നിയതമായ കക്ഷി രാഷ്ട്രീയ പ്രക്രിയയും സമൂഹത്തിന്റെ രാഷ്ട്രീയവൽക്കരണവും കേരളത്തിൽ പ്രസക്തമായി തുടങ്ങിയത് 1930 കളിൽ ആയിരുന്നു. അതിനു മുൻപുണ്ടായ സമുദായ സാമൂഹിക രാഷ്ട്രീയ നീക്കങ്ങൾ എല്ലാം മലബാർ പ്രദേശത്തും തിരുവിതാംകൂർ കൊച്ചി മേഖലയിലുമുള്ള, പുതിയ വിദ്യാഭ്യാസം ലഭിച്ച ചില ചെറുപ്പക്കാരുടെ ഇടപെടലുകൾ മാത്രമായിരുന്നു. അവരിൽ മിക്കവാറും പേര് വരേണ്യ ജാതി-സമുദായങ്ങളിൽ നിന്നുള്ളവരായിരുന്നു. 1930 കളിൽ വിദ്യാഭ്യാസം സാർവത്രികമായതോടെ പത്ര മാധ്യമങ്ങളിൽ കൂടി പൊതുജനം ലോകത്തെകുറിച്ചും ഇന്ത്യൻ സ്വാതിന്ത്ര്യ സമരത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിത്തുടങ്ങി.
ഇത്തരത്തിലുള്ള രാഷ്ട്രീയ ബോധവല്‍ക്കരണവും ആശയവിനിമയവും മദ്രാസ് പ്രസിഡൻസിയിലുണ്ടായിരുന്ന മലബാർ മേഖലയിലും രാജ ഭരണത്തിലായിരുന്ന തിരുവിതാംകൂർ -കൊച്ചി പ്രദേശങ്ങളിലും വ്യത്യസ്ത രീതിയിലുള്ള സാമൂഹിക രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ തിരുവിതാംകൂർ -കൊച്ചി പ്രദേശങ്ങളിൽ കൂടുതൽ സമുദായ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവില്‍ വന്നു. 19 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പ്രദേശങ്ങളിൽ ലഭ്യമായ സാമൂഹ്യ സ്ഥാപന മാതൃകകൾ മിഷനറിമാർ വളർത്തിയ സി.എം.എസ്. ( Church Mission Society)ഉം, എൽ.എം.എസ് (London Mission Society)ഉം അവയുടെ ചുവട് പിടിച്ചുണ്ടായ ക്രിസ്തീയ സമുദായ സംഘടനകളും ആയിരുന്നു എന്നതാണ് ഇതിന്റെ കാരണങ്ങളിലൊന്ന്. അന്ന് ലഭ്യമായിരുന്ന സമൂഹിക സമുദായ സംഘടന മാതൃകയിൽ ആണ് പിന്നീട് എസ്.ൻ. ഡി.പി യും, എൻ. എസ്. എസും യോഗ ക്ഷേമ സഭയും എല്ലാം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഉണ്ടായത്. ഉന്നത വിദ്യാഭ്യാസം ലഭിച്ച വരേണ്യവിഭാഗത്തില്‍ പെട്ട യുവാക്കളാണ് ഈ സംരംഭങ്ങൾക്കു തുടക്കം കുറിച്ചത്. അന്നുണ്ടായ സാമൂഹിക സമുദായ സംഘടനകൾ സാമൂഹിക ഇടപെടലുകള്‍ക്കുള്ള വേദികൾ ആയിരുന്നു. അവയിൽ മൂന്ന് പ്രധാന ധാരകൾ കാണാം.
1) അതാതു സമുദായത്തിലെ യാഥാസ്ഥിതിക ജീര്ണതകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ. വിദ്യാഭ്യാസവും പത്ര പ്രവർത്തനവും സാഹിത്യ പ്രവർത്തനവും എല്ലാം പാരമ്പര്യ യാഥാസ്ഥിതിക മൂല്യങ്ങളും ആധുനിക സാമൂഹ്യ പ്രവണതകളും തമ്മിലുള്ള ഒത്തുതീർപ്പു ശ്രമങ്ങൾ ആയിരുന്നു. അതുകൊണ്ടു തന്നെ ആധുനിക പ്രവണതകളെ സ്വീകരിച്ചെങ്കിലും അടിത്തട്ടിലടിഞ്ഞു കൂടിയ ജാതി സമുദായ മേൽക്കോയ്മ കാഴ്ചപ്പാടുകളെ സമൂലം മാറ്റാൻ സാധിച്ചില്ല. പാരമ്പര്യ യാഥാസ്ഥിതിക സമുദായത്തിന് മുകളിൽ ആധുനിക സാമൂഹ്യ മൂല്യങ്ങളുടെ മേൽകുപ്പായം ഇടുവിച്ചുണ്ടായ പ്രശ്നങ്ങൾ കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും ഇന്നുമുണ്ട്.
