ജനുവരി മാസത്തിലെ ഒരു തണുത്ത രാത്രിയിൽ ദുബായിലെ ഒരു തുറന്ന സ്റ്റേഡിയത്തിൽ ഉസ്താദ് സാക്കിർ ഹുസൈനെ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുകയായിരുന്നു ഞാൻ. ഭയങ്കര തണുപ്പ്. ആ വിരലുകളിലെ മാന്ത്രിക ചലനങ്ങൾ ശബ്ദ തരംഗങ്ങളായി സ്റ്റേഡിയം നിറഞ്ഞു തുടങ്ങി.ഏത്ര പെട്ടെന്നാണ് ആ ശബ്ദ തരംഗങ്ങൾ അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ചത് . സ്റ്റേഡിയം നിറഞ്ഞിരുന്ന മുഴുവൻ ജനങ്ങളും തണുപ്പ് മറന്നു മറ്റൊരു മാന്ത്രിക ലോകത്തേക്ക് പ്രവേശിച്ചു. സാക്കിർ ഹുസൈനോപ്പം അവർ തബലയിൽ മഴപെയ്യിക്കാനും കുതിര സവാരി ചെയ്യാനും തുടങ്ങി. മറക്കാനാവാത്ത ഒരു ജീവിതാനുഭവം ആയിരുന്നു അത്
പിന്നീട് അത് പോലൊരു അനുഭവം ഉണ്ടായതു ഷാർജാ യൂണിവേഴ്സിറ്റി ഹാളിനുള്ളിൽ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ തായമ്പക കേട്ടിരുന്നപ്പോഴാണ്. മാരാരുടെ ചെണ്ടക്കോൽ ഓരോ തവണയും ഉയർന്നു താണതും വീണതും ചെണ്ടയിൽ അല്ല ഹാൾ നിറഞ്ഞു കവിഞ്ഞ ജനത്തിന്റെ ഹൃദയത്തിലാണ്. രണ്ടു സന്ദർഭങ്ങളിലും എന്റെ കണ്ണ് നിറഞ്ഞൊഴുകി. സന്തോഷം അടക്കാനാവാതെ
അതുപോലൊരനുഭവം ഇക്കഴിഞ്ഞ ദിവസം വീണ്ടുമുണ്ടായി. നാല്പത്തിനായിരത്തിലധികം വരുന്ന ജനക്കൂട്ടത്തോടൊപ്പം ഒരു തുറസ്സായ മൈതാനിയിൽ നിന്ന് പടുകൂറ്റൻ സ്ക്രീനിൽ ഫുട്ബോൾ ലോകകപ്പ് മത്സരം കണ്ടു, അൽ ബിദ്ദ ഫാൻ ഫെസ്റ്റിവലിൽ
പോർട്ടുഗൽ – ഘാന മത്സരം നടക്കുകയായിരുന്നു അങ്ങിങ്ങായി സ്ഥാപിച്ച വലിയ സ്ക്രീനുകളിൽ. കാണികളിൽ ബഹു ഭൂരിഭാഗവും പോർച്ചുഗലിനൊപ്പം . അറിയാതെ തന്നെ ഏതൊരു വിഷയത്തിലും ന്യുനപക്ഷത്തോടൊപ്പം ചേരുന്ന സ്വഭാവമുള്ളതിനാലാവും ആ വലിയ ആൾക്കൂട്ടത്തിലും ഞാൻ നിലയുറപ്പിച്ചത് ഏതാനും ഘാനക്കാരോടൊപ്പമായിരുന്നു.
അതാ വരുന്നു ആദ്യ ഗോൾ റൊണാൾഡോ വക. നിങ്ങൾ നാൽപ്പതിനായിരം പേർ ഒരുമിച്ചു ഒരേ നിമിഷം ആനന്ദ നൃത്തമാടുന്നത് കണ്ടിട്ടുണ്ടോ ? ‘നന്ദനം’ സിനിമയിൽ നവ്യ നായരുടെ കഥാപാത്രം പറഞ്ഞത് പോലെ ഞാൻ കണ്ടു ഞാൻ മാത്രമേ കണ്ടുള്ളു. സന്തോഷവും ആവേശവും ഒക്കെ കലർന്ന് എന്തൊക്കെയോ വികാരങ്ങൾ ആ നിമിഷം നിങ്ങളുടെ തലച്ചോറിലേക്ക് പ്രവേശിക്കും. ആൾക്കൂട്ടത്തോടൊപ്പം നിങ്ങൾ തുള്ളിച്ചാടും. വ്യത്യസ്ത രാജ്യക്കാർ, പരസ്പരം ഭാഷ പോലും മനസ്സിലാകാത്തവർ, വ്യത്യസ്ത വേഷങ്ങൾ ധരിച്ചവർ, വ്യത്യസ്ത സംസ്കാരങ്ങൾ പിന്തുടരുന്നവർ , വൃദ്ധർ,അമ്മമാർ, കുട്ടികൾ, ജീവിതത്തിൽ ആദ്യമായി ഫുട്ബോൾ കളി കാണുന്നവർ ഏല്ലാവരും ഒരുപോലെ ആവേശക്കൊടുമുടി കയറും.
