യു കെ യില്‍ നിന്നുള്ള കുറിപ്പുകള്‍
ഇസ്താംബുളില്‍ എത്തി രണ്ടാം ദിവസം –
പകല്‍ സിറ്റിയില്‍ ചുറ്റിനടന്ന് കാഴ്ചകള്‍ കണ്ട് താമസസ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു ഞങ്ങള്‍.
ഡ്രാക്കുളയിലെ ക്രിസ്റ്റഫര്‍ ലീയുടെ മുഖവും ശരീരപ്രകൃതിയുമുള്ള ടാക്സി ഡ്രൈവര്‍ ഹംസ അഞ്ഞൂറ് ലിറയാണ് ചാര്‍ജായി ചോദിച്ചത്. തലേന്ന് സിറ്റിയിലേയ്ക്കും തിരിച്ചും നൂറ്റമ്പതും നൂറ്ററുപതും ലിറയ്ക്ക് യാത്ര ചെയ്ത അതേ ദൂരം! ‘പറയുന്ന വില അന്യായമാണെന്ന് തോന്നിയാല്‍ വിലപേശാന്‍ ഒരിക്കലും മറക്കരുതെന്ന ഉപദേശം ഓര്‍മ്മിച്ച് അനു നൂറില്‍ തുടങ്ങി. യാത്ര ആരംഭിച്ചുകഴിഞ്ഞിരുന്നു. അവിശ്വസനീയം എന്ന അര്‍ത്ഥത്തിലാവണം ദൈവത്തെ വിളിച്ച് ടര്‍ക്കിഷ് ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞ് തർക്കിച്ച് അയാള്‍ ഉച്ചത്തില്‍ ചിരിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷില്‍ അനുവും സ്വന്തം ഭാഷയില്‍ ഹംസയും വിലപേശല്‍ തുടര്‍ന്നു. അവൾ ഓരോ പത്ത് ലിറ കൂട്ടി പറഞ്ഞപ്പോഴും അയാള്‍ ഉറക്കെയുറക്കെ ചിരിച്ചു. അല്ലാഹുവിനെ വിളിച്ചു. അവൾക്ക് നേരെ കൈ ചൂണ്ടി ‘എന്ത് അസംബന്ധമാണ് പറയുന്നതെന്ന് നോക്കൂ!’ എന്ന മട്ടില്‍ തുടര്‍ച്ചയായി എന്നോട് പരാതിപ്പെട്ടു- ചിരിച്ചുകൊണ്ടുതന്നെ !
പക്ഷേ വണ്ടി നിര്‍ത്തിയില്ല- നീരസപ്പെട്ടില്ല.
‘ഹാജീ’ എന്ന് സംബോധന ചെയ്താണ് അയാള്‍ എന്നോട് സംസാരിച്ചിരുന്നത്. ഒടുവില്‍ നൂറ്ററുപതില്‍ ഉറപ്പിച്ചു. ഒരു നിമിഷം സ്റ്റിയറിംഗ് വീലില്‍ നിന്ന് രണ്ട് കൈയും മുകളിലേയ്ക്കുയര്‍ത്തി വീണ്ടും പടച്ചവനെ വിളിച്ച് അയാള്‍ വാത്സല്യഭാവത്തില്‍ ചിരിച്ചു.
മ്യൂസിക് സിസ്റ്റത്തില്‍ നിന്ന് പതിഞ്ഞ ശബ്ദത്തില്‍ ഗസലുകളും സൂഫി സംഗീതവും ഒഴുകുന്നുണ്ടായിരുന്നു. ഫോണില്‍ ലിസ്റ്റ് പ്രദർശിപ്പിച്ച്, ഇഷ്ടപ്പെട്ട പാട്ട് തൊട്ടുകാണിക്കാന്‍ അയാള്‍ എന്നോട് പറഞ്ഞു. സംഗീതം ഏതായാലും ഇഷ്ടമാണെന്ന് പറഞ്ഞും പറയാതെയും അയാളെ ബോദ്ധ്യപ്പെടുത്തി..
