പുതുകവിതയിലേക്കുള്ള സഞ്ചാരങ്ങൾ – കുഴൂർ വിൽസന്റെയും കരീം മലപ്പട്ടത്തിന്റെയും കവിതകളിലൂടെ
കവിതൻ നാദമല്ലേതോ നാദത്തിൻ കവി
സങ്കടം വരുന്നു
പോകുന്നു
സന്തോഷം വരുന്നു
പോകുന്നു
പ്രേമം വരുന്നു
പോകുന്നു
കാമം വരുന്നു
പോകുന്നു
അത്ഭുതം
ആശ്ചര്യം
വെറുപ്പ്
ഇഷ്ടം
വരുന്നു
പോകുന്നു
കുറെക്കൂടി
നിൽക്കണേയെന്നു
നിർബന്ധിക്കാഞ്ഞിട്ടല്ല
വരുന്നു
പോകുന്നു
എത്ര നിർബന്ധിച്ചാലും നിയന്ത്രണത്തിലാവാത്ത ഒരു ലോകമുണ്ട് കുഴൂർ വിൽസന്റെ കവിതയ്ക്ക്.വന്നും പൊയ്ക്കൊണ്ടിരിക്കുന്ന വികാരങ്ങളെ പോലെ അതു കവിതയെ ചഞ്ചലമാക്കും. ഭാഷാ പ്രതീകങ്ങൾ വേണ്ടത്ര പഠിഞ്ഞിട്ടില്ലാത്ത ഒരു ശിശുവിനെ അത് ഓർമ്മയിലെത്തിക്കും.പരസ്പരം യുക്തി യുക്ത ബന്ധം നിലനിർത്താതെ വാക്യങ്ങൾ തെന്നിത്തെന്നി പോവുന്ന ഒരു രീതി വിൽസന്റെ കവിതയിൽ കാണാം.
ശരീരമേ,ഇന്നലെ നീ മിഴുങ്ങിയ
ചെറുമീനുകൾ
അതു തന്നെ
അല്ലാതെ ഈ പൂച്ച
ഇത് മൂന്നാം തവണയും
നിന്നു ചുറ്റുന്നതിന്
മറ്റു കാരണങ്ങളൊന്നുമില്ല
ഇന്നലെ മിഴുങ്ങിയ മീനുകളേ
പിടക്കാതെ.
ആ പൂച്ചയുടെ ഉണ്ടൻ കണ്ണുകൾ
………
ശരീരത്തെയും വയറ്റിലെത്തിയ മീനെയും പുറത്തുള്ള പൂച്ചയേയുമെല്ലാം പരസ്പരം മിണ്ടുന്ന മട്ടിൽ കോർത്തെടുക്കും വിൽസന്റെ കവിത. വളർച്ചയെത്താൻ വിസമ്മതിക്കുന്ന ഒരു കുഞ്ഞുണ്ട് ആ കവിതയിൽ.ഈ കുഞ്ഞ് തൊണ്ണൂറുകളിലെ കവിതയോടു താദാത്മ്യമുള്ള മോഹനകൃഷ്ണനിൽ കാണുന്നതുപോലെ ഒരു രാഷ്ടീയ പ്രയോഗമോ പിൽക്കാലത്ത് അരുൺ പ്രസാദിൽ കാണുന്നതുപോലെ കാവ്യ പദ്ധതിയോ അല്ല വിൽസണിൽ. അതു കവിതയുടെ ആഖ്യാനത്തിനുള്ളിലിരുന്ന് തന്നെ നോക്കുന്നു. ഭാഷയുടെ യുക്തിഭദ്രമായ നാട്യങ്ങളിൽ അതിനൊട്ടും അവഗാഹമില്ല.
കമറൂൽ നാട്ടിൽ പോകുന്നു
അവനോടൊപ്പം
ഞങ്ങളെല്ലാവരും വീടുകളിലേക്ക് പോകുന്നു
എന്നെഴുതും അത്. മലയാള കവിതയിൽ രണ്ടു പാരമ്പര്യങ്ങളുണ്ട്. ഭാഷയുടെ മേൽ ശക്തമായ കടിഞ്ഞാണുള്ളതാണ് ഒന്ന്. മറ്റൊന്ന് തെളിക്കുന്ന വഴിയേ പോയ് പരിഭ്രമത്തിന്റെ അപാരതയിലേക്ക് വീഴുന്നതും. ‘കുനിഞ്ഞിട്ടുണ്ടൊരു പിലാവില പെറുക്കാനെങ്കിൽ കുടിച്ചിട്ടുണ്ടൊരു കിണ്ണം കൊഴുത്ത കഞ്ഞി ‘എന്നാണ് ഒന്നാമത്തേതിന്റെ മട്ട്. ‘കവിതൻ നാദമല്ലേതോ നാദത്തിൻ കവി യായി ഞാൻ ‘എന്നാണ് രണ്ടാമത്തെ മട്ട്.വിൽസൺ രണ്ടാമത്തെ പരമ്പരയിലുള്ള യാളാണ്.അത് ഭാഷയുടെ അനിയന്ത്രിതത്വത്തിനു കീഴ്പ്പെടുന്ന ഒന്നാണ്. ഒരു വാക്കു വരുമ്പോൾ മറ്റൊരു വാക്ക് മുട്ടി മുട്ടി വന്നു ഒഴുക്കിക്കളയും അതിനെ. ചക്രപാദങ്ങളിൽ തെന്നി നീങ്ങുന്ന കുഞ്ഞുങ്ങളെപ്പോലെ അതു ചിരിച്ചു കൊണ്ടതുമിതും പറഞ്ഞ് ഓടിക്കളയും .അത് കൗതുകങ്ങളിലായാലും പ്രണയങ്ങളിലായാലും.
