ഞെട്ടുന്നതിനേക്കാൾ നമ്മൾ തിരിച്ചറിയേണ്ട മറ്റു ചിലതുണ്ട്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ‘എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു’ എന്ന ചോദ്യത്തിന് നമ്മൾ കണ്ടെത്തുന്നത്, ‘എപ്പോഴൊക്കെ ആക്രമിക്കപ്പെടുന്നു’ എന്നതിൻറെ (ഏതോ ചില) ഉത്തരങ്ങളാണ്. സന്ധ്യ കഴിഞ്ഞ് ഇറങ്ങി നടന്നിട്ടല്ലേ? ഒറ്റയ്ക്ക് കറങ്ങിയിട്ടല്ലേ? എന്ന ചോദ്യങ്ങളെല്ലാം ആക്രമിക്കപ്പെടാവുന്ന ചില സാഹചര്യങ്ങളെ മാത്രമാണ് സൂചിപ്പിക്കുന്നത്. അവയൊന്നും തന്നെ ഒരു സ്ത്രീ ആക്രമിക്കപ്പെടാനുള്ള കാരണങ്ങളല്ല. എന്നാൽ, അവസരമൊത്തുകിട്ടിയാൽ, ഏതു സമയത്തും, ഏതു പ്രായത്തിലും, ഏതു വസ്ത്രം ധരിച്ച സ്ത്രീകളും നമ്മുടെ നാട്ടിൽ എവിടെ വച്ചും ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ, സമയമോ, സ്ഥലമോ, പ്രായമോ, വസ്ത്രമോ ഒന്നുമല്ല, കാരണങ്ങൾ എന്ന് അംഗീകരിക്കുക തന്നെ വേണം.
എന്തുകൊണ്ടാണ് ഇത്തരം ആക്രമണങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരുന്നത് ? നമ്മുടെ നിയമവ്യവസ്ഥയുടെ വീഴ്ച്ചയാണോ കാരണം ?
ലൈംഗീകാതിക്രമങ്ങളുടെ പിന്നിലെ കാരണങ്ങൾ പലതാകാം. എന്നല്ല, പലതാണ്. എന്നാൽ അതിനെല്ലാം അടിസ്ഥാന പ്രേരണയാകുന്നത്, സമൂഹം അബോധത്തിൽ വച്ചുപുലർത്തുന്ന വസ്തുവൽകൃത സ്ത്രീസങ്കൽപ്പം തന്നെയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേർക്കുണ്ടാകുന്ന എല്ലാ അതിക്രമങ്ങൾക്കെതിരെയും കൃത്യവും ശക്തവുമായ നിയമങ്ങൾ നിലവിലുള്ള നാട് തന്നെയാണ് നമ്മുടെതും. പക്ഷെ, ഏതൊരു സമൂഹത്തിൻറെയും പൊതുമനോഭാവമാണല്ലോ, അവരുടെ നിയമങ്ങളെയും വ്യാഖ്യാനിക്കുന്നത്. നിർഭാഗ്യവശാൽ, നമ്മുടെ പൊതുമനോഭാവമനുസരിച്ച്, സംരക്ഷിതമേഖലയിൽ ഒതുങ്ങാനുള്ള സ്ത്രീയുടെ ഉത്തരവാദിത്തമാണ് നിയമങ്ങളേക്കാൾ നീതിന്യായങ്ങളെ സ്വാധീനിക്കുന്നത്.
ഇനി, നമ്മുടെ സാമൂഹ്യക്രമങ്ങളുടെ പൊതു മനോഭാവം എന്താണ് ?
