(പ്രിയ സുനിലിന്റെ ഇടയ എന്ന കഥയെ ആസ്പദമാക്കി ഒരു പഠനം)
ആടുമാടുകളെ മേയ്ക്കുന്ന തൊഴില്‍ ചെയ്യുന്നവരെയാണ് ഇടയന് എന്നു വിളിച്ചു വരുന്നത്. എന്നാല്‍ പിന്നീട് ക്രിസ്തുമതവുമായി ബന്ധപ്പെട്ട ഈ വാക്കിന് പുതിയ ഒരു അര്‍ത്ഥതലം രൂപപ്പെട്ടിട്ടുണ്ട്. നല്ല ഇടയനായ ക്രിസ്തു, അറിവില്ലാത്ത സഭാജനങ്ങളായ കുഞ്ഞാടുകളെ നയിക്കുന്നവന്, അവരെ നഷ്ടപ്പെട്ടു പോകാതെ വീണ്ടെടുക്കുന്നവന്‍, പുരോഹിതന് ഇങ്ങനെ വിപുലങ്ങളായ അര്‍ത്ഥങ്ങള്‍ ഇടയന് എന്ന വാക്കിന് വന്നുചേര്‍ന്നു. താന്‍ നയിക്കേണ്ടവരായ ഒരുകൂട്ടം ആളുകളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചേര്‍ത്തുനിര്‍ത്തുകയും കണ്ടെത്തുകയും ചെയ്യുക എന്നതും അതിനുവേണ്ടി ആവശ്യമെങ്കില്‍ ജീവന് വെടിയുക എന്നതും ഒരു നല്ല ഇടയന്റെ ലക്ഷണമായി ബൈബിള്‍ ചൂണ്ടിക്കാണിക്കുന്നു. “ഞാന്‍ നല്ല ഇടയന് ആകുന്നു; നല്ല ഇടയന് ആടുകള്‍ക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.”(ബൈബിള്‍ – യോഹന്നാന് 10- 11). ഇടയന് എന്നത് ഒരു പുല്ലിംഗപദമാണ്. രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് കരുത്തനായ പുരുഷന്റെ കടമയായി അതിപുരാതന കാലം മുതല്‍ സമൂഹം കരുതിവരുന്നു. അതിനാല്‍ ഇടയന് എന്ന വാക്കിന് ഒപ്പംചേര്‍ക്കാന്‍ ഒരു സ്ത്രീലിംഗപദം സമൂഹത്തിന് പരിചിതമല്ല. പുതിയ ഒരു പദം നിര്‍മ്മിച്ചുകൊണ്ട് പ്രിയ സുനിൽ “ഇടയ” എന്നു തന്റെ കഥയ്ക്ക് പേരിട്ടിരിക്കുന്നു. ഇടയന് ഇടയയായി മാറുമ്പോള്‍ സ്ത്രൈണതയുടെ ചില ഘടകങ്ങള്‍ അതിലൊത്തുചേരുന്നു.