സ്നേഹത്തിന്നു വേണ്ടി
മരിക്കുമെന്നു നീ പറയുന്നു
എനിക്ക് കരയണമെന്നും
ചിരിക്കണമെന്നുമുണ്ട്
മരിച്ചവർ ഭൂമിയിൽ
മറന്നു വെച്ച
ഏറ്റവും വില പിടിപ്പുള്ള
കുടകളാണ് സ്നേഹത്തിന്റെ
അത് തിരിച്ചെടുക്കാൻ
സ്കൂൾ കുട്ടി
ഓടി വരുമ്പോലെ
വന്നതാണു നാം.
ഇനി
എങ്ങനെയാണ് നാം മരിക്കുക
മരിച്ചവർക്കു മാത്രമേ
സ്നേഹിക്കാനാവൂ
ഞാൻ പണ്ടേ മരിച്ചതാണ്
കത്തുകളുടെ വയലറ്റാവാൻ മറ്റൊരു ‘കുഞ്ഞിനേ ‘ ആവൂ. ഭാഷയുടെ യുക്തിഭദ്രമായ മുതിർച്ചയിൽ നിന്ന് വിമുക്തയാവണം അതിന്. കുഞ്ഞുങ്ങൾക്ക് പ്രണയിക്കാനാവുമോ?ആവോ.അല്ലേലും വയലറ്റിനോടുള്ള മിണ്ടലുകൾ പ്രണയമല്ല. പ്രണയം പ്രണയമാവുന്നതിനു മുമ്പുള്ള ഏതോ ആദിമ വിനിമയമാണത്.
മ്മക്കും രണ്ടാൾക്കും മ്മളെ തിന്നാലോ?
കവിതയിൽ തികഞ്ഞ അനാഥനാണ് കരീം മലപ്പട്ടം. അതിനാൽത്തന്നെ സനാഥത്വമുണ്ടാക്കുന്ന യാതൊരു ബാധ്യതയും കരീമിന്റെ കവിതയെ ബാധിക്കുന്നില്ല.’ രക്ഷിതാവ് എന്ന കോളത്തിലെ ശൂന്യതയെ എല്ലാവരും ജീവിതം എന്നു പൂരിപ്പിക്കുന്ന തോറ്റു പോയവരുടെ പള്ളിക്കൂടത്തിലാണ് ‘ ഈ കവിതകളുടെ നിൽപ്പ്. അതെല്ലാ അർത്ഥത്തിലും രാഷ്ടീയ ജീവിതമാണ്. ഇന്ദ്രിയങ്ങളെ പാട്ടിലാക്കുന്ന സാമൂഹിക മര്യാദകളിൽ നിന്നു അകലം പാലിച്ചും മെരുങ്ങാൻ വിസമ്മതിച്ചും ‘തെറിച്ച ‘ജീവിതം കവിതയിലാഘോഷിക്കുന്ന കരീം പുതു കവിതയിൽ അവ്യവസ്ഥകളുടെ പ്രയോക്താവാണ്. കവിത അയാളെ സംബന്ധിച്ചിടത്തോളം ശീലിച്ചതും അനുശീലനത്തിനു വിധേയമായതുമായ ഒരു സ്ഥാപനമല്ല’ കവിത മൈ രാ ണ് എന്നു അതു കലഹിക്കും. എന്നിട്ടും അനുശീലനത്തിനു വിസമ്മതിക്കുന്ന മനുഷ്യത്വത്തിന്റെ ഭാഷയായി ‘ കവിത അയാൾക്കൊപ്പം കൂടും
ആടിയുലയുന്ന ഒരു വൈകുന്നേരം
അഭയ നഗരത്തിലെ
പൂന്തോട്ടത്തിൽ
വാകമരത്തിനു കീഴിൽ
വെറുതേയിരുന്ന്
പാട്ടുകേൾക്കുമ്പോൾ
അയാൾക്കു തോന്നി: ആരോ മരിച്ചിട്ടുണ്ട്
ആരോ മരിച്ചിട്ടുണ്ട് എന്നതല്ലാതെ
ആരാണെന്നോ എവിടെയാണെന്നോ
എപ്പൊഴാണെന്നോ അറിയില്ല
എങ്കിലും അയാൾക്ക് സങ്കടം വരാൻ തുടങ്ങി
സങ്കടം വരുമ്പോൾ അയാൾക്ക്
കവിതയെഴുതാൻ തോന്നും
കവിതയെഴുതുമ്പോൾ അയാൾക്ക്
സങ്കടം വരും
കവിതയിലെ അനാഥത്വം’’ പുതു കവിത പൊതുവിൽ അനുഭവിക്കുന്നുണ്ടെങ്കിലും കരീമിന്റെ കവിത യോളം അത്ര തീവ്രമായി ഭാഷയിൽ അത് അവതരിപ്പിക്കപ്പെട്ടിട്ടില്
ഒടുവിൽ
കണ്ണിൽ കണ്ണടയ്ക്കാതെ
യാത്ര പറയാതെ
പടിയിറങ്ങുമ്പോൾ
എനിക്കവൾ
മൗനത്തിന്റെ തീക്കനലിൽ
വാട്ടിയെടുത്ത വാഴയിലയിൽ
പൊതിഞ്ഞു തന്ന വീടാണിത്.
