ഏത് നിമിഷവും പറന്നുയരാൻ ചിറകുവിരിച്ച് നിൽക്കുന്ന വിമാനത്തിൻ ചില്ലുകാഴ്ച്ചകളിൽ മുഴുകിയ പ്രകാശന്റെ മനം നിറയെ ഹൈഫ എന്ന പെൺകുട്ടിയായിരുന്നു; അവളോടുള്ള സ്നേഹവും കൃതജ്ഞതയുമായിരുന്നു. ഹൈഫയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അയാളുടെ ഇന്നത്തെ യാത്ര തന്നെ സംഭവിക്കില്ലായിരുന്നു. ഒരു പക്ഷേ, തനിക്കിന്ന് യാത്ര ചെയ്യാൻ കഴിയുമായിരുന്നില്ലെങ്കിൽ..!? അകലെ, റൺവേയിൽ ശരവേഗം പറന്നിറങ്ങിയ വിമാനത്തോടൊപ്പം ആ ചോദ്യം അയാളുടെ ഹൃദയത്തിൽ തറച്ചു. അതിനൊരേയൊരു ഉത്തരമേ തനിക്കുള്ളൂവെന്ന് തിരിച്ചറിയവേ മിഴികൾ നിറഞ്ഞു. ആ തിരിച്ചറിവ് പ്രകാശനെ ഭയചകിതനാക്കിയെങ്കിലും വിദൂരതയിൽ നോക്കി അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.
ഒരേ ഒരു മകളാണ്.. അവളുടെ കല്യാണമാണ്, ലീവ് വേണം എന്ന് *അർബാബിനോട് യാചിക്കുമ്പോൾ ശബ്ദമിടറിയത് പ്രകാശൻ ഓർത്തു. കരുണ ഒട്ടുമേയില്ലാത്ത നോട്ടത്തിനും, ഒരുപാട് മുറുമുറുപ്പിനുമൊടുവിൽ, “നാളെ ജർമ്മനിക്ക് പോവും, വന്നിട്ട് പറയാം” എന്ന മറുപടി നൽകിയ പ്രതീക്ഷയെ തകിടം മറിച്ച്, ഒരു മാസം കഴിഞ്ഞും ആൾ തിരിച്ചു വന്നില്ല. അദ്ദേഹത്തിന്റെ പത്നിയോട് പല തവണ ഓർമ്മിപ്പിച്ചെങ്കിലും നിഷ്ഠൂരതയുടെ പര്യായമായ ഭർത്താവിനോട് സംസാരിക്കാൻ അവർക്കും വിമുഖതയായിരുന്നു.
ദിനങ്ങൾ പൊഴിയവേ കഠിനമായ അനിശ്ചിതത്വം അയാളെ മഥിച്ചുകൊണ്ടിരുന്നു. മരുഭൂവിനെ തഴുകിയെത്തും ഉഷ്ണക്കാറ്റിൽ അയാളുടെ അകവും പുറവും സമം ഉരുകി.
ഇന്നലെയാണ്, സ്കൂളിന് സമീപം ഹൈഫയെ കാത്തുനിൽക്കുമ്പോൾ രണ്ടും കൽപ്പിച്ച് അർബാബിന് ഫോൺ ചെയ്തത്. നിമിഷങ്ങൾക്കകം, നാളെ കഴിഞ്ഞ് നടക്കേണ്ട തന്റെ മകളുടെ വിവാഹം അച്ഛന്റെ അഭാവത്തിൽ മാത്രമേ സംഭവിക്കൂ എന്ന തിരിച്ചറിവൊരു മണൽക്കാറ്റ് പോലെ അയാളെ ചുറ്റി ശ്വാസം മുട്ടിച്ചു.
വീഡിയോകോളിൽ മകളെ സമാധാനിപ്പിക്കാൻ അയാൾ പ്രയാസപ്പെട്ടു. ഡ്രൈവിനിടയിൽ അറിയാതെ തോർന്ന കണ്ണുനീർ തുടയ്ക്കുന്നത് കണ്ടപ്പോൾ ഹൈഫ കാരണമാരാഞ്ഞു. ആ പെൺകുട്ടിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ നിവൃത്തിയില്ലാതെ അയാൾ കാര്യങ്ങൾ പറഞ്ഞു. ഹൈഫ, ബാബയോട് താൻ സംസാരിക്കാമെന്ന് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ അലകളുണ്ടായി. മകളുടെ ഒരാവശ്യവും നിരാകരികാത്ത പിതാവാണ് തന്റെ യജമാനൻ എന്ന് പ്രകാശൻ മനസ്സിലാക്കിയിട്ടുണ്ട്. ഹൈഫ സംസാരിക്കുമെങ്കിൽ തനിക്ക് യാത്ര ചെയ്യാനായേക്കുമെന്ന ചിന്ത അയാളെ ഏറെ ആശ്വസിപ്പിച്ചു.
