ആദ്യമായി പ്രണയിക്കുന്നൊരുവൾ നിലാവുള്ള രാത്രികളിൽ ജനാലയിലൂടെ ആകാശത്തെ നോക്കി ഏകാന്തതയിൽ പുഞ്ചിരിച്ചു. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുന്ന വഴികളിലെ പൂക്കളിൽ , അതുവരേയും കാണാത്ത നിറങ്ങൾ കുറുക്കിയെടുത്ത് മഴത്തുള്ളികൾ ഒളിച്ചുകളിയ്ക്കുന്ന തൊടിയിൽ കൃഷ്ണകിരീടത്തിന്റെ ചുവപ്പിനെ ഹൃദയത്തിലേറ്റി. ചിലപ്പോൾ, ഉമ്മറക്കോലായിലേയ്ക്ക് കയറിയിരുന്ന് ഉച്ചവെയിലിന്റെ നിഴലുകളിൽ ഒറ്റയ്ക്ക് തായം കളിച്ചു. കെട്ടുപിണഞ്ഞ മുല്ലവള്ളികളിലെ മൊട്ടുകളിൽ പൂക്കാലത്തെ മോഹിച്ചു. അമ്പലത്തിന്റെ ചുറ്റുമതിലിൽ ഇളംപച്ച നിറത്തെ ചുരണ്ടി മാറ്റിക്കൊണ്ടിരുന്നു.
പതിനഞ്ച് വർഷങ്ങൾക്കപ്പുറത്തെ മോഹങ്ങളേയും മോഹഭംഗങ്ങളേയും താനിപ്പോൾ എന്തിനാണ് ഓർക്കുന്നതെന്ന് ആലോചിച്ചപ്പോൾ അവൾ പതുക്കെ ചിരിച്ചു. നിഴൽ നിറഞ്ഞ ദിവസത്തിന്റെ ഓരത്ത് പക്ഷികൾ കുറുകുന്നതും നിശ്ചലമായ ഇലകളിൽ എന്തോ തിരയുന്നതു പോലൊരു കാറ്റ് അവിടെയാകെ പരതിനടക്കുന്നതും നോക്കി നിൽക്കേ സ്മൃതികളുടെ ഭാരത്താൽ അവളുടെ കണ്ണുകളിൽ ദുഃഖമോ വിഷാദമോ പോലെന്തോ ഉരുണ്ടുകൂടി.
അപ്രതീക്ഷിതമായിട്ടായിരുന്നു അവൾ അയാളെ കണ്ടുമുട്ടിയത്. നഗരത്തിലെ തിരക്കേറിയ വായനശാലയ്ക്ക് സമീപം നിരവധി ആളുകൾ പങ്കെടുക്കുന്ന രാഷ്ട്രീയ ചർച്ചയിൽ തീക്ഷ്ണമായ വാഗ്വാദങ്ങളുമായി അയാളുടെ ശബ്ദം നിറഞ്ഞു നിന്ന ദിവസം, രാഷ്ട്രീയവും സമകാലിക സമൂഹവും എന്ന വിഷയവുമായി ബദ്ധപ്പെട്ട് ഒരു പ്രബന്ധം തയാറാക്കുക എന്ന ലക്ഷ്യവുമായി അവളും അവിടെ എത്തിയിരുന്നു. അയാളുടെ അറിവിലും സംസാരരീതിയിലും അവൾ ആകൃഷ്ടയായി. പിന്നീട് പലപ്പോഴായി നഗരത്തിന്റെ പലയിടങ്ങളിൽ വെച്ച് അവൾ അയാളെ കാണുകയും വല്ലപ്പോഴുമൊക്കെ സംസാരിക്കുകയും ചെയ്തു. കുറച്ച് മാസങ്ങൾക്കുശേഷം അയാളെ കാണാതായി. ഒന്നോ രണ്ടോ ആഴ്ചകൾ കഴിഞ്ഞപ്പോൾ അവൾക്ക് അകാരണമായൊരു വിഷമം തോന്നിത്തുടങ്ങി. തന്നിലുള്ളിൽ ഉടലെടുത്ത പ്രേമത്തെ അവൾ അദ്ഭുതത്തോടെ തിരിച്ചറിഞ്ഞു.
മഞ്ഞയും ചുവപ്പും വയലറ്റും കലർന്ന പൂക്കൾ ധാരാളമുള്ള ഉദ്യാനത്തിന്റെ അടുത്തുള്ള ചെറിയ മൈതാനത്തിൽ കുട്ടികൾ കളിയ്ക്കാനെത്തിയിരിക്കുന്നു. പുരുഷന്മാരും സ്ത്രീകളും നടക്കാനും സംസാരിച്ചിരിക്കാനുമായി എത്തിത്തുടങ്ങുന്ന വൈകുന്നേരത്തിന്റെ ശബ്ദങ്ങൾ അവളെ ഭൂതകാല സ്മൃതികളിൽ നിന്നും തട്ടിയുണർത്തി. ദൂരെ നിന്നും നടന്നു വരുന്ന ക്ഷീണിതനായ ഒരാളിലേയ്ക്ക് അവളുടെനോട്ടം ചുരുങ്ങി. അവളുടെ അടുത്തെത്തിയതും അയാൾ പുഞ്ചിരിയോടെ ചോദിച്ചു:
” കുറേ നേരമായോ എത്തീട്ട്”
” ഇല്ല, അല്പനേരം. ഞാൻ കുറച്ച് നേരത്തേ പോന്നു” അയാളുടെ മുഖത്തെ പരിഭ്രമവും ക്ഷീണവും അവളെ അലോസരപ്പെടുത്തി.