ഈ ലോകകപ്പ് ലോകത്തിനു സമ്മാനിച്ച ഏറ്റവും മനോഹരമായ ഒന്ന് എന്തെന്നറിയുമോ? ജീവിതത്തിലൊരിക്കലും ലോകകപ്പ് നേരിൽ കണ്ടിട്ടില്ലാത്ത ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാത്ത നൂറു കണക്കിനു വ്യത്യസ്ത രാജ്യക്കാരായ migrant labourers ലേക്കു അതു ഫുട്ബോളിനെ കൊണ്ട് വന്നു എന്നതാണ്. ഇത്തരം അനുഭവങ്ങൾ അപ്രാപ്യമായ സ്ത്രീകളിലേക്കും, അമ്മമാരിലേക്കും കുട്ടികളിലേക്കും ആ ആവേശം കൊണ്ട് വന്നു എന്നതാണ്. എന്നോടൊപ്പം നൃത്തം വെച്ച നാൽപ്പതിനായിരം പേരിൽ കൈക്കുഞ്ഞുങ്ങളുമായി എത്തിയ പർദ്ദ ധരിച്ച സ്ത്രീകൾ മുതൽ ഷോർട്സും സ്ലീവ് ലെസ് ടോപ്പുമിട്ട യൂറോപ്യൻ വനിതകൾ വരെ ഉണ്ടായിരുന്നു. ബംഗ്ലാദേശ് മുതൽ മ്യാന്മാർ വരെയുള്ള ഏഷ്യൻ പ്രവാസി കുടുംബങ്ങൾ. ശ്രീലങ്ക മുതൽ ടിംബുക്ടു വരെയുള്ള 150 ലധികം രാജ്യങ്ങളിൽ നിന്ന് എത്തി ഖത്തറിൽ പണിയെടുക്കുന്ന തൊഴിലാളികൾ. ജീവിതത്തിലൊരിക്കലും ടിവിയിൽ പോലും ഫുട്ബോൾ കണ്ടിട്ടില്ലാത്ത ഫിലിപ്പിനോകൾ ഏല്ലാവരും രാജ്യാതിർത്തികളും മറ്റു വ്യത്യസ്തകളും മറന്ന് ഒന്നിച്ചു ആവേശക്കൊടുമുടിയിൽ ആറാടുന്ന നിമിഷങ്ങൾ. വല കുലുങ്ങുമ്പോൾ ഇന്ത്യക്കാരൻ അടുത്തു നിൽക്കുന്ന പാകിസ്ഥാനിയെ ആവും കെട്ടിപ്പിടിക്കുക
ഗോൾ ഗോൾ ഗോൾ!! അടുത്ത് നിന്ന ഘാന സംഘം അലറി വിളിക്കുകയാണ്. അതോ അവരോടൊപ്പം ഞാനോ?ഞാൻ എപ്പോഴാണ് ഘാനക്കാരനായത്!
ആന്ദ്രേ അയേയുടെ മനോഹരമായ ഗോൾ പോർട്ടുഗലിനെതിരെ. ഘാന സംഘത്തോടൊപ്പം ഞാനും സന്തോഷം കൊണ്ട് നൃത്തം ചെയ്യാൻ തുടങ്ങി ആണുങ്ങളും പെണ്ണുങ്ങളും പരസ്പരം കെട്ടിപ്പിടിച്ചു, ഒടുവിൽ കരഞ്ഞു, ഞാനും അവരിലൊരാളായി. എന്റെ കവിളിലൂടെയും കണ്ണുനീർ ഒഴുകാൻ തുടങ്ങി. ആ സന്തോഷ നിമിഷത്തിൽ രാജ്യാതിർത്തികളൊക്കെ മറന്ന് ഞങ്ങൾ വെറും മനുഷ്യരായി.
തുടരും…
കവർ ഡിസൈൻ : നിയ മെതിലാജ്