മനുഷ്യവ്യക്തിത്വത്തിലെ രണ്ടു വ്യത്യസ്ത സത്തകളാണ് സ്ത്രീയും പുരുഷനും. തുല്യരെന്നു പറയുമ്പോഴും ഇവര്‍ വ്യത്യസ്തരാണ്. ജന്മംകൊണ്ടു ലഭിച്ചതും സമൂഹം പരുവപ്പെടുത്തിയെടുത്തതുമായ ജീവശാസ്ത്രപരവും വൈകാരികവും ആത്മീയവുമായ ഒട്ടേറെ വൈജാത്യങ്ങള്‍ ഇവര്‍ക്കു തമ്മിലുണ്ട്. അമ്മയാകാനുള്ള സിദ്ധി സ്ത്രീക്ക് പ്രകൃതിദത്തമാണ്. ആ സിദ്ധിക്കു യോജിച്ച ജൈവികമായ പല പ്രത്യേകതകളും സ്ത്രീവ്യക്തിത്വത്തില്‍ ഉണ്ട്. സ്വന്തം ശരീരത്തില്‍ മറ്റൊരു ജീവനെ വഹിക്കാനും അതിനെ പ്രസവിച്ച് വളര്‍ത്താനും സ്ത്രീക്ക് ശാരീരികവും മാനസികവും വൈകാരികവും ബുദ്ധിപരവുമായ സവിശേഷതകളുണ്ട്. പ്രകൃതിയിലുള്ള പെണ്‍ജാതികള്‍ക്കെല്ലാം തന്നെ ഈ കഴിവ് ലഭിച്ചിട്ടുണ്ട്. അതിനാല്‍ സ്ത്രീകളുടെ വൈകാരികലോകം കുട്ടികളെ ഉള്‍ക്കൊള്ളാന്‍ കുറേക്കൂടി സജ്ജമാണ്. മനുഷ്യകുട്ടികളുടെ ദൈര്‍ഘ്യമേറിയ ശൈശവം, ബാല്യം ഇവയിലെല്ലാം ഇവരെ കൂടുതല്‍ അടുത്തറിഞ്ഞ് സംരക്ഷിക്കുന്നത് ഏറിയ പങ്കും അമ്മമാരാണ്. കുടുംബവ്യവസ്ഥയില്‍ അടിസ്ഥാനമിട്ട നമ്മുടെ സാമൂഹിക ക്രമത്തില്‍ അത് അപ്രകാരം തന്നെയാണ് നിലനിര്‍ത്തിയിരിക്കുന്നതും. സാന്നിധ്യം കൊണ്ടും അമ്മമാരാണ് ഈ കാലയളവില്‍ കുട്ടികളെ സ്വാധീനിക്കുന്നത്. അതിനാല്‍ കുട്ടികളുടെ മനസ്സു വായിക്കാനും അവരുടെ ലോകത്തില്‍ ഇടപെടലുകള്‍ നടത്താനും സ്ത്രീയില്‍ അന്തര്‍ലീനമായിരിക്കുന്ന മാതൃഭാവത്തിന് കഴിയുന്നു.
ബുദ്ധിമാന്ദ്യമോ, മാനസിക വൈകല്യങ്ങളോ ഉള്ള കുട്ടികളെ ഏറ്റെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനത്തിലെ അവിവാഹിതയും അനാഥയുമായ അംഗമാണ് മാര്‍ഗരറ്റ്. അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെടുന്ന പിഞ്ചുകുട്ടികള്‍ മുതല്‍ പ്രസവിച്ച അമ്മയ്ക്കു പോലും കൈകാര്യം ചെയ്യാനാവാത്ത കൗമാരക്കാര്‍ വരെ അവിടെയെത്തുന്നു. മാതാപിതാക്കളാലും കുടുംബാംഗങ്ങളാലും ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ നിരാലംബരാണ്. പലരും മനോവൈകല്യം പ്രകടിപ്പിക്കുന്നവരുമാണ്. എങ്ങോട്ടെന്നറിയാതെ നീങ്ങുന്ന ഇവരുടെ ജീവിതങ്ങളെ ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കാന്‍ അപാരമായ ക്ഷമയും സ്നേഹവും മനസ്സിലാക്കലും ആവശ്യമാണ്. മാര്‍ഗരറ്റ് എന്ന ഇരുപതു വയസ്സുകാരി ഇടയ ആയി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്.
