മിഴിവുള്ളൊരോർമ്മ പോലെ
തുങ്ങിക്കിടപ്പുണ്ടൊരു
ഭസ്മക്കൊട്ടയെന്റെ
ഉമ്മറക്കോലായിലിന്നും,
തനിച്ച് നാമം ജപിച്ച്
പതിറ്റടിപ്പൂവിൽ സന്ധ്യ
വിരുന്നിനെത്തുമ്പോൾ
വരുന്നില്ലേയിന്നും
ദീപാരാധനയ്ക്കെന്ന്
കാറ്റിൻ മൂളലാലരയാൽ
മർമ്മരമുതിർക്കെ
ആരെയോ കാത്ത്
കുളക്കടവ് നിശബ്ദം
കിടക്കവെ, ദൂരെ ദൂരെ
വളവിലൊരു നീളൻ
നിഴൽ കാത്ത് നിൽക്കെ
വരമ്പിലൂടൊരു
പട്ടുപാവാടയുലയവേ
ഓർമ്മകൾ പോലെ
ഇരുട്ട് പുള്ളികുത്തിയൊരു
സന്ധ്യ പടിയിറങ്ങുന്നു
മാഞ്ഞ് പോയൊരു
വെളിച്ചം തേടി
ഇരുട്ടിലൂടൊരാൾ
മിഴി തുഴയുന്നു
പടിപ്പുര കരഞ്ഞുവോ
വാതിൽക്കലെത്തിയോ
നിൻ, പാദ നിസ്വനം
വെറുതെ, ശൂന്യത പോലെ
തൂങ്ങിക്കിടപ്പൂ, ഭസ്മക്കൊട്ട
കോലായിലും, ഞാനകത്തും.
കവർ : വിത്സൺ ശാരദാ ആനന്ദ്