദുദ്ദിൻ ഒവൈസിയുടെ AIMIM എന്ന പാർട്ടി ഉത്തർപ്രദേശിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും അവർക്ക് വലിയ ചലനമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊതുവെ വിലയിരുത്തൽ. ചുരുക്കത്തിൽ പ്രധാനമായും മത്സരം നടക്കുന്നത് ബിജെപിമുന്നണിയും സമാജ്വാദിമുന്നണിയും തമ്മിലാണ് എന്നതാണ് സ്ഥിതി.
2017-ൽ ജാതിസമവാക്യങ്ങൾക്കപ്പുറം കടന്ന് ഹിന്ദുത്വയിൽ അധിഷ്ഠിതമായ വിജയമാണ് ബിജെപി കൈവരിച്ചതെന്ന് അവർ അവകാശപ്പെടുന്നുണ്ടെങ്കിലും, വാസ്തവത്തിൽ ജാതിസമവാക്യങ്ങൾ തന്നെയാണ് ഉത്തർപ്രദേശ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. ബ്രാഹ്മണർ, താക്കൂർ, ഗുജ്ജർ, ജാട്ട്, ബനിയ എന്നിങ്ങനെ ബിജെപിയുടെ core vote bank എല്ലാ സാഹചര്യങ്ങളിലും അവർക്ക് 15 ശതമാനം വരെ വോട്ട് ലഭിക്കുമെന്ന ഉറപ്പ് നൽകുന്നു. സമാജ്വാദി പാർട്ടിക്കാകട്ടെ, മുസ്ലിം-യാദവ് കൂട്ടുകെട്ടിലൂടെ 20 ശതമാനം വോട്ടെന്ന minimum guarantee ലഭിക്കുന്നു. ദളിതരുടെ പാർട്ടിയെന്ന ലേബലിൽ ബഹുജൻ സമാജ് പാർട്ടിക്കും 20 ശതമാനം വോട്ടെന്ന minimum guarantee ഉണ്ട്. ദളിതരിലും മുന്നോക്കജാതികളിലും ഇപ്പോഴും കുറച്ചൊക്കെ സ്വാധീനമുള്ള കോൺഗ്രസ്സിന് 2017-ൽ 6.25 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ (അവർ 100 സീറ്റുകളിലേ മത്സരിച്ചുള്ളൂ എന്നത് ശതമാനത്തിലെ ഈ കുറവിന് കാരണമാണെന്ന് മറക്കുന്നില്ല). മുകളിൽ പറഞ്ഞ category-യിലൊന്നും പെടാത്ത വലിയൊരു വിഭാഗം Other Backward Castes (സോനാർ, കുർമി, ഗിരി, മൗര്യ, കുശ്വാഹ, ലോധി, കശ്യപ്, നിഷാദ്, ടെലി, സൈനി എന്നിങ്ങനെ പോകും ഇവരുടെ ലിസ്റ്റ്) എന്ന വിഭാഗത്തിലുണ്ട്. ഉത്തർപ്രദേശ് ജനസംഖ്യയിൽ 30 ശതമാനം വരും ഈ വിഭാഗം. വാസ്തവത്തിൽ ഇവരുടെ മാറുന്ന voting pattern ആണ് ഉത്തർപ്രദേശിലെ പ്രമുഖ പാർട്ടികളുടെ ജയപരാജയങ്ങൾ നിർണ്ണയിക്കുന്നത്. 