പരസ്പരമുള്ള സുഖാന്വേഷണങ്ങൾക്കുശേഷം ദീർഘമായൊരു മൗനം അവർക്കിടയിൽ ഊറി നിന്നു. ഊഷരഭൂമി പോലെ അയാളുടെ ചേതന വരണ്ടിരിക്കുന്നത് അവൾ ശ്രദ്ധിച്ചു. ഊർജ്ജസ്വലനായ ഒരു ചെറുപ്പക്കാരനിൽ മധ്യവയസ്സിലെത്തുമ്പോൾ പ്രകടമാകേണ്ട ഒരാനന്ദവും അയാളിൽ അവൾ കണ്ടില്ല. പ്രപഞ്ചത്തിന്റെ ഓരോ അണുവിലും പ്രേമത്തിന്റെ മുത്തുകളുണ്ടെന്ന് തന്നോട് പറഞ്ഞ ആ ചെറുപ്പക്കാരൻ തന്നെയാണോ ഇത്? കാമത്തിന്റെ ആസക്തികൾ യൗവനത്തിന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ച് പല സ്ത്രീകളോടൊപ്പം ശയിച്ചിരുന്ന ആ ചെറുപ്പക്കാരനോ ഇത്? പ്രേമത്തിന്റെ ഓരോ ഇതളുകളേയും തന്നിൽ നിന്നും അടർത്തിയെടുത്ത് ഒറ്റയ്ക്കൊരു വഴിയിൽ ഉന്മാദിനിയെപ്പോലെ അലയാൻ വിട്ട ദിവസം, തന്റെ കണ്ണുകളിൽ നിറഞ്ഞുനിന്നിരുന്ന ദുഃഖത്തിന്റെ ചുവന്ന ചുടുനീരുകളുടെ ചൂട് ഇപ്പോഴിതാ അയാളുടെ മുഖത്ത് പൊള്ളിക്കൊണ്ടിരിക്കുന്നു.

വര : പ്രസാദ് കാനാത്തുങ്കൽ
ദൂരെ മലമുകളിൽ പുകപോലെ പടരുന്ന മഴയുടെ തണുപ്പ് ഏറ്റെന്നപോലെ അവൾ സാരിത്തലപ്പെടുത്ത് തോളിലൂടെ പുതയ്ക്കുന്നത് കൗതുകത്തോടെ നോക്കിനിൽക്കേ അയാളോർത്തു, സൗഹൃദത്തിനും സ്നേഹത്തിനുമിടയിൽ ശക്തമായെന്തോ ഉരുത്തിരിഞ്ഞ പഴയ നാളുകളിൽ തന്റെ ഓരോ പിഴവുകളേയും തിരുത്തിക്കൊണ്ടിരുന്ന അവളുടെ ശാസനകളെ. പലരിൽ ഒരാളാവുകയെന്നതിനേക്കാൾ ഭേദമാണ് സ്നേഹിക്കാതിരിക്കുകയെന്ന് ദുർബലമായി പറഞ്ഞുകൊണ്ട് നിശബ്ദയായി മാറിനിന്നവൾ.
പൂർണ്ണതയിലെത്താത്ത എന്തോ ഒന്ന് നിരന്തരം ശല്യപ്പെടുത്തിയിരുന്നെങ്കിലും അതിനെ പിന്തുടരാതെ പുതിയ തീരങ്ങളിലേയ്ക്ക് അലയടിച്ചുകൊണ്ടിരുന്ന രൗദ്രഭാവമുള്ള സമുദ്രത്തെപ്പോലെ താനെങ്ങോട്ടാണ് ഒഴുകിക്കൊണ്ടിരുന്നത് എന്നാലോചിച്ചപ്പോൾ അയാളുടെ മുഖത്തു നിരാശ പടർന്നു. ഭൗതികതയുടെ നിലാവ് ആത്മാവിന്റെ ദേശങ്ങളിലേയ്ക്ക് പരന്നില്ല. ഹൃദയത്തിന്റെ ഒരിടത്തിൽപോലും ഒരു തുടിപ്പും താൻ കേട്ടില്ല. എന്നിട്ടും, ഭ്രാന്തുപിടിച്ച കുതിരയെപ്പോലെ എങ്ങോട്ടൊക്കെയോ പാഞ്ഞുനടന്നു. ഒരിക്കലും അകറ്റിമാറ്റാൻ പറ്റാത്തവിധം ശരീരവും മനസ്സും ഒരുപോലെ ആഗ്രഹിക്കുന്ന ആ സ്നേഹത്തെ തിരിച്ചറിയുമ്പോഴേയ്ക്കും അവൾ അകലെയായിക്കഴിഞ്ഞിരുന്നു. മാറ്റുരച്ച് നോക്കുമ്പോൾ തീക്ഷ്ണമായി തിളങ്ങുന്ന ആ സ്നേഹത്തിന് നൽകുവാൻ തന്റെ കയ്യിൽ അല്പമായ ചങ്ങാത്തം പോലുമില്ലായിരുന്നു. അവൾ നിറയെ പൂക്കളുള്ള ഉദ്യാനമോ ധാരാളം മത്സ്യങ്ങളുള്ള ജലാശയമോ ആയിരുന്നു. കടങ്കഥയിലെവിടെയോ കുരുങ്ങിക്കിടക്കുന്ന മഞ്ചാടിമണികളുടെ നിറഞ്ഞ സൗന്ദര്യമായിരുന്നു അവളുടെ സ്നേഹത്തിന്.
