കവിയും ഞാനും
ഒരിക്കൽ മലബാറിൽ നിന്നും ചെങ്ങന്നൂരിലേക്കുള്ള യാത്രാമദ്ധ്യേ തൃശ്ശൂർ സ്റ്റേഷനിൽ വണ്ടി നിൽക്കുമ്പോൾ പ്ലാറ്റ്ഫോമിലൂടെ പ്രിയ കവി ഒ എൻ വി പത്നീസമേതനായി നടന്നു പോകുന്നത് കണ്ടു. ഓടിച്ചെന്ന് കാൽ തൊട്ട് വന്ദിച്ചപ്പോൾ പരിചയമുള്ളതുപോലെ അനുഗ്രഹിക്കുകയും സുധയല്ലേ എന്ന് ചോദിക്കുകയും ചെയ്തു.മറുപടി പറയും മുൻപ് ഞാൻ യാത്ര ചെയ്തുകൊണ്ടിരുന്ന ട്രെയിൻ ചൂളം വിളിക്കുകയും ഞാൻ ഓടി വണ്ടിയിൽ കയറുകയും ചെയ്തു അവിടം മുതൽ വീടെത്തുവോളം ഓ എൻ വി ക്കവിതകളിൽ എന്റെ മനസ്സു മുങ്ങിപ്പോങ്ങിക്കൊണ്ടേയിരുന്നു. ഞാൻ ഏതോ സുധക്കു വേണ്ടി അനുഗ്രഹം ഏറ്റുവാങ്ങിയ ആ നിമിഷം ഒരു കണ്ണാടിയിൽ എന്നപോലെ ഇന്നും തെളിഞ്ഞു കൊണ്ടേയിരിക്കുന്നു.
ഭൂമിക്കൊരു ചരമഗീതം
30 കവിതകളുടെ സമാഹാരമാണ് ഭൂമിക്കൊരുചരമഗീതം.അതിൽ ഏറ്റവും സത്തായത് , പുസ്തകത്തിന്റെ പേരിനായി തെരഞ്ഞെടുത്ത “ഭൂമിക്കൊരു ചരമഗീതം ” തന്നെ. ഡോ. എം ലീലാവതിയുടെ ഗഹനമായ അവതാരികയും, കവിയുടെ “എന്റെ കവിത ” എന്ന ആമുഖവും ചേർന്നു ഗംഭീരമായത്.
സർവ്വം സഹയായ ഭൂമിയെ സ്വാർത്ഥപുരണത്തിനായി ചൂഷണം ചെയ്യുന്നതിനെ തിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് “ഭൂമിയ്ക്കൊരു ചരമഗീതം” എന്ന കവിത.പുസ്തകത്തിൽ രണ്ടാം കവിതയായി വരുന്നു “ഭൂമിക്കൊരു ചരമഗീതം”. ഒന്നാമത്തെ കവിതയായി “സൂര്യഗീതം” ഉൾപ്പെടുത്തിയത് ബോധപൂർവം തന്നെയാവും. സൗരയൂഥത്തിന്റെ ‘ബോണ്ടിങ്’ ഈ സമാഹാരത്തിലൊതുങ്ങിയിരിക്കുന്നു എന്നു തോന്നി. സൂര്യഗീതത്തിന്റെ വായനയോടു ചേർത്തുതന്നെ ഭൂമിക്കൊരു ചരമഗീതവും വായിക്കുമ്പോൾ മെച്ചപ്പെട്ട വായനാനുഭവം തോന്നും.
“പൂവുകളിലടിവച്ചു,
പുഴകളിൽ നീരാടി
പുളിനഹരി തങ്ങളിൽ
തളികകൾ നിറച്ചു
കിളിമൊഴികളാൽ
സ്വരജതികളുരുവിട്ടു”
“വിത്തിനെ മഹാവൃക്ഷമാക്കുന്ന, വൃക്ഷത്തിൽ വിത്തുകൾ നിറയ്ക്കുന്ന, കാറ്റിന്റെ കൈകളിൽ എടുത്തവയ എമ്പാടുമായി കുടിയിരുത്തി
ഇടിവെട്ടി
മുളവെട്ടി
ഇലനീട്ടി
വെയിൽമോന്തി
ശതശാഖികൾ പടർത്തിയൊരു കാടിന്റെ സാന്ദ്ര ഹരിതാഭമാം സംഗീതമാക്കുന്ന
ജീവന്റെ ഉന്മത്ത നൃത്തം…”
ഗംഭീരം എന്നു വണങ്ങി നമുക്കിതിനു
മുന്നിൽ നമ്രശിരസ്കരാകുന്നതൊപ്പം മറ്റുള്ളവർക്കായി സ്വയം
കത്തിയെരിയുന്ന സുസ്നേഹമൂർത്തിയായ സൂര്യന് “സ്വസ്തി സൂര്യ തേ സ്വസ്തി” എന്ന് കവിയോടു ചേർന്ന് നിന്ന് ജപിക്കാം.
