ഓർമ്മകളെ ചുറ്റിപ്പറ്റി എഴുതുന്ന ഒരാളെന്ന നിലയ്ക്ക് എവിടെയെങ്കിലും ഞാൻ അടയാളപ്പെടുമെന്ന് വിദൂര സ്വപ്നത്തിൽപ്പോലും കരുതിയിട്ടില്ല. പണ്ട് ബി.എഡിനു പഠിക്കുന്ന കാലത്ത് ആകാശവാണി നടത്തിയ കഥാരചനാ മത്സരത്തിലേക്ക് ഒരു കഥയയച്ചു. ക്ലാസ്സ് നോട്ടെഴുതാനും പരീക്ഷയെഴുതാനും മാത്രം പേനയെടുക്കുന്ന ഞാൻ എന്ത് ധൈര്യത്തിൻ്റെ പേരിലാണ് ആ കഥ അയച്ചതെന്ന് ഇന്നുമറിയില്ല. ഒരുപക്ഷേ ബി.എഡിൻ്റെ വിരസത മറികടക്കാനാകണം. പ്രീഡിഗ്രി മുതൽ എം.എ. വരെയുള്ള കേരളവർമ്മക്കാലത്ത് എഴുത്തുമായി ബന്ധപ്പെട്ട ഒരു മത്സരങ്ങളിലും പങ്കെടുക്കാറില്ലായിരുന്നു.ആത്മവിശ്വാസത്തിൻ്റെ അളവ് അന്ന് തീരെ കുറവായിരുന്നു. ഒന്നാമതെത്താനുള്ള മത്സരമായി എഴുത്തിനെ കാണാനും കഴിഞ്ഞിരുന്നില്ല. എന്നിട്ടും അന്നാ കഥ ഞാനയച്ചു.അതിന് സമ്മാനം ലഭിക്കുകയും ചെയ്തു.അതെന്നെ ഞെട്ടിച്ചു കളഞ്ഞു. അധികമാരോടും ആ ആഹ്ലാദം പങ്കുവെക്കാൻ പോലും എനിക്ക് മടിയായിരുന്നു.”നീ കഥയൊക്കെ എഴുതോ?” എന്ന കൂട്ടുകാരുടെ ചോദ്യം പൊൻകുന്നം വർക്കിയുടെ കഥയിലെ ” അന്തോണീ നീയുമച്ചനായോടാ…?” എന്ന ചോദ്യമോർമ്മിപ്പിച്ച് എന്നെ ലജ്ജിപ്പിച്ചു. വേദികളോടുള്ള ഭയം മൂലം തിരുവനന്തപുരത്തു വി.ജെ.ടി.ഹാളിൽ വെച്ചു നടന്ന സമ്മാനദാനച്ചടങ്ങിൽ പങ്കെടുക്കാൻ പോലും ഞാൻ പോയില്ല. സത്യമായും അതൊരു അഹങ്കാരമായിരുന്നില്ല. അർഹിക്കാത്തത് ലഭിച്ചു എന്ന തോന്നലിൽ നിന്നുണ്ടായ അപകർഷതാബോധം തന്നെയായിരുന്നു. കേരളവർമ്മയിൽ പഠിപ്പിച്ച കാവുമ്പായി ബാലകൃഷ്ണൻ മാഷിനോട് എന്തോ നുണക്കാരണം പറഞ്ഞ് സമ്മാനം ഏറ്റുവാങ്ങാൻ ഞാനൊരാളെ ഏർപ്പാടാക്കി. മാഷിൻ്റെ നിർദ്ദേശപ്രകാരം സർട്ടിഫിക്കറ്റ് തിരുവനന്തപുരത്തുള്ള ഒരു പെൺകുട്ടി ഏറ്റുവാങ്ങി. സർട്ടിഫിക്കറ്റും സമ്മാനത്തുകയും തപാലിൽ എനിക്കയച്ചു തന്നു. ഒപ്പം ഒരു കുറിപ്പും… സമ്മാനദാനം നിർവഹിച്ചത് ഒ.എൻ.വി കുറുപ്പായിരുന്നുവെന്നും അതിൻ്റെ ഫോട്ടോ നിധി പോലെ ആ കുട്ടി സൂക്ഷിച്ചു വെക്കുന്നു എന്നുമായിരുന്നു കത്തിൽ. അതു വായിച്ചപ്പോൾ വിഷമമോ നിരാശയോ ഒന്നും എനിക്ക് തോന്നിയില്ല എന്നതാണ് സത്യം. അതേറ്റു വാങ്ങാനുള്ള നിയോഗം അയാൾക്കായിരുന്നു എന്ന് വിശ്വസിച്ചു. അത്രമാത്രം!