വശത്തിരുന്ന സിഗററ്റ് പാക്കറ്റ് ഒരു വിരലുപയോഗിച്ച് തുറന്ന് അയാൾ എനിക്ക് നീട്ടി.
തുർക്കിയിൽ പുകവലിക്ക് വിലക്കില്ല. വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോഴും ഡ്രൈവറുടെ വിരലുകൾക്കിടയിൽ പുകയുന്ന സിഗററ്റുണ്ടാവും. പൊതുസ്ഥലങ്ങളില്‍ എല്ലായിടത്ത് നിന്നും, പഴയ കാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്നതു പോലെ, സമൃദ്ധമായി പുകച്ചുരുളുകൾ ഉയരുന്നുണ്ടാവും. ‘ഹാൻഡ്-ഫ്രീ- സ്മോക്കിങ്’ എന്ന് വിശേഷിപ്പിക്കാവുന്ന കൗതുകകരമായ വിദ്യ ഇത്ര വ്യാപകമായി ഇതേവരെ എവിടെയും കണ്ടിട്ടില്ല. ചുണ്ടുകൾക്കിടയിൽ പുകയുന്ന സിഗററ്റ് പിടിപ്പിച്ച് ഒരു കുട നിവർത്താൻ ശ്രമിക്കുമ്പോൾ പോലും കണ്ണുകളിലേയ്ക്ക് പുക പടർന്ന് നീറ്റലുണ്ടാക്കും എന്നതാണ് എന്റെ അനുഭവം. സുഗന്ധദ്രവ്യങ്ങളും മധുരപലഹാരങ്ങളും പാക്കറ്റുകളിൽ നിറയ്ക്കുമ്പോഴും സിഗററ്റ് ചുണ്ടുകൾക്കിടയിൽ നിർത്തി മുറിയാതെ പുകവലിക്കുന്നവരോട് ചെറിയ ബഹുമാനം തോന്നിയെന്നതാണ് സത്യം.
ഒരു ഹോട്ടലിൽ തീൻമേശമേൽ വെച്ചിരുന്ന ലോഹനിർമ്മിതമായ ആഷ്ട്രേയ്ക്ക് അച്ചപ്പത്തിന്റെ രൂപമായിരുന്നു! ഓർമ്മയ്ക്ക് ഒന്ന് വാങ്ങണമെന്ന് കരുതി – നടന്നില്ല.
റോഡിൽ പതിച്ചിരിക്കുന്ന ഇഷ്ടികകൾക്കിടയിലെ വിടവിൽ സിഗററ്റ് കുറ്റികൾ ഇല്ലാത്ത ഒരു പൊതുസ്ഥലവും കണ്ടില്ല.
ഞാൻ ചിരിച്ച്, കൈയുയർത്തി വിലക്കി.
“അച്ഛൻ പുകവലിക്കില്ല!” അനു പറഞ്ഞു
ഹംസ വീണ്ടും ചിരിച്ചു. ദൈവത്തെ വിളിച്ചു.
ഒരു നാല്ക്കവലയില് സിഗ്നല്‍ കാത്ത് കാര്‍ നിന്നു. കൈയിൽ ‘ജപമാല’യുമായി ഒരു ചെറുപ്പക്കാരൻ ഇടത് വശത്തുനിന്ന് ഡ്രൈവറുടെ കൈ പിടിച്ചു –
മുൻസീറ്റിൽ ഇടത് വശത്തേതാണ് തുർക്കിയിൽ ഡ്രൈവറുടെ ഇരിപ്പിടം. യു.എസ്സിലാണ് ഇതാദ്യം കണ്ടത്. തിരക്കുള്ള പാതകളിൽ കാർ തിരിയുമ്പോഴും മുന്നിലുള്ള വണ്ടിയെ ഓവർടേക് ചെയ്യുമ്പോഴും ആദ്യമൊക്കെ നമുക്ക് ചെറിയ അസ്വസ്ഥത അനുഭവപ്പെടും. കണ്ണാടിയിലെ പ്രതിബിംബം നോക്കി കാറോടിക്കുന്നതുപോലെ തോന്നും. നിയമപ്രകാരം മുന്നിലുള്ള വണ്ടിയെ ഓവർടേക് ചെയ്യേണ്ടത് ഇടത് വശത്തുകൂടെയാണ്!
