ഒന്ന്: കഥാസാരം അല്പം വിസ്തരിച്ച്…
കോഴിക്കോടുള്ള രവീന്ദ്രൻ എന്ന ചെറുപ്പക്കാരനായ ലക്ഷപ്രഭു അജ്ഞാതവാസത്തിനായി മുക്കം എന്ന ഉൾനാട്ടിൽ എത്തിച്ചേരുമ്പോഴാണ് എസ്. കെ പൊറ്റെക്കാടിന്റെ ‘നാടൻപ്രേമം’ എന്ന ചെറിയ നോവൽ ആരംഭിക്കുന്നത്. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തുവച്ചു രവീന്ദ്രൻ മാളു എന്ന നാടൻപെൺകുട്ടിയെ കണ്ടുമുട്ടുന്നു. ‘മഞ്ഞവെയിലിൽ മങ്ങിമായുന്ന സ്വപ്നപ്രായമായ മൃഗതൃഷ്ണയിൽ’.
മാളുവിന്റെ കുളിയും നീന്തിത്തുടിക്കലും, പുഴക്കരയിൽ വെച്ചുള്ള കണ്ടുമുട്ടലുകൾ, സരസഭാഷണങ്ങൾ, രവി നൽകുന്ന സമ്മാനങ്ങൾ, അവരുടെ രഹസ്യസമാഗമങ്ങൾ… അങ്ങനെയൊക്കെയാണ് കഥയിൽ അവരുടെ ബന്ധം മുറുകുന്നത്. ‘പ്രേമത്തിന്റെ ഗൂഢപാഠങ്ങൾ’ പഠിപ്പിക്കുന്നതിനിടയിൽ രവി അവളെ കല്യാണം കഴിക്കാമെന്നു വാഗ്ദാനം ചെയ്യുന്നുണ്ട്. (വിദ്യാസമ്പന്നനായതിനാൽ രവി മാളുവിനെ വിളിക്കുന്നത് ‘മാലു’ എന്നാണ്. അവൾക്കാണെങ്കിൽ അയാൾ ഇടക്കിടക്ക് വിളിക്കുന്ന ‘ഇഡിയറ്റ്” എന്ന വാക്ക് എന്തോ ഓമനപ്പേരാകാനേ തരമുള്ളൂ എന്നാണ് ധാരണ. അത്യാകർഷകങ്ങളായ നഗ്നഫോട്ടോകൾ, പ്രണയകവിതകൾ, ശൃംഗാരശ്ലോകങ്ങളുടെ വ്യാഖ്യാനങ്ങൾ, ചോക്ലേറ്റ് – ഇതൊക്കെയാണ് രവിയുടെ പ്രേമത്തിന്റെ ഗൂഢപാഠങ്ങളിലെ ചില പഠനോപാധികൾ.)
ഇക്കോരൻ എന്ന ഒറ്റയാനായ മനുഷ്യനു മാത്രമേ ഈ രഹസ്യബന്ധത്തെക്കുറിച്ച് അറിവുള്ളൂ. എല്ലാവർക്കും പരോപകാരിയായ ഇക്കോരൻ ആർക്കും എന്താവശ്യമുണ്ടെങ്കിലും ഏതു നേരത്തും ഓടിയെത്തും. ഉച്ചവരെ എല്ലുമുറിയെ പണിതു പിന്നെ വയറുനിറയെ കള്ളും കുടിച്ചു പാട്ടുകൾ പാടിനടക്കുന്ന ഒരാൾ. രാത്രികാലങ്ങളിൽ സമയംതെറ്റി പുഴ കടക്കുന്നവർക്കും ഒറ്റക്കു പോകുന്നവർക്കും മുക്കിലും മൂലയിലും മുഴങ്ങുന്ന അയാളുടെ പാട്ടുകൾ നിർഭയരായ വഴികാട്ടികളാണ്.