അന്ന്, ആ സമ്മാനം ലഭിച്ചപ്പോ ഞാൻ കരുതി ഞാനൊരു കഥാകാരിയാവുമെന്ന്. എവിടെ?? ഒന്നുമായില്ല. എഴുത്തിൻ്റെ തുടക്കത്തിലേ ലഭിച്ച ആ സമ്മാനം എന്നിലെ കഥാകാരിയെ കൊന്നു കളഞ്ഞു. വരുംകാലകഥകളെക്കുറിച്ചുള്ള പരാജയഭീതി എൻ്റെ എഴുത്തിനെ ഇല്ലാതാക്കി. സൽപ്പേര് നിലനിർത്തുകയെന്ന ബാധ്യത വലുതായിരുന്നു.കഥകളൊന്നും പിന്നെ മനസ്സിൽ വന്നില്ല.മനസ്സിൽ വന്ന കഥകളൊന്നും എഴുതിയില്ല. എഴുതിയ കഥകളൊന്നും പ്രസിദ്ധീകരിച്ചുമില്ല.
കഥ എന്ന് തോന്നിപ്പിക്കുന്ന ചിലതെല്ലാം എൻ്റെ ഡയറിയിൽ ഞാനെഴുതിയിരുന്നു… പ്രണയകാലത്തിൻ്റെ തീക്ഷ്ണത കൊണ്ടാകണം എഴുതുന്ന കഥകളിലെല്ലാം ‘ഞാനു’ണ്ടായിരുന്നു. എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും എന്നിലൂടെയല്ലാതെ കഥ പറയാൻ എനിക്കു കഴിഞ്ഞിരുന്നില്ല. എൻ്റെ കഥകളിലെ ‘എന്നെ’ ആളുകൾ തിരിച്ചറിയുമോ എന്ന ഭയം അതെല്ലാം കത്തിച്ചു കളയാൻ പ്രേരിപ്പിച്ചു. ഒരുനാൾ എല്ലാമെടുത്ത് തീയിട്ടു. പ്രണയത്തിൻ്റെ അടയാളങ്ങളെല്ലാം മായ്ച്ചു കളഞ്ഞു. അന്ന് എഴുത്തിലെ ‘എന്നെ’ ഭയന്ന ഞാനാണ് ഓർമ്മക്കുറിപ്പുകളെഴുതി ഒരു നാണവുമില്ലാതെ നിരന്തരം ‘എന്നെ’ കുടഞ്ഞിടുന്നതെന്നോർക്കുമ്പോൾ ഇന്ന് അത്ഭുതം തോന്നുന്നു! ഇത്തരത്തിലുള്ള അത്ഭുതങ്ങളും യാദൃച്ഛികതകളും ഒക്കെ ചേർന്നതു തന്നെയാവണം ജീവിതം! അല്ലേ?
