ഞാൻ നിശ്ചലയായി
ശ്വാസത്തിന്നും നിശ്വാസത്തിനുമിടയിൽ ,
ഒന്നും രണ്ടും കാൽവെയ്പ്പുകൾക്കിടയിൽ .
തീനാളത്തിനു ചുറ്റുമുള്ള
ദീർഘയാത്രയിൽ
നിശാശലഭം അതിന്റെ ചാരം
സ്വയം വഹിക്കുന്നു.
മധുചഷകം തുളുന്പിയ
മുന്തിരിച്ചാറിൽ
തന്റെ മ്ലാനമായ മുഖം
പ്രതിബിംബിക്കുന്നതു കാണാൻ
നിലാവ് ഇറങ്ങി വരുന്നു.
വരവിനും പോക്കിനുമിടയിലുള്ള വിശാലതയിൽ
ഞാൻ നിശ്ചലയായി .
ഒരു ചിറകു
അല്പംചാരം എന്റെ മുഖത്ത്
നിക്ഷേപിക്കുന്നു.
നിശാശലഭം തീനാളത്തിലേയ്ക്ക് പറക്കുന്നു
രക്തം വഴിത്താരയിൽ ,
കൂട്ടിലടയ്ക്കപ്പെട്ടകിളികൾ
മഴക്കാലത്തിനുവേണ്ടി
പാടിക്കൊണ്ടേയിരിക്കുന്നു.