പുരുഷനെ, സ്ത്രീയടക്കം സകലതിന്റെയും അധികാരിയാക്കി സ്ഥാപിക്കുന്ന അതിപ്രാചീനമായ സാമൂഹ്യക്രമങ്ങളുടെ പിന്മുറക്കാരാണ് നമ്മൾ. സ്ത്രീയെ, ഒരു വ്യക്തി എന്നതിനപ്പുറം വെറു ഒരു ജീവിയായോ ചിലപ്പോൾ വസ്തു ആയോ മാത്രം പരിഗണിക്കുന്ന, സ്ത്രീയെ പുരുഷാധികാരത്തിനുള്ളിൽ ഒതുക്കി നിറുത്താൻ വെമ്പുന്ന, ആസൂത്രിതമെന്നു തന്നെ പറയാവുന്ന ഗൂഢനിഷ്കർഷകൾ ചരിത്ര വഴികളിൽ ഉടനീളം നമുക്ക് കാണാനാകും. നിരന്തരം നടന്നു വരുന്ന വിവിധ സാമൂഹ്യപഠനങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഒരു സ്ത്രീ, ജനനം മുതൽ മരണം വരെയുള്ള തൻറെ മുഴുവൻ ജീവിതകാലവും ഓരോരോ പുരുഷഭാവങ്ങളുടെ രക്ഷാകർതൃത്വത്തിൽ തന്നെ കഴിഞ്ഞുകൊള്ളണം എന്ന് മനുസൂക്തം നിഷ്കർഷിക്കുമ്പോൾ അർത്ഥശാസ്ത്രകാരൻ ഒരുപടികൂടി കടക്കുന്നുണ്ട്. ഭര്ത്തൃഗൃഹത്തില് നിന്നും സ്ത്രീ (എന്തിനുതന്നെ ആയാലും) പുറത്തു പോയാൽ, ആറു പണം പിഴയായി, ശിക്ഷ നിർദ്ദേശിച്ചുകൊണ്ടാണ് കൌടില്യൻറെ നയപാഠങ്ങൾ അവളെ പുരുഷൻറെ അധികാരത്തിനു കീഴിൽ തളച്ചിടുന്നത്. ‘മാര്ഗ്ഗത്തിങ്കലോ, വഴിയില്നിന്നു വിട്ട സ്ഥലത്തോ, ഗൂഢപ്രദേശത്തേക്കോ’ ഒരു സ്ത്രീ സഞ്ചരിച്ചാൽ അത് പരപുരുഷഗമനമാണെന്നാണ് ചാണക്യൻ വ്യാഖ്യാനിച്ചിരിക്കുന്നത്.) അറിഞ്ഞോ അറിയാതെയോ, ഇത്തരം പല ദുഷ്ക്രമങ്ങളുടെയും അനുരണനങ്ങൾ, ഉപബോധത്തിൽ നാം പേറുന്നുണ്ട്. സംസ്കാരമെന്ന ഓമനപ്പേരിട്ട്, പിന്നെയും അവ, ശീലിച്ചു പോകാനുള്ള പ്രവണത നമുക്കിടയിൽ കൂടിവരുന്നു എന്നതാണ് നിർഭാഗ്യകരമായ വസ്തുത.