ബംഗ്ലാവിന്റെ മുന്നിലെ കാർപോർച്ചിലിരുന്ന പ്രകാശന് ഹൈഫയുടെ സംസാരം അവ്യക്തമായെങ്കിലും കേൾക്കാം. പതിനാലുകാരി അവളുടെ പിതാവിനോട് കോപിച്ചാണ് സംസാരിക്കുന്നതെന്ന് അയാൾ മനസ്സിലാക്കി. അൽപസമയത്തിന് ശേഷം തന്റെ പാസ്സ്പോർട്ടുമായി ഹൈഫ പ്രകാശന്റെ മുന്നിലെത്തി. അത് ഏറ്റുവാങ്ങവേ അയാളുടെ കൈകൾ വിറച്ചു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പെൺകുട്ടി തന്റെ സ്വർണ്ണവള അയാൾക്ക് നേരെ നീട്ടി.
“താങ്കളുടെ മകൾക്ക് കൊടുക്കണം, എന്റെ സമ്മാനമാണ്.”
പൊടുന്നനെ വിമാനത്തിനുള്ളിലുണ്ടായ ക്യാപ്റ്റന്റെ അറിയിപ്പാണ് അയാൾക്ക് ചിന്തകളിൽ നിന്നുമൊരു വിടുതൽ നൽകുന്നത്. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പേയുള്ള അറിയിപ്പാണെന്ന ധാരണയെ കീഴ്മേൽ മറിക്കും വിധം യാത്രക്കാരുടെ ശബ്ദമുയർന്നു. തന്റെ ശരീരഭാഷ മനസ്സിലാക്കിയ സഹയാത്രികൻ യന്ത്രത്തകരാറുമൂലം വിമാനം വൈകുമെന്ന അറിയിപ്പായിരുന്നുവെന്ന് തർജ്ജമ ചെയ്തു. അത് കേട്ടതും തളർന്നു പോയ അയാൾ ദീർഘനിശ്വാസമെടുത്ത് പിറകോട്ട് ചാഞ്ഞു. യാത്രക്കാരുടെ ബഹളവും വിമാനജീവനക്കാരുടെ ക്ഷമാപണവും അയാളെ സ്പർശിച്ചതേയില്ല. മണിക്കൂറുകൾക്ക് ശേഷം യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കിയെന്ന അറിയിപ്പുണ്ടായി, വിമാനത്തിൽ നിന്നും തിരികെയിറങ്ങുന്നവരുടെ ശബ്ദത്തിൽ നിരാശയും അപ്രീതിയും മുഴച്ചുനിന്നു. അപ്രതീക്ഷിതമായ സംഭവവികാസത്തിൽ പതറാതിരിക്കാൻ പ്രകാശൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഹോട്ടലിലേക്കുള്ള വഴിയിൽ, വിമാനം വൈകുമെന്നും ആരെയും തന്നെ സ്വീകരിക്കാൻ അയക്കേണ്ടതില്ലെന്നും പ്രകാശൻ മകൾക്ക് സന്ദേശമയച്ചു. ഹോട്ടലിൽ തനിക്കൊപ്പമുള്ളയാൾ എത്ര സുഖമായുറങ്ങുന്നുവെന്ന് അയാൾക്ക് തോന്നി. സമയം വൈകുന്തോറും അയാൾ അക്ഷമനായി. വൈകീട്ട് നാല് മണിയോടെ അറിയിപ്പുണ്ടായി. പുലർച്ചെ നാലിന് പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി ഏഴ് മണിയോടെ പറക്കുമെങ്കിൽ തനിക്ക് നാളെ അതിരാവിലെ തന്നെ വീടണയാം എന്ന മനക്കണക്കിൽ അയാൾ ആശ്വാസം കൊണ്ടു.