കേരളസാഹിത്യ അക്കാദമിയുടെ സി.ബി.കുമാർ എൻഡോമെൻ്റ് അവാർഡ് ലഭിച്ചപ്പോൾ ഞാൻ കരുതി ഞാനൊരു ‘ഗഡാഗഡിയൻ’ വിമർശകയായിത്തീരുമെന്ന്. കാവുമ്പായി മാഷിൻ്റെ നിർബന്ധപ്രകാരമാണ് അന്നതയച്ചത്. എൻ്റെ കാൽപ്പനികഭാഷ വിമർശനത്തിന് ഒട്ടും ചേരുന്നതായിരുന്നില്ല. എന്നിട്ടും ഞാൻ ഒന്നാമതെത്തി.ഒരു പക്ഷേ മത്സരത്തിൽ ആളുകൾ കുറവായിരുന്നിരിക്കണം. പക്ഷേ അന്നതൊന്നും ഞാൻ ചിന്തിച്ചില്ല. ഒരു നിരൂപകയായി 22 വയസ്സുകാരി സ്വയം പ്രതിഷ്ഠിച്ചു.കേരളസാഹിത്യ അക്കാദമി അവാർഡുകൾ വിതരണം ചെയ്യുന്ന ആ വേദിയിൽ ഒരു മൂലയ്ക്ക് എനിക്കും ഒരു കസേര ലഭിച്ചു. നിറഞ്ഞ അഭിമാനഗർവ്വോടെ ഞാനവിടെ ഇരുന്നു. വേദിയിലെ മെലിഞ്ഞ പെൺകുട്ടിയെ എല്ലാവരും ആവശ്യത്തിലധികം അഭിനന്ദിച്ചു.എൻ്റെ ആത്മവിശ്വാസം വാനോളമുയർന്നു.ആ അമിത ആത്മവിശ്വാസമാകണം ‘രാധയും രാജാവിൻ്റെ പ്രേമഭാജനങ്ങളും’ എന്ന പുസ്തകത്തിൻ്റെ പിറവിക്കു പിന്നിലുള്ള കാരണം. ഷാർജയിൽ വെച്ചു നടന്ന പ്രകാശനച്ചടങ്ങിൽ ‘ഒരു നിരൂപകയുടെ ഉദയം’ എന്ന് പലരും പറഞ്ഞപ്പോൾ ആ ‘മധുരമായ കള്ളം’ സത്യമാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു. ആ തെറ്റിദ്ധാരണ വീണ്ടും നിരൂപണത്തിലേക്ക് എന്നെ കൊണ്ടു ചെന്നിട്ടു. ‘പ്രണയവ്യഥയുടെ മാനിഫെസ്റ്റോ’ എഴുതി. അധികമാരും വായിച്ചില്ല. പ്രിൻ്റഡ് മീഡിയയിലെ വായനക്കാരെല്ലാം തിരഞ്ഞത് ‘പ്രമുഖ ‘ എഴുത്തുകാരെ മാത്രമായിരുന്നു. നെല്ലിനിടയിലെ കളകൾ പോലെ എന്നെപ്പോലെ ചിലർ നിന്നു. ദീപാനിശാന്തിൻ്റെ പുസ്തകം തിരഞ്ഞ് ഒരാളും ഒരു പുസ്തകക്കടയിലേക്കും ചെന്നില്ല. അത് ഏതോ ഷെൽഫിൽ പൊടിപിടിച്ച് ഇരുന്നു. കുറച്ചു പേരുടെ ഓർമ്മകളിൽ മാത്രം ഒതുങ്ങി.
കുടുംബം, ജോലി എന്ന പരിമിതവൃത്തത്തിൽ സ്വയം തളച്ചിട്ടു. അതും ഒരർത്ഥത്തിൽ സംതൃപ്തി നൽകിയിരുന്നു. പ്രണയിച്ച ആളെത്തന്നെ വിവാഹം കഴിച്ചപ്പോഴും ഏഴു വർഷം പഠിച്ച കോളേജിൽത്തന്നെ അധ്യാപികയായി ജോലി ലഭിച്ചപ്പോഴും കുട്ടികളുണ്ടായപ്പോഴും എല്ലാം മറന്ന് അതിൽ അഭിരമിച്ചു.