നീറ്റയെന്ന കുട്ടിയെ അവളേറ്റെടുക്കുന്നത് അമ്മത്തൊട്ടിലില്‍ വച്ചാണ്. മാതാവിനോ പിതാവിനോ ബന്ധുക്കള്‍ക്കോ വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ഒരു പെണ്‍കുഞ്ഞ്. വളര്‍ന്നു തുടങ്ങിയപ്പോള്‍ ഹൈപ്പര്‍ ആക്ടിവിറ്റി എന്ന പ്രശ്നമുള്ള നീറ്റ ആക്രമണസ്വഭാവം പ്രകടിപ്പിച്ചു തുടങ്ങി. അതിനാല്‍ ദത്തെടുക്കാന്‍ വന്നവര്‍ പോലും പിന്മാറി. “എനിക്കു ജീവനുള്ളിടത്തോളം കാലം ഞാന്‍ നോക്കിക്കൊള്ളാം.” എന്നു പറഞ്ഞ് നീറ്റയെ ഏറ്റെടുക്കുന്ന മാര്‍ഗരറ്റ് യഥാര്‍ത്ഥത്തില്‍ ഒരു പ്രസവിക്കാത്ത അമ്മയാണ്. മദര്‍ സുപ്പീരിയറും അടുക്കളക്കാരി ജെയ്നമ്മയും അവളുടെ ഈ ഏറ്റെടുക്കലിന്റെ സങ്കീര്‍ണ്ണതകളെപ്പറ്റി മാര്‍ഗരറ്റിന് സൂചന നല്‍കുന്നുണ്ട്. മാര്‍ഗരറ്റിന്റെ നിഷ്കളങ്കവും തീവ്രവുമായ സ്നേഹസ്വഭാവം ഇവിടെ തിരിച്ചറിയപ്പെടുന്നു. മക്കള്‍ വളര്‍ന്ന് വലുതാവുമ്പോള്‍ അമ്മയുടെ സംരക്ഷണയില്‍ നിന്നും അകന്നുപോകുന്നത് മാതൃസ്നേഹത്തിന് പലപ്പോഴും കിട്ടുന്ന പ്രഹരമാണ്. അനാഥക്കുട്ടികള്‍ സ്വന്തമല്ലെന്നും തങ്ങള്‍ക്ക് കൈവശാവകാശമേ ഉള്ളൂവെന്നും അവരവളെ ഓര്‍മ്മപ്പെടുത്തുന്നു. ക്രിസ്റ്റഫറച്ചന് മാര്‍ഗരറ്റിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ ആളാണ്. അതുകൊണ്ടുതന്നെ അവളെ സ്പെഷ്യല്‍ ബി.എഡിനു വിട്ട് താന്‍ സ്ഥാപിക്കാന്‍ പോകുന്ന “ഗുഡ് ഷെപ്പേര്‍ഡ് ” സ്കൂളിനെ വളര്‍ത്തിയെടുക്കാന്‍ അച്ചന് തീരുമാനിക്കുന്നു. ആര്‍ക്കും വേണ്ടാത്ത വഴിതെറ്റിയലയുന്ന കുട്ടികളെ ചേര്‍ത്തുനിര്‍ത്താനുള്ള സിദ്ധി മാര്ഗരറ്റിനുണ്ടെന്ന് ഫാദര്‍ കണ്ടെത്തി.
കൊന്നുകളയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ടെന്നു പറഞ്ഞ് സ്വന്തം അമ്മ തന്നെ ഏൽപ്പിച്ചു പോയ കൗമാരക്കാരനായ കുട്ടിയും ദുരൂഹമായ ഏതോ ഭൂതകാലമൊളിപ്പിച്ചു പിടിച്ച് അമ്മാവന് ഏല്‍പ്പിച്ചു പോയ ദ്രുപത് എന്ന മൗനിയായ കുട്ടിയും മാര്‍ഗരറ്റിന്റെ പരിഗണനയിലെത്തുന്നു. അടുക്കള ജോലിക്കാരിയായ ജൈനമ്മ “ഹെന്റെ കര്‍ത്താവേ, ഇതെന്തൊരു സാധനം!” എന്ന് നീറ്റയുടെ ഉപദ്രവങ്ങള്‍ക്കു നേരെ ശാപവാക്കുതിര്ക്കുമ്പോഴും അവളുടെ ഏറിന്റെ വേദന സഹിച്ചുകൊണ്ട് നീറ്റയെ സ്നേഹിക്കുകയാണ് മാര്‍ഗരറ്റ്. കുഞ്ഞിനെ വളര്‍ത്താന്‍ സ്ത്രീ കാണിക്കുന്ന സഹനമാണ് കുടുംബത്തിനുവേണ്ടി പല ത്യാഗങ്ങളും സഹിക്കാന്‍ സ്ത്രീയെ പ്രേരിപ്പിക്കുന്നതെന്ന് സ്ത്രീ സ്വഭാവത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. സ്കൂളില്‍ കൊണ്ടുപോകാത്തതിനാണ് നീറ്റ ഉരുളന്‍ കല്ലെടുത്ത് മാര്‍ഗരറ്റിനെ എറിഞ്ഞത്. എങ്കിലും അടുത്ത നിമിഷം “ഫൂ ഫൂ” എന്നൂതിക്കൊണ്ട് മാര്‍ഗരറ്റിനെ ഉമ്മ വയ്ക്കാന്‍ നീറ്റ തയ്യാറായി. മാര്‍ഗരറ്റിന്റെ മനസ്സിലുള്ള
മാതൃത്വത്തിന്റെ കാമനകളാണ് നീറ്റയോട് ക്ഷമിക്കാനും അവളെ സ്നേഹത്തോടെ ചേര്‍ത്തു നിര്‍ത്താനും പ്രേരിപ്പിക്കുന്നത്.