‘പഞ്ചമിച്ചന്ദ്രൻ രണ്ടുവട്ടം പുഴയിൽ പ്രതിഫലിച്ചു’ കഴിയുന്നതോടെ രവിക്ക് നഗരത്തിലേക്ക് തിരിച്ചുപോകാൻ തിടുക്കമായി. അയാൾക്കാവശ്യമായ മനഃശ്ശാന്തിയും ദേഹസുഖവും ലഭിച്ചു കഴിഞ്ഞിരുന്നു. അപ്രതീക്ഷിതമായ ലാഭവിഹിതം പോലെ ഒരു ‘പ്രേമ’വും കിടച്ചു. പോകുന്നതിന്റെ തലേന്ന് രാത്രി രവി മാളുവിനു പത്തുരൂപയും ഒരു മോതിരവും കൊടുത്തു. കോഴിക്കോടെത്തി ഒരാഴ്ച കഴിഞ്ഞാൽ അവളുടെ വിവരം അന്വേഷിക്കാൻ ആളെ വിടുമെന്നു സമാധാനിപ്പിച്ചുകൊണ്ട്.
പ്രേതത്തെപ്പോലെ മാളു പുഴ കടക്കുമ്പോൾ ദൂരെനിന്നും ഇക്കോരന്റെ പാട്ട് ഉയരുന്നു:
“മാനത്തിലമ്പിളി മിന്നുന്ന കണ്ടിട്ടു
മോഹിക്ക വേണ്ട നീ പെണ്ണേ –“
ഒരു മാസം കഴിഞ്ഞിട്ടും രവിയെക്കുറിച്ചു യാതൊരു വിവരവും അവൾക്കു ലഭിച്ചില്ല. അവളിപ്പോൾ ഗർഭിണിയാണ്.
പെരുമഴക്കാലത്തു കരകവിഞ്ഞൊഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ കുത്തൊഴുക്കിൽ ജീവനൊടുക്കാൻ ചാടിയ മാളുവിനെ ഇക്കോരൻ സാഹസികമായി രക്ഷിക്കുന്നു. കഥകളെല്ലാം കേട്ടശേഷം അയാൾ അവളെ വിവാഹം കഴിക്കുന്നു.
പിന്നീട് ഒരു വ്യാഴവട്ടം പുഴയിൽ മലവെള്ളമൊഴുകിപ്പോയ ശേഷമാണ് നോവലിന്റെ രണ്ടാം ഭാഗം തുടങ്ങുന്നത്. കോടീശ്വരനായി മാറിക്കഴിഞ്ഞ രവീന്ദ്രനെ അലട്ടുന്ന ഒരേയൊരു കൊടുംദുഃഖം തനിക്കു മക്കളില്ലാത്തതാണ്. അവകാശികളില്ലാതെ അനാഥമായിപ്പോകുന്ന സമ്പത്തിനെക്കുറിച്ചുള്ള വേവലാതിയും അയാൾക്കുണ്ട്.
ആയിടക്ക് മുക്കത്തെ റബർ എസ്റ്റേറ്റ് വിൽക്കാൻ ഉടമയായ ബർട്ടൻ സായ്പ് രവീന്ദ്രനെ കാണാനെത്തി. സായ്പിന്റെ ഡിന്നർ സത്കാരത്തിൽ കച്ചവടക്കാര്യം സംസാരിച്ചുറപ്പിക്കാൻ രവീന്ദ്രനും ഭാര്യ പത്മിനിയും മുക്കത്തേക്കു യാത്രയാകുന്നു. പുഴയോരത്തുവച്ച് അവർ രാഘവൻ എന്ന പന്ത്രണ്ടു വയസ്സുകാരനെ കാണുകയും ആ കുട്ടി മാളുവിന്റെയും രവിയുടെയും മകനാണെന്നു തിരിച്ചറിയുകയും ചെയ്യുന്നു.
