കർഷകൻ
ഋതുമാറി മഴ പെയ്താല്‍
ചളിയിറങ്ങി വിത്തിറക്കും.
കതിരുകാത്തു കരുതലോടെ
കാലമുരുളാന്‍ കാത്തിരിക്കും.
അയലത്ത് പകുത്തുനൽകി
കൊയ്ത്ത് ആഘോഷമാക്കും.
അതുകഴിഞ്ഞാരും കാണാതെ
അരവയര്‍ മുറുക്കി ചിരിക്കും.
ഭടൻ
മഞ്ഞുമലയിൽ വിയർത്തും
മരുച്ചൂടിലുരുകാതേയും
ഇരുട്ടിലൊറ്റയ്ക്കതിര്‍ത്തി കാക്കുമെന്നെ
കരുത്തനെന്നാരോ വിളിച്ചു.
അകലങ്ങളിൽ അകന്നകന്നുപോകും,
രാത്രിവണ്ടിയുടെ ചൂളമടി കേട്ടാൽ
മരുക്കാറ്റിൽ ചന്ദ്രികയിലുലയുന്ന
ആ മണലോളങ്ങൾപോലെ
മനം വിതുമ്പുന്നവനാണോ ഭടൻ!
എഴുത്തുകാരൻ
സൂക്ഷിക്കുക!
ഞങ്ങള്‍ വെറും എഴുത്തുജോലിക്കാർ.
വാക്കിനു മൂര്‍ച്ച കൂട്ടി,
എണ്ണയിട്ടിരിക്കും.
തക്കം നോക്കി കുത്തിയെഴുതി,
ചെയ്ത പണിക്കു,
കണക്കു പറഞ്ഞു കൂലി വാങ്ങും.