2017-ൽ ബിജെപിയ്ക്ക് വമ്പിച്ച വിജയം സമ്മാനിച്ചത്. ഒബിസി പാർട്ടികളായ ഓംപ്രകാശ് രാജ്ഭർ നയിക്കുന്ന സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി, അനുപ്രിയ പട്ടേൽ നയിക്കുന്ന അപ്ന ദൾ, സഞ്ജയ് നിഷാദിന്റെ നിഷാദ് പാർട്ടി, എന്നീ കക്ഷികളുമായി ചേർന്ന് ഉണ്ടാക്കിയ മുന്നണിയാണ്. ബിജെപിയ്ക്ക് സ്ഥിരമായി കിട്ടുന്ന 15 ശതമാനത്തിനൊപ്പം യാദവേതര ഒബിസി സമുദായത്തിന്റെ ഭൂരിഭാഗം വോട്ട് കൂടി ലഭിച്ചപ്പോൾ അവരുടെ വോട്ട് ശതമാനം 38 ആയി ഉയർന്നു. അതാണ് അവർക്ക് 325 സീറ്റുകൾ എന്ന വമ്പിച്ച വിജയം നൽകിയത്. കോൺഗ്രസിന് 100 സീറ്റുകൾ നൽകി അവരുമായി ചേർന്ന് മത്സരിച്ചതാണ് സമാജ്വാദി പാർട്ടി 2017-ൽ കാണിച്ച മണ്ടത്തരം. കോൺഗ്രസ്സിന് വോട്ട് ചെയ്യുന്ന മുന്നോക്കവിഭാഗവും ദളിതരും സമാജ്വാദി പാർട്ടിക്ക് വോട്ട് ചെയ്തില്ല. എന്നാൽ 2022-ലെ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് ബുദ്ധിപൂർവം കോൺഗ്രസ്സിനെ മുന്നണിയിൽ നിന്ന് ഒഴിവാക്കി. പകരം നേരത്തെ ബിജെപി മുന്നണിയിൽ ഉണ്ടായിരുന്ന സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി, അപ്നാ ദൾ പിളർന്ന് അനുപ്രിയ പട്ടേലിന്റെ അമ്മ കൃഷ്ണ പട്ടേലിന്റെ നേതൃത്വത്തിൽ ഉടലെടുത്ത അപ്നാ ദൾ (കൃഷ്ണ പട്ടേൽ) എനീ ഒബിസി പാർട്ടികളെ കൂടെകൂട്ടി. മാത്രമല്ല, മന്ത്രിപദം ഒഴിഞ്ഞ സ്വാമിപ്രസാദ് മൗര്യ, ധരം സിംഗ് സൈനി, ധാരാസിംഗ് ചൗഹാൻ, എന്നിവരടക്കം പതിനൊന്ന് ബിജെപി എം എൽ എ മാരും സമാജ്വാദി പാർട്ടിയിൽ ചേർന്നു. ഈ ഒബിസി പാർട്ടികൾ 15 ശതമാനം വോട്ട് സമാജ്വാദി പാർട്ടിക്ക് മറിച്ചാൽ തുല്യമായ കുറവ് ബിജെപിയുടെ വോട്ട് ശതമാനത്തിൽ ഉണ്ടാവുമെന്നും തൽഫലമായി ബിജെപിയുടെ വോട്ട് വിഹിതം 39 ശതമാനത്തിൽ നിന്ന് 24 ശതമാനമായി കുറയുമെന്നും തങ്ങളുടെ 20 ശതമാനം വോട്ട് 35 ശതമാനമായി ഉയരുകയും ചെയ്യുമെന്നാണ് അഖിലേഷ് യാദവിന്റെ കണക്കുകൂട്ടൽ. ഈ കണക്കുകൂട്ടലുകളിൽ ചെറിയ വ്യതിയാനങ്ങൾ ഉണ്ടായാൽ പോലും ഭൂരിപക്ഷം ഉറപ്പായും ലഭിക്കുമെന്നും അവർ അനുമാനിക്കുന്നു. മറുവശത്ത് ഒബിസി വിഭാഗത്തെ തന്ത്രപരമായി കൂടെ നിർത്താൻ ബിജെപിയും പഠിച്ച പണി മുഴുവൻ എടുക്കുന്നുണ്ട്.