“ഇതിൽ സ്വർണ്ണമുണ്ടല്ലോ!” സ്ക്രീനിൽ വൃത്താകൃതിയിലുള്ള ചിത്രം കാണിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആ ബാഗ് വാങ്ങി മറ്റൊരുദ്യോഗസ്ഥൻ പ്രകാശനെ അരികിലേക്ക് വിളിച്ചു. എത്ര ഗ്രാം സ്വർണ്ണമുണ്ടെന്ന ചോദ്യത്തിന് അയാൾക്ക് ഉത്തരമില്ലാതായി. തന്റെ മകളുടെ വിവാഹമാണെന്നും യജമാനന്റെ മകൾ തന്നയച്ച സമ്മാനമാണെന്നും അയാൾ സങ്കടപ്പെട്ട് പറഞ്ഞു. ഉദ്യോഗസ്ഥൻ പ്രകാശനോട് മാറിനിൽക്കാനാവശ്യപ്പെട്ടു. ക്ഷമയോടെ അയാൾ മിനിറ്റുകളോളം കാത്തു നിന്നു. കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്റെ മേലുദ്യോഗസ്ഥയ്ക്കടുത്തേക്ക് പ്രകാശനെ വിളിപ്പിച്ചു.
“നോക്കൂ.. ഇത് അനുവാദമുള്ളതിലും അധികമാണ്. നിങ്ങൾക്ക് ഡ്യൂട്ടിയടക്കേണ്ടി വരും.”
പ്രകാശൻ, ഈ രാവ് പുലരുമ്പോൾ മകളുടെ വിവാഹമാണെന്നും എങ്ങനെയൊക്കെയാണ് ഈ യാത്ര തനിക്ക് സാദ്ധ്യമായതെന്നും ആ സ്ത്രീയോട് പറഞ്ഞു. ഏകമകൾക്ക് സമ്മാനമായി ലഭിച്ച ഈ ആഭരണമല്ലാതെ തന്റെ പക്കൽ മറ്റൊന്നുമില്ലെന്ന് പറയുമ്പോൾ കണ്ണുകളിൽ നിസ്സഹായത നിറഞ്ഞൊഴുകി.
“വിട്ടേക്കൂ..ഈയൊരു വള എന്ത് വ്യത്യാസമുണ്ടാക്കാനാണ്. എത്രമാത്രം സ്വർണ്ണം നാമറിയാതെ ഇവിടെ…” ആ സ്ത്രീ തന്റെ കീഴുദ്യോഗസ്ഥനോട് പറഞ്ഞു.
ഇരുപത്തിയഞ്ചാം വയസ്സിൽ തുടങ്ങിയ, മൂന്ന് പതിറ്റാണ്ട് പിന്നിട്ട പ്രവാസത്തിനിടയിൽ താൻ ആദ്യമായാണ് കാറിൽ വീട്ടിലേക്ക് യാത്ര ചെയ്യുന്നതെന്ന് പ്രകാശൻ ഓർത്തു. രണ്ടോ മൂന്നോ പേർ വീതം വെച്ച്, റെയിൽസ്റ്റേഷൻ വരെ ഓട്ടോയിലും അവിടുന്ന് ട്രെയിനിലുമായായാണ് ഇതുവരെ താൻ വീട്ടിലെത്തിയിട്ടുള്ളത്. ആ വിധം ജീവിതം ചുരുക്കിയാണ് കുടുംബത്തിലോരോരുത്തർക്കും താങ്ങായതും, പണിയിനിയും ബാക്കിയുണ്ടെങ്കിലും നാല് ചുവരുകളും മേൽക്കൂരയും സ്വന്തമാക്കിയതും. വീടിന് മുന്നിൽ ചെറിയൊരു കല്യാണപ്പന്തൽ തന്റെ എന്നത്തേയും സ്വപ്നം. ഏതാനും മണിക്കൂറിലത് സഫലമാകാൻ പോകുന്നുവെന്നത് അയാളെ സന്തോഷിപ്പിച്ചു.
“നമുക്ക് ഈ വഴി പോകാം..” ഹൈവേയിൽ നിന്നും മാറി കാർ വലത്തോട്ട് തിരിക്കുമ്പോൾ ഡ്രൈവർ പറഞ്ഞു. “അറിയില്ലേ..ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസല്ലേ..? ഹൈവേയിൽ വാഹനം തടയും അവര്..” ഡ്രൈവർ വിശദീകരിക്കുമ്പോഴേക്കും വിജനമായതും ഇടുങ്ങിയതുമായ റോഡിലേക്ക് കാറെത്തിയിരുന്നു.