“ടീച്ചറെപ്പറ്റി അമൽലാൽ ഫേസ്ബുക്കിലെഴുതീത് വായിച്ചോ?”- എന്ന ശ്രീജിത്തിൻ്റെ ചോദ്യമാണ് എന്നെ സോഷ്യൽ മീഡിയയിലെത്തിച്ചത്. ചേച്ചീടെ മോളാണ് ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പാസ് വേഡ് പറഞ്ഞു തന്നത്. ഞാനതിൽ ബി.എ സെക്കൻ്റിയറിലെ അമലിനെ തിരഞ്ഞു. കഷ്ടപ്പെട്ട് അവനെ കണ്ടെത്തി.അവനെഴുതിയത് വായിച്ചപ്പോൾ അഭിമാനം തോന്നി. ക്ലാസ്സിൽ നിശ്ശബ്ദരായിരിക്കുന്ന പല കുട്ടികളും എത്ര ആവേശത്തോടെയാണ് അവിടെ പ്രതികരിക്കുന്നതെന്ന് നോക്കി അത്ഭുതം കൂറി. കുട്ടികളെ ഇടപെടാനനുവദിക്കാത്ത സ്വേച്ഛാധിപത്യ ഇടങ്ങളാണ് ഞാനടക്കമുള്ള അധ്യാപകർ പഠിപ്പിക്കുന്ന ക്ലാസ്സ് മുറികളെന്നു മനസ്സിലാക്കി.എത്രയെത്ര ശബ്ദങ്ങളെയാണ് ക്ലാസ്സിൽ നിശ്ശബ്ദമാക്കിയതെന്നോർത്ത് എനിക്കന്ന് കുറ്റബോധം തോന്നി. ഭയമല്ല ബഹുമാനമെന്ന തിരിച്ചറിവുണ്ടാവാൻ അതൊക്കെ കാരണമായിട്ടുണ്ട്. അമലും നജ് ലയും ഹരിയും ജിതിനും സീനുവും അജിഷയും തുഷാരയും നീരജയും ഹരിതയും പ്രിയംവദയും തക്കുവും എല്ലാം ഒരു ടീച്ചറെന്ന നിലയിലുള്ള എൻ്റെ സകല ഈഗോയേയും അട്ടിമറിച്ചു. കോളേജിൽ വരുമ്പോൾ ടീച്ചറിൻ്റെ ഗൗരവക്കുപ്പായം എടുത്തണിഞ്ഞ് മറ്റൊരാളാവാൻ ആദ്യമൊക്കെ ഞാൻ മനഃപൂർവം ശ്രമിച്ചിരുന്നു.പിന്നെപ്പിന്നെ ആ മറ്റൊരാളെയും അവർ ഇല്ലാതാക്കി. അകത്തും പുറത്തും ഒരൊറ്റ ആളായി ജീവിക്കുന്നതിലും വലിയ സ്വാസ്ഥ്യമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. അന്നു മുതലാണ് ഞാൻ ‘ഞാനാ’യത്. അതിനു മുമ്പത്തെ ഞാൻ വേറാരോ ആയിരുന്നു.
ഒരിക്കൽ ഉള്ളുലച്ച ഒരനുഭവത്തെപ്പറ്റി ഞാൻ അമലിനോടു പറഞ്ഞപ്പോൾ അവനാണ് “അതെഴുത് ടീച്ചറേ….” ന്ന് പറഞ്ഞത്. ആ നിർബന്ധത്തിൽ ഞാൻ പേനയെടുത്തു. ഒരു യാത്രാനുഭവക്കുറിപ്പെഴുതി.പരമേശ്വരൻ എഡിറ്ററായ കേരളവർമ്മ കോളേജ് മാഗസിനിൽ അത് പ്രസിദ്ധീകരിച്ചു. അത് വായിച്ച് ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിലെ ഹരിഹരൻ മാഷ്, ” ദേ…..ആണുങ്ങളെ കരേപ്പിച്ചാണ്ടല്ലോ…..?”എന്നു പറഞ്ഞ് എന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.ഭീഷണിക്കൊടുവിൽ ഇനിയുമെഴുതണമെന്ന് സ്നേഹപൂർവ്വം നിർബന്ധിച്ചു. ഞാനാ അനുഭവക്കുറിപ്പ് ഫേസ് ബുക്കിലിട്ടു.ഫേസ് ബുക്കിലെ എൻ്റെ ആദ്യത്തെ അനുഭവക്കുറിപ്പ്! എൻ്റെ സുഹൃത്തുക്കളുടെ എണ്ണം രണ്ടക്കം കടന്നത് ആ ദിവസമാണ്. അപ്രതീക്ഷിതമായ അനുമോദനങ്ങൾ പലയിടത്തു നിന്നും ലഭിച്ചു ….അതെന്നെ ആഹ്ലാദിപ്പിക്കുകയും ചെയ്തു.