തുടർന്ന് ബർട്ടൻ സായ്പ് വഴി അയാളുടെ എസ്റ്റേറ്റിലെ മേസ്തിരിയായ ഇക്കോരനുള്ള പ്രലോഭനങ്ങൾ, നയോപായങ്ങൾ, കുറ്റബോധത്താൽ രോഗബാധിതനായ രവിയുടെ വിലാപങ്ങൾ എന്നിങ്ങനെ നോവൽ തുടരുന്നു. എല്ലാറ്റിനുമൊടുവിൽ രവീന്ദ്രൻ കുട്ടിയെ സ്വന്തമാക്കുകയാണ്. മഴയുള്ള ഒരു രാത്രിയിൽ മാളുവും അവൾക്കു പുറകെ ഇക്കോരനും പുഴയിൽ ചാടി ജീവനൊടുക്കി. മുമ്പൊരിക്കൽ യഥേഷ്ടം സ്വത്തും ഒരു ലക്ഷം ഉറുപ്പികയും പ്രതിഫലമായി നൽകാമെന്ന് സായ്പ് പ്രലോഭിപ്പിക്കുമ്പോൾ ‘ഞങ്ങൾ നാട്ടിൻപുറത്തുകാർ പത്തുകുട്ടികളെ കുഴിക്കു കൊടുത്താലും ഒന്നിനെ പോറ്റാൻ കൊടുക്കില്ല’ എന്ന് മാളു മറുപടി പറഞ്ഞിട്ടുണ്ട്.
നോവൽ അവസാനിക്കുമ്പോൾ വൃദ്ധനായ രവിയും ചെറുപ്പക്കാരനായ മകനും റബ്ബർ തോട്ടത്തിൽ ചുറ്റിനടക്കുകയാണ്. തോട്ടത്തിന്റെ അതിർത്തിയിലുള്ള ഉപേക്ഷിക്കപ്പെട്ട വള്ളിക്കുടിലിലേക്കു നോക്കി നെടുവീർപ്പിട്ടുകൊണ്ട് ‘നാടൻപ്രേമം’ എന്ന് രവി പറയുന്നിടത്തു കഥ തീരുന്നു.
കാവ്യഭംഗിയുള്ള ഭാഷയിൽ ഒരു നാട്ടിൻപുറം, അവിടുത്തെ മനുഷ്യരുടെ ജീവിതവൃത്തികൾ, അവരുടെ പഴങ്കഥകൾ, പാട്ടുകളും ചൊല്ലുകളും… അങ്ങിനെ പലതും പൊറ്റെക്കാട് ഹൃദ്യമായി ആവിഷ്കരിക്കുന്നു. പ്രേമം, ദാമ്പത്യം, സന്തതി, സമ്പത്ത്, സ്വത്തവകാശം, വഞ്ചന, പശ്ചാത്താപം, ആത്മഹത്യ മുതലായ കാര്യങ്ങളിൽ ഒരു കാലഘട്ടത്തിന്റെയും അന്നത്തെ സമൂഹത്തിന്റെയും മൂല്യകല്പനകളെ നമുക്കതിൽ വായിച്ചെടുക്കാം. നമ്മുടെ കാലം ‘സത്യാനന്തരം’ ആണെന്ന വാദം നിലനിൽക്കെത്തന്നെ മേല്പറഞ്ഞ പട്ടികയിലെ പൊതുധാരണകളിൽ വലിയ വ്യത്യാസമുണ്ടായെന്ന് അവകാശപ്പെടാനാവില്ലെങ്കിലും. പ്രകൃതിയും മണ്ണും പെണ്ണും മതിവരും വരെ ഉപഭോഗത്തിനുള്ളതും ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കപ്പെടേണ്ടതുമായി കണക്കാക്കപ്പെടുന്ന വിനിമയമൂല്യങ്ങൾക്ക് വലിയ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചതായി തോന്നുന്നില്ല.