കാറിലെ ക്ലോക്ക് സമയത്തെ അപ്പോൾ നാല് പൂജ്യങ്ങളിൽ തളച്ചിടാൻ ശ്രമിച്ചു. സമീപത്തെ ചെറു പൂജ്യങ്ങളിലൊന്ന് ഒന്നു മുതൽ പൂജ്യംവരെയുള്ള യാത്ര തുടർന്നുകൊണ്ടേയിരുന്നു
എപ്പഴോ ഒന്ന് മയങ്ങിപ്പോയത് കാരണം എത്ര ദൂരം പിന്നിട്ടെന്നറിയില്ല. ആരൊക്കെയോ ആക്രോശിക്കുന്നതും കാറിന്റെ ചില്ലിൽ മുട്ടുന്നതും കേട്ടാണ് പ്രകാശൻ കണ്ണുതുറന്നത്. ആറേഴ് പേർ കാർ വളഞ്ഞിരിക്കുന്നു. രണ്ടുപേർ കൈകളിൽ കരിങ്കൽ കഷണങ്ങൾ പിടിച്ചിരുന്നു. ഒരാൾ കാറിന്റെ ബോണറ്റിൽ ശക്തമായി ഇടിച്ചു. മറ്റൊരാൾ ഡ്രൈവറോട് ഗ്ലാസ്സ് താഴ്ത്താൻ ആവശ്യപ്പെട്ടു.
“പണിമുടക്കാന്നറീലേ..?” അയാൾ ഡ്രൈവറോട് കയർത്തു.
“എയർപ്പോട്ട്ന്നാ.. ഇയാള് ഇപ്പോ സൗദി ഫ്ളൈറ്റ്ന് വന്ന ആളാ..” ഡ്രൈവർ പറഞ്ഞു.
“എയർപ്പോർട്ട്ന്ന് ഗ്ലാസ്സിന് എഴുതി വെച്ചൂടേ.. വെറ്തേ നമ്മക്ക് പണിയാക്കണാ..” വേറൊരുത്തൻ.
അപ്പോഴേക്കും പ്രകാശന്റെ ഡോർ ഒരാൾ തുറന്നു. “പാസ്പ്പോട്ടെഡ്..” മദ്യലഹരിലായിരുന്ന അയാൾ സിഗരറ്റ് ആഞ്ഞ് വലിച്ചുകൊണ്ട് പറഞ്ഞു.
“ഇന്നെന്റെ മോളെ കല്യാണാണ്. കൊറേ പോവാന്ണ്ട്. കൊഴപ്പാക്കര്ത്..” ബാഗിൽ നിന്നും എടുത്ത പാസ്സ്പോർട്ട് ഉയർത്തിക്കാണിച്ച് പ്രകാശൻ പറഞ്ഞു.
“ഇന്നത്തെ കല്യാണത്തിന് വന്ന അച്ഛനിങ്ങോട്ട് ഇറങ്ങ്. എല്ലാരും ഒന്ന് കാണട്ട്..” പുച്ഛത്തോടെ ഒരുവൻ പറഞ്ഞു.
“പോട്ട്, വിട്ടേ..” കൂട്ടത്തിലെ നേതാവിന് മനസ്സലിവുണ്ടായി.
പ്രകാശം തെളിയിച്ച് ആ വാഹനം അതിവേഗം മുന്നോട്ട് നീങ്ങി. ഇരുട്ടിനോടൊട്ടി ആ യുവാക്കൾ മായുംവരെ, അയാളുടെ ഹൃദയം അസാധാരണമായി മിടിച്ചു. മെല്ലെ അയാൾ പിറകോട്ട് ചാരി കണ്ണുകളടച്ച് കിടന്നു.
“വെറും തെമ്മാടികളാ.. പാർട്ടിയൊന്നും പറഞ്ഞിറ്റോ അറിഞ്ഞിറ്റോണ്ടാവൂല്ല” ഡ്രൈവർ പറഞ്ഞു. പ്രകാശൻ, പക്ഷേ അത് കേട്ടില്ല. മനസ്സിൽ പഴയൊരു യുവാവപ്പോൾ റോഡരികെ കൊടിമരത്തിന് കുഴികൾ വെട്ടുകയായിരുന്നു.
റോഡ് കഴിഞ്ഞുള്ള ഇടവഴി ഇരുട്ട് പുതച്ച് ഗാഢനിദ്രയിലമർന്നിരുന്നു. മൊബൈൽ ഫോണിൽ വെട്ടം തെളിച്ച് ചിരപരിചിതമായ വഴികളിലൂടെ ഒരിക്കൽക്കൂടി പ്രകാശൻ നടന്നു. അകലെ വെള്ളിവെളിച്ചത്തിൽ തന്റെ വീടൊരു രത്നക്കല്ല് പോലെ തിളങ്ങുന്നതായി അയാൾക്ക് തോന്നി. അതയാൾക്ക് ഏറെ ആഹ്ളാദം പകർന്നു. പാദങ്ങൾക്ക് വേഗമേറി.
