ചിരിക്കാത്ത പൂക്കളും
വാടിപ്പോയ വസന്തവും
കരിഞ്ഞ സ്വപ്നങ്ങളും;
ഇത് മരിച്ചവരുടെ ലോകമാണ്!
മരണം
കാത്തുകിടക്കുന്നവരുടേയും!
പ്രണയത്തിന്റെ
ബഹുവർണ്ണത്തൂവൽ
അങ്ങേക്കരയിലെ
ആൽമരത്തിലിരിക്കും
ക്രൗഞ്ചമിഥുനങ്ങളുടേതാണ്!
പകുത്തുകിട്ടിയ
ഈ വഴിയിൽ
പുലർമഞ്ഞില്ല,
പുൽമേടില്ല,
പുള്ളിക്കുയിലില്ല,
കോടക്കാറ്റില്ല,
വർണ്ണച്ചിറകുകളുമില്ല!
ഓരോ നിമിഷത്തിലും
കൈയടിയൊച്ച കേട്ട്
ബലിച്ചോറു കൊത്താതെ
തിരിച്ചുപറക്കുന്നു
കാകവൃന്ദം.
മോഹവും ദാഹവും
നട്ടുച്ചകൾക്കു ദാനംചെയ്ത്,
ചുരംകടക്കാൻകൊതിക്കും
അതിജീവനങ്ങൾ.
കൂടുകെട്ടണമെങ്കിലും
കാറ്റിന്റെ ഗതിയിൽ
നിസ്സംഗതയോടെ
ദേശാടനക്കാരാകുന്ന
പറവകളുടെ ലോകം!
മിഴികളിൽ പൂവിട്ട സ്വപ്നങ്ങളൊക്കെയും
ലഹരിക്കന്നമായ്
കോർത്തിട്ട ചൂണ്ടകളിൽ
കുരുങ്ങിഞെരുങ്ങും
തേങ്ങലുകൾ.
ഈ ഉഷ്ണക്കാറ്റിൽ
ഹൃദയം കനംവയ്ക്കുന്നു.
വണ്ടി കാത്തുനിൽക്കുന്നവരുടെ
നിഴലുകൾക്കിടയിൽ
എന്റെ കുതിരകൾക്ക്
വെകിളിപിടിക്കുന്നു!
തലതിരിഞ്ഞയീ
പ്രണയശൂന്യതയിൽനിന്ന്,
ശ്ലോകത്തിലേക്ക്,
ജീവിതമെന്ന കവിതയിലേക്ക്
ഈ തീരം
മുറിച്ചുകടക്കുന്നതാരാകും!
കവർ : ജ്യോതിസ് പരവൂർ