രണ്ട്: പുഴയിലൊഴുക്കിയ പാട്ടുകൾ
പുഴക്കരയിലെ വള്ളിക്കുടിലിൽ ആരംഭിച്ച നാടൻപ്രേമം എന്തുകൊണ്ടു റബർ എസ്റ്റേറ്റിൽ അവസാനിച്ചു എന്ന് ആലോചിച്ചുപോവുകയാണ്. അതിവായന എന്ന ആരോപണം നിലനിൽക്കുമെന്ന കാര്യം അറിഞ്ഞുകൊണ്ടുതന്നെ.
മേലാൽ വെള്ളക്കാർക്ക് ഇന്ത്യയിൽനിന്നും എന്തെങ്കിലും ഗുണം പ്രതീക്ഷിക്കാൻ പ്രയാസമായിട്ടാണ് പരിതഃസ്ഥിതികൾ കാണപ്പെടുന്നത് എന്ന കാരണം കൊണ്ടുകൂടിയാണ് അറുപത്തഞ്ചു കഴിഞ്ഞ ബർട്ടൺ സായ്പ് ബർമിങ്ങ് ഹാമിലേക്കു തിരിച്ചുപോകാൻ തീരുമാനിക്കുന്നത്. തോട്ടം വാങ്ങിയാൽ കറവ് വറ്റിയ പശുവിനെ വിലക്കു വാങ്ങിയപോലെ ആകുമോ എന്ന് രവീന്ദ്രൻ സംശയിക്കുന്നു.
മിസ്റ്റർ ബർട്ടൻ ഒരു കൃത്രിമച്ചിരി ചിരിച്ചു. സിംഗപ്പൂരിൽനിന്നും വരുത്തി പിടിപ്പിച്ച നല്ല ജാതി റബ്ബർ തൈകളെക്കുറിച്ചും 1100 ഏക്കർ വലിപ്പമുള്ള എസ്റ്റേറ്റിലെ ഒരു ലക്ഷത്തിഎഴുപത്തിനായിരം മരങ്ങളെക്കുറിച്ചും എല്ലാ ചെലവും കഴിച്ചു ഒരു ലക്ഷത്തോളം ഉറുപ്പിക വാർഷികലാഭം കിട്ടിയതിനെക്കുറിച്ചും സായ്പ് പറയുന്നു.
സായ്പിന്റെ റബ്ബർ തോട്ടം നടത്താൻ നാട്ടുകാരെക്കൊണ്ട് കഴിയുമോ എന്ന് പരിഹാസത്തോടെ ചോദിക്കുന്ന പത്മിനിക്ക് രവീന്ദ്രന്റെ മറുപടി ഇപ്രകാരമാണ്:
“പത്മിനീ, നീയും വിഡ്ഢിയാണോ? നമ്മുടെ കേരളത്തിന്റെ ഫലപുഷ്ടിയെ കയ്യടക്കി എത്ര വിദേശീയർ കോടീശ്വരൻമായിരിക്കുന്നു. നമ്മുടെ നാട്ടുകാരായ ധനികരാകട്ടെ, ഭീരുക്കളായി പണം യാതൊന്നിലും ഇറക്കാതെ ഒളിച്ചുവെക്കുന്നു. കാടും കരിങ്കല്ലും വെട്ടിത്തെളിയിച്ച്, എത്രയോ ആയിരം ഉറുപ്പിക ചെലവഴിച്ച് റബ്ബർതൈകൾ നട്ടുപിടിപ്പിച്ച് അവയെ ശുശ്രൂഷിച്ചു വളർത്തിക്കൊണ്ടുവന്നു ഫലമനുഭവിക്കാൻ അനേകവർഷങ്ങൾ കാത്തിരിക്കാനുള്ള ധൈര്യവും ക്ഷമയും വിദേശീയർക്കേ ഉള്ളൂ. അവർ കാട്ടിൽ പണം കൊണ്ടുവന്നെറിഞ്ഞ കാലത്ത് നാട്ടുകാർ ഉള്ളുകൊണ്ട് അവരെ പരിഹസിച്ചിരിക്കണം. ഇന്നാകട്ടെ അവർ അന്നു ചെലവഴിച്ചതിന്റെ പതിനായിരം ഇരട്ടി സമ്പാദിച്ചുകഴിഞ്ഞു. റബ്ബറിന് ഇന്നു റാത്തലിന് ശരാശരി ഏട്ടണ വിലയുണ്ട്. ഇപ്പോൾ അവരുടെ ഒരു വർഷത്തെ ലാഭം ഒരു ലക്ഷം ഉറുപ്പികയാണെന്നു പറയുന്നു. റബ്ബറിന് വില കൂടിയ കാലത്ത് റാത്തലിന് 15 ക. വരെ എത്തിയിരുന്നു. അന്നവർക്ക് പ്രതിവർഷം 30 ലക്ഷം ഉറുപ്പിക ലാഭം കിട്ടിക്കാണണ്ടെ! നോക്കൂ, അവരുടെ ദീർഘദൃഷ്ടിയുടെ ഫലം, ലുബ്ധത കൊണ്ട് പണം സമ്പാദിക്കാൻ കഴിയില്ല. അഥവാ അതല്ല ശരിയായ മാർഗ്ഗം. ബിസിനസ്സിൽ ധൈര്യമാണ് ആവശ്യം.”
1939 ലാണ് പൊറ്റെക്കാട് തന്റെ ആദ്യനോവലായ നാടൻപ്രേമം എഴുതുന്നത്. ചങ്ങമ്പുഴയുടെ രമണനുശേഷം ഒരു കഥാപുസ്തകത്തിനുവേണ്ടി വീട്ടിൽ നടക്കുന്ന പിടിയും വലിയും ബഹളവും പുസ്തകത്തിന്റെ ആമുഖത്തിൽ എം. ടി ഓർക്കുന്നുണ്ട്. അതേപേരിൽതന്നെ നോവൽ സിനിമയായപ്പോഴും വൻവിജയമായിരുന്നു. അക്കാലങ്ങളിൽ വനഭൂമികൾ വെട്ടിത്തെളിക്കുന്നതു മൂലമുണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ മലയാള സാഹിത്യത്തിന്റെയോ പൊതുബോധത്തിന്റെയോ വിദൂരചക്രവാളങ്ങളിൽ പോലും നാമ്പെടുത്തിരിക്കാൻ സാധ്യതയില്ല. മറിച്ചു കൊടുംകാടുകളും വന്യമൃഗങ്ങളും മനുഷ്യയത്നങ്ങൾക്കു മാർഗ്ഗതടസ്സം നിൽക്കുന്ന പ്രാകൃതശക്തികളായി അനുഭവപ്പെട്ടിരിക്കണം. മലബാറിലെ വനഭൂമിയിലേക്കു കുടിയേറിയതിനാൽ കഠിനാധ്വാനവും മലമ്പനിയും കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളും തകർത്തുകളഞ്ഞ ജീവിതങ്ങളെക്കുറിച്ചു എസ്. കെ ‘വിഷകന്യക’ എന്ന നോവലിൽ വിവരിച്ചിട്ടുണ്ട്. മനുഷ്യകുലത്തിന്റെ താത്പര്യങ്ങളിൽ നിസ്സംഗത പുലർത്തുന്ന ഇരുണ്ടശക്തിയായി പ്രകൃതി വായനക്കാർക്ക് അനുഭവവേദ്യമാകുന്ന ആഖ്യാനമാണത്.