വീടിനടുത്തെത്തിയപ്പോൾ അയാൾ സമയമറിയാനായി ഫോണിൽ നോക്കി. പുലർച്ചെ നാലുമണിയോടടുത്തിരിക്കുന്നു. വീട്ടിൽ നിന്നും പാചകക്കാരുടെ സംസാരം കേൾക്കാം. വീടിന്റെ ഗെയിറ്റിന് മുന്നിൽ ‘സ്വാഗതം’ എന്ന ബാനർ ഒരാൾ അഴിച്ച് കൊണ്ടിരിക്കുന്നു.
“ആ.. പ്രകാശേട്ടനെത്തിയല്ലോ.. അത്.. ഈ ബാനറ് വീണു.. പിള്ളറാ കെട്ടിയേ” പ്രകാശനെ കണ്ടതും അയാൾ പറഞ്ഞു.
പ്രകാശന് അതാരാണെന്നോ പറഞ്ഞതെന്തെന്നോ ശ്രദ്ധിക്കാൻ തോന്നിയില്ല. അപ്പോഴേക്കും ഉമ്മറത്ത് തന്നെയും കാത്തിരിക്കുന്ന തന്റെ ഭാര്യയെ അയാൾ കണ്ടു. പ്രകാശനെ കണ്ടതും വിതുമ്പിക്കൊണ്ട് ഭവാനി മുറ്റത്തേക്ക് ഓടിയിറങ്ങി.അടുത്തെത്തിയതും അയാളുടെ മാറിൽ വീണ് അവർ ഏങ്ങിക്കരഞ്ഞു.
“നിങ്ങ എത്ത്യല്ലോ.. ന്റെ ദൈവേ.. നിങ്ങ എത്ത്യല്ലോ..”
ആശ്വസിപ്പിക്കാൻ വാക്കുകൾ തിരഞ്ഞ് പരാജയപ്പെട്ട അയാൾ അവരെ ചേർത്തുപിടിച്ചു.
“മോള്?”
“ഇത്രേം നേരം ഈട ഒറ്റയിരിപ്പായിരുന്നു. പറഞ്ഞ് പറഞ്ഞ്, ഇപ്പം പോയി ഒറങ്ങി.”
“അച്ഛാ..”
ആർദ്രമായ ശബ്ദവും മൃദുവായ സ്പർശവുമാണ് പ്രകാശനെ ഉറക്കമുണർത്തിയത്. വധുവിന്റെ വേഷത്തിൽ പുഞ്ചിരിക്കുന്ന മകളെ അയാൾ ഇമവെട്ടാതെ കണ്ടു. എഴുന്നേറ്റ് അയാൾ വാത്സല്യപൂർവം അവളെ ചേർത്തിരുത്തി. മകളെ നോക്കി, അവളുടെ ശിരസ്സിൽ തഴുകവേ അവരിരുവരുടേയും മിഴികൾ നിറഞ്ഞു. സമീപമിരുന്ന ബാഗിൽ നിന്നുമെടുത്ത സ്വർണ്ണവള അവളുടെ കൈകളിൽ അണിയിച്ചു. ഹൈഫ എന്ന പെൺകുട്ടിയെക്കുറിച്ചും അവൾ തന്ന സമ്മാനത്തെക്കുറിച്ചും അവളോട് പറഞ്ഞു. അതവളെ ഏറെ സന്തോഷിപ്പിച്ചു.
“അച്ഛന് കുളിക്കാൻ ചൂടുവെള്ളം വെച്ചിട്ടുണ്ട്. ഞാനും അമ്മയും അമ്പലത്തിലേക്ക് പോയി വരാം പെട്ടെന്ന്.. അച്ഛന്റെ ഡ്രസ്സിതാ.. ഈടിണ്ട് “
അവൾ കണ്ണിൽ നിന്നും മറയും വരെ പ്രകാശൻ മകളെ നോക്കിയിരുന്നു. താഴെ നിന്നും കുട്ടികളുടെ ബഹളവും സന്തോഷവർത്തമാനങ്ങളും പൊട്ടിച്ചിരികളും കേൾക്കാം. പ്രകാശനെത്തിയല്ലേ..? എന്ന ആരുടെയോ ചോദ്യത്തിന്, “എത്തീപ്പാ.. എന്റെ കുഞ്ഞി എത്തി” എന്ന അമ്മയുടെ മറുപടി കേട്ട പ്രകാശൻ ദീർഘമായൊരു നിശ്വാസത്തോടെ തന്റെ ദേഹത്തിൻ തളർച്ചയെ മറന്നു.
വെള്ളത്തിന് ചൂട് അല്പം അധികമോ ? ബക്കറ്റിൽ നിന്നും ഒരു കോപ്പ വെള്ളമെടുത്ത് ശിരസ്സിലേക്കൊഴിച്ചപ്പോൾ ആദ്യം തോന്നിയത് അതാണ്. പക്ഷേ, മൂന്ന് പതിറ്റാണ്ടിനടുത്ത് മരുഭൂമിയിലൊഴുക്കിയ വിയർപ്പിന് കാണുമല്ലോ ഇതിലുമധികം ചൂട്, അയാളോർത്തു.
ചൂടുവെളളത്തിലുള്ള കുളി കഴിഞ്ഞപ്പോൾ താനാകെ മാറിയതു പോലെ അയാൾക്ക് തോന്നി. പുതിയ വസ്ത്രങ്ങളുടുത്ത് താഴേക്ക് ഇറങ്ങി. മകനെ കണ്ടതും അമ്മ പൊട്ടിക്കരഞ്ഞു. അവരുടെ കണ്ണുനീരിൽ അയാളുടെ നെഞ്ച് പൊള്ളി.
“ഞാൻ വന്നല്ലമ്മേ..അമ്മ മരുന്ന് സമയത്ത് കഴിക്ക്ന്നില്ലേ..”
അമ്മയെ സമാധാനിപ്പിക്കാൻ അയാൾ ശ്രമിച്ചു. സ്ത്രീകളും കുട്ടികളും പ്രകാശനെ അത്ഭുതത്തോടെ, സന്തോഷത്തോടെ നോക്കി. ചിലർ ചിരിച്ചു കൊണ്ട് തലയാട്ടി. “ദാ..പ്രകാശേട്ടാ, ചായ”ഒരു സ്ത്രീ ചായയുമായെത്തി.
“മോളും ഭവാനീം?” പ്രകാശൻ അവരോട് ചോദിച്ചു.
“അവരമ്പലത്ത്ന്ന് വരണത്രെ.”
ചായയുമെടുത്ത് പ്രകാശൻ മുറ്റത്തേക്കിറങ്ങി. മുറ്റത്തെ, ചെറുതെങ്കിലും ഭംഗിയേറിയ കല്യാണപ്പന്തൽ കണ്ട് അകമേ അയാൾ ആഹ്ലാദിച്ചു. ദൂരെ ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരുന്ന തന്റെ ജ്യേഷ്ഠനെ ആശ്ലേഷിച്ചു. തന്റെ അഭാവത്തിൽ, പ്രായവും, വയ്യായ്കയും വകവെക്കാതെ, കാര്യങ്ങൾ ഇത്രയും ഭംഗിയാക്കിയ ജ്യേഷ്ഠനോടുള്ള ആദരവും കടപ്പാടും പ്രകാശന്റെ കണ്ണുകളിൽ പ്രതിഫലിച്ചു.
“ന്റെപ്രകാശൻ എത്തൂല്യോമ്മാ എന്ന പറച്ചില് മാത്രാ രാഘവന് ഇന്നലെ വരെ” ബന്ധുക്കളിലൊരാൾ പറഞ്ഞു.
“അവര് കൊർച്ചേ ആള്ണ്ടാവൂ.. ഏറിയാ ഒരയ്മ്പത്.. നമ്മ ഒര് നൂറാള്ണ്ടാവും..” വിഷയം മാറ്റി, ജ്യേഷ്ഠൻ പ്രകാശനോട് പറഞ്ഞു.
പ്രകാശൻ ചെന്ന് പാചകക്കാരോട് സംസാരിച്ചു. പ്രത്യേകം ശ്രദ്ധ വേണംന്ന് ഓർമ്മിപ്പിച്ചു.
അതിഥികൾ ഓരോരുത്തരോടും കുശലാന്വേഷണം നടത്തി. പലരോടും ചോദ്യങ്ങൾ പലവട്ടം ആവർത്തിച്ചു. മുമ്പേതുമില്ലാത്ത ഊർജ്ജവുമായി, കയറു പൊട്ടിയ പട്ടം പോലെ അയാൾ പാറി നടന്നു. അതിനിടയിൽ പലപ്പോഴും മകളെ അന്വേഷിച്ചു കൊണ്ടിരുന്നു.