വാശിക്കാരായ കുട്ടികളെ അനുസരിപ്പിക്കാനും മനസ്സിലാക്കാനും ഫാദറും മാര്‍ഗരറ്റിനൊപ്പം നില്‍ക്കുന്നുണ്ട്. നിലത്തെറിഞ്ഞുടയ്ക്കാന്‍ തുടങ്ങിയ ഗ്ലാസ്സ് തിരിച്ചുകൊണ്ടുപോയി വയ്ക്കാന്‍ നീറ്റയെ പഠിപ്പിക്കുന്നത് അച്ചനാണ്. അതിന് അച്ചനുപയോഗിക്കുന്നത് സ്നേഹത്തിന്റെ ഭാഷയാണ്. ഈ ഭാഷ നന്നായി ഉപയോഗിക്കാന്‍ അച്ചന് മാര്‍ഗരറ്റിനു വഴി കാണിക്കുന്നു. കുട്ടികള്‍ തമ്മില്‍ വഴക്കു കൂടുന്നതിന്റെയും പരസ്പരം ഉപദ്രവിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ കഥയിലുണ്ട്. നിസ്സാര കാര്യങ്ങള്‍ക്ക് കൊമ്പ് കോര്‍ക്കുന്ന ആടുമാടുകളെ പോലെയാണിവിടെ കഥയിലും അതു പ്രത്യക്ഷപ്പെടുന്നത്. അവരെ അതില്‍ നിന്നും പിന്തിരിപ്പിച്ച് രക്ഷിക്കാന്‍ നല്ല ഇടയന്റെ ക്ഷമയും ബുദ്ധിയും ആവശ്യമാണ്. ഒട്ടും മനസ്സു തുറക്കാത്ത, സദാ മൗനിയായിരിക്കുന്ന, കണ്ണില്‍ നോക്കാത്ത ദ്രൂപതി ലേയ്ക്കെത്താന്‍ മാര്‍ഗരറ്റ് പല പരിശ്രമങ്ങളും നടത്തി. ഒടുവില്‍ പുസ്തകങ്ങളോട് അവനുള്ള അമിത താത്പര്യം കണ്ടെത്തി. ദ്രുപതിന്റെ പ്രായത്തില്‍ കവിഞ്ഞ വായനയും ഓര്‍മ്മശക്തിയും “ഹൈപ്പര്‍ ലെക്സിയ”യുടെ ലക്ഷണമാണെന്ന് ഡോക്ടര്‍ വിശദീകരിച്ചു. പുസ്തകങ്ങള്‍ വാങ്ങിക്കൊടുത്ത് അവനെ അവന്റെ ഇഷ്ടങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ വിടുന്നു.