എന്നാൽ പിന്നീടുള്ള കാലങ്ങളിൽ കഥകൾ മാറി. രവീന്ദ്രന്റെ ദീർഘദൃഷ്ടിയുടെയും ബർട്ടൺ സായ്പിൽനിന്നും ഏറ്റുവാങ്ങിയ ധൈര്യത്തിന്റെയും ചുവടുപിടിച്ചു കേരളത്തിന്റെ മലയോരമേഖലകളിൽ ഏക്കർ കണക്കിനു വനവൈവിധ്യം വെട്ടിത്തെളിയിച്ച് ഒരേ ഇനത്തിലുള്ള വിളകൾ വെച്ചുപിടിപ്പിച്ചാലുള്ള സാമ്പത്തികലാഭം നാട്ടുകാർ മനസ്സിലാക്കി. റബ്ബർ പോലുള്ള മോണോക്രോപ്പുകളുടെ തോട്ടങ്ങൾ പെരുകി. അത്തരം നാണ്യവിളകളുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന എസ്റ്റേറ്റുകൾ, അവയുടെ ഉടമകൾ, മേസ്തിരിമാർ, തൊഴിലാളികൾ, അവരുടെയെല്ലാം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രാദേശികപാർട്ടികൾ, ഇടതുവലതുഭേദമില്ലാതെ ഭരണത്തിൽ മലയോര രാഷ്ട്രീയത്തിന്റെയും സമ്പത്തിന്റെയും വിലപേശൽശേഷി, പത്രസ്ഥാപനങ്ങൾ, മതമേധാവിത്വത്തിന്റെ അപ്രമാദിത്വം, ടയർ കമ്പനികൾ, കുടിയേറ്റ ജീവിതങ്ങളുടെ തുടരൻ പൈങ്കിളി നോവലുകൾ… ഇവയെല്ലാം റബർ ബോർഡിന്റെ വാർഷിക റിപ്പോർട്ടുകളുമായി ചേർത്തുവെച്ചാൽ ഒരു സാംസ്കാരികപഠനത്തിനു വകയുള്ള ബൃഹദ്വിഷയമാണ്.
കൃഷിഭൂമിയുടെ ഉടമകളായ കർഷകർ ബൂർഷ്വകളായി മുദ്ര കുത്തപ്പെടേണ്ടവരല്ല, അവര് അധ്വാനവർഗ്ഗമാണ് എന്ന് സ്ഥാപിക്കുന്ന ‘അധ്വാനവർഗ്ഗ സിദ്ധാന്തം’ നമ്മൾ കണ്ടുപിടിക്കുകയുണ്ടായി. കമ്യൂണിസത്തിന്റെയും കാപിറ്റലിസത്തിന്റെയും ദോഷവശങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കിയെന്ന അവകാശവാദത്തോടെ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലും ബ്രിട്ടീഷ് പാർലമെന്റിലും സിദ്ധാന്തം അവതരിപ്പിക്കപ്പെടുമ്പോൾ കയ്യടികൾ ഉയർന്നു. റബർമാളികകളിലെ നോട്ടെണ്ണൽ യന്ത്രങ്ങൾ അന്നേരം മതിമറന്നു ചിരിച്ചിട്ടുണ്ടാകണം. ബർട്ടൻ സായ്പിന്റെ ആത്മാവിനൊപ്പം. (രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാൽ ഇറക്കുമതി ഉദാരമാക്കിയതോടെ റബർ ഇപ്പോൾ നഷ്ടത്തിന്റെ തോട്ടങ്ങളായി മാറിക്കഴിഞ്ഞു. കുടിയേറ്റ നോവൽ പരമ്പരകളിൽ ഈ മാറ്റം ഏതുതരം ചലനങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നതെന്നു സാഹിത്യകുതുകികൾക്ക് ഉറ്റുനോക്കാവുന്നതാണ്.)