മംഗളകരമായി ചടങ്ങുകൾ നടന്നു. ഏകമകൾ സുമംഗലയാവുന്നത് ഭവാനി തന്റെ ഭർത്താവിനെ ചേർന്നുനിന്ന് കണ്ടു. നഷ്ടപ്പെട്ടുപോയേക്കാമെന്ന് കരുതിയ ആ ഭാഗ്യം കൈവന്നത് അവരെ ഏറെ സന്തോഷിപ്പിച്ചു.
വധൂവരന്മാർക്ക് യാത്രയാവാൻ സമയമായെന്ന് ആരോ പറഞ്ഞു. അതു കേട്ട പ്രകാശൻ, അകലേക്ക് മാറി നിന്നു. പുകവലിച്ചുകൊണ്ടിരുന്ന ആളിനടുത്ത് ചെന്ന്, അയാൾ വലിച്ചുകൊണ്ടിരുന്ന ബീഡി വാങ്ങി അസ്വസ്ഥനായി പുക വലിച്ചൂതി.
“പ്രകാശാ.. ഇവർക്കിറങ്ങണം. നീ വാ.” രാഘവൻ അനുജനെ വിളിച്ചു.
പ്രകാശൻ കാറിനടുത്തേക്ക് നടന്നു. അച്ഛനെ കണ്ടതും, ഡോറിന് സമീപം കാത്തുനിന്ന മകൾ അയാൾക്കടുത്തേക്ക് ഓടി. മകളെ ഗാഢമായി പുണർന്ന് പ്രകാശൻ കണ്ണുകളടച്ചു. അവളുടെ ശിരസ്സിൽ മുഖമമർത്തി മുല്ലപ്പൂമണത്തോടൊപ്പം മകൾഗന്ധം തന്റെ ശ്വാസത്തിൽ ലയിപ്പിച്ചു. ശേഷം, ഗദ്ഗദങ്ങളുടെ വിസ്ഫോടനങ്ങളെ പ്രതിരോധിച്ച് പരാജയപ്പെട്ടു. മിഴിനീർപ്പെയ്ത്തിൽ പിതാവും മകളും നനഞ്ഞു.
“മോളോട്ത്തൂ.. ” വൈകീട്ട് ചായയുമായി വന്ന ഭവാനിയോട് പ്രകാശൻ ചോദിച്ചു. അസ്വാഭാവികമായ ആ ചോദ്യം അവരെ അമ്പരപ്പിച്ചെങ്കിലും, “കല്യാണം കഴിഞ്ഞില്ലേ..ഇനി മോളെ നമ്മക്ക് കിട്വാ പ്രകാശേട്ടാ..” എന്ന് മാത്രം മറുപടി പറഞ്ഞു.
“ഏട്ടാ.. പ്രകാശേട്ടൻ ഒന്നെന്നെ ഇടക്കിടെ ചോദിച്ചോണ്ടിരിക്കേന്ന്.. ” രാഘവന് ചായ കൊടുക്കുമ്പോൾ ഭവാനി പറഞ്ഞു.
“ഓന് നല്ല ക്ഷീണുണ്ടാവും. വിശ്രമുല്ലാ.. ഒറക്കുല്ലാ.. നീയോനോട് കെടന്നോളാൻ പറ.. ഒർങ്ങ്യാ ശരിയാവും.”
ആരോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാണ് പ്രകാശൻ ഉറക്കമുണരുന്നത്. പകൽ അധികം വെളുത്തിട്ടില്ല. സൂര്യൻ പതിയെ ഉദിച്ചുയരുന്നതേയുള്ളൂ. മുകളിലെ തന്റെ മുറിയിലെ ജനാലയ്ക്ക് കെട്ടിയ പന്തലിന്റെ കെട്ട് ഒരാൾ അഴിച്ചു കൊണ്ടിരിക്കുന്നു. ഇത്രവേഗമെന്തേ പന്തലഴിക്കുന്നതെന്ന് പ്രകാശൻ അയാളോട് ചോദിച്ചു.
“ഈട അട്ത്തെന്നെ വല്ല്യൊരു പന്തലിടാന്ണ്ടേ.. സാധനം കൊറഞ്ഞ് പോയി. ഈട്ത്തെ കല്യാണം കഴിഞ്ഞല്ലാ..”
അത് കേട്ട പ്രകാശൻ ഭയന്നു. ശരീരം മരവിച്ചു.