ഇതിനിടയിലാണ് വാശിപിടിച്ച് മാര്‍ഗരറ്റിനൊപ്പം സ്കൂളിലെത്തിയ നീറ്റ നിമിഷങ്ങള്‍ക്കുള്ളില്‍ എങ്ങോ മറഞ്ഞത്. പരിഭ്രാന്തിയുടെ ഈ നിമിഷത്തില്‍ നിന്നാണ് ഇടയ എന്ന കഥ ആരംഭിക്കുന്നത്. കാണാതെ പോയ ആടിനെ അന്വേഷിച്ച് വേവലാതിപ്പെട്ടോടുന്ന ഒരു ഇടയയായി മാറുകയാണ് മാര്‍ഗരേറ്റ്. ഒന്നിനെ കാണാതാവുമ്പോള്‍ മറ്റെല്ലാത്തിനെയും വിട്ട് കാണാതെ പോയതിനെ അന്വേഷിക്കുന്ന യഥാര്‍ത്ഥ ഇടയന്. ഒറ്റദിവസത്തെ അന്വേഷണം. അന്വേഷണങ്ങളില്‍ ഭാഗഭാക്കാവുന്നവര്ക്കാര്ക്കുമില്ലാത്ത തീക്ഷണതയാണ് മാര്‍ഗരറ്റിന്. നീറ്റയെ കാണാതായപ്പോള്‍ പ്രതീക്ഷകളോടെ തുടങ്ങിയ സ്കൂള്‍ അവള്‍ക്ക് ചെകുത്താന്‍കോട്ട പോലെയാണ് അനുഭവപ്പെടുന്നത്. അതിലൂടെ നീറ്റയെ അന്വേഷിച്ച് അവള് തലങ്ങുംവിലങ്ങും പാഞ്ഞു. പെട്ടെന്നാണ് അവള് ഒറ്റയാനായ ദ്രുപതിനെ ഓര്‍ക്കുന്നത്. ഒറ്റയ്ക്കിരുന്നു വായിക്കുന്ന ദ്രുപതിന്റെയടുത്തേക്ക് അവള് ഓടി ചെല്ലുന്നു. നീറ്റയെ അന്വേഷിച്ചു നടക്കുന്നതിനിടയില്‍ ദ്രുപതിനെ ശ്രദ്ധിക്കാതെ പോയതില്‍ അവള് ആശങ്കപ്പെടുന്നു. അവന് വായിക്കുകയല്ല, തലേദിവസം വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ തന്നെ തുറിച്ചു നോക്കിയിരിക്കുകയാണെന്ന് കണ്ട മാര്‍ഗരേറ്റ് അതിശയത്തോടെ പുസ്തകം ശ്രദ്ധിക്കുന്നു. അവന് വായിക്കേണ്ട അടുത്ത പേജ് കീറി കളഞ്ഞിരിക്കുന്നു. ഇതെങ്ങനെ കീറി? എന്ന ചോദ്യത്തിന് ഉത്തരമായി മുഖമുയര്‍ത്തി അവന് അവളുടെ കണ്ണില്‍ ആദ്യമായി നോക്കി. അവന്റെ കണ്ണുകളിലെ ഭയം അവള് പിടിച്ചെടുത്തു. വേറെ ആരുടെ മുന്നിലും തുറക്കപ്പെടാതിരുന്ന ദ്രുപതിന്റെ മനസ്സിന്റെ താക്കോല്‍ അവള്‍ക്ക് കിട്ടി. അവന്റെ മനസ്സ് അവളുടെ മുന്നില്‍ അറിയാതെ തുറന്നുപോവുകയാണ്. അമ്മയുടെ ദുരൂഹമരണവും ഇതിനിടയിലൂടെ നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. പുസ്തകത്തിനടിയില്‍ നിന്നും അവനെടുത്തു നീട്ടുന്ന അലമാരയുടെ ഒടിഞ്ഞ താക്കോല്‍ ദ്രുപതിന്റെ മനസ്സിന്റെ കൂടെ പ്രതീകമാണ്. പക്ഷേ, അതവന് തന്റെ അമ്മയ്ക്ക് പകരക്കാരിയായി വന്നവള്ക്കെന്നപോലെ നീട്ടുന്നു.