ആകാശഗംഗയുടെ ഹാർമണിയെ, സുസ്ഥിരതയെ, മതിയാവില്ല നിലനിൽപ്പിനെത്തന്നെ ഭസ്മീകരിക്കുന്ന പ്രവണതയുമായി മനുഷ്യൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ അതിനെതിരെ ശക്തമായി കവികളും പ്രകൃതിസ്നേഹികളും അണിനിരന്നു. “സൈലന്റ് വാലി’ യിലെ പ്രശ്നങ്ങൾ അത്രയൊന്നും സൈലന്റ് ആയിപ്പോകരുതെന്നു നമ്മളും ആഗ്രഹിച്ചു. ഒ എൻ വി യും സുഗതകുമാരിയുമൊക്കെ നമ്മുടെ ചിന്താമണ്ഡലത്തെ സ്വാധീനിക്കയും ചെയ്തു.
ഈ കവിത മനുഷ്യൻ മനുഷ്യനല്ലാതായി ഭൂമിയെ കൊല്ലുന്ന കാലത്തോളം “അരുതേ”യെന്നു പറഞ്ഞുകൊണ്ടിരിക്കും.
ഭൂമിക്കൊരു ചരമഗീതം ആലപിക്കുമ്പോഴും, കവിതന്നെ ആമുഖത്തിന്റെ അവസാനവരിയിൽ സൂചിപ്പിക്കുന്നു :
“അശ്വത്ഥാമാഹത” എന്നു ഉറക്കെയും ‘കുഞ്ജര ‘എന്ന പതുക്കെയും പറഞ്ഞ് സത്യം ദീക്ഷിക്കുന്ന സംതൃപ്തിക്കു വേണ്ടിയല്ല. ഭൂമിക്കൊരു ചരമഗീതം ഉറക്കെ പാടുമ്പോഴും” ദീർഘസുമംഗലീ ഭവ: എന്നു ഭൂമിയെ നോക്കി പതുക്കെ മന്ത്രിച്ചു പോകുന്നു. ഭൂമിയുടെ സീമന്തരേഖയിൽ എന്നും പ്രഭാതകുങ്കുമം തുടിക്കുന്നത് കാണാൻ എന്റെ കവിത മോഹിക്കുന്നു, അതു ചാർത്തുന്ന സൂര്യന്റെ നേർക്ക് ഒരു സങ്കീർത്തനം ആവാനും.’എന്നുമാത്രമല്ല “ഇതു നിന്റെ, എന്റെയും ചരമ ശുശ്രൂഷയ്ക്ക്” എന്ന വരികളിലൂടെ മനുഷ്യന്റെ ഇത്തരം പ്രവൃത്തികൾ മനുഷ്യരാശിയെത്തന്നെയാണ് ഇല്ലാതാക്കുന്നത് എന്നുറക്കെ പറയുകയാണ് കവി.
പന്തിരുകുലത്തിന്റെയും അമ്മ ഭൂമിയാണെന്നു പറയുമ്പോൾ ഏകോദരസാഹോദര്യവും ,അദ്വൈതചിന്തയുടെ സമത്വസുന്ദരമായ പ്രശാന്തിയും ഓർമിപ്പിക്കയാണ്.
ഈ കവിതയിൽ രണ്ട് ഭാവങ്ങളുടെ സംഘർഷം കാണാം
അമ്മ മക്കൾക്ക് നൽകിയ വാത്സല്യത്തിന്റെയും
മക്കൾ അമ്മയോടു കാട്ടിയപൈശാചികതയുടെയും.
ഇതിൽ ഒന്നാമത്തെ ഭാഗത്തിൽ കാല്പനികയുടെ പ്രത്യേകതകളാണ് കാണാൻ കഴിയുന്നത്. പ്രകൃതിജന്യമായ അനുഭവങ്ങളെ ഏറെ ഹ്യദ്യവും മധുരവുമായി ചിത്രീകരിച്ചിരിക്കുന്നു. ഭൂമിയുടെ വന്യവും ക്രൂരവുമായ വിധിയുടെ മറുവശമായി രണ്ടാംഭാഗത്തെ തുറന്നുകാട്ടുന്നതിന് ഹൃദ്യമധുരമായ അനുഭവബിംബങ്ങൾ അനിവാര്യമാണ്. ഈ വിരുദ്ധഭാവങ്ങളുടെ സംഘർഷമാണ് ഒറ്റവാക്കിൽ ഭൂമിക്കൊരു ചരമഗീതം. ഈ വിരുദ്ധഭാവതലങ്ങളെ അവതരിപ്പിക്കാൻ ധാരാളം ബിംബങ്ങളെ ക്രമീകരിച്ചിരിക്കുന്നു.