മാല ഹംസയുടെ കൈവെള്ളയിൽ വെച്ച് ചെറുപ്പക്കാരന് കണ്ണിൽ തൊടുവിച്ചു – ചുംബിച്ചു. ചിരിച്ച് വർത്തമാനം പറയുന്നത് കണ്ടപ്പോൾ അവർ പരിചയക്കാരായിരുന്നിരിക്കും എന്ന് കരുതി. ഹംസ പത്ത് ലിറയുടെ നോട്ട് എടുത്തുകൊടുത്തപ്പോൾ ആണ് അയാളത് വിൽക്കാനോ എന്തോ പേരിൽ പണം ചോദിക്കാനോ ആണ് ശ്രമിക്കുന്നതെന്ന് മനസ്സിലായത്. ചെറുപ്പക്കാരൻ കാറിന്റെ മുൻവശത്തുകൂടി വന്ന് മാല എന്റെ കൈയിലേക്കിട്ടു. വേണ്ടെന്ന് തലയാട്ടി തിരിച്ചേൽപ്പിക്കാൻ ശ്രമിച്ച എന്റെ കൈ കൂട്ടിപ്പിടിച്ച് കണ്ണുകളിൽ മുട്ടിച്ചു- ചുംബിച്ചു.
‘എന്തൊരു ഭ്രാന്ത് ‘ എന്ന ഭാവത്തിൽ സ്നേഹത്തിന്റെ ചിരി രണ്ടുപേര്‍ക്കുമായി പകുത്തുതന്നേയുള്ളൂ ഹംസ.
അനു തന്ന പത്ത് ലിറ നോട്ട് ഞാന്‍ അങ്ങോട്ടും കൈയില്‍ ചൂടും നനവുമുള്ള ഒരുമ്മ ചെറുപ്പക്കാരന് ഇങ്ങോട്ടും കൈമാറിക്കഴിഞ്ഞപ്പോള്‍ സിഗ്നല്‍ കിട്ടി വണ്ടി മുന്നോട്ട് നീങ്ങി.
താമസസ്ഥലത്തിനടുത്ത് കാർ നിർത്തി. യാത്രക്കാർക്ക് കയറാനോ ഇറങ്ങാനോ കാർ നിർത്തുന്ന രീതിയിലുമുണ്ട് പുതുമ. കൈകാണിക്കുന്ന/പറയുന്നയിടത്ത് നടുറോഡിലായാലും വണ്ടി നിർത്തുകയാണ് ചെയ്യുന്നത്. നാട്ടുനടപ്പായതുകൊണ്ടാവണം ആരും ഹോണടിക്കുകയോ ശകാരിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.
പണം കൊടുക്കാൻ അനു ഫോണെടുത്തപ്പോൾ അപ്പുവിന്റെ മൂന്നോ നാലോ വയസ്സുള്ളപ്പോഴത്തെ ഫോട്ടോ അയാളുടെ കണ്ണിൽ പെട്ടു. ഫോട്ടോവിനും അനുവിനും നേരെ മാറിമാറി വിരൽ ചൂണ്ടി അറിയാവുന്ന ഇംഗ്ലീഷിൽ വാത്സല്യത്തോടെ അയാൾ അനുവിനോട് ചോദിച്ചു :
IS THAT MY SON?