മനുഷ്യസമൂഹവും ചരിത്രവും അവയുടെ ആത്യന്തികലക്ഷ്യങ്ങൾ നിറവേറ്റാൻ രേഖീയകാലത്തിന്റെ ഏകദിശയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു എന്ന പരികല്പനയിൽ ‘പുരോഗതി’ എല്ലായ്പോഴും വിജയവുമായി ബന്ധപ്പെട്ട അനസ്യൂതഗാഥയാണ്. ആരുടെ താത്പര്യമാണ് ഈ പുരോഗമനം എന്ന സന്ദേഹവും ചോദ്യങ്ങളും ഉയരാതിരിക്കാനുള്ള മറവികളാണ് വികസനത്തിന്റെ മുഖംമൂടിയണിഞ്ഞ മിക്ക പ്രത്യയശാസ്ത്രങ്ങളും. മനുഷ്യനും മനുഷ്യേതരമായ ഏതോ പ്രകൃതിയും സദാ പോരടിക്കേണ്ട കേവലദ്വന്ദങ്ങളായി കണക്കാക്കപ്പെടുന്ന യുദ്ധക്കളങ്ങളാണവ. ‘അജയ്യമായ’; ‘കീഴടക്കി’, ‘ഏറ്റുമുട്ടലിൽ തളരാതെ’ എന്നിങ്ങനെയുള്ള സംഘർഷങ്ങളുടെ പദാവലികളാണ് ഈ വികസനസങ്കല്പത്തിൽ ഉയർന്നു കേൾക്കാറുള്ള മുദ്രാവാക്യങ്ങൾ. യുദ്ധത്തിന്റെ രാഷ്ട്രീയത്തിലും രാഷ്ട്രീയത്തിന്റെ യുദ്ധങ്ങളിലും ആവർത്തിക്കുന്ന അതേ ആക്രോശങ്ങൾ. ലാഭത്തിനും ലോഭത്തിനും വേണ്ടി മനുഷ്യവത്കൃതം കൂടിയായ ആവാസപരിസരങ്ങളെ നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യുന്ന വികസനമാതൃകകളുടെ ഒട്ടേറെ ദുരന്തകഥകൾ നമുക്കറിയാം. ഇത്തരം പുരോഗമന ‘വിശ്വാസ’ങ്ങളിലെ മൃത്യുവാഞ്ഛയോളമെത്തുന്ന അസംബന്ധങ്ങളെന്തെന്നു വിളിച്ചുപറയുന്ന ശബ്ദങ്ങളെ മുക്കിക്കളയാനുള്ള തന്ത്രം കൂടിയാണ് മേല്പറഞ്ഞ ആർപ്പുവിളികൾ. (മന്ത്രോച്ചാരണങ്ങളിൽ തുടങ്ങി സിനിമാപ്പാട്ടുകളിൽവരെ ഇതേ പ്രകൃതി അമ്മയും ദേവിയുമായി പ്രത്യക്ഷപ്പെടുമെന്നത് വേറെ കാര്യം.)
യാഥാർഥ്യം രേഖീയനിർവ്വചനങ്ങളെ പിന്തുടരാത്ത തകർച്ചകളുടെയും ക്വാണ്ടം ചാട്ടങ്ങളുടെയും നിർമ്മിതിയാണെങ്കിൽ അഭിവൃദ്ധി എന്ന ആശയം പ്രശ്നവത്ക്കരിക്കപ്പെടും. അന്നേരം ഉരുകുന്ന ഹിമാനികളും ഉയരുന്ന ആഗോളതാപനവും മനുഷ്യരടക്കമുള്ള ജീവരാശികളുടെ നിലനില്പിനെ ചോദ്യംചെയ്യും. ഉരുൾപൊട്ടലുകളിലും കടലാക്രമണങ്ങളിലും വികസനത്തിന്റെ വിജയാട്ടഹാസങ്ങൾ മുങ്ങിയൊലിച്ചു പോകും. മനുഷ്യനെമാത്രം ചുറ്റിപ്പറ്റിയല്ല പ്രകൃതിയിലെയും പ്രപഞ്ചത്തിലെയും സംഭവങ്ങൾ അരങ്ങേറുന്നത് എന്നതിനാൽ.