2) 1930 കളിൽ തിരുവിതാംകൂർ-കൊച്ചി മേഖലയിലെ പുതുതായി ഉരുത്തിരിഞ്ഞ രാഷ്ട്രീയ രംഗത്ത് ചുവട് ഉറപ്പിക്കാൻ സമുദായ സംഘടനകളും സമൂഹത്തിൽ സാമ്പത്തിക -വിദ്യാഭ്യാസ പ്രഭാവം ഉള്ള ചെറുപ്പക്കാരും തമ്മിലുള്ള വിഭാഗീയ കിട മത്സരത്തിന്റെ തുടക്കം. ഇവരിൽ പലരും അവരവരുടെ സമുദായ സംഘടനകളിൽ കൂടിയാണ് സാമൂഹിക രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ ചെറുപ്പ കാലത്തു രൂപപ്പെടുത്തിയത്. പിന്നീട് പലരും സമുദായ സാമൂഹിക രാഷ്ട്രീയത്തിന് ഉപരിയായി പൊതു രാഷ്ട്രീയ കക്ഷി ജനാധിപത്യ രാഷ്ട്രീയത്തിലേക്കു വന്നു. ജാതി-മത-സമുദായ ചിന്തകളെ പൂർണമായി വിട്ടു കളയാൻ 1930 കളിലും 1940 കളിലും വളർന്നു വന്ന രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞോ എന്ന് സംശയമാണ്. ആധുനിക ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയെങ്കിലും അതിനടിയിൽ, വിവിധ ജാതി സമുദായങ്ങളിൽ സാമ്പത്തിക-വിദ്യാഭ്യാസം കൈവരിച്ച നവവരേണ്യർക്കിടയിൽ വിഭാഗീയ കിട മത്സര പ്രവണത നിലനിന്നു. ഇത് നിവർത്തന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രവും, ജാതി വിവേചനങ്ങൾക്കെതിരെ തുടങ്ങിയ വൈക്കം സത്യാഗ്രഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രവും പരതിയാൽ സ്പഷ്ടമാകും. ഈ വിഭാഗീയ സമ്മർദ മത്സര രാഷ്ട്രീയം കേരളത്തിൽ വളർന്നു വന്ന ജനാധിപത്യ കക്ഷി രാഷ്ട്രീയത്തിന്റെ തൊലിപ്പുറത്തിന് തൊട്ടുതാഴെ കഴിഞ്ഞ എട്ട് ദശകങ്ങളിൽ പല രീതിയിൽ സ്വന്തം സാന്നിദ്ധ്യം വെളിവാക്കിയിട്ടുണ്ട്.
ഈ കിടമത്സരത്തിന്റെ നേർകാഴ്ച മറ്റൊരു രീതിയിൽ 1957 ലെ ഇ.എം.എസ് മന്ത്രസഭക്കെതിരെ ഉണ്ടായ ‘വിമോചന’ സമരത്തിലും അതിനു ശേഷം ഉണ്ടായ രാഷ്ട്രീയ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പിളർപ്പുകളിലും കേരള കോൺഗ്രസ്സിന്റെ തുടക്കത്തിലും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വളർച്ചയിലും കാണാം. ഇടത് പക്ഷ പാർട്ടികൾ വർഗ്ഗ സിദ്ധാന്തം പറയുമ്പോഴും ജാതി സമുദായ മേല്കോയ്മകൾ നേതൃത്വ സ്ഥാനത്തു സജീവമായിരുന്നു.
‘താക്കോൽ സ്ഥാനവും’, , അഞ്ചാം മന്ത്രിയും’ , ‘ സമുദായ സന്തുലനവും’ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിവാദങ്ങൾ ആകുന്നത് ഇതിനാലാണ് . കേരളത്തിലെ മുന്നണികൾ സ്ഥാനാർഥി നിർണയത്തിൽ ജാതി-മത -സമുദായ അധികാര സമവാക്യങ്ങൾ ഇപ്പോഴും പാലിക്കുന്നതും ഇതുകൊണ്ടുതന്നെ.