ഏറെക്കുറെ ഒരു ഹംസച്ചിരി തന്നെ ചിരിച്ച് അവൾ അയാളെ തിരുത്തി.
പ്രപഞ്ചനാഥനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിളിച്ച്, വീണ്ടും ചിരിച്ച്, കൈതന്ന്, കൈ വീശി ഹംസ കാർ തിരിച്ചു. ഭാഷയില്ലാതെയും അപരിചിതരെ എങ്ങനെ സൽക്കരിക്കാം എന്നതിന്റെ ഹൃദയസ്പർശിയായ ഉദാഹരണമായിരുന്നു അയാൾ കാണിച്ചുതന്നത്.
ആ മുഖവും യാത്രയും ഞാൻ മറക്കില്ല.
ഇസ്താംബുൾ ഒരസാധാരണ അനുഭവമായിരുന്നു- താമസം, പ്രദേശം, ആൾക്കാർ, യാത്രകൾ, ചരിത്രസ്മാരകങ്ങള്‍, ഭക്ഷണം – എല്ലാ നിലയിലും.
രാവിലെ പത്തുമണിയോടെ പുറത്തിറങ്ങുന്ന ഞങ്ങള്‍ തിരിച്ചെത്തിയിരുന്നത് അത്താഴത്തിന്റെ നേരത്തായിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേള മാറ്റിനിര്‍ത്തിയാല്‍ ആ നേരമത്രയും ഞങ്ങള്‍ ചലിച്ചുകൊണ്ടേ ഇരിക്കുകയുമായിരുന്നു- കാറില്‍, ട്രാമില്‍, മെട്രോയില്‍, ഫെറിയില്‍ — അല്ലാത്തപ്പോള്‍ നടന്ന്. ശരാശരി പത്ത് കിലോമീറ്റര്‍ വീതം കാല്‍നടയായിത്തന്നെ താണ്ടിയിരുന്നു.
ദിനാന്തരീക്ഷസ്ഥിതി അനുകൂലമായി നിന്നു. മടങ്ങുന്നതിന്റെ തലേന്ന് ഒന്ന് ചാറിയതല്ലാതെ മഴ പെയ്തില്ല. തീക്ഷ്ണമായ വെയിലുമുണ്ടായില്ല.
ഇസ്താംബുളില്‍ നടക്കുകയെന്നാല്‍ ഉയരങ്ങളിലേയ്ക്ക് കയറുകയോ താഴ്ചകളിലേയ്ക് ഇറങ്ങുകയോ ചെയ്യുക എന്നാണര്‍ത്ഥം.
അതും എന്തുതരം കയറ്റവും ഇറക്കവും!
നൂറ് മീറ്റര്‍ നടക്കുമ്പോള്‍ നിങ്ങള്‍ ചുരുങ്ങിയത് അമ്പത് മീറ്റര്‍ ഉയരത്തില്‍/താഴ്ചയില്‍ എത്തിക്കഴിഞ്ഞിരിക്കും-അതതിലും അധികമാവുന്ന അപൂര്‍വം ഉദാഹരണങ്ങളും കണ്ടു! ഗ്രാന്‍ഡ് മാര്‍ക്കറ്റ് പോലെ മുകളില്‍ കെട്ടിമറച്ച, വഴിതെറ്റിപ്പോയേയ്ക്കാവുന്ന, രാവണൻ കോട്ടകളിലും ഇതിന് മാറ്റം കണ്ടില്ല. പാതയോരത്തെ ചെരിഞ്ഞ പ്രതലങ്ങളില്‍ പല തട്ടുകളായി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളുണ്ട്. ‘ഒരുനില’യിലാണെങ്കിലും ഒരു നാലുനിലക്കെട്ടിടത്തിന്റെ ഫലം തന്ന അങ്ങനെയൊരിടത്തിരുന്ന് ബക് ലാവയും കടുപ്പത്തിലുള്ള ടർക്കിഷ് കോഫിയും കഴിച്ചു ഞങ്ങൾ. പൈസ കൊടുക്കാൻ നിലത്ത് തന്നെയുള്ള ‘നാലാം നിലയിലെ’ കൗണ്ടറിൽ പോകേണ്ടിവന്നു.
