അടയിട്ട് വിരിയിച്ചാലും
അറിയാതെ പിറന്നാലും കൗമാരം കഴിയുമ്പോഴേയ്ക്കും
പിരിയൻ ഗോവണി മുന്നിൽ വരും
ചിലപ്പോൾ ബാല്യ കൗമാരത്തിൽ തന്നെ
പിന്നെ ഓരോ കാൽവെയ്പ്പും
ഉന്തി തള്ളി വെയ്ക്കണം
രണ്ടറ്റങ്ങൾ കൂട്ടിമുട്ടാനെന്തു ദൂരം !
ചുമതലകളുടെ കുന്ന്
വഴുതി വീണാലും
പിടിച്ചു കയറണം
കിതച്ച് വിയർത്താലും
ഒരു കവിൾ വെള്ളം
കിട്ടിയില്ലെങ്കിലും
ഒന്ന് നെടുവീർപ്പെട്ട്
കയറ്റം തുടരണം
ഇടയിൽ താഴ്വാരത്ത്
പൂക്കൾ വിടർന്നേക്കാം
സൗരഭ്യം പരന്നേക്കാം
നുകർന്നു കഴിയും മുമ്പേ
കൊഴിഞ്ഞും പോയേക്കാം
സങ്കടങ്ങളുടെ ഉഷ്ണ സായാഹ്നത്തിൽ
ഇരിക്കാനൊരു ചാരുകസേര
അതിലൊന്നിരിക്കാൻ
തുനിഞ്ഞപ്പോഴറിഞ്ഞു
കാലാരോ ഊരിയിട്ടിരിക്കുന്നു
പിന്നെ ഇരുട്ടായി
ഇനി കയറ്റമില്ല
ഇറക്കം തുടങ്ങി
സമ്മർദ്ദങ്ങളുടെ കയങ്ങളിലേക്ക്