“വനനശീകരണംകൊണ്ടുള്ള പ്രാദേശികദുരന്തത്തിൻ്റെ ചിത്രം മാത്രമല്ല, മനുഷ്യവർഗ്ഗത്തിന്റെ പരമവിനാശത്തിൻ്റെ ചിത്രം കുടിയാണ് ‘ഭുമിക്കൊരു ചരമഗീതം”
“നിന്നിൽ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീർത്തുള്ളിയിൽപ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെൻ
കരളിലൊരു വിസ്മയവിഭാതം!”
“നീയെന്റെ രസനയിൽ വയമ്പും നറുതേനുമായ് വന്നൊരാദ്യാനുഭൂതി!
നീയെന്റെ തിരികെടും നേരത്തു തീർഥ കണമായലിയുമന്ത്യാനുഭൂതി”.
ഇങ്ങനെ ഭാവോജ്ജ്വലങ്ങളായ എത്രയോ വരികൾ.
അനിവാര്യമായ ഒരു ദുരന്തത്തിലേക്കു നടന്നുനീങ്ങുന്ന ഭൂമാതാവിന്റെ ദയനീയചിത്രം നമ്മെ വല്ലാതെ വിമ്മിഷ്ടപ്പെടുത്തുന്നു . ഓണനിലാവിന്റെ പുടവയുടുത്ത ഭുമി അതിൻ്റെ വലിയ തറവാട്ടിൽ നിന്ന് ഭ്രഷ്ടയാക്കപ്പെട്ടിരിക്കുന്നു. കുഞ്ഞുസൂര്യൻ, കാമധേനു, ഉണ്ണിക്കനികൾ, അഞ്ചിതൾപൂക്കൾ, അമ്പലപ്രാവുകൾ, കിളിമുട്ട, പൂവാക, പുത്തിലഞ്ഞി, കൊന്ന, കുയിൽ, സന്ധ്യ…..എന്നിങ്ങനെയുള്ള ഭാവബിംബങ്ങൾ സൃഷ്ടിക്കുന്ന ആത്മനിർവൃതിയുടെ അന്ത രീക്ഷം “മുണ്ഡിതശിരസ്കയായ്, ഭ്രഷ്മയായ്, മാനഭംഗത്തിൻ്റെ മാറാപ്പുമായ്, സൗരയൂഥ പ്പെരുവഴിയിലൂടെ” നടന്നു നീങ്ങുന്നഭൂമി ചിത്രത്തിൻ്റെ തീവ്രത വർദ്ധിപ്പിക്കുന്നു.
മക്കൾ ചെയ്ത തെറ്റിന് ഇത്രയെല്ലാം പീഡിതാനുഭവങ്ങൾ അനുഭവിക്കേണ്ടിവ ന്നിട്ടും സർവ്വം സഹയായ് നിൽക്കുന്ന ഭൂമാതാവ്.
“മക്കളുടെ പാപഭാരം മുഴുവൻ ഏറ്റെടുത്ത് ശൂന്യതയിലൂടെ നീങ്ങുന്ന മാതാവിൻ്റെ ചിത്രം നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന മഹാമാതാവെന്ന ആദിബിംബത്തെയും ആരാധനാഭാവത്തെയും ഒരുമിച്ച് ഉണർത്തി ജ്വലിപ്പിക്കുന്നു” എന്നിങ്ങനെ ഇക്കാര്യത്തെക്കുറിച്ച് ഡോ. എം. ലീലാവതി അഭിപ്രായപ്പെടുന്നു.
ഇത് ഭൂമിയുടെ മാത്രം നാശമല്ലായ്ക യാൽ കവി ഭൂമിയ്ക്കും തനിക്കും കൂടി ചരമഗീതം രചിക്കുന്നു.
ഒറ്റക്കവിതയിലൂടെ ഭൂമിയുടെ ദുരന്താഘാതം തീവ്രാനുഭവമായി ഏൽപിക്കുന്നു എന്നതാണ് “ഭൂമിക്കൊരു ചരമഗീത’ത്തിൻ്റെ പ്രസക്തി.
തിരിച്ചുപോകാൻ സാധ്യയില്ലാത്ത കാലഗതിയെക്കുറിച്ച് മനുഷ്യൻ മനസ്സിലാക്കുന്നതോടെ അവനിൽ മൃത്യുഭീതിയും ദുഃഖവും ഉണ്ടാകുന്നു.
“മൃതിശാന്തി, ആത്മശാന്തി, അമൃതശാന്തി” എന്നിങ്ങനെ മൂന്നുവട്ടം ശാന്തിമന്ത്രം ഉരുവിട്ട് അവസാനിക്കുന്ന കവിത മനുഷ്യനുവേണ്ടി ഭൂമിയെ ബലികൊടുക്കുക എന്നത് അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ സന്ദേശമാണ്.
കവർ: ജ്യോതിസ് പരവൂർ