കുത്തനെയുള്ള കയറ്റങ്ങളില്‍ റിവേഴ്സ് ഗിയറില്‍ വരുന്ന കാറുകളുടെ ആത്മവിശ്വാസം അദ്ഭുതപ്പെടുത്തും. കടുത്ത വെയിലിലോ കനത്ത മഴയിലോ സ്ഥിതിഗതികൾ എങ്ങനെയുണ്ടാവുമെന്ന് അറിയില്ല. ഞങ്ങൾ കണ്ട കാലാവസ്ഥയിൽ അതൊരു ഹൃദ്യമായ അനുഭവം തന്നെയായിരുന്നു.
രണ്ട് ലെയ്ൻ മാത്രമുള്ള റോഡുകളിലും ട്രാമുകളിലും അനുഭവിച്ചറിഞ്ഞ തിരക്ക് മുംബൈയെ ഓർമ്മിപ്പിച്ചു. കാറെടുത്തോ പലപ്പോഴും നടന്നോ എത്താവുന്ന സ്ഥലങ്ങളിലേയ്ക്കും ട്രാം ഉപയോഗിച്ചത് സ്ഥലത്തിന്റെ തുടിപ്പറിയാൻ വേണ്ടിത്തന്നെയായിരുന്നു.
‘ഒന്നും നോക്കണ്ട.. തള്ളിക്കയറിക്കോളൂ.’ എന്നായിരുന്നു മുൻപും ഇവിടെ വന്നിട്ടുള്ള മകളുടെ ഉപദേശം. ഇറങ്ങാറാവുമ്പോഴും അവളോർമ്മിപ്പിച്ചു ‘ഒന്നും നോക്കണ്ട. തള്ളി മുന്നോട്ട് പൊയ്ക്കോളൂ.
ഇസ്താംബുളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു ലേഖനത്തിൽ വായിച്ചത് ഓർമ്മയിലുണ്ടായിരുന്നു.
‘കാൽനടക്കാർക്ക് പാത മുറിച്ചുകടക്കാനുള്ള സിഗ്നൽ വന്നാലും ഇരുവശത്തേയ്ക്കും നോക്കി ഉറപ്പ് വരുത്തി മാത്രം റോഡിലേക്കിറങ്ങുക. അടുക്കുന്ന വണ്ടിയിലെ ഡ്രൈവർ ബ്രേക്ക് ചവിട്ടുമെന്ന് ഉറപ്പിക്കരുത്.’
മറുപക്ഷത്ത് സിഗ്നൽ നോക്കാതെ ഓടി മറുകര പിടിക്കുന്നവരുണ്ട്, ഇഷ്ടം പോലെ. ഇവര്‍ക്കിടയിൽ വണ്ടികളുടെ വേഗം നോക്കി മുന്നിൽ കൊണോട് കോൺ ശരവേഗം കടന്നുപോകുന്ന ഇലക്ട്രിക് ബൈക്കുകളെയും സങ്കൽപ്പിക്കൂ.
ഈ അച്ചടക്കമില്ലായ്മയിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന സര്‍വവ്യാപിയായ ഒരച്ചടക്കമുണ്ട് ഇസ്താംബുളിന്റെ അന്തരീക്ഷത്തിന്. അന്യോന്യം തട്ടുകയും മുട്ടുകയും ചെയ്യാതെ നഗരം അത് കൊണ്ടുനടത്തുന്നതാണ് സന്ദർശകൻ അദ്ഭുതാദരങ്ങളോടെ കണ്ട് നിന്നത്.
(തുടരും)
കവർ : ജ്യോതിസ് പരവൂർ