അവളുടെ
വിയർത്ത കക്ഷങ്ങളുടെ
ഗന്ധമാണിതിന് ‘
എന്നു വീടിനെ വിട്ടു ചോറാക്കും കരീമിന്റെ കവിത. സ്ഥിരാങ്കവും സ്ഥിര തത്വവും അതിനില്ല .അതു അമ്മ മുലകളിൽ നിന്നു വാർദ്ധക്യത്തോളം ഓടിപ്പോവുന്ന വികൃതിക്കുട്ടിയാണ്.
മുലകൾ
ഉച്ചയുറക്കത്തിലായിരിക്കുമ്
കുഞ്ഞ് പതിയെ ഇടതുമുലയിൽ നിന്ന്
ചുണ്ടുകൾ ഊരിയെടുത്ത്
പിച്ചവെച്ച് പിച്ചവെച്ച്
റോഡിലേക്കിറങ്ങുന്നു
മുറിച്ചു കടക്കുന്നു.
……………………
കുഞ്ഞ്
കുട്ടിക്കാലം മുറിച്ചുകടന്ന്
അക്കരെയെത്തുന്നു
യുവാവാകുന്നു
വൃദ്ധനാകുന്നു
ജീവിതം തന്നെ മുറിച്ചു കടക്കുന്നു
സമൂഹത്തിന്റെ ‘പോലീസിംഗ് ക്രമത്തിന് ‘ കീഴ്പ്പെടാത്ത ഒരു നിശ്ചയദാർഢ്യമുണ്ട് കരീമിന്റെ കവിതയ്ക്ക്.പാട്ടിലാവാൻ വിസമ്മതിക്കുന്ന ഇന്ദ്രിയങ്ങളാണ് കവിതയിലെ ഈ അനാഥന്റെ സ്വത്ത്.
“ എപ്പൊഴാണ്
ഞാൻ പരാജയപ്പെടുത്തിയ പ്രണയവും
നീ മൊഴിചൊല്ലിയ ജീവിതവും
അവൻ അകാലത്തിൽ ഇട്ടേച്ചു പോയ വിശപ്പും
സ്വന്തം പേരുകളിൽ വിളിക്കപ്പെടുക
എന്നു തീവ്രമാകും അത്. കഥയിലില്ലാത്ത ഒരാൾ കോളിംഗ് ബെല്ലടിക്കുമ്പോൾ തീരുന്നത്ര ഹ്രസ്വമാണ് ഈ കവിതയിലെ വ്യവസ്ഥാപര ജീവിതം. അതിനാൽ തന്നെ കരീമിന്റെ കവിതയിലെ ‘ സമത്വപുരം: അനാഥരുടേതാണ്. നീതിയെക്കുറിച്ചുള്ള നിശിതമായ ഭാവനയാണ് കരീമിന്റെ കവിതകളിലെ നിയമ രഹിത ലോകം.പുതു കവിതയിൽ വായിച്ച ഏറ്റവും മനോഹരമായ ശീലുകളിലൊന്നാണ് ‘ മ്മക്ക് രണ്ടാൾക്കും മ്മളെ തിന്നാലോ ‘ എന്ന ചോദ്യം.രാഷ്ട്രീയ കവിതയെക്കുറിച്ചുള്ള പുതുകാല ചോദ്യങ്ങൾക്കുള്ള നല്ല ഉത്തരമാണ് കരീം മലപ്പട്ടത്തിന്റെ കവിത .
* അനാഥർ, ഉന്മാദികൾ, കുടുംബ രഹിതർ ,..etc.. ഇവരിലാവും വ്യവസ്ഥയുടെ കൂർത്ത അനുശീലന തന്ത്രങ്ങൾ പ്രവർത്തിക്കാതിരിക്കുക എന്ന് മറ്റൊരു സന്ദർഭത്തിൽ ദെല്യൂസ് പറയുന്നുണ്ട്.