ആ പ്രോത്സാഹനം വല്ലപ്പോഴുമൊക്കെ എഴുതാൻ പ്രേരിപ്പിച്ചു.ഫേസ്ബുക്കിൽ സലേഷിൻ്റേയും വർഗീസ് പ്ലാത്തോട്ടത്തിൻ്റേയും രതീഷ് പട്ടാമ്പിയുടേയും സൂര്യൻ്റേയും കുറിപ്പുകൾ അനുഭവക്കുറിപ്പുകളുടെ സാധ്യത കാട്ടിത്തന്നു. എൻ്റെ അന്നത്തെ സുഹൃദ് വലയം തീരെ ചെറുതായിരുന്നു. പക്ഷേ അതൊക്കെ അത്രമേൽ ദൃഢവുമായിരുന്നു.ഞങ്ങൾക്ക് പരസ്പരം കളിയാക്കാനും ചിരിക്കാനുമൊക്കെയായി വല്ലപ്പോഴുമൊക്കെ ഞാനും എഴുതി. എന്നെ ചിരിപ്പിച്ച, ചിന്തിപ്പിച്ച, കരയിച്ച അനുഭവങ്ങൾ… യു. എ. ഇ .യിലെ ജയേട്ടനും സർഗ്ഗേച്ചിയുടെ റോയേട്ടനും സ്നേഹാധികാരത്തോടെ എഴുത്തിൻ്റെ കാലദൈർഘ്യം കുറച്ച് ഇടക്കിടെ എഴുതണമെന്ന് ശാസിച്ചു. അവരുടെ പ്രോത്സാഹനം നിമിത്തം അടിക്കടി ഞാൻ വായനക്കാരെ’ ഉപദ്രവിക്കാൻ ‘ തുടങ്ങി. ഫേസ്ബുക്കിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ജലം കൊണ്ടുള്ള മുറിവുകൾ’ മലയാള മനോരമ പത്രത്തിൽ 2015 സെപ്തംബർ മാസത്തിൽ അച്ചടിച്ചു വന്നത് വായനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു. തുടർന്ന് എൻ്റെ ജീവിതത്തിലുണ്ടായ ചില അവിചാരിത വഴിത്തിരിവുകളും സംഭവങ്ങളും ദീപാനിശാന്ത് എന്ന പേരിനെ പലരിലേക്കുമെത്തിച്ചു.
എന്നെ വായിക്കുന്നവരുടെ എണ്ണം വർദ്ധിച്ചത് എന്നെ ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു.ആയിരത്തൊന്നു രാവുകളിലെ ഷെഹർസാദയുടെ മുമ്പിലൊരു വാളുണ്ട്. കഥ കേൾക്കുന്ന സുൽത്താൻ്റെ കൈയകലത്താണ് ആ വാൾ… ഒരു ചെറിയ പാളിച്ച മതി, ആ വാൾ ഷെഹർസാദയുടെ കഴുത്തിൽ പതിക്കാൻ… ഭീതിയുടെ വാൾ തലയ്ക്കു മുകളിൽ തൂങ്ങിയാടുമ്പോഴും ഷെഹർസാദ കഥ പറഞ്ഞു കൊണ്ടേയിരുന്നു. ഓരോ എഴുത്തുകാരനും/ എഴുത്തുകാരിയും ഷെഹർസാദയാണ്. വായനക്കാരൻ്റെ വിരസതയെ മറികടക്കുകയെന്ന മഹാ ദൗത്യം അവരേറ്റെടുക്കേണ്ടി വരും.ഏതു നിമിഷവും പതിച്ചേക്കാവുന്ന ഒരു വാളിൻ്റെ ഓർമ്മയിൽത്തന്നെയാണ് ഞാനും എഴുതിയത്…. എഴുതിക്കൊണ്ടേയിരുന്നത്….