മുറിയുടെ മൂലയില്‍ വച്ച അലമാരയുടെ പിടിയിളകിപ്പോന്ന ചെറിയ വിടവിലൂടെ മാര്‍ഗരറ്റ് അതിനുള്ളില്‍ നീറ്റയുടെ ചുവന്ന ഫ്രോക്കിന്റെ തുമ്പു കാണുന്നു. നിലവിളികേട്ട് ഓടിയെത്തുന്നവര്‍ കേട്ട ഞരക്കം മാര്‍ഗരറ്റില്‍ നിന്നാണോ അലമാരയ്ക്കുള്ളില്‍ നിന്നാണോ എന്ന് കഥയില്‍ വ്യക്തമാക്കുന്നില്ല. ഒരുപക്ഷേ, നീറ്റ മരിച്ചിരിക്കാം. അല്ലെങ്കില്‍ അവള്‍ക്ക് ഇത്തിരി പ്രാണന് ഉണ്ടായിരിക്കാം. എന്തായാലും മാര്‍ഗരറ്റിലെ ഇടയ അവളെ കണ്ടെത്തി; അവനെയും. കണ്ണില്‍ നോക്കുന്ന ശീലമില്ലാത്ത ദ്രുപത് ഭയത്തോടെ മാര്‍ഗരറ്റിന്റെ മുഖത്തുനോക്കി എന്നു പറയുന്നിടത്ത് അവനിലൊരു മാറ്റം ദര്‍ശിക്കാനാവും. ഏതൊക്കെയോ വിധത്തിലുള്ള മാനസിക പ്രശ്നങ്ങളുടെ ലോകത്തു കഴിയുന്ന, സാധാരണ മനുഷ്യരെപ്പോലെ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാത്ത കുട്ടികളെ ഉപേക്ഷിച്ചു കളയാതെ തേടിയെത്തുന്ന സ്നേഹവും കാരുണ്യവും മാര്‍ഗരറ്റെന്ന സ്ത്രീയില്‍ നിറഞ്ഞിരിക്കുന്നു. സ്ത്രൈണതയുടെ സവിശേഷതകളായി പലപ്പോഴും വാഴ്ത്തപ്പെടുന്ന ഗുണങ്ങളായ സ്നേഹവും ക്ഷമയും കാരുണ്യവുമെല്ലാം സാമൂഹ്യനന്മയ്ക്കായി വഴിതിരിച്ചുവിടുകയാണ് ഇവിടെ. പ്രസവിക്കാനും കുഞ്ഞിനെ മുലയൂട്ടി വളര്‍ത്താനുമുള്ള സ്ത്രീയുടെ പ്രകൃതിവാസനയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. സ്വന്തം കുഞ്ഞിനോടു മാത്രമല്ല ഒറ്റപ്പെട്ടുപോകുന്ന മറ്റു കുഞ്ഞുങ്ങളോടും സ്നേഹവും കരുണയും കാണിക്കാന്‍ ഇത് സ്ത്രീയെ പ്രാപ്തിയാകുന്നു. ഇത്തരം കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ ശരിയായ വിധത്തില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ പെണ്‍കാമനകളുടെ ഈ നീരൊഴുക്ക് വേണ്ടിവരുന്നു. ആര്‍ദ്രത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രൈണതയുടെ ഇത്തരം സിദ്ധികള്‍ ഏറെ അത്യാവശ്യമാണ്. ഇടയന് എന്ന പദത്തേക്കാള്‍ ആ വാക്കിന്റെ സ്ത്രീലിംഗപദം, ഈ കഥയില്‍ അര്‍ത്ഥസമ്പുഷ്ടമായി മാറുന്നതു കാണാം. പൊതുബോധത്തിനു നിരക്കാത്ത വ്യക്തിത്വങ്ങളെ, സ്വന്തമായി നിലനിൽക്കാൻ പറ്റാത്ത ജീവിതങ്ങളെ, ഉപേക്ഷിച്ചുകളയലല്ല, ചേര്‍ത്തുനിര്‍ത്തലാണ് മാനവികതയെന്നു പറയാതെ പറയുന്നു പ്രിയ സുനിൽ എഴുതിയ ഇടയ എന്ന ഈ കഥ.
സഹായഗ്രന്ഥങ്ങള്‍
1. പ്രിയ സുനില്‍, കഥ – ഇടയ, സമകാലിക മലയാളം, 12 ജൂണ്‍ 2023.
2. ബൈബിള്‍
3. സൂസി താരു, എ. സുനീത, ഉമ മഹേശ്വരി ബുഗുബണ്ട (എഡിറ്റേഴ്സ്), സമലോകം, ചിന്ത പബ്ലിഷേഴ്സ്, 2023.
4. ജോളി വര്‍ഗീസ്, പി. അനില്‍കുമാര്‍ (വിവര്‍ത്തനം), സെക്കന്‍ഡ് സെക്സ്, ഡി.സി. ബുക്സ്, 2017.
കവര്‍: ജ്യോതിസ് പരവൂര്‍