സ്ത്രീക്കുമേലുള്ള പുരുഷൻറെ ഈ അധികാര ബോധമാണ് അവളെ സംരക്ഷിക്കാൻ അയാളെ പ്രേരിപ്പിക്കുന്നത്. താൻ സംരക്ഷിക്കുന്ന വസ്തുവിനെ (അതെ, വസ്തു തന്നെയാണ്. സ്വത്ത്, ധനം തുടങ്ങിയ പദങ്ങളുടെ ഏറ്റവും സാമാന്യമായ പ്രയോഗം വസ്തു എന്നാണ്) ഭരിക്കാനും, വേണ്ടിവന്നാൽ ശിക്ഷിക്കാനും പ്രേരിപ്പിക്കുന്നതും അതേ അധികാരബോധം തന്നെ. ഈ അധികാരത്തെ സ്ത്രീ പ്രതിരോധിച്ചുകൂടാ. വഴിയിൽ വച്ച് പെൺകുട്ടിയെ കമൻറ് അടിക്കുമ്പോൾ, അവൾ തിരിഞ്ഞുനിന്നു ‘എന്തുവേണം’ എന്ന് ചോദിച്ചാൽ പോലും തകർന്നു പോകുന്നതാണ് ഈ പൌരുഷം. അതോടെ, ‘തകർന്നത്’; പുനർനിർമ്മിക്കാൻ പുരുഷൻ ബാദ്ധ്യതപ്പെടുന്നു. ‘എന്തുവേണംന്ന് നിനക്ക് കാണണോടീ.. ?’ എന്ന ഏറ്റവും വിലകുറഞ്ഞ അശ്ലീലം അവനു ചോദിക്കേണ്ടി വരുന്നത് അതുകൊണ്ടത്രെ. ആകയാൽ, കാലാകാലങ്ങളിൽ ഒതുങ്ങിയിരിക്കേണ്ടതായ അധികാരപരിധികളിൽ നിന്ന് പുറത്തു പോകാതിരിക്കാനും പുരുഷനെ പ്രകോപിതനാകാതെ നോക്കാനും സ്ത്രീക്കു ബാധ്യതയുണ്ട്. അഥവാ അങ്ങനെയല്ലെങ്കിൽ ആരും പിടിച്ചു പറിക്കും, അഥവാ ആർക്കും പിടിച്ചു പറിക്കാം എന്നുകൂടി നാം ചേർത്തുവായിക്കണം. അപകടകരമായ ഈ സാമൂഹിക നിസ്സംഗതയാണ് രുചിനോക്കാൻ കൊതിച്ചിരിക്കുന്ന പിടിച്ചുപറിക്കാരന് അവസരമൊരുക്കുന്നത്.
‘… തമ്പുരാട്ടീ.., നിൻറെ തിങ്കളാഴ്ച്ച വൃതമിന്നു മുടക്കും ഞാൻ…’ എന്ന് വഴിയരികിലെ കലുങ്കിൽ ഇരുന്നു പാടുന്നവൻ തുടങ്ങി, ‘സ്ത്രീയെന്നാൽ ഞാൻ sex എന്നാണു ഓർക്കുന്നത്’; എന്ന് തലയുയർത്തി വിളിച്ചു പറയുന്ന,മുകേഷ് സിംഗ് വരെയുള്ളവർ, (ഒരിക്കലും മറക്കാനാവില്ല. മറക്കരുത്)പെൺശരീരം എന്ന ‘വസ്തു’വിൻമേൽ നടത്തുന്ന ഓരോ ആണധിനിവേശവുംഈ പിടിച്ചുപറിക്കൽ പ്രക്രിയയുടെ ഏറ്റക്കുറച്ചിലുകളാണ്.
‘മാന’ത്തിനു ‘ഭംഗ’മുണ്ടായാൽ അക്കാര്യം പരാതിപ്പെട്ടുകൊണ്ട്, കൂടുതൽ ‘മാനഭംഗം’ വരുത്തിവയ്ക്കണ്ട എന്നൊരു വിചിത്രന്യായവും ഇത്തരം അക്രമങ്ങൾക്ക് വലിയ തോതിൽ വളമിടുന്നുണ്ട്. വാക്കുകൊണ്ടുപോലും, മാനത്തിനു ഒരു ഭംഗം ഉണ്ടായിപ്പോയാൽ, അതോടെ സ്ത്രീ അവസാനിച്ചു എന്ന സമൂഹത്തിൻറെ കീഴ്വഴക്കമാണ്, ഇവിടെയും പ്രതി. അതുകൊണ്ടുതന്നെ, ഏതവസരത്തിലും സ്ത്രീയോടുള്ള പുരുഷൻറെ പ്രതികാരം എപ്പോഴും ലൈംഗീകപരമായിരിക്കുകയും ചെയ്യും. “ആണുങ്ങളോട് കളിച്ചാൽ….’ എന്ന നാലാംകിട പുരുഷ സമീപനത്തിൻറെ അടിസ്ഥാനം തന്നെ, ഈ മാനഭംഗ വിചാരങ്ങളാണ്.