എഴുതാൻ എന്തിനാണ് ഇപ്പോഴും സോഷ്യൽ മീഡിയ തെരഞ്ഞെടുക്കുന്നത് എന്ന് ചോദിക്കുന്നവരുണ്ട്. പ്രിൻ്റഡ് മീഡിയയിലേക്ക് മാത്രമായി എഴുത്തിനെ തളച്ചിടാൻ ഉപദേശിക്കുന്നവരുണ്ട്. അവർക്കറിയില്ല വായനക്കാരനെ കണ്ടെത്താനുള്ള എഴുത്തുകാരൻ്റെ വെല്ലുവിളി.
ബോർഹെസ്സിൻ്റെ ഒരു കഥയുണ്ട്. എം.ടി.യുടെ ലേഖനത്തിലാണ് ആ കഥയെക്കുറിച്ച് ആദ്യമായി വായിച്ചത്.’ഗാർഡൻ ഓഫ് ദി ഫോർകിംപാത്ത്’ എന്ന് പേരുള്ള ആ കഥയിൽ ഒരു വാചകമുണ്ട്. അതിങ്ങനെ തർജ്ജമ ചെയ്യാം.”യജമാനൻ വളരെ ദൂരെ എവിടെയോ ആണ്…. എൻ്റെയീ ശബ്ദം… ഈ ക്ഷീണിതമായ ശബ്ദം… ഞാനെങ്ങനെയാണ് യജമാനനെ കേൾപ്പിക്കുക.?”
– ഏറെ അർത്ഥഗർഭമാണ് ആ വാക്കുകൾ. എഴുതിത്തുടങ്ങുന്ന ഒരാളുടെ ഏറ്റവും വലിയ സംഘർഷമാണത്. തൻ്റെ ശബ്ദം ആരവങ്ങൾക്കിടയിൽ
വായനക്കാരനെ എങ്ങനെ കേൾപ്പിക്കും?എഴുത്തുകാരൻ്റെ ലളിതമായ ആകുലതയാണത്. അവൻ്റെ ഏറ്റവും ഗൗരവമുള്ള പ്രശ്നവും അതുതന്നെ.
നമ്മളെഴുതുന്നത് ആരാണ് വായിക്കുക? നമ്മുടെ ശബ്ദം ആരെയാണ് കേൾപ്പിക്കുക? എനിക്ക് എൻ്റെ ശബ്ദം കേൾപ്പിച്ചേ മതിയാകുമായിരുന്നുള്ളൂ. അതിന് ഞാൻ എനിക്ക് പറ്റുന്ന ഒരു മാധ്യമം തിരഞ്ഞെടുത്തു. എനിക്ക് പറ്റുന്ന ഭാഷ തിരഞ്ഞെടുത്തു. കുറേപ്പേരത് വായിക്കുന്നുണ്ട്.പരിഹസിച്ചു നിർവീര്യമാക്കാനും പലരും ശ്രമിച്ചിട്ടുണ്ട്. ഏറ്റവും വലിയ വിമർശനമുയർന്നത് ഞാനുപയോഗിക്കുന്ന ഭാഷയെക്കുറിച്ചായിരുന്നു. വികാരഭാഷയല്ല, വിചാരഭാഷയാണ് അധ്യാപകർ കൈകാര്യം ചെയ്യേണ്ടതെന്ന് കുറ്റപ്പെടുത്തിയവരുണ്ട്.എൻ്റെ എഴുത്തിൻ്റെ ക്യാൻവാസ് ചെറുതാണെന്ന പരാതി ചിലർക്കുണ്ട്.വൈവിധ്യമാർന്ന അനുഭവ പരിസരങ്ങളില്ലാത്ത ഒരു വ്യക്തിയുടെ പരിമിതിയാണത്.നിങ്ങൾ ചൂണ്ടിക്കാണിച്ച പരിമിതികൾ തന്നെയാണ് എൻ്റെ ഏറ്റവും വലിയ ശക്തി. എൻ്റെ ദൗർബല്യങ്ങളെ ഞാനെൻ്റെ കരുത്താക്കി മാറ്റുകയാണ്. “ഇങ്ങനെയേ എഴുതൂ” എന്ന എൻ്റെ വാശിയെ, “ഇങ്ങനെ എഴുതിയാൽ വായിക്കില്ല” എന്ന മറുവാശി കൊണ്ട് നിങ്ങൾ മറികടക്കുക!