3) വ്യവസ്ഥാപിത കക്ഷി രാഷ്ട്രീയത്തിനും സമുദായ സമ്മർദ്ദ രാഷ്ട്രീയത്തിനും ഉപരിയായി ഉയർന്നു വന്ന വികേന്ദ്രീകൃതമായ സിവിക് രാഷ്ട്രീയ ധാര കേരളത്തിൽ പല ഭാഗത്തും ഉണ്ടായി. ഇതിൽ പലരും സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തെങ്കിലും കക്ഷി-സമുദായ രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി പ്രവർത്തിച്ചവരാണ്. മലബാറിൽ നിന്നുമുള്ള കേളപ്പനും, കേശവമേനോനും അബ്ദുർ റഹ്മാൻ സാഹിബ്ബും, മൊയ്തു മൗലവിയും എല്ലാം ഈ ഗണത്തിൽ പെട്ടവരാണ്. കേരളത്തിലെ ആദ്യകാല പത്രപ്രവര്‍ത്തകരില്‍ പലരും സഹോദരന് അയ്യപ്പന് മുതല്‍ കേശവ്ദേവ്-എം. ഗോവിന്ദന് വരെയുള്ളവരും പില്ക്കാലത്തുണ്ടായ ലിറ്റില്‍ മാഗസിന് പ്രസ്ഥാനങ്ങള്ക്ക്പിന്നില് പ്രവര്‍ത്തിച്ചവരും , ശാസ്ത്ര സാഹിത്യ പരിഷത് പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ , 1980 കളില്‍ ഉയര്‍ന്നു വന്ന നവ സാമൂഹിക പ്രസ്ഥാനങ്ങള്‍, എല്ലാം സിവിക് രാഷ്ട്രീയ ധാരയുടെ ഭാഗമാണ്. ആദ്യകാല ഗാന്ധി മാർഗ്ഗ പ്രവർത്തകരും സിവിക് രാഷ്ട്രീയ ധാരയിൽ പ്രവർത്തിച്ചവരായിരുന്നു.
നേരത്തെ സൂചിച്ചത് പോലെ മലബാറിലേയും തിരുവിതാംകൂർ-കൊച്ചിയിലേയും സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങൾ വ്യത്യസ്തമായിരുന്നു. അവിടങ്ങളിൽ ഉണ്ടായ രാഷ്ട്രീയ- സാമൂഹിക പ്രസ്ഥാനങ്ങളിലും നേതാക്കളിലും ഈ വ്യത്യാസങ്ങൾ ദൃശ്യമായിരുന്നു. അന്നും ഇന്നും തിരുവിതാംകൂർ-കൊച്ചി മേഖലകളിൽ ആണ് സമുദായ സമ്മർദ രാഷ്ട്രീയ ധാര സജീവമായിരിക്കുന്നത്.
സംസ്ഥാനത്തുടനീളം 1930 കൾ കഴിഞ്ഞുള്ള ആദ്യ അമ്പത് വർഷങ്ങളിൽ ഉണ്ടായ രാഷ്ട്രീയ നേതൃത്വത്തിൽ ബഹു ഭൂരിപക്ഷം വരേണ്യ ജാതി സമുദായങ്ങളിൽ പെട്ടവരായിരുന്നു. ദളിത്- മുസ്ലിം-തീരദേശ പരമ്പരാഗത മൽസ്യ തൊഴിലാളികൾ എന്നിവരിൽ നിന്നും മറ്റു പാർശ്വവൽകൃത വിഭാഗങ്ങളിൽ നിന്നും നേതൃത്വ സ്ഥാനത്തെത്തിയവർ വിരളമായിരുന്നു.
കേരള രാഷ്ട്രീയ ചരിത്രം വിവരിക്കുകയല്ല ഉദ്ദേശ്യം. ഇന്നനുഭവപ്പെടുന്ന ‘കുഴാമറിച്ചിലു’കൾ മനസ്സിലാക്കാൻ ഇവിടത്തെ രാഷ്ട്രീയ ചരിത്രം വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുകയാണ്. കേരള രാഷ്ട്രീയത്തിന് സ്ഥിരതയും സമവായവും ഉണ്ടാക്കിയത് 1980 ല്‍ ഇവിടെ രൂപപ്പെട്ട മുന്നണി സമവാക്യമാണ്. 1971 വരെ ഇവിടെ ഒരു സർക്കാർ പോലും അഞ്ചു കൊല്ലം തികച്ചു ഭരിച്ചിട്ടില്ല. കേരളത്തിൽ അഞ്ചുകൊല്ലം പൂർത്തിയാക്കിയ ആദ്യ മന്ത്രിസഭ അച്യുതമേനോൻ മന്ത്രി സഭയാണ്. മുന്നണി സമവാക്യങ്ങൾ മാറുന്നതിന്റെ സൂചനയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നമ്മള് കണ്ടത്.