പരിസ്ഥിതി ആഘാതങ്ങൾക്കു പുല്ലുവിലപോലും കൽപ്പിക്കാതെ വമ്പൻകുത്തകൾക്ക് ഏതുതരം വ്യവസായവും ഖനനങ്ങളും ആരംഭിക്കാനുള്ള EIA ഭേദഗതികൾ കേന്ദ്രഭരണകൂടം നടപ്പാക്കുകയാണ്. മഴക്കാലങ്ങളെല്ലാം പ്രളയവും ഉരുൾപൊട്ടലുമാകുമോ എന്ന പേടി നിലനിൽക്കുമ്പോഴും മലയോരങ്ങളെ തുരന്നു കൂറ്റൻ മടകളാക്കുന്ന ക്വാറികളുടെ സുരക്ഷാപരിധി കുറക്കാനുള്ള നീക്കം കേരളത്തിൽ നടന്നു. തെരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ ക്വാറികൾക്കുള്ള അനുമതികളുടെ എണ്ണം കൂട്ടിയത് അധികമാരും കണ്ടതായി നടിച്ചില്ല. തുറമുഖങ്ങളിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കാൻ കാടുകളെയും വയലുകളെയും മുറിച്ചു കൂറ്റൻപാതകളുടെ വീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സംഗതി ദേശീയ ഫാസിസമാണെങ്കിലും പ്രാദേശിക ‘വിപ്ലവ’ മാണെങ്കിലും പൊതുവായ വർഗ്ഗശത്രുക്കൾ കാടും മലയും വയലും പുഴകളുംതന്നെ. പെട്ടിമുടിയിലടക്കമുള്ള മലയിടിച്ചിലുകളിൽ മണ്ണിനടിയിൽ കണ്ടെത്താനാകാതെ കിടക്കുന്ന ശരീങ്ങൾക്ക് മുമ്പോട്ടുള്ള ഈ കുതിപ്പിൽ വലിയ വാർത്താപ്രാധാന്യമില്ല.
ഉരുൾപൊട്ടൽ മറികടന്നു മലയിറങ്ങിയാൽ പോർട്ട് പദ്ധതി കാരണം തീരവും വീടുകളും നഷ്ടമായ പൂന്തുറയും കരിമണൽക്കൊള്ളക്കാരുടെ കയ്യിലകപ്പെട്ട ആലാപ്പാടും ഭൂപടത്തിൽ ഇല്ലാതാകുന്ന ചെല്ലാനവും ജലഭീതിയിലും പോലീസ് മർദ്ദനത്തിലും ഉറക്കം നഷ്ടമായ വൈപ്പിനിലെ കുഞ്ഞുങ്ങളും നമ്മുടെ പുരോഗതിയെ എതിരേൽക്കാൻ കാത്തുനില്പുണ്ട്. (വികസനവിരുദ്ധരും പരിസ്ഥിതി തീവ്രവാദികളുമായ കുഞ്ഞുങ്ങൾ!)
ഇടനിലങ്ങളിൽ നടപ്പിലായ ഭൂപരിഷ്കരണത്തിന്റെ ഭൂമിയടക്കം മലകൾക്കും കടലിനുമിടയിൽ പാറിക്കിടക്കുന്ന അതീവപരിസ്ഥിതിലോലമായ ഏതാനും മൺപാടകളെ കുറിച്ചോർക്കുമ്പോൾ എല്ലാ പാട്ടുകളുടെയും ഒടുവിൽ ഇക്കോരൻ പാടുന്ന ഈരടികൾ മുഴങ്ങുന്നു:
“പാട്ടൊക്കെ പാടി പഴമ്പായിൽ കെട്ടി
മുക്കം പുഴയിലൊഴുക്കി കളഞ്ഞു.” “…എന്ന് പാടിയാൽ പിന്നെ അവൻ പാടുകയില്ല എന്നാണർത്ഥം” എന്ന് എസ്.കെ.