ബോർഹെസ്സിൻ്റെ കഥാപാത്രത്തെപ്പോലെ വായനക്കാരനാകുന്ന യജമാനനിലേക്ക് എൻ്റെ ക്ഷീണിച്ച ശബ്ദമെത്തിക്കാൻ ഞാൻ യത്നിക്കുകയാണ്.ആരും കേൾക്കണമെന്നില്ല. ശ്രദ്ധിക്കണമെന്നില്ല. തിരിഞ്ഞു നോക്കണമെന്നില്ല.എന്നാൽ എന്നെങ്കിലുമൊരിക്കൽ എന്നെകേട്ട, എന്നെ വായിച്ച ഏതെങ്കിലുമൊരാൾ എന്നോടു ചോദിക്കാതിരിക്കില്ല; ” എന്തേ എഴുതാത്തത്?” എന്ന്. ആ ഒറ്റനിമിഷത്തിലാണ് ഒരെഴുത്തുകാരൻ്റെ യഥാർത്ഥപിറവി. അവിടം മുതൽക്കേ അയാൾ എഴുത്തുകാരനാകുന്നുള്ളൂ. അവിടം മുതൽക്കേ അയാളുടെ സംഘർഷമാരംഭിക്കുന്നുള്ളൂ.
ഓരോ പുസ്തകത്തിനും ഓരോ വിധിയുണ്ട്. ചിലപ്പോൾ ഒന്നും ചെയ്യാതെ ചില പുസ്തകങ്ങൾ ഉയർന്നു പോകും. വായനക്കാരൻ അവയെ തേടിച്ചെല്ലും.മറ്റു ചിലപ്പേർ എല്ലാമുണ്ടായിട്ടും ചില പുസ്തകങ്ങൾ ഒന്നുമാകാതെ പോകും. ചില വ്യക്തികളെപ്പോലെ തന്നെ..
എഴുത്തുകാരന് ഒരു പാട് കടമ്പകൾ കടക്കേണ്ടതുണ്ട്. അവൻ്റെ മുന്നിൽ അവിചാരിതമായ ചില ഭാഗ്യനിർഭാഗ്യങ്ങളുണ്ട്. ചില നിർഭാഗ്യങ്ങളാകാം വരുംകാല ഭാഗ്യങ്ങളിലേക്കുള്ള താക്കോൽ. അങ്ങനെ വിശ്വസിക്കാനാണിഷ്ടം. എൻ്റെ ആദ്യ പുസ്തകങ്ങളുടെ വിധിയാകണം എൻ്റെ എഴുത്തിൻ്റെ സ്വഭാവവും മീഡിയവും മാറ്റാൻ എന്നെ പ്രേരിപ്പിച്ചത്. സോഷ്യൽ മീഡിയ ഇല്ലായിരുന്നുവെങ്കിൽ ദീപാനിശാന്ത് എന്ന പേര് ആരറിയാനാണ്? അതിസങ്കീർണ്ണ ജീവിതാനുഭവങ്ങളൊന്നുമില്ലാത്ത ഒരു വ്യക്തിയുടെ നിസ്സാരമായ ഓർമ്മകളെ ആ ഇടം ഏറ്റുവാങ്ങി. എന്നെ കഥ പറയാനനുവദിച്ചു. നിശ്ശബ്ദയാകുമ്പോഴെല്ലാം ” എഴുതുന്നില്ലേ?” എന്ന് അന്വേഷിച്ചു. ആ അന്വേഷണം തന്നെയാണ് പ്രിൻ്റഡ് മീഡിയയിലേക്ക് ധൈര്യപൂർവ്വം മടങ്ങി വരാൻ എന്നെ പ്രേരിപ്പിച്ചത്.