“കല്യാണം കഴിഞ്ഞല്ലാ..” എന്ന വാക്കുകളുടെ പ്രതിധ്വനിയെ തടയാൻ തന്റെ ഇരുചെവികളുമടച്ചു പിടിച്ചു. രണ്ടു കൈകളും കൊണ്ട് തന്റെ ശിരസ്സിൽ മാറിമാറിയടിച്ച് ഓർമ്മകളെ തിരികെയെത്തിക്കാൻ ശ്രമിച്ചു. നാഡീവ്യൂഹം അയാളുടെ ഇന്നലെയെ തിരശ്ശീലക്കകം മറച്ച് കരുണയില്ലാതെ നിന്നു.
മറവിയുടെ ആഴങ്ങളിൽ ഒരു പകലിന്റെ മുഴുവൻ കാഴ്ചകളും ശബ്ദങ്ങളും നഷ്ടമായതറിയാതെ അയാൾ സംഭ്രമിച്ച് നിന്നു. ഓർമ്മകളെ പിഴിഞ്ഞെടുത്ത കാഴ്ചകളിലൊന്നും വിവാഹവും വധുവായൊരുങ്ങിയ മകളേയും കാണാഞ്ഞ് പ്രജ്ഞയറ്റപോൽ തളർന്നു. ഏറ്റവും അവസാനത്തെ ഓർമ്മയേതെന്ന് ചികയാൻ ശ്രമിക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. വിമാനം വൈകിയിറങ്ങിയതും കാറിലെ യാത്രയിലെ സംഭവങ്ങളും, ശേഷം, നടന്ന് വീടിന് മുന്നിലെത്തിയതും, ഒരാൾ “സ്വാഗതം” എന്നെഴുതിയ ബാനർ അഴിച്ചെടുക്കുന്നതും ഓർത്തെടുത്തു. അയാൾ തന്നോടെന്തോ പറയാൻ ശ്രമിക്കുന്നത് ക്ഷണികം ഓർമ്മയിൽ വന്നെങ്കിലും അതെന്താണെന്ന് വ്യക്തമാകാതെ കിടന്നു. പിന്നീട് കരയുന്ന ഭവാനിയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു. അവളും എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. “പിന്നെയോ !, പിന്നെ ഞാൻ ഉറങ്ങി. അതുകഴിഞ്ഞ് ഞാനിപ്പോഴാണ് ഉണരുന്നത്”. തന്റെ ചോദ്യത്തിന് ഉത്തരവും സ്വയം കണ്ടെത്തി.
മറവിയിൽ നഷ്ടമായ ‘ഇന്നലെ’തന്റെ ജീവിതത്തിൽ സംഭവിച്ചതേയില്ലെന്ന് അയാൾ അനുമാനിച്ചു. പൊന്നുമോളുടെ വിവാഹത്തിന് തനിക്ക് എത്തിച്ചേരാനായില്ല എന്ന മിഥ്യ അയാളുടെ മനസ്സിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. കൈകളിൽ മുഖമൊളിപ്പിച്ച് അയാൾ വിങ്ങി. പിന്നീട്, പ്രിയമായെതെന്തോ നഷ്ട്ടപ്പെട്ടപോലെ തനിക്ക് മുകളിൽ അതിവേഗം കറങ്ങിക്കൊണ്ടിരുന്ന പങ്കയെ നോക്കി നിമിഷങ്ങളോളം അയാളിരുന്നു. അത് വരച്ചിട്ട വൃത്തം, തന്റെ ജീവിതം വെറും ശൂന്യമെന്ന് ഉദ്ഘോഷിക്കുന്നതായി അയാൾക്ക് തോന്നി. കാണെക്കാണെ, ആ വൃത്തം അയാൾക്ക് മുകളിലൊരു സമുദ്രച്ചുഴിയായി. പ്രകാശവേഗത്തെ തോൽപ്പിച്ചൊരു ചിന്തയിൽ, തന്റെ വസ്ത്രം ചുഴറ്റിയെറിഞ്ഞ് ആ ചുഴിയിലേക്ക് അയാൾ തന്നെ പ്രവേശിപ്പിച്ചു. ശേഷം, ശ്വാസമില്ലാതെ പിടഞ്ഞു. ക്ഷണമാത്രയിൽ അയാൾ ഇല്ലാതായി.
*അർബാബ് = സംരക്ഷകൻ, തൊഴിൽദാതാവിനെ സാധാരണയായി വിളിക്കുന്ന പദം.
കവർ: ജ്യോതിസ് പരവൂർ