നല്ലപോലെ അടുത്തറിയാവുന്ന
അപരിചിതരെ കണ്ടിട്ടുണ്ടോ
കരയ്ക്കും കടലിനുമപ്പുറത്തെങ്കിലും
ഹൃദയമിടിപ്പിന്റെ താളം അവർക്കറിയും
നടന്ന് തേഞ്ഞ വഴിയിലമർന്ന
കറുകനാമ്പുകൾ
പുതുമഴയിൽ വീണ്ടും കിളിർത്തത് വേരുകളിലാദ്യനനവിലേ അവരറിയും
നിന്നുപെയ്യുന്ന മഴയെ മറയ്ക്കുന്ന
വർണ്ണക്കുടയ്ക്ക് കീഴേ
മറ്റൊരാകാശം കൺചിമ്മി നിൽപ്പതും അവർക്കറിയും.
നടന്നു മറഞ്ഞ വഴിയങ്ങോളം
മിഴിപിന്തുടർന്ന വഴിയൊക്കെയും
ഇന്നലെയെന്നോളം മിഴിവോടെ- യവരോർത്തെടുക്കും
കാത്തുനിന്ന കല്പടവുകളും
മിഴികൂപ്പിനിന്ന കൽവിളക്കിന്നിരുപുറവും
നിറഞ്ഞുകത്തിയ ദീപനാളങ്ങളും
ഇന്നും കണ്മുന്നിലുണ്ടാകും
നല്ലപോലെ അടുത്തറിയാവുന്ന രണ്ടപരിചിതർ അങ്ങനെയാണ്
അവരെക്കുറിച്ചൊന്നുമറിയില്ല
ഒരുപാട് നാളായിട്ടൊന്നുമറിയില്ല
എന്നുരുവിടുമ്പോഴും
പരസ്പര നിശ്വാസത്തിന്റെ
താളം പോലുമവർക്കറിയും
അറിയപ്പെടാത്തൊരു ദ്വീപിലിരുന്ന്
നമുക്കൊരിക്കലും
ഒട്ടും പരിചയമില്ലാത്ത
പഴയൊരു കാലത്തെ ഓർത്തെടുക്കും
തുഷാരമിറ്റിയ പുൽനാമ്പുകളിൽ
മഴവില്ല് വരഞ്ഞ സായംസന്ധ്യയിൽ
വെറുതെയലസമായി നടന്ന വഴികളെ അരികിലരികിലായ് ഓർത്തു വയ്ക്കും
ദേശാദേശങ്ങൾ കൈകോർത്ത് നടന്നതും
മുന്തിരി വള്ളികളിൽ കൈ പടർന്നതും
കൺപൂട്ടി കണ്മുന്നിൽ കൊണ്ടുനിർത്തും
നല്ലപോലെ അടുത്തറിയാവുന്ന രണ്ടപരിചിതർ
അവരരൊരിക്കലും അപരിചിതരേയല്ല അടുത്തറിഞ്ഞ് അകന്നു പോയവരാണ്
തിരക്കേറിയ നടപ്പാതയിലൂടെ
കൈപിടിച്ചുനടന്നൊരോർമ്മയിൽ
തീരാത്ത കഥകൾ പറഞ്ഞ്
കഥയായ്ത്തീർന്നവർ