വിലക്കയറ്റം, തൊഴിലില്ലായ്മ, വികസനമുരടിപ്പ്, തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാണ് പ്രതിപക്ഷ പാർട്ടികൾ പ്രചാരണം നടത്തുന്നതെങ്കിൽ, പതിവുപോലെ ഹിന്ദു-മുസ്ലിം കാർഡ് ഇറക്കിയാണ് ബിജെപി പ്രചാരണം നടത്തുന്നത്. ഉത്തർപ്രദേശിനെ കേരളം ആകാതിരിക്കാൻ ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയുണ്ടായി. 2017-ലും 2019-ലും വിഘടിച്ചു നിന്ന ജാട്ട്-മുസ്ലിം വിഭാഗങ്ങൾ, കര്ഷകസമരത്തെ തുടർന്ന് യോജിച്ചത് ബിജെപിക്ക് വലിയ ക്ഷീണമാണ് വരുത്തിയിരിക്കുന്നത്. ഒബിസി മന്ത്രിമാർ ഉൾപ്പെടെ 11 എം എൽ എ മാർ സമാജ്വാദി പാർട്ടിയിൽ ചേർന്നതും അവർക്ക് തലവേദനയായി. കൂടാതെ, ഈ തെരഞ്ഞെടുപ്പിൽ മുസ്ലിം വിഭാഗം തങ്ങളുടെ വോട്ട് കേന്ദ്രീകൃതസ്വഭാവത്തിൽ സമാജ്വാദി പാർട്ടിക്ക് അനുകൂലമായാണ് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. ഓർക്കുക, ഉത്തർപ്രദേശിലെ ജനസംഖ്യയിൽ 20 ശതമാനത്തിനടുത്ത് മുസ്ലിംകളാണ്.
ആറ് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചിത്രം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഒന്നും രണ്ടും ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന, ജാട്ടുകൾക്കും മുസ്ലിംകൾക്കും മുൻതൂക്കമുള്ള, 113 മണ്ഡലങ്ങളിൽ സമാജ്വാദി പാർട്ടി നയിക്കുന്ന മുന്നണിക്കാണ് മേൽക്കൈ എന്നാണ് പൊതുവെ വിലയിരുത്തൽ. മൂന്നും നാലും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന 118 മണ്ഡലങ്ങളിൽ ബിജെപിയും സമാജ്വാദി പാർട്ടിയും തമ്മിൽ കടുത്ത മത്സരമാണ് നടന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഇവിടെയും സമാജ്വാദി പാർട്ടിക്കാണ് രാഷ്ട്രീയനിരീക്ഷകർ മുൻതൂക്കം നൽകുന്നത്. അഞ്ചും ആറും ഘട്ടങ്ങളിലും 118 മണ്ഡലങ്ങളാണ് ഉൾപ്പെടുന്നത്. ഇവിടെ സ്വന്തം ആധിപത്യം നിലനിർത്താൻ ബിജെപി കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. എങ്കിലും 2017 ആവർത്തിക്കുക എന്നത് ബിജെപിയ്ക്ക് അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. അവസാനത്തെ ഏഴാം ഘട്ടത്തിൽ ഉൾപ്പെടുന്ന 54 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാർച്ച് 7-ന് നടക്കും. രണ്ടുമൂന്ന് ദിവസമായി വാരണാസിയിൽ ക്യാമ്പ് ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ പ്രദേശത്ത് പ്രചാരണം നടത്തുന്നത്. പ്രധാനമന്ത്രി ഒരു സംസ്ഥാന തെരഞ്ഞെടുപ്പിന് വേണ്ടി അവിടെ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുക എന്നത് മുൻപ് ഉണ്ടായിട്ടില്ല. ബിജെപി അപകടം മണക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്.