ചുരുക്കത്തിൽ, ലൈംഗീകാതിക്രമങ്ങളുടെ കാരണം വളരെ ലളിതമാണ്. ആക്രമിക്കാതിരിക്കുക എന്നത് പുരുഷൻറെ ഉത്തരവാദിത്തമല്ല. പകരം, ആക്രമിക്കപ്പെടാത്ത വിധം, അവനവൻറെ ആണധികാരവലയങ്ങളിലേക്ക് സ്വയം ‘കരുതുക’ എന്നത് സ്ത്രീയുടെ ഉത്തരവാദിത്തമാണ്. ഇങ്ങനൊരു ഉത്തരവാദിത്തം യാതൊരു ഉളുപ്പുമില്ലാതെ സ്ത്രീകൾക്ക് എല്പിച്ചുകൊടുത്ത സമൂഹമാണ്, യഥാർത്ഥത്തിൽ ഓരോ പെൺകുട്ടിയെയും അതിക്രമങ്ങൾക്ക് കൂട്ടിക്കൊടുക്കുന്നത്. ആലോചിച്ചു നോക്കൂ.., നമ്മുടെ സമൂഹത്തിൽ ലൈംഗീകാതിക്രമങ്ങൾക്കെതിരെയുള്ള ഉത്തരവാദിത്തം പെൺകുട്ടിക്കാണ് കൂടുതൽ എന്നതുകൊണ്ടാണ് നീതിവ്യവസ്ഥ പോലും അവളുടെ വീഴ്ചകളെന്തൊക്കെ, എന്ന് ആദ്യം പരിശോധിക്കുന്നത്. അതുകൊണ്ടാണ്, ലൈംഗീകാതിക്രമം നടത്തിയ പുരുഷൻറെ പ്രവർത്തിയെക്കാൾ, ‘പെൺകുട്ടി എന്തുകൊണ്ട് ഓടി രക്ഷപെട്ടില്ല’ എന്ന ചോദ്യത്തിലേക്ക് നീതിപീഠം പോലും അധപതിക്കുന്നത്.
ഇതിൽ പുരുഷന് മാത്രമായോ സ്ത്രീക്ക് മാത്രമായോ തിരുത്താൻ എന്തുണ്ട് ? ഒന്നുമില്ല. പുരുഷനെന്നും സ്ത്രീയെന്നും വെവ്വേറെ മാറി നിന്നുകൊണ്ടുള്ള ഒരു പൊതുബോധം നിലനിൽക്കുന്നിടത്തോളം സ്ത്രീകൾ പുരുഷേച്ഛയ്ക്ക് കീഴടങ്ങേണ്ട ജീവികളോ, പുരുഷേച്ഛയ്ക്ക് കീഴിൽ പൊരുതുന്ന ജീവികളോ ആയിത്തന്നെ തുടരുകയാണ്. സ്ത്രീയെ രക്ഷിക്കാനോ ശിക്ഷിക്കാനോ ഉള്ള അധികാരം ദയവായി പുരുഷനെ എല്പിക്കാതിരിക്കുകയാണ് സമൂഹം ആദ്യം വേണ്ടത്. പകരം, പരസ്പരം ഉത്തരവാദിത്തമുള്ള, എന്നാൽ പരസ്പരം അധികാരികളല്ലാത്ത ആരോഗ്യകരമായ ‘സാമൂഹിക പാരസ്പര്യം’ നമ്മൾ മനപൂർവ്വം തന്നെ പരിശീലിക്കേണ്ടിയിരിക്കുന്നു. ഏറ്റവും കുറഞ്ഞത്, ഇത്തരം വാർത്തകൾ കേട്ട് ഞെട്ടി, നാം വിതറുന്ന മാപ്പപേക്ഷകളുടെ ആത്മാർഥത തിരിച്ചറിയാനെങ്കിലും നമുക്ക് നമ്മളെ ശീലിപ്പിക്കേണ്ടിയിരിക്കുന്നു.