ഞാൻ നനഞ്ഞു തീർത്ത മഴകൾ നിങ്ങളുടെ അടുത്തേക്ക് ഒഴുക്കിവിടുകയാണ്.ചിതലരിച്ചു പോകുന്ന നിസ്സഹായതകളാണ് ചില പുസ്തകങ്ങളുടെ വിധി.ആ വിധിയിൽ വിശ്വസിച്ചു കൊണ്ടു തന്നെയാണ് ഞാനീ പുസ്തകം നിങ്ങളിലേക്കെത്തിക്കുന്നത്. എയ്തു വിട്ട ശരങ്ങൾ പോലെയാണ് ഓരോ പുസ്തകവും. ഞാനീ പുസ്തകവും വായനക്കാരനിലേക്കെയ്യുകയാണ്. ചിലപ്പോൾ ലക്ഷ്യം തെറ്റി താഴെ വീഴാം. സാരമില്ല.അതായിരിക്കും ഇതിൻ്റെ വിധിയെന്നു ആശ്വസിക്കും. പിന്നെയും എഴുതും…… എഴുതിക്കൊണ്ടേയിരിക്കും..
ആരവങ്ങൾക്കിടയിൽ നിൽക്കുമ്പോൾ ഞാൻ അമലിനെ ഓർക്കുകയാണ്. എൻ്റെ ഓർമ്മയെഴുത്തിനെ പ്രോത്സാഹിപ്പിച്ച ആദ്യ വായനക്കാരനെ. എൻ്റെ പ്രിയപ്പെട്ട കുട്ടിയെ… ഒറ്റക്കിരുന്നപ്പോഴെല്ലാം ഒപ്പമുണ്ടായിരുന്നവനെ…ചുറ്റും ആളുകൾ കൂടിയപ്പോൾ പിണങ്ങി മാറി നിന്നവനെ… എൻ്റെ ഓർമ്മയെഴുത്തിൻ്റെ ആദിപാപം അവനിരിക്കട്ടെ!
ഒക്ടോവിയോ പാസിൻ്റെ പ്രസിദ്ധമായ ഒരു കവിതയുണ്ട്.’Aട one listens to the rain ‘. അത് തുടങ്ങുന്നതിങ്ങനെയാണ്:
“Listen to me as one listens to the rain….”
“നിങ്ങൾ മഴയെ കേൾക്കും പോൽ എന്നെ കേട്ടാലും!”
മഴ പലർക്കും പലതാണ്.ചിലർക്ക് മഴ പ്രണയം!മറ്റു ചിലർക്ക് വിരഹം!ചിലർക്ക് വിഷാദം…..ചിലർക്ക് ആനന്ദം!
ഏറ്റു വാങ്ങുന്നവൻ്റ മാനസികാവസ്ഥയാണ് മഴ!
വീടുള്ളവൻ്റെ മഴയല്ല വീടില്ലാത്തവൻ്റെ മഴ!
കാണുന്നവൻ്റെ മഴയല്ല കേൾക്കുന്നവൻ്റെ മഴ!
രണ്ടുമായിരിക്കില്ല കൊള്ളുന്നവൻ്റെ മഴ!
പുര ചോരുന്നവൻ്റെ മഴയും മണിമാളികയിൽ ഇരിക്കുന്നവൻ്റെ ചില്ലു ജനാലയ്ക്കപ്പുറത്തെ മഴയും രണ്ടുംരണ്ടാണ്…
എഴുത്തും മഴയെപ്പോലെയാണ്.മഴ നനയാൻ മാത്രമല്ല, ‘ നശിച്ച മഴ’യെന്ന് പ്രാകാനും കൂടി ഉള്ളതാണ്.
നിങ്ങൾ ഈ മഴയെ ശപിച്ചോളൂ… മഴയിൽ നിന്നും ഓടിമറഞ്ഞോളൂ….
പക്ഷേ…..,
മഴയെ തടയാൻ ശ്രമിക്കരുത്.
പെയ്തു തീരാനനുവദിക്കുക.
“മഴയെ കേൾക്കും പോൽ എന്നെ കേട്ടാലും!”