X-Factor: പ്രാദേശിക മാധ്യമപ്രതിനിധികൾ ഗ്രാമീണരുമായി (പ്രത്യേകിച്ച് സ്ത്രീകൾ) നടത്തിയ സംഭാഷണങ്ങളിൽ ബിജെപിയ്ക്ക് അനുകൂലമായി അവർ പറഞ്ഞ രണ്ടു കാര്യങ്ങൾ ഉണ്ട്. (1) ഗവണ്മെന്റ് ദരിദ്രവിഭാഗങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സൗജന്യ റേഷൻ (അരി, ഗോതമ്പ്, കടുകെണ്ണ, കടല, ഉപ്പ് എന്നിവയാണ് റേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത് – എൽ ഡി എഫ് കേരളത്തിൽ തുടർഭരണം നേടുന്നതിൽ സൗജന്യ റേഷൻ കിറ്റിന് പ്രധാന റോൾ ഉണ്ടായിരുന്നെന്ന് ഓർക്കുക). (2) മെച്ചപ്പെട്ട സുരക്ഷാ സാഹചര്യം, പ്രത്യേകിച്ച് സ്ത്രീകൾക്ക്. ഇതിൽ വലിയ വാസ്തവമൊന്നും ഇല്ലെങ്കിലും ബിജെപി അനുസ്യൂതമായി നടത്തിയ പ്രചാരണം അങ്ങനെയൊരു പ്രതീതി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഈ രണ്ട് കാര്യങ്ങളും ബിജെപി പ്രചാരണങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കുന്നുമുണ്ട്. ഒരു മാധ്യമപ്രതിനിധി റോഡുവക്കിൽ കണ്ടുമുട്ടിയ ഒരു വയോധികയോട് ചോദിച്ചപ്പോൾ അവർ നിഷ്കളങ്കയായി പറഞ്ഞത് “മേം നെ മോഡിജി കാ നമക്ക് ഘായാ ഹൈ തോ വോട്ട് ഉൻഹി കോ ദേനാ പടേഗാ” (മോഡി തന്ന ഉപ്പാണ് കഴിക്കുന്നത്, അതുകൊണ്ട് വോട്ട് അദ്ദേഹത്തിന് തന്നെ നൽകണം) എന്നാണ്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ മത്സരിക്കുന്ന മണ്ഡലത്തിലെ ഒരു ഗ്രാമത്തിൽ ഇതേ പ്രതിനിധി ഒരു പറ്റം സ്ത്രീകളോട് ചോദിച്ചപ്പോൾ അവർക്ക് സ്ഥാനാർത്ഥി ആരെന്ന് പോലും അറിയുകയില്ല, പക്ഷെ വോട്ട് മോഡി-യോഗിക്ക് കൊടുക്കുമെന്നാണ് പറഞ്ഞത്.
ഉത്തർപ്രദേശിൽ നല്ലനിലയിൽ ഭൂരിപക്ഷം നേടിയില്ലെങ്കിൽ ബിജെപിയെ മറ്റൊരു കുരുക്കുകൂടി കാത്തിരിക്കുന്നുണ്ട്. ഈ വരുന്ന ജൂലൈയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുകയാണ്. ഇപ്പോഴത്തെ കക്ഷിനിലയനുസരിച്ച് യു പി നഷ്ടപ്പെട്ടാൽ ബിജെപിയ്ക്ക് തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള electoral college തികയാതെ വരും. ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ചാൽ പോലും പ്രാദേശിക കക്ഷികളുടെ വോട്ട് കൂടി ലഭിക്കാതെ സ്വന്തം സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ബിജെപിയ്ക്ക് കഴിയില്ല. 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ അഥവാ തൂക്ക് പാര്ലമെന്റാണ് ആവിർഭവിക്കുന്നതെങ്കിൽ രാഷ്ട്രപതിയുടെ റോൾ അങ്ങേയറ്റം പ്രധാനമുള്ളതാവുകയും ചെയ്യും. അങ്ങനെ എന്തുകൊണ്ടും നിർണ്ണായകമാവുകയാണ് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം. ഏഴാം തീയതിയിലെ എക്സിറ്റ് പോൾ എന്ന പ്രഹസനം മറികടന്ന് പത്താം തീയതിലെ യഥാർത്ഥത്തിലുള്ള ഫലത്തിനായി നമുക്ക് കാത്തിരിക്കാം.
കവർ : വിത്സൺ ശാരദാ ആനന്ദ്