അവളുടെ നേത്രങ്ങളിലും ശ്വാസത്തിലും സാന്നിധ്യത്തിലും നിറഞ്ഞുനിന്നിരുന്ന ആ എന്തോ ഒന്നിനെ പശ്ചാതാപത്തോടെ പലപ്പോഴും ഓർത്തിരുന്നു എന്ന് അവളോട് പറയാൻ അയാൾക്ക് മടി തോന്നി. തനിയ്ക്ക് മാത്രം പ്രാപ്യമായിരുന്ന, മറ്റുള്ളവർക്ക് അദൃശ്യമായ അഭൗമമായ തേജസ്സുമായി, വീണ്ടുമൊരു യാത്ര പറഞ്ഞ് അവൾ അകന്നു പോകുന്നത് നോക്കിനിൽക്കേ ആത്മാവിലെ എല്ലാ ഊർജ്ജവും നഷ്ടപ്പെട്ടതുപോലെ അയാൾ ഉണങ്ങി. പൂർവാശ്രമത്തിലെ ഒന്നിലേയ്ക്കും ഇനി പോവുക സാധ്യമല്ലെന്ന തിരിച്ചറിവിലും തന്നിലുദ്ഭൂതമായ പഴയ പ്രേമഭാവത്തെ ഒളിച്ചുവെയ്ക്കാൻ അയാളുടെ ഹൃദയം ഞെരിപിരികൊണ്ടു. മരണസമയത്ത് തന്റെ ജഡദേഹത്തോടൊപ്പം സമർപ്പിക്കണമെന്ന് ആശ്രമത്തിലുള്ളവരെ പറഞ്ഞേൽപ്പിച്ച നീലക്കല്ല് പതിച്ച മോതിരം തോളിലെ സഞ്ചിയിലെ ചെറിയ ചെപ്പിൽ നിന്നെടുത്ത് അയാളണിഞ്ഞു. ഭൂതകാലത്തിലേയ്ക്കോ അപരിചിതമായ വർത്തമാനകാലത്തിന്റെ വിഭ്രാന്തികളിലേയ്ക്കോ അല്ലാത്ത നിശ്ചലതയുടെ വഴിയിലേയ്ക്ക് അയാൾ നടന്നു.
വർഷങ്ങൾക്കിപ്പുറം, താനിവിടെ വന്നത് ഏകാന്തതയെ സ്നേഹജലത്തിന്റെ കുളിർമ്മയാൽ മോചിപ്പിക്കാൻ മോഹിച്ചാണെന്ന് അവൾക്ക് പറയണമെന്നുണ്ടായിരുന്നു. ഒരിക്കൽ ഞാൻ നിങ്ങളെ വിവാഹം കഴിക്കാനും, നിങ്ങളുടെ കുഞ്ഞുങ്ങളെ പ്രസവിക്കാനും ആഗ്രഹിച്ചിരുന്നു എന്ന് അയാളോട് പറയുവാൻ തീരുമാനിച്ചിരുന്നെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. അയാളിൽ ജ്വലിച്ചുനിൽക്കുന്ന കാവിവസ്ത്രത്തിന്റെ ചേതന അകൽച്ചയുടെ അളവുകളെക്കുറിച്ച് അവളെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ ശബ്ദങ്ങളോ തൊട്ടപ്പുറത്തെ നാലുവരി പാതയിലൂടെ അതിവേഗതയിൽ പായുന്ന വാഹനങ്ങളുടെ നിലയ്ക്കാത്ത ഹോണടികളോ പക്ഷികളുടെ ചിലപ്പുകളോ തിരികെ പോകുമ്പോൾ അവൾ കേട്ടില്ല. മൗനത്തിന്റെ സ്ത്രീരൂപം കണക്കെ അവളെങ്ങോട്ടോ നടന്നുകൊണ്ടിരുന്നു.
കവർ : ജ്യോതിസ് പരവൂർ