അമ്മക്ക് ഒരുപാട്
കഥകളുണ്ട്..
പണ്ട് പണ്ട് എന്ന്
പറഞ്ഞുതുടങ്ങുമ്പോളാണ്
ചട്ടിയിലെ കറി
കരിയാൻ തുടങ്ങുന്നത്
പിന്നെ അങ്ങോട്ടേക്ക്
ഒരൊറ്റ ഓട്ടമാണ്.
ഒരിടത്തൊരിടത്ത് എന്ന്
വീണ്ടും തുടങ്ങുമ്പോളാണ്
കലത്തിൽ വെള്ളം
നിറഞ്ഞു തുളുമ്പുന്നത്
ഓട്ടം തുടരുന്നു…
അന്നൊരിക്കൽ
എന്ന് പറയുമ്പോഴൊക്കെ
പൂവാലി പശു
കയറ് പൊട്ടിച്ച്
അപ്പുറത്ത് തൊടിയിൽ
ചാടിക്കയറും..
ഓട്ടം നിൽക്കുന്നില്ല..
കഥ തുടങ്ങുമ്പോഴൊക്കെ
അങ്ങനെയാണ്..
അച്ഛന്റെ നീട്ടിയുള്ള
അധികാര വിളി..
അല്ലെങ്കിൽ
അടുക്കളയിൽ
കുറിഞ്ഞി പൂച്ചയുടെ
കളവ് കരച്ചിൽ..
മീൻകാരന്റെ
നീളൻ ഹോണടി..
പത്രക്കാരൻ…
പാൽക്കാരൻ…
ചിട്ടിക്കാരൻ…
കുടുബശ്രീ ചേച്ചിമാർ…
തുടർന്നുള്ള
മാരത്തൺ ഓട്ടങ്ങൾ…
അമ്മ തുടങ്ങിവെച്ച
കഥ ഏതാണ്….?
ഈ കഥ എന്ന്
പറഞ്ഞു തീർക്കും
